Monday, September 21, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 19

ഗൾഫ്സ്ട്രീം ജെറ്റ് ലാൻഡ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ എല്ലാവരും അവരവരുടെ വസതികളിലേക്ക് പോകുവാൻ തിടുക്കം കൂട്ടി. ഡോവർ സ്ട്രീറ്റിൽ താമസിക്കുന്ന ഹാരി മില്ലറെ ചാൾസ് ഫെർഗൂസൻ തന്റെ ഡെയിംലർ കാറിൽ ഡ്രോപ്പ് ചെയ്യാമെന്നേറ്റു. ഷോൺ ഡില്ലന്റെ മിനി കൂപ്പർ എയർപോർട്ടിൽത്തന്നെ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഡാനിയൽ ഹോളിയുടേത് ഒരു ആൾഫാ റോമിയോ സ്പൈഡർ ആയിരുന്നു.

 

“ഡോർചെസ്റ്ററിലാണ് ഞാൻ താമസിക്കുന്നത്…” ഹോളി, സാറയോട് പറഞ്ഞു. “അതിന് തൊട്ടപ്പുറത്തല്ലേ ഹൈഫീൽഡ് കോർട്ട്…? വിരോധമില്ലെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം…”

 

“എന്ത് വിരോധം…?” അവൾ അയാളുടെ കാറിനുള്ളിലേക്ക് കയറി.

 

“ചെറിയൊരു ഇടവേളയെടുത്തോളൂ…” ഫെർഗൂസൻ പറഞ്ഞു. “വ്യാഴാഴ്ച്ച ഉച്ചയ്ക്ക് നമുക്ക് വീണ്ടും കാണാം… സെക്യൂരിറ്റി പ്ലാനുകളിലൂടെ ഒരു അവസാന ഓട്ടപ്രദക്ഷിണം… RAFന്റെ പങ്ക് അടക്കം കവർ ചെയ്യണം…” പ്യാരിയും ലെയ്സിയും വിമാനത്തിൽ നിന്നും ഇറങ്ങി വരവെ അദ്ദേഹം കൂട്ടിച്ചേർത്തു.

 

“ഇതെന്ത് കഷ്ടമാണ്… ഒന്ന് വിശ്രമിക്കാൻ പോലും സമയമില്ലല്ലോ…” സ്ക്വാഡ്രൺ ലീഡർ ലെയ്സി പറഞ്ഞു.

 

“അധികം കരയണ്ട, ചിലപ്പോൾ അഫ്ഗാനിസ്ഥാനിലായിരിക്കും അടുത്ത ഡ്യൂട്ടി…” ഹോളി പറഞ്ഞു.

 

“ചിലരൊക്കെയാണ് ഭാഗ്യവാന്മാർ… സുന്ദരിമാരുടെ ഡ്രൈവർ ആയിട്ടൊക്കെയാണ് ഡ്യൂട്ടി ലഭിച്ചിരിക്കുന്നത്…” ചിരിച്ചുകൊണ്ട് പ്യാരി പറഞ്ഞു.

 

“ബ്ലഡി ഫ്ലൈബോയ്സ്…” ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിയിരുന്നുകൊണ്ട് ഹോളി പറഞ്ഞു.

 

കാർ മുന്നോട്ട് നീങ്ങവെ സാറ ചോദിച്ചു. “പൈലറ്റുമാരുമായി നിങ്ങൾക്കെന്താണ് പ്രശ്നം…?”

 

“ഏയ്, ഒരു പ്രശ്നവുമില്ല… ഞാനും ഒരു പൈലറ്റ് ആയിപ്പോയി…”

 

“നിങ്ങൾക്ക് അറിയാത്ത പണികൾ ഒന്നും ഇല്ലെന്ന് തോന്നുന്നല്ലോ…”

 

“വെൽ, അത് ഇനി കാണാനിരിക്കുന്നതല്ലേയുള്ളൂ…?”

 

ആ ഉത്തരം തൽക്കാലത്തേക്ക് അവളുടെ വായ് അടപ്പിച്ചു എന്ന് പറയാം. വാഹനം മെയിൻ റോഡിലേക്ക് എടുത്ത ഹോളി ലണ്ടൻ ലക്ഷ്യമാക്കി ഡ്രൈവ് ചെയ്തു.

