Friday, August 7, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 15

അപ്പാർട്ട്മെന്റിൽ എത്തിയ ഓവെൻ റഷീദ് സ്വെറ്റർ തലവഴി ഊരി മാറ്റി ബെഡ്റൂമിലേക്ക് നടക്കുമ്പോഴാണ് മൊബൈൽ ഫോൺ റിങ്ങ് ചെയ്തത്. തിടുക്കത്തിൽ ഓഫീസിൽ ചെന്ന് അയാൾ മേശവലിപ്പിനുള്ളിൽ നിന്നും ഫോൺ പുറത്തെടുത്തു. അബു ആയിരുന്നു അത്. അൽ ഖ്വയ്ദയുമായുള്ള ഓവെൻ റഷീദിന്റെ ഒരേയൊരു ലിങ്ക് ആണ് അയാൾ. ഏത് രാജ്യക്കാരനാണെന്നോ എന്ത് പ്രായമുള്ള ആളാണെന്നോ പോലും തിരിച്ചറിയാൻ കഴിയാത്ത വിധം ഒട്ടും വ്യാകരണപിശകില്ലാതെ വൃത്തിയായി ഇംഗ്ലീഷ് സംസാരിക്കുന്നയാൾ.

 

“ഗുഡ് മോണിങ്ങ് ഓവെൻ…” അബു പറഞ്ഞു. “ജീൻ ടാൽബട്ടിനൊപ്പം ഹൈഡ് പാർക്കിലൂടെയുള്ള ജോഗിങ്ങ് ആസ്വദിച്ചുവോ…?”

 

അബുവിന്റെ കൈവശമുള്ള വിവരങ്ങൾ എത്രമാത്രം കൃത്യവും ചടുലവുമാണെന്നതിൽ ഓവെൻ റഷീദ് അത്ഭുതപ്പെട്ടിരുന്നു. പ്രത്യേകിച്ചും റുബാത്തിനെക്കുറിച്ചുള്ള കാര്യങ്ങൾ. താൻ എപ്പോഴും അയാളുടെ നിരീക്ഷണത്തിൽ ആണെന്ന കാര്യവുമായി ഓവെൻ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു.

 

“നല്ലൊരു സുഹൃത്താണ് അവർ…” ഓവെൻ പറഞ്ഞു.

 

“ബാക്കു റെയിൽ നീട്ടുന്നതിനെക്കുറിച്ച് എന്താണ് അവരുടെ നിലപാട്…?”

 

എല്ലാ വിവരവും വിശദമായിത്തന്നെ ഓവെൻ അയാളോട് പറഞ്ഞു. “ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് അവരുടെ കമ്പനിയുടെ നിലപാട്… അടുത്തയിടെയായി സകലർക്കും തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുയാണ് യെമൻ… റുബാത്തിലെ എന്റെ ഓയിൽ ബിസിനസിനടക്കം…”

 

“ബാക്കു റെയിലിന്റെ കാര്യത്തിൽ ടാൽബട്ട് ഇന്റർനാഷണലിന്റെ മേൽ സമ്മർദ്ദം ചെലുത്തുവാൻ തന്നെയാണ് എനിയ്ക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം…” അബു പറഞ്ഞു.

 

“എന്നെക്കൊണ്ട് കഴിയും വിധം ഞാൻ ശ്രമിക്കുന്നുണ്ട്…” ഓവെൻ പറഞ്ഞു. “അമേരിക്കൻ പ്രസിഡന്റിന് നൽകുന്ന റിസപ്ഷനിൽ ഒരു അതിഥിയായി എനിയ്ക്ക് ക്ഷണം ലഭിച്ചിട്ടുള്ള കാര്യം നിങ്ങൾക്കറിയാമല്ലോ… സൗദിയിൽ നിന്നും എത്തുന്ന വിവിധ വിശിഷ്ട വ്യക്തിത്വങ്ങളുമായി പരിചയപ്പെടാനുള്ള അവസരമുണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞ് ജീൻ ടാൽബട്ടിനെ ഞാൻ ആ വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്…”

 

