ബാത്ത്റൂമിലേക്ക് ചെന്ന്
ഓവെൻ റഷീദ് ഷവറിന് കീഴിൽ നിന്നു. ചെറുചൂടുവെള്ളം തലയിലും ദേഹത്തും വീണപ്പോൾ തെല്ലൊരു
ആശ്വാസം തോന്നി. അൽ ഖ്വയ്ദയുമായി ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ച ആ ദിനത്തെയോർത്ത് അയാൾ
സ്വയം ശപിച്ചു. വല്ലാത്തൊരു ഊരാക്കുടുക്കിലാണ് താൻ ചെന്ന് പെട്ടിരിക്കുന്നത്. പറഞ്ഞിട്ട്
കാര്യമില്ല. ഇനിയിപ്പോൾ ഒഴുക്കിനൊപ്പം നീന്തിയേ മതിയാവൂ.
വസ്ത്രം ധരിച്ച് ഓഫീസ്
റൂമിന് നേർക്ക് നടക്കവെയാണ് ഫോൺ റിങ്ങ് ചെയ്തത്. കെല്ലി ആയിരുന്നു അത്. ഒട്ടും സന്തുഷ്ടനായിരുന്നില്ല
അയാൾ എന്ന് സ്വരത്തിലൂടെ മനസ്സിലായി.
“ആ മരത്തലയൻ അബു തലയിൽ
കയറാൻ വരുന്നത് തീരെ പിടിക്കുന്നില്ല എനിക്ക്… ഭീഷണിയുടെ
സ്വരമാണയാൾക്ക്… അയാളാര്, മരണത്തിന്റെ വ്യാപാരിയോ…?” കെല്ലി ചോദിച്ചു.
“എന്ന് കരുതുന്നതിൽ തെറ്റില്ലെന്നാണ്
എന്റെ അഭിപ്രായം…” ഓവെൻ പറഞ്ഞു. “ഒരു കാര്യം ചെയ്യൂ, നിങ്ങളുടെ ആ
സ്ലീപ്പർ സെല്ലുകളിലുള്ള ആരെയെങ്കിലും വിട്ട് അയാളെ തട്ടിക്കളയാൻ പറ്റുമോയെന്ന് നോക്കൂ…”
“അത് അത്രയ്ക്കും എളുപ്പമായിരുന്നെങ്കിൽ
എന്ന് ആശിച്ചു പോകുന്നു…” കെല്ലി പറഞ്ഞു. “ചിലപ്പോഴെങ്കിലും ഞാൻ ചിന്തിച്ചു
നോക്കിയിട്ടുണ്ട്… ചാൾസ് ഫെർഗൂസനെയും അയാളുടെ സംഘത്തെയും ഒരു വാനിൽ
കയറ്റി അതിനടിയിൽ ഒരു ടൈം ബോംബ് ഘടിപ്പിച്ച് എല്ലാത്തിനെയും ഒറ്റയടിക്ക് കാലപുരിയ്ക്ക്
അയയ്ക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്…”
“അതിന് കാക്ക മലർന്ന്
പറക്കണം…” ഓവെൻ പറഞ്ഞു. “അബു പറയുന്നത് നമ്മൾ എന്തെങ്കിലും
മാർഗ്ഗം പുതിയ മാർഗ്ഗം കണ്ടെത്തിയേ തീരൂ എന്നാണ്… ഐറിഷ്
നാഷണൽ ലിബറേഷൻ ആർമി ഒരിക്കൽ ഒരു എം.പി.യെ കാർ ബോംബ് ആക്രമണത്തിൽ കൊലപ്പെടുത്തിയ കാര്യം
അയാൾ സൂചിപ്പിച്ചു…”
“പക്ഷേ, അതൊക്കെ പണ്ടായിരുന്നു…”
“എന്തായാലും അയാൾക്ക്
അവരെക്കുറിച്ച് വലിയ മതിപ്പാണ്… അവർ കാര്യം നടത്തി എന്നത് മാത്രമല്ല, മദ്ധ്യവർഗ്ഗത്തിൽ
പെടുന്ന ധാരാളം പ്രൊഫഷണൽസും ആ സംഘത്തിലുണ്ട് എന്നാണ് അയാൾ പറഞ്ഞത്…”
“അതൊക്കെ പത്രക്കാർ കെട്ടിച്ചമച്ച
കഥകൾ മാത്രമായിരുന്നു…” കെല്ലി ഉറക്കെ ചിരിച്ചു. “ഓരോ ദിവസവും അവർ പുതിയ
പുതിയ കഥകൾ മെനഞ്ഞു കൊണ്ടിരുന്നു… അവസാനമായപ്പോഴേക്കും അതൊരു പാതിരാപ്പടം പോലെയായി
മാറി…”
ഓവെൻ റഷീദിന് ആകാംക്ഷ
അടക്കാനായില്ല. “അത് നിങ്ങൾക്കെങ്ങനെ അറിയാം…?”