 

അവൾ കാറിലെ CD പ്ലെയറിന്റെ ബട്ടണുകളിൽ വിരലോടിച്ചു. സിനാട്രയുടെ ‘നൈറ്റ് ആൻഡ് ഡേ’ എന്ന ഗാനം സ്പീക്കറിലൂടെ ഒഴുകിയെത്തി. അതിന്റെ വരികൾക്കൊപ്പം അവൾ തന്റെ ചുണ്ടുകൾ ചലിപ്പിച്ചു.

 

ആ ഗാനം അവസാനിച്ചതും ഹോളി ചോദിച്ചു. “അപ്പോൾ ഇതെഴുതിയ കോൾ പോർട്ടറെയും നിങ്ങൾക്ക് ഇഷ്ടമായിരിക്കുമല്ലോ…”

 

“തീർച്ചയായും… സംഗീതം മാത്രമല്ല മുഖ്യം… അതിന്റെ വരികൾ… മനോഹരമായ ഒരു കവിത കൂടിയാണത്…”

 

സീറ്റ് അല്പം പിറകോട്ട് ചരിച്ച് ചാഞ്ഞ് കിടന്നു കൊണ്ട് അവൾ അടുത്ത ഗാനം ആസ്വദിച്ചു.

 

“ഇപ്പോഴത്തെ ഈ സംഭവവികാസങ്ങളിൽ സന്തോഷവതിയാണോ നിങ്ങൾ…? ഞങ്ങളുടെ ടീമിൽ ചേരുവാൻ ഫെർഗൂസൻ നിങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നതാണ് ഞാൻ ഉദ്ദേശിച്ചത്…”

 

അവൾ അയാളെ രൂക്ഷമായി ഒന്ന് നോക്കി. “എന്റെ കാര്യമോർത്ത് നിങ്ങൾക്ക് വല്ലാത്ത വേവലാതി ഉണ്ടെന്ന് തോന്നുന്നു…?”

 

“തീർച്ചയായും ഇല്ല…”

 

അവൾ പുഞ്ചിരിച്ചു. “നുണ… ആവശ്യത്തിലധികം വേവലാതിപ്പെടുന്നുണ്ടെന്ന് എനിക്കറിയാം…”

 

“അബുസാനിലെ വീരയോദ്ധാവല്ലേ നിങ്ങൾ…? ഞാനെന്തിന് വേവലാതിപ്പെടണം…?”  

 

അലോസരപ്പെടുത്തുന്നതിന് പകരം അവളുടെ മുഖത്ത് പുഞ്ചിരിയാണ് വിരിഞ്ഞത്. ഒരു തരം ആത്മസംതൃപ്തിയുണ്ടായിരുന്നു ആ പുഞ്ചിരിയിൽ അപ്പോൾ. “പാവം ഡാനിയൽ…” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. CD പ്ലെയറിന്റെ വോളിയം കൂട്ടി വച്ചിട്ട് അവൾ ഗാനത്തിനൊപ്പം മൂളുവാൻ തുടങ്ങി.

  

(തുടരും)

Thursday, September 10, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 18

അദ്ധ്യായം – അഞ്ച്

 

അന്ന് വൈകിട്ട് ലണ്ടനിൽ എത്തിയ ജാക്ക് കെല്ലി, കഴ്സൺ സ്ട്രീറ്റും പാർക്ക് ലെയിനും സംഗമിക്കുന്ന മൂലയിൽ നിന്നും ഷെപ്പേർഡ് മാർക്കറ്റിന് നേർക്ക് നടന്നു. ഒരു രാത്രി തങ്ങാനുള്ള അത്യാവശ്യ സാധനങ്ങൾ അടങ്ങിയ ഒരു ചെറിയ ബാഗ് ഉണ്ടായിരുന്നു അയാളുടെ കൈവശം. ഇടുങ്ങിയ തെരുവുകളും നിരവധി റെസ്റ്ററന്റുകളും ഷോപ്പുകളും ഒക്കെ ഉള്ള ആ പ്രദേശം അയാളെ വല്ലാതെ ആകർഷിച്ചു. ആദ്യമായിട്ടാണ് അയാൾ അവിടം സന്ദർശിക്കുന്നത്.