“അതെനിക്ക് ഇഷ്ടപ്പെട്ടു…” അബു പറഞ്ഞു. “വ്യാപാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ടാൽബട്ട് ഇന്റർനാഷണലിനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടത്തിനുള്ള അവസരമായിരിക്കും അത്… അതുകൊണ്ടു തന്നെ ബാക്കു റെയിൽ നീട്ടുന്ന കാര്യത്തിൽ അവരുടെ മനോഭാവം അനുകൂലമാകാൻ സാദ്ധ്യതയുണ്ട്… യൂ ഹാവ് ഡൺ വെൽ…”

 

“നിങ്ങളുടെ സന്തോഷമാണ് ഞങ്ങൾക്ക് പ്രധാനം…”

 

“കെല്ലി എന്നെ വിളിച്ചിരുന്നു… ന്യൂയോർക്കിലെ സംഭവവികാസങ്ങളെല്ലാം എന്നോട് പറഞ്ഞു…”

 

“അതേ… നിങ്ങളുമായി നേരിട്ട് സംസാരിക്കുവാൻ അയാളോട് ഞാൻ പറഞ്ഞിരുന്നു.” ഓവെൻ പറഞ്ഞു.  

 

“നിങ്ങൾ പറഞ്ഞത് ശരിയായിരുന്നു… ഫെർഗൂസനെയും അദ്ദേഹത്തിന്റെ ഹോളണ്ട് പാർക്ക് സെറ്റപ്പിനെയും എന്തെങ്കിലും ചെയ്തേ പറ്റൂ… അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആ നശിച്ച ഉദ്യോഗസ്ഥർ വർഷങ്ങളായി നമ്മുടെ പാതയിലെ മുള്ളുകളാണ്… ഇപ്പോഴിതാ പുതിയ ഒരാളെ കൂടി റിക്രൂട്ട് ചെയ്തിരിക്കുന്നു… ഒരു സാറാ ഗിഡിയൻ… അവർ ജൂതവംശജയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്… ഒരു പക്ഷേ അവർക്ക് മൊസ്സാദുമായി ബന്ധമുണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല…”

 

“അതിന് ഞാനവരെ കുറ്റം പറയില്ല… ജെറുസലേമിൽ വച്ചുണ്ടായ ഒരു ബസ് ബോംബിങ്ങിലാണ് അവരുടെ മാതാപിതാക്കൾ കൊല്ലപ്പെട്ടത്…  മാത്രവുമല്ല, പതിനാല് പലസ്തീൻകാരും അതിൽ കൊല്ലപ്പെട്ടിരുന്നു… ഹമാസിന് സംഭവിച്ച ഒരു ശ്രദ്ധക്കുറവായിരുന്നു ആ ആക്രമണം എന്നേ പറയാനാവൂ…” ഓവെൻ റഷീദ് പറഞ്ഞു.

 

“വാക്കുകൾ ശ്രദ്ധിച്ചുപയോഗിക്കണം…” അബു പറഞ്ഞു. “അല്ലെങ്കിൽ ആരുടെ പക്ഷത്താണ് നിങ്ങൾ എന്ന് സ്വാഭാവികമായും ഞങ്ങൾ സംശയിച്ചു പോകും…”

 

“അതിലിപ്പോൾ സംശയമൊന്നും വേണ്ട… എന്റെ മാത്രം പക്ഷത്താണ് ഞാൻ… ആട്ടെ, നമ്മുടെ അടുത്ത നീക്കം എന്താണ്…?”

 

“ഇവിടെ ലണ്ടനിലുള്ള IRA സ്ലീപ്പർ സെല്ലുകളെക്കുറിച്ച് വലിയ അവകാശ വാദങ്ങളാണല്ലോ കെല്ലി പറഞ്ഞു കൊണ്ടിരുന്നത്… അവയിൽ ചിലതിനെയെല്ലാം ആക്ടിവേറ്റ് ചെയ്യാൻ ഞാൻ നിർദ്ദേശം നൽകാൻ പോകുന്നു… ഫെർഗൂസനും സംഘത്തിനും കുറച്ച് തലവേദനയുണ്ടാക്കാൻ നമുക്ക് സാധിക്കുമോ എന്ന് നോക്കാം…”

