Thursday, August 27, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 17

മുറിയിൽ നിന്നും പുറത്തിറങ്ങി കിച്ചണിൽ ചെന്ന ഓവെൻ റഷീദ്, ലാൻഡ് ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്തു. പെട്ടെന്ന് തന്നെ അപ്പുറത്ത് ഫോൺ എടുക്കപ്പെട്ടു. റിസീവറിൽ നിന്നും വന്നത് ഒരു പുരുഷസ്വരമായിരുന്നു. ഒരു നിമിഷം ശ്രദ്ധിച്ചതിന് ശേഷം ഓവെൻ പറഞ്ഞു. “സോറി, റോങ്ങ് നമ്പർ…” റിസീവർ വച്ചിട്ട് ഓവെൻ തന്റെ മൊബൈൽ ചെവിയോട് ചേർത്തു. “ജാക്ക്, നിങ്ങൾ ലൈനിൽ ഉണ്ടല്ലോ അല്ലേ…?”

 

“യെസ്… നമ്മൾ എന്ത് ചെയ്യാനാണ് പോകുന്നത്…?” ജാക്ക് കെല്ലി ചോദിച്ചു.

 

“നിങ്ങളുടെ ആ സുവർണ്ണകാലത്തേക്ക് ഒരു വട്ടം കൂടി പോകേണ്ടി വരും…IRAയുടെ അഭിമാനഭാജനം ആയിരുന്നില്ലേ നിങ്ങൾ…? ഫെർഗൂസന്റെ കാര്യം നിങ്ങൾ ഏറ്റെടുക്കാൻ പോകുന്നു… മൂന്നോ നാലോ സഹായികളെ വേണമെങ്കിൽ ഏർപ്പാടാക്കിക്കോളൂ… അതിനുള്ള പണം ഞാൻ തരാം… നല്ലൊരു പ്ലാൻ ആണ് നിങ്ങൾക്ക് വേണ്ടത്…”

 

“ആര് തരും ആ പ്ലാൻ…?”

 

“ഹെൻട്രി ലെഗ്രാൻഡ് അല്ലാതെ മറ്റാര്…? കസ്ബയിലെയും അൾജീരിയയിലെയും പോരാട്ടങ്ങൾ അതിജീവിച്ച അയാൾക്ക് നിങ്ങളെ സഹായിക്കാനായില്ലെങ്കിൽ പിന്നെ മറ്റാർക്കും അതിന് കഴിയില്ല…”

 

“പക്ഷേ, അയാൾ അവിടെത്തന്നെയുണ്ടോ എന്നെനിക്ക് അറിയില്ല…” കെല്ലി പറഞ്ഞു. “വർഷങ്ങളായി ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട്…”

 

“മൂന്ന് മിനിറ്റ് മുമ്പാണ് ഞാൻ അയാൾക്ക് ഫോൺ ചെയ്തത്… അയാളുടെ മറുപടി കേട്ടതും സോറി, റോങ്ങ് നമ്പർ എന്ന് പറഞ്ഞു ഞാൻ കട്ട് ചെയ്തു… നിങ്ങളൊരു കാര്യം ചെയ്യൂ, അയാളെ ഫോണിൽ വിളിച്ച് നിങ്ങളിന്ന് ലണ്ടനിലേക്ക് വരുന്നുണ്ടെന്നും കാണാൻ താല്പര്യമുണ്ടെന്നും പറയുക…”

 

“എന്നിട്ട് എങ്ങനെയാണ് ഞാൻ കാര്യം അവതരിപ്പിക്കേണ്ടത്…?”

 

“ഉള്ള കാര്യം തന്നെ പറയുക… നിങ്ങളുടെ IRA ബന്ധവും ഭൂതകാലവുമൊന്നും അയാൾക്ക് അറിയാത്തതല്ലല്ലോ… ഫെർഗൂസനെ എങ്ങനെ ഇല്ലാതാക്കാം എന്നതിൽ അയാളുടെ വിദഗ്ദ്ധ ഉപദേശമാണ് നിങ്ങൾക്ക് വേണ്ടതെന്ന് പറയുക… അല്ലാതെ, തോക്കുമായി ഫെർഗൂസന്റെ പിറകേ അയാൾ ചെല്ലേണ്ട ആവശ്യമൊന്നും ഇല്ല… പണമൊന്നും വാഗ്ദാനം ചെയ്യണ്ട… അത് അയാളെ അപമാനിക്കുന്നതിന് തുല്യമായിരിക്കും… ആവശ്യത്തിലധികം പണം അയാളുടെ പക്കൽ ഉണ്ടെന്നാണ് എന്റെ ഊഹം…”

 

“നിങ്ങൾ ഒരു ജീനിയസ് തന്നെ…” കെല്ലി പറഞ്ഞു.