 

മേരീസ് ബവർ എന്ന ആ ഷോപ്പ് കണ്ടുപിടിക്കാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല.  പിച്ചളയുടെ വളയം ഘടിപ്പിച്ച വാതിലിന് ഇരുവശത്തുമായി വീതി കുറഞ്ഞ രണ്ട് ജാലകങ്ങൾ. അവ രണ്ടിലും ഭംഗിയുള്ള ചിത്രങ്ങൾ കൊളുത്തിയിട്ടിരിക്കുന്നു. വാതിലിന് മുകളിൽ ഷോപ്പിന്റെ പേരെഴുതിയിരിക്കുന്നതിന് മുകളിൽ ഒരു സോഫയിലേക്ക് പടർന്നിറങ്ങി വളരുന്ന മൾബെറി തലപ്പുകളുടെ ചിത്രം. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായ അയാളുടെ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. പൊടുന്നനെ ആർത്തലച്ചെത്തിയ മഴയിൽ നിന്ന് രക്ഷ നേടാൻ അയാൾ വരാന്തയിലേക്ക് കയറി നിന്നിട്ട് വാതിലിൽ മുട്ടി.

 

ലണ്ടനിലേക്ക് വരുന്ന വിവരത്തിന് ലെഗ്രാൻഡിന് ഫോൺ ചെയ്തിരുന്നില്ല എന്നതാണ് വാസ്തവം. കാണാൻ താല്പര്യമില്ല എന്ന് പറഞ്ഞാലോ എന്ന സംശയം കൊണ്ടായിരുന്നു അത്. ഒടുവിൽ വർഷങ്ങൾക്ക് ശേഷം ഇതാ താൻ അയാളുടെ വാസസ്ഥലത്ത് എത്തിയിരിക്കുന്നു. ഇടതു വശത്തുള്ള ജാലകത്തിന്റെ ചുവന്ന വെൽവെറ്റ് കർട്ടൻ വകഞ്ഞു മാറ്റി ആ ഫ്രഞ്ചുകാരന്റെ മുഖം പ്രത്യക്ഷപ്പെട്ടു.

 

വർഷങ്ങൾ ഏറെ കടന്നു പോയിട്ടും ഹെൻട്രി ലെഗ്രാൻഡിനെ തിരിച്ചറിയാൻ ജാക്ക് കെല്ലിയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഒരു കാലത്ത് തന്റെ ജീവിതത്തിൽ എല്ലാം ആയിരുന്ന ആൾ. അന്നത്തേതിനെക്കാൾ അല്പം കൂടി വണ്ണം വച്ചിരിക്കുന്നു. മുടി നരച്ചിട്ടുണ്ട്. സ്റ്റീൽ ഫ്രെയിമുള്ള കണ്ണട. പച്ചനിറമുള്ള ഒരു ഏപ്രൺ ധരിച്ചിട്ടുണ്ട്. ജാലകത്തിൽ കൊളുത്തിയിട്ടിരിക്കുന്ന ചിത്രം ഒന്ന് അഡ്ജസ്റ്റ് ചെയ്തിട്ട് പുറത്തേക്ക് നോക്കിയ അയാൾ കണ്ടത് കെല്ലിയെ ആണ്. ഒരു നിമിഷം അങ്ങനെ തന്നെ നിന്ന അയാൾ പതുക്കെ കർട്ടന് പിന്നിലേക്ക് വലിഞ്ഞു. പിന്നെ രണ്ടോ മൂന്നോ നിമിഷങ്ങൾ കഴിഞ്ഞ് വാതിൽ തുറക്കപ്പെട്ടു.

 

വാതിലിനടുത്തേക്ക് ചെന്ന കെല്ലിയെ നോക്കി അയാൾ ചോദിച്ചു. “ജാക്ക്, ശരിയ്ക്കും നിങ്ങൾ തന്നെയാണോ ഇത്…?”

 

“ഒരു സംശയവും വേണ്ട, ഹെൻട്രീ, ഞാൻ തന്നെ…”

 

കണ്ണട ഊരി ഏപ്രണിന്റെ പോക്കറ്റിൽ തിരുകിയിട്ട് ഹെൻട്രി അയാളെ ആലിംഗനം ചെയ്ത് ഇരു കവിളുകളിലും മുത്തം നൽകി. “എത്ര വർഷങ്ങൾക്ക് ശേഷമാണ് കാണുന്നത്…! അകത്തേക്ക് വരൂ…”

 

                                                  ***

 

ഷോപ്പിന് മുകളിലെ ഫ്ലാറ്റിൽ വിക്ടോറിയൻ ശൈലിയിലുള്ള സിറ്റിങ്ങ് റൂമിന്റെ ചുമരിലെ എണ്ണമറ്റ ഫോട്ടോകൾ കണ്ട കെല്ലിയ്ക്ക് ആശ്ചര്യം അടക്കാനായില്ല. മേരിയും ഹെൻട്രി ലെഗ്രാൻഡും ഒരുമിച്ചുള്ളതും മേരി തനിച്ചുള്ളതുമായ ഫോട്ടോകൾ ആയിരുന്നു അവയിൽ അധികവും. ഷാംപെയ്നുമായി ഹെൻട്രി ലെഗ്രാൻഡ് എത്തിയതും ഫോട്ടോകൾ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്ന കെല്ലി തിരിഞ്ഞു.