“എന്റെ ഒരു സുഹൃത്തിനെ
എനിക്ക് സംശയമുണ്ടായിരുന്നു… ആ സംഘത്തിൽ അയാളും ഉണ്ടോയെന്ന്… അയാൾ ഒരു ഐറിഷ്കാരനായിരുന്നില്ല… IRAയുമായി
അയാൾക്കുണ്ടായിരുന്ന ഏക ബന്ധം മേരി ബാരി എന്നൊരു പെൺകുട്ടിയായിരുന്നു… അവളെ ജീവനു തുല്യം സ്നേഹിച്ചിരുന്നു അയാൾ …”
“അയാളെക്കുറിച്ച് പറയൂ…”
“1976ൽ ആണ് നിരവധി IRA
വളണ്ടിയർമാരോടൊപ്പം എന്നെയും അൾജീരിയൻ മരുഭൂമിയിലുള്ള ട്രെയിനിങ്ങ് ക്യാമ്പിലേക്ക്
അയക്കുന്നത്… കേണൽ ഗദ്ദാഫിയുടെ മേൽനോട്ടത്തിലായിരുന്നു ആ ക്യാമ്പ്… ഒരുവിധം എല്ലാ ആയുധങ്ങളും ഉപയോഗിക്കാനുള്ള പരിശീലനം ലഭിച്ചു അവിടെ… ടൈം സെറ്റ് ചെയ്ത് വയ്ക്കാൻ സാധിക്കുന്ന കാർബോംബുകൾ നിർമ്മിക്കാൻ അവിടെ
വച്ചാണ് ഞാൻ പഠിക്കുന്നത്…”
“ഇതും അയാളും തമ്മിൽ എന്തു
ബന്ധം…?” ഓവെൻ ചോദിച്ചു.
“ഹെൻട്രി ലെഗ്രാൻഡ് എന്നായിരുന്നു
ഞങ്ങളുടെ ഇൻസ്ട്രക്ടറുടെ പേര്… ഫ്രഞ്ച് സൈന്യത്തിന്റെ ഭാഗമായി മൂന്നു വർഷം അൾജീരിയൻ
യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട് അയാൾ… പതിനെട്ടാം വയസ്സിൽ സൈന്യത്തിൽ ചേർന്ന അയാൾ യുദ്ധനിരയിൽ
വച്ച് പരിക്കേറ്റതിനെ തുടർന്ന് ഇരുപത്തിയൊന്നാം വയസ്സിൽ ബഹുമതികളോടെ ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടു… പിന്നീടാണ് അൾജീരിയൻസ് കനത്ത ശമ്പളത്തോടെ അയാളെ റിക്രൂട്ട് ചെയ്യുന്നതും
അയാളുടെ പരിജ്ഞാനം ഞങ്ങളെപ്പോലുള്ളവർക്ക് പകർന്നു തരുന്നതും…”
“നിങ്ങൾ ക്യാമ്പിൽ നിന്നും
തിരികെ പോന്നതിന് ശേഷം അയാൾക്കെന്തു സംഭവിച്ചു…?”