 

“അക്കാര്യത്തിൽ ഞാൻ തർക്കിക്കാൻ നിൽക്കുന്നില്ല… പെട്ടെന്ന് തന്നെ പുറപ്പെടാൻ നോക്കൂ…”

 

“ശരി…” കെല്ലി പറഞ്ഞു. “ഹെൻട്രിയ്ക്ക് ഫോൺ ചെയ്തതിന് ശേഷം ഡ്രംഗൂളിൽ നിന്നും ഒരു ബീച്ച് ബാരൺ വിമാനത്തിൽ ഞാൻ ലണ്ടനിലേക്ക് തിരിക്കാം… ആർക്കും സംശയം തോന്നാതിരിക്കാൻ ടാൽബട്ട് ഇന്റർനാഷണലിന്റെ ഫൈനാൻസ് ഡയറക്ടറെ വിളിച്ച് എസ്റ്റേറ്റിന്റെ ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നും പറഞ്ഞേക്കാം… ആട്ടെ, എന്താണ് നിങ്ങളുടെ പ്ലാൻ…?”

 

“ഇന്ന് രാത്രി ജീൻ ടാൽബട്ടിനെ ഒരു ഡിന്നറിന് കൊണ്ടുപോകുന്നുണ്ട്…” ഓവെൻ പറഞ്ഞു.

 

“ഈയിടെയായി നിങ്ങൾ അവരെ സന്ദർശിക്കുന്നത് അല്പം കൂടുതലാണെന്ന് തോന്നുന്നു…?”

 

“അങ്ങനെ തെറ്റിദ്ധരിക്കുകയൊന്നും വേണ്ട… അവരുടെ മകന്റെ സ്ഥാനത്താണ് ഞാൻ… അവൻ SASൽ സേവനമനുഷ്ഠിച്ചിരുന്നതും നിരവധി IRA പോരാളികളെ കൊല്ലേണ്ടി വന്നതും അവരിൽ നിന്ന് മറച്ചു വച്ചതിന് നിങ്ങളുടെ മുന്നിൽ വച്ച് സ്വന്തം മാതാവിനോട് ക്ഷമ ചോദിച്ച കാര്യം ഒരിക്കൽ നിങ്ങൾ എന്നോട് പറഞ്ഞിരുന്നല്ലോ…”

 

“ശരിയാണ്…”

 

“എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ അവന്റെ അൽ ഖ്വയ്ദ ബന്ധം അവർക്ക് അറിയില്ലായിരുന്നു എന്ന്…?”

 

“അക്കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്, ഓവെൻ…” കെല്ലി പറഞ്ഞു. “അവനുമായി വളരെ അടുത്ത് ഇടപഴകിയിരുന്ന ആളാണ് ഞാൻ… ആ എന്നോട് പോലും അക്കാര്യം അവൻ പറയുന്നത് മരണത്തിന് ഏതാനും മാസങ്ങൾ മുമ്പ് മാത്രമാണ്… എന്താണ് ചോദിക്കാൻ കാരണം…?”

 

“ജീനിനോട് ഏറെ ഇഷ്ടമുണ്ട് എനിയ്ക്ക്… അവരെക്കുറിച്ചോർക്കുമ്പോൾ എനിയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നുന്നു…”

 

“അതെന്തിന്…?” കെല്ലി ചോദിച്ചു.

 

“തന്റെ മകനെ അതിരറ്റ് സ്നേഹിച്ചിരുന്നു അവർ… ഒരു മടിയും കൂടാതെ അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു അവർ… എന്നിട്ടും താൻ തെരഞ്ഞെടുത്ത പാതയെക്കുറിച്ച് അവരിൽ നിന്നും അവൻ മറച്ചു വച്ചു എന്നതായിരുന്നു യാഥാർത്ഥ്യം…”

 

“എന്താണ് നിങ്ങൾ പറഞ്ഞു വരുന്നത്…?”

 

“അതു തന്നെയാണ് ഇപ്പോൾ ഞാനും അവരോട് ചെയ്തുകൊണ്ടിരിക്കുന്നത്… അതിൽ ഒട്ടും സന്തുഷ്ടനല്ല ഞാൻ…”

 

“ഒന്നു കൂടി തെളിച്ചു പറയാമോ…?” കെല്ലി ചോദിച്ചു.

 

“റുബാത്തിനെയും ടാൽബട്ട് ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള ഒരു പഴയ റെയിൽവേ ലൈനിനെയും സംബന്ധിച്ച വിഷയമാണ്… അൽ ഖ്വയ്ദയ്ക്ക് അവരുടേതായ ചില കാരണങ്ങളാൽ ആ റെയിൽവേ ലൈൻ റുബാത്തിലേക്ക് നീട്ടണമെന്നുണ്ട്…” ഓവെൻ അതിന്റെ മുഴുവൻ വിവരങ്ങളും കെല്ലിയോട് പറഞ്ഞു. “അവരുടെ മകൻ അവരോട് ചെയ്തത് തന്നെയാണ് ഞാനും ചെയ്യുന്നത്… അൽ ഖ്വയ്ദയുടെ നുണകളാണ് ഞാനവരെ അറിയിച്ചുകൊണ്ടിരിക്കുന്നത്… എന്തു ചെയ്യാൻ പറ്റും എനിയ്ക്ക്…?”