 

“അവർ ഇപ്പോഴും നിങ്ങളോടൊപ്പം തന്നെയുണ്ടല്ലേ…?” കെല്ലി ചോദിച്ചു.

 

“എന്നും എപ്പോഴും…”

 

“അപ്പോൾ മറ്റൊരു സ്ത്രീയ്ക്ക് നിങ്ങളുടെ ജീവിതത്തിൽ ഇടമില്ല…?”

 

ഷാംപെയ്ൻ ബോട്ട്‌ലിന്റെ കോർക്ക് തള്ളവിരൽ കൊണ്ട് തെറിപ്പിച്ചതിന് ശേഷം ഹെൻട്രി ഒന്ന് നിന്നു. “വല്ലപ്പോഴുമൊക്കെ… പക്ഷേ, ഒന്നും സീരിയസ് അല്ല…” അയാൾ തന്റെ ഗ്ലാസ് ഉയർത്തി. “എനിയ്ക്കും നിങ്ങൾക്കും പിന്നെ അന്ന് ഫുവാദ് ക്യാമ്പിൽ ഉണ്ടായിരുന്ന ആ ചെറുപ്പക്കാർക്കും വേണ്ടി… അവരിൽ അധികം പേരും ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടാവില്ല…”

 

“IRAയിലെ കുറേ സഹപ്രവർത്തകരെയും എനിക്ക് ഓർമ്മ വരുന്നു…” കെല്ലി പറഞ്ഞു.

 

ഹെൻട്രി വീണ്ടും കെല്ലിയുടെ ഗ്ലാസ് നിറച്ചു കൊടുത്തിട്ട് ഇരുന്നു. “സമാധാന ഉടമ്പടി ചർച്ചകൾ നടന്നു കൊണ്ടിരിക്കവെ നിങ്ങളുടെ പേരും വാർത്തകളിൽ കണ്ടിരുന്നല്ലോ… മാപ്പ് നൽകപ്പെട്ട തടവുകാരുടെ ഒരു ലിസ്റ്റ് ഉണ്ടായിരുന്നു… നിങ്ങളന്ന് ഒന്നിനു പിറകെ ഒന്നായി അഞ്ച് ജീവപര്യന്തം തടവുകൾക്ക് ശിക്ഷിക്കപ്പെട്ട് മെയ്സ് പ്രിസണിൽ ആയിരുന്നില്ലേ…? വല്ലാത്തൊരു റെക്കോർഡ് തന്നെ…” ഹെൻട്രി പറഞ്ഞു.

 

“എന്റെ നേർക്ക് വെടിയുതിർത്തവരെ മാത്രമേ ഞാൻ കൊന്നിട്ടുള്ളൂ… ഒരു രാഷ്ട്രീയ പോരാട്ടത്തിലായിരുന്നു ഞങ്ങൾ…” കെല്ലി പറഞ്ഞു.

 

“അതൊക്കെ പോട്ടെ, നിങ്ങളിപ്പോൾ എന്തു ചെയ്യുന്നു…? എങ്ങനെയാണ് ജീവിതം മുന്നോട്ട് പോകുന്നത്…?” ഹെൻട്രി അടുത്ത ബോട്ട്‌ൽ തുറന്നു. “നിങ്ങളുടെ വിശേഷങ്ങൾ പറയൂ…”

 

ഗ്ലാസുകൾ വീണ്ടും വീണ്ടും നിറയവെ കെല്ലി തന്റെ വിശേഷങ്ങളുടെ ചെപ്പ് തുറന്നു. ഒന്നിനു പിറകെ ഒന്നായി സിഗരറ്റ് പുകച്ചു കൊണ്ട് ഹെൻട്രി ലെഗ്രാൻഡ് അതെല്ലാം ശ്രദ്ധിച്ചു കേട്ടുകൊണ്ട് ഇരുന്നു. അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ട് കിടക്കുന്ന ടാൽബട്ട് ഇന്റർനാഷണലിന്റെ ചരിത്രം ഉൾപ്പെടെ.