“ഞങ്ങളായിരുന്നു അയാളുടെ
അവസാന ബാച്ച്… ലണ്ടനിൽ അയാൾക്ക് ധനികയായ ഒരു ആന്റിയുണ്ടായിരുന്നു… അവരുടെ എസ്റ്റേറ്റും മറ്റു സ്വത്തുവകകളുമെല്ലാം ലഭിച്ചത് അയാൾക്കായിരുന്നു… ഷെപ്പേർഡ് മാർക്കറ്റിലെ ഒരു പുരാവസ്തു വില്പനശാലയും അതിന് മുകളിലുള്ള
ഫ്ലാറ്റുമടക്കം…”
“അത് ഇവിടെ നിന്നും അധികം
ദൂരെയല്ലല്ലോ…” ഓവെൻ പറഞ്ഞു. “അതുപോലുള്ള നിരവധി ഷോപ്പുകളുണ്ട്
ആ പ്രദേശത്ത്…”
“ലണ്ടൻ യൂണിവേഴ്സിറ്റിയിൽ
ലിറ്ററേച്ചറും ഫൈൻ ആർട്സും പഠിക്കാൻ പോകാൻ അയാൾ തീരുമാനിച്ചു… ഐറിഷ് വിദ്യാർത്ഥികളുടെ ഒരു സ്വപ്നമായിരുന്നു ലണ്ടൻ യൂണിവേഴ്സിറ്റിയിൽ
പഠിക്കുക എന്നത്… എന്റെ ഒരു സുഹൃത്തിന്റെ മകളായ മേരി ബാരിയും അവിടെ
പഠനത്തിന് ചേർന്നു… ഞാനാണ് ഹെൻട്രിയെ പോയി പരിചയപ്പെടാൻ അവളോട് പറഞ്ഞത്…”
“അങ്ങനെ അവർ പരസ്പരം പ്രണയത്തിലായി…”
“അതെ… രണ്ട് വർഷത്തോളം അവർ ഇരുവരും ഇവിടെ ആഹ്ലാദത്തോടെ കഴിഞ്ഞു. പിന്നീട്
അവൾ ബെൽഫാസ്റ്റിലേക്ക് തിരികെ പോയി. ഒരു പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത അവളെ സൈനികർ
ദേഹോപദ്രവം ഏല്പിക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ലോക്കപ്പിൽ
മരണമടഞ്ഞ നിലയിലാണ് അവളെ കണ്ടെത്തിയത്… ഛർദ്ദിയുടെ അവശിഷ്ടം തൊണ്ടയിൽ കുടുങ്ങിയതാണ് കാരണമെന്നാണ്
പൊലീസ് പറഞ്ഞത്… അവിടെ വച്ചും ദേഹോപദ്രവം ഏറ്റിരുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും
ഒന്നും ഒരിക്കലും തെളിയിക്കപ്പെടുകയുണ്ടായില്ല…”
“തെളിയിക്കപ്പെടാൻ സാദ്ധ്യതയുമില്ലല്ലോ… ശരിയല്ലേ…?” ഓവെൻ ചോദിച്ചു.
“അതെ… എല്ലാവർക്കും അറിയാവുന്ന കാര്യം… പക്ഷേ,
ആർക്കും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല… ഒളിവിൽ കഴിയുകയായിരുന്ന ഞാൻ അന്ന് റിസ്ക് എടുത്ത്
അവളുടെ ശവസംസ്കാര ചടങ്ങിന് പോയിരുന്നു… ബെൽഫാസ്റ്റിലെ ബോംബെ സ്ട്രീറ്റിലുള്ള സെന്റ് മേരീസ്
ദേവാലയത്തിൽ… ജനം നിറഞ്ഞു കവിഞ്ഞിരുന്നു അന്നവിടെ… പെട്ടെന്നാണ് വാതിൽ തള്ളിത്തുറന്ന് ഹെൻട്രി അവിടെയെത്തിയത്… ലണ്ടനിൽ നിന്നും എത്തിയ അയാളുടെ മുഖം കണ്ടാൽ ചെകുത്താൻ പോലും ഭയന്നു
പോകുമായിരുന്നു… അവിടെയുണ്ടായിരുന്ന വൈദികനെ അവഗണിച്ച് നേരെ മേരിയുടെ
ശവശരീരത്തിനരികിലേക്ക് ചെന്ന അയാൾ തന്റെ കൈയിലെ റോസാപുഷ്പം, മടക്കി വച്ചിരിക്കുന്ന
അവളുടെ കൈകൾക്ക് മേൽ വച്ച ശേഷം കുനിഞ്ഞ് ആ നെറ്റിയിൽ ചുംബിച്ചിട്ട് ഒരക്ഷരവും ഉരിയാടാതെ
തിരിഞ്ഞു നടന്നു…”
“നിങ്ങൾ ഒന്നും ചോദിച്ചില്ലേ
അയാളോട്…?”
“ഞാൻ അയാളുടെ പിന്നാലെ
പോയി… തിരികെ ഫ്രാൻസിലേക്ക് പോകാനുള്ള ഉദ്ദേശ്യമുണ്ടോ
എന്ന് ചോദിച്ചു… ഇനിയൊരിക്കലും ലണ്ടൻ വിട്ട് എങ്ങോട്ടുമില്ല എന്നാണയാൾ
പറഞ്ഞത്… മേരി ഉറങ്ങുന്ന ലണ്ടനിൽ അവളുടെ ഓർമ്മകളുമായി ശിഷ്ടകാലം
കഴിയാനാണ് ആഗ്രഹമെന്ന് അയാൾ പറഞ്ഞു…”
“യഥാർത്ഥ പ്രണയം…” ഓവെൻ ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തി. “അപ്പോൾ ആ എം.പി.യുടെ മരണത്തിന്
പിന്നിൽ ഹെൻട്രി ലെഗ്രാൻഡ് ആണെന്നാണോ നിങ്ങൾ കരുതുന്നത്…? ഒരു പ്രതികാരമെന്നോണം…?”