 

“നമുക്ക് പ്രായോഗികമായി ചിന്തിക്കേണ്ടിയിരിക്കുന്നു…” ഓവെൻ പറഞ്ഞു. “ഐറിഷ് വിമോചന പ്രസ്ഥാനത്തിനെതിരെ വർഷങ്ങളായി പൊരുതിക്കൊണ്ടിരിക്കുന്നവരാണ് ചാൾസ് ഫെർഗൂസനും ഹാരി മില്ലറും… ഐറിഷ് പക്ഷത്തായിരുന്ന ഷോൺ ഡില്ലനും ഡാനിയൽ ഹോളിയും പിന്നീടാണ് കൂറുമാറി ഫെർഗൂസനൊപ്പം ചേരുന്നത്… അവരുടെ സുഹൃത്തായ ഹാരി സാൾട്ടർ ഇപ്പോൾ ഒരു ധനികനും റിയൽ എസ്റ്റേറ്റ് പ്രമാണിയുമൊക്കെയാണ്… ആയകാലത്ത് കുപ്രശസ്തിയാർജ്ജിച്ച ഒരു അധോലോക നായകനായിരുന്നു അയാൾ… അയാളുടെ അനന്തരവനാണ് ആ സ്ഥാനം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്… പിന്നെ, ഇപ്പറയുന്ന സാറാ ഗിഡിയൻ എന്ന യുവതിയുടെ റെക്കോർഡുകൾ പരിശോധിച്ചാൽ അത്ര നിസ്സാരവുമല്ല… നമുക്ക് എന്തു ചെയ്യാൻ സാധിക്കുമെന്നാണ് നിങ്ങൾ പറയുന്നത്…?”

 

“ചില ഗവേഷണങ്ങളൊക്കെ ഞാൻ നടത്തി… ഐറിഷ് നാഷണൽ ലിബറേഷൻ ആർമിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ…? അവർ റിക്രൂട്ട് ചെയ്തിട്ടുള്ളത് മുഴുവനും പ്രൊഫഷണൽ ആയ ആൾക്കാരെയാണ്… വർഷങ്ങൾക്ക് മുമ്പ് പാർലമെന്റിൽ നിന്നും പുറത്തേക്ക് വരികയായിരുന്ന ഒരു എം.പി.യെ അയാളുടെ കാറിൽ ടൈം ബോംബ് ഘടിപ്പിച്ച് അവർ വധിക്കുകയുണ്ടായി… കാലമിത്രയായിട്ടും ഒരാളെപ്പോലും പിടികൂടുകയുണ്ടായില്ല…”

 

“ഓൾറൈറ്റ്… പക്ഷേ, അതൊക്കെ പണ്ടായിരുന്നു…” ഓവെൻ പറഞ്ഞു. “നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത്…?”

 

“ഞാൻ പറഞ്ഞു വരുന്നത്, ചില കാര്യങ്ങളൊന്നും ഒരിക്കലും ഔട്ട് ഓഫ് സ്റ്റൈൽ ആകുകയില്ല എന്നതാണ്… കെല്ലിയുമായി സംസാരിക്കാൻ പോകുകയാണ് ഞാൻ… ഈ ചാൾസ് ഫെർഗൂസനെയും അദ്ദേഹത്തിന്റെ സംഘത്തെയും എന്നെന്നേയ്ക്കുമായി ഇല്ലാതാക്കുക എന്നതാണ് എന്റെ ആവശ്യം…”

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


2 comments:

  1. "ഈ ചാൾസ് ഫെർഗൂസനെയും അദ്ദേഹത്തിന്റെ സംഘത്തെയും എന്നെന്നേയ്ക്കുമായി ഇല്ലാതാക്കുക എന്നതാണ് എന്റെ ആവശ്യം…”

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🤦‍♂️

    ReplyDelete
    Replies
    1. പക്ഷേ, അൽ ഖ്വയ്ദയെ അത്ര നിസ്സാരമായി കാണാൻ പറ്റില്ലാട്ടോ...

      Delete