 

കെല്ലി പറഞ്ഞവസാനിപ്പിച്ചതും ഒരു നീണ്ട മൗനം അവിടെങ്ങും നിറഞ്ഞു. അല്പം കഴിഞ്ഞ് ഒരു നെടുവീർപ്പിട്ട ഹെൻട്രി ലെഗ്രാൻഡ് തലയാട്ടി. “വലിയൊരു കെണിയിലാണ് സുഹൃത്തേ നിങ്ങൾ ചെന്ന് പെട്ടിരിക്കുന്നത്… വളരെ ലളിതമാണ് കാര്യങ്ങൾ… ഒന്നുകിൽ നിങ്ങൾ ഈ പറയുന്ന ഫെർഗൂസനെയും സംഘത്തെയും ഇല്ലാതാക്കുക… അല്ലെങ്കിൽ അൽ ഖ്വയ്ദയുടെ അപ്രീതിയ്ക്ക് പാത്രമാകുക… പക്ഷേ, അതിന്റെ അനന്തരഫലം ഭീകരമായിരിക്കും…”

 

“പിന്നെ, ഞാൻ എന്തു ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്…?” കെല്ലി ചോദിച്ചു.

 

“ആദ്യം പോയി ചൂടുവെള്ളത്തിൽ ഒന്ന് കുളിയ്ക്കൂ…” ഹെൻട്രി തന്റെ വാച്ചിലേക്ക് നോക്കി. “ഷോപ്പ് അടച്ചിട്ട് എനിയ്ക്ക് ഏതാനും പേർക്ക് ഫോൺ ചെയ്യാനുണ്ട്… കുളി കഴിഞ്ഞിട്ട് പുറത്ത് പോയി നല്ലൊരു ഡിന്നർ കഴിക്കാം നമുക്ക്… അടുത്ത നീക്കം എന്തായിരിക്കണമെന്ന് പിന്നീട് ചർച്ച ചെയ്യാം… എന്തായാലും നിങ്ങൾ അകപ്പെട്ടിരിക്കുന്ന ഈ കുടുക്കിൽ നിന്നും രക്ഷപെടാൻ തീർച്ചയായും ഞാൻ സഹായിക്കാം… നിങ്ങളുടെ ഈ പഴയ അദ്ധ്യാപകൻ അല്ലാതെ മാറ്റാരാണ് നിങ്ങളെ സഹായിക്കാനുള്ളത്…?”

 

“ഇത്രയും കാലം നിങ്ങളെയൊന്ന് അന്വേഷിക്കുക പോലും ചെയ്യാതെ, ഇപ്പോൾ പെട്ടെന്നൊരു നാൾ വന്ന് ഇങ്ങനെയൊരു സഹായം തേടേണ്ടി വന്നതിൽ ലജ്ജയുണ്ട് എനിയ്ക്ക്…” കെല്ലി തലയാട്ടി. “ഒട്ടും ശരിയല്ല ഇതെന്ന് എനിക്കറിയാം…”

 

“തികച്ചും യാദൃച്ഛികമെങ്കിലും എനിക്ക് വേണ്ടതും ഇത് തന്നെയായിരുന്നു…”

 

“മനസ്സിലായില്ല…?” കെല്ലി പുരികം ചുളിച്ചു.

 

“ഞാനൊരു ക്യാൻസർ രോഗിയാണ് സുഹൃത്തേ… ഏറിയാൽ ഇനി ആറു മാസം…” ഹെൻട്രി പുഞ്ചിരിച്ചു. “നിങ്ങൾക്ക് ഒരു സഹായം എന്നതിനുപരി, എന്റെ ഒരു കലാശപോരാട്ടം എന്ന മട്ടിലാണ് ഞാനിതിനെ കാണുന്നത്…”

 

അയാൾ തിരിഞ്ഞ് താഴത്തെ നിലയിലെ തന്റെ ഷോപ്പിലേക്ക് നടന്നു. അത് നോക്കി ഒരു നിമിഷം അവിടെ നിന്ന കെല്ലി തന്റെ ബാഗ് എടുത്ത് തനിക്കായി കാണിച്ചു തന്ന ബെഡ്റൂമിലേക്ക് നടന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...