“ഒറ്റ നോട്ടത്തിൽ അങ്ങനെ
കരുതുവാൻ കഴിയുമായിരുന്നില്ല… സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്ന കാര്യത്തിൽ ഹെൻട്രി
ഞങ്ങൾക്ക് പരിശീലനം നൽകിയിരുന്ന കാര്യം ഞാൻ പറഞ്ഞുവല്ലോ…”
“അതേ…”
“അയാൾ ഉപയോഗിച്ച ഒരു കാർ
ബോംബിലെ ഘടകങ്ങൾ റഷ്യൻ നിർമ്മിതമായിരുന്നു… അതിന്റെ ട്രിഗർ മെക്കാനിസത്തിൽ മെർക്കുറി ഉപയോഗിച്ചിരുന്നു
എന്നത് അസാധാരണമായ വസ്തുതയായിരുന്നു… മേരിയുടെ മരണം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷം
അന്നത്തെ ആ സംഭവത്തിൽ ഉൾപ്പെട്ട സൈനികരുടെ മേധാവിയായ ഒരു ആർമി കേണലും അതുപോലത്തെ കാർ
ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു… ഇവിടെ ലണ്ടനിൽ വച്ച്…”
“അത് വെറും യാദൃച്ഛികം എന്ന് പറയാനാവില്ലല്ലോ…” ഓവെൻ പറഞ്ഞു.
“ഇല്ല… കാരണം, രണ്ട് മാസം കഴിഞ്ഞ് വേറെയും ഒരു സംഭവമുണ്ടായി… റോയൽ അൾസ്റ്റർ കോൺസ്റ്റാബുലറിയിലെ ചീഫ് സൂപ്രണ്ടും അതേ രീതിയിൽത്തന്നെ
കൊല്ലപ്പെട്ടു… മേരി മരണമടഞ്ഞ സമയത്ത് ആ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള
ഉദ്യോഗസ്ഥനായിരുന്നു അയാൾ…”
“എല്ലാം കൂടി നോക്കുമ്പോൾ
ഹെൻട്രി ലെഗ്രാൻഡിലേക്ക് തന്നെയാണ് സംശയത്തിന്റെ മുന നീളുന്നത്… പക്ഷേ, എന്തിനാണ് അയാൾ ഒരു പാർലമെന്റ് മെമ്പറെ ലക്ഷ്യമിട്ടത്…? മേരി ബാരിയ്ക്ക് സംഭവിച്ച ദുരന്തവുമായി യാതൊരു ബന്ധവും അയാൾക്കുണ്ടായിരുന്നില്ലല്ലോ…”
“ശരിയാണ്… പക്ഷേ, തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നു അത്… ഗവണ്മന്റിന്റെ നയം ഐറിഷ് വിമോചന സേനയ്ക്ക് എതിരായിരുന്നു… ഈ എം.പി. ആയിരുന്നു സർക്കാരിന്റെ ഔദ്യോഗിക വക്താവ്… ഹെൻട്രിയുടെ മനസ്സിൽ എന്തായിരുന്നുവെന്ന് ആർക്കറിയാം… എന്തായാലും അതിന് ശേഷം മെർക്കുറി ട്രിഗർ ബോംബുകൾ എവിടെയും കണ്ടതായി
അറിവില്ല…”
“ഇതെല്ലാം സൂചിപ്പിച്ചപ്പോൾ
എന്തായിരുന്നു ഹെൻട്രി ലെഗ്രാൻഡിന്റെ പ്രതികരണം…?” ഓവെൻ
ചോദിച്ചു.
“ഇല്ല, ഞാനൊരിക്കലും അത്
ചോദിച്ചിട്ടില്ല…” കെല്ലി പറഞ്ഞു. “കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട്
ജീവപര്യന്തം തടവിൽ മെയ്സ് ജയിലിൽ കഴിയുകയായിരുന്നു ഞാൻ അപ്പോൾ… പിന്നീട് പ്രാബല്യത്തിൽ വന്ന സമാധാന ഉടമ്പടിയെത്തുടർന്ന് മാപ്പ് ലഭിച്ചപ്പോഴാണ്
ഞാൻ പുറത്തിറങ്ങുന്നത്…”
“ലെഗ്രാൻഡ് ഇപ്പോൾ എന്തു
ചെയ്യുന്നു…?”
“ഒരു വിവരവുമില്ല… എന്നെപ്പോലുള്ളവരെ പൊലീസ് ഇപ്പോഴും നിരീക്ഷിക്കുന്നുണ്ടോ ഇല്ലയോ എന്നതിന്
ഉറപ്പൊന്നുമില്ലല്ലോ… അതുകൊണ്ടു തന്നെ, ഇത്തരം മുൻകാല സുഹൃത്തുക്കളിൽ
നിന്നും അകന്നു കഴിയുവാൻ മനഃപൂർവ്വം ഞാൻ തീരുമാനിക്കുകയാണുണ്ടായത്…”
തന്റെ മേശപ്പുറത്തെ ഫോൺ
ഡയറക്ടറി പരിശോധിക്കുകയായിരുന്ന ഓവെൻ പറഞ്ഞു. “ഇതാ കിട്ടിപ്പോയി… ഹെൻട്രി ലെഗ്രാൻഡ്… അപൂർവ്വ പുസ്തകങ്ങൾ, പുരാവസ്തുക്കൾ, ഫൈൻ ആർട്സ്… മേരീസ് ബവർ എന്നാണ് ഷോപ്പിന്റെ പേര്…”
“വെൽ, ഷോപ്പിന്റെ പേര്
എങ്ങനെ വന്നു എന്നതിൽ സംശയമൊന്നുമില്ല… എന്തു ചെയ്യാനാണ് നിങ്ങളുടെ ഭാവം…?” കെല്ലി ചോദിച്ചു.
“ആജ്ഞകൾ കൈമാറുന്ന ഒരു
സന്ദേശവാഹകൻ മാത്രമാണ് അബു… എന്നാലും നമ്മളെ സംബന്ധിച്ചിടത്തോളം ആജ്ഞകൾ തന്നെയാണ്
അവ… ലണ്ടനിലുള്ള സ്ലീപ്പർ സെല്ലുകളെക്കുറിച്ച് വീമ്പ് പറയുന്നുണ്ടായിരുന്നല്ലോ
നിങ്ങൾ… ഇനി നിങ്ങൾ ചെയ്യേണ്ടത് അവയെ പുനരുജ്ജീവിപ്പിക്കുക
എന്നതാണ്… എന്നിട്ട് ഫെർഗൂസനെയും സംഘത്തെയും ഇല്ലാതാക്കാൻ
പറ്റുമോയെന്ന് നോക്കൂ…”
“പറയുന്നത്ര എളുപ്പമല്ല
അത്…” കെല്ലി പറഞ്ഞു. “കലാപം കൊടുമ്പിരി കൊണ്ടിരുന്ന
കാലത്ത് ഞങ്ങളുടെ ശൃംഖല വിപുലമായിരുന്നു… പക്ഷേ, ഇപ്പോൾ……..”
“അത് അസാദ്ധ്യമാണെന്നാണോ
നിങ്ങൾ പറഞ്ഞു വരുന്നത്…?”
“അതേ, വളരെ ബുദ്ധിമുട്ടായിരിക്കും
അത്…” കെല്ലിയുടെ സ്വരത്തിൽ നിരാശ പ്രകടമായിരുന്നു.
“എങ്കിൽ പിന്നെ നിങ്ങളുടെ
കാര്യത്തിന് ഒരു തീരുമാനമായി എന്ന് തന്നെ കൂട്ടിക്കോളൂ… കാരണം, അബുവിനോടും അൽ ഖ്വയ്ദയോടും നിങ്ങൾ പറഞ്ഞു കൊണ്ടിരുന്നത് നുണകളായിരുന്നു… നിങ്ങളോടൊപ്പം അപകടത്തിൽ ചെന്ന് തല വച്ചു കൊടുക്കുവാൻ എനിക്ക് ആഗ്രഹമില്ല… അഞ്ച് മിനിറ്റ് നേരം ഫോണിൽ തന്നെ തുടരൂ, അപ്പുറത്തേക്ക് പോയിട്ട് ഞാനിപ്പോൾ
തന്നെ വരാം… ഫോൺ കട്ട് ചെയ്യണ്ട…”
(തുടരും)
No comments:
Post a Comment