 

“ഒന്നും ചെയ്യാനാവില്ല…” കെല്ലി പറഞ്ഞു. “നിങ്ങൾ സ്വയം ശിക്ഷിക്കാതിരിക്കൂ… പാവം ജസ്റ്റിൻ അൽ ഖ്വയ്ദയുടെ കരങ്ങളിൽ പെട്ട് ഒരുപാട് അനുഭവിച്ചിട്ടുണ്ട്… നിങ്ങളും ഞാനുമെല്ലാം അതേ വലയിൽത്തന്നെയാണ് കുടുങ്ങിയിരിക്കുന്നത്… നമുക്ക് ഒന്നും തന്നെ ചെയ്യാനാവില്ല… നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇങ്ങനെ വിഷമിച്ചിരിക്കില്ലായിരുന്നു… അമേരിക്കയുടെയും യു.എൻ.ന്റെയും പിന്തുണയുള്ള സൗദി അറേബ്യ, ബാക്കു റെയിൽ നീട്ടുന്ന കാര്യം ഒരിക്കലും അനുവദിക്കാൻ പോകുന്നില്ല… അനുവദിച്ചാൽ ആത്മഹത്യാപരമായിരിക്കും അത്…”

 

“ലെറ്റ്സ് ഹോപ് യൂ ആർ റൈറ്റ്…”

 

“വെൽ, സം ടൈംസ് അയാം…” കെല്ലി ചിരിച്ചു. “നിങ്ങൾക്കറിയുമോ ഓവെൻ…? എനിക്കിപ്പോൾ വളരെ ആശ്വാസം തോന്നുന്നു… തൽക്കാലം ദൈവം നമുക്ക് തന്ന ചീട്ടുകൾ കൊണ്ട് കളിയ്ക്കാം… എവിടെ വരെ പോകും എന്ന് നോക്കാം… ഇന്നെന്തായാലും നിങ്ങൾ ജീനിനെയും കൊണ്ട് ഡിന്നറിന് പോകൂ… പക്ഷേ, അവരുടെ മകന് പകരക്കാരൻ എന്ന ചിന്ത ഉപേക്ഷിച്ചേക്കൂ… നിങ്ങൾക്ക് ചേരില്ല ആ വേഷം…”

 

അയാൾ ഫോൺ കട്ട് ചെയ്തു. ടെറസിലേക്കുള്ള ജാലകത്തിനരികിൽ ചെന്ന ഓവെൻ റഷീദ് കതകുകൾ തുറന്നു. കനത്ത വാഹനത്തിരക്കാണ് രാവിലെ തന്നെ നിരത്തിൽ. ഒരു സിഗരറ്റിന് തീ കൊളുത്തി പുകയെടുത്തിട്ട് റോഡിലേക്ക് നോക്കി നിൽക്കവെ കെല്ലി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ആയിരുന്നു ചിന്ത മുഴുവനും. ഒരു കാര്യം തീർച്ച… ഹെൻട്രി ലെഗ്രാൻഡിന്റെ രംഗപ്രവേശം ഒരു വഴിത്തിരിവായിരിക്കും…

 

സിഗരറ്റ്കുറ്റി താഴെ നിരത്തിലേക്ക് വലിച്ചെറിഞ്ഞിട്ട് അയാൾ തിരിഞ്ഞു നടന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, August 20, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 16

ബാത്ത്റൂമിലേക്ക് ചെന്ന് ഓവെൻ റഷീദ് ഷവറിന് കീഴിൽ നിന്നു. ചെറുചൂടുവെള്ളം തലയിലും ദേഹത്തും വീണപ്പോൾ തെല്ലൊരു ആശ്വാസം തോന്നി. അൽ ഖ്വയ്ദയുമായി ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ച ആ ദിനത്തെയോർത്ത് അയാൾ സ്വയം ശപിച്ചു. വല്ലാത്തൊരു ഊരാക്കുടുക്കിലാണ് താൻ ചെന്ന് പെട്ടിരിക്കുന്നത്. പറഞ്ഞിട്ട് കാര്യമില്ല. ഇനിയിപ്പോൾ ഒഴുക്കിനൊപ്പം നീന്തിയേ മതിയാവൂ.

 

വസ്ത്രം ധരിച്ച് ഓഫീസ് റൂമിന് നേർക്ക് നടക്കവെയാണ് ഫോൺ റിങ്ങ് ചെയ്തത്. കെല്ലി ആയിരുന്നു അത്. ഒട്ടും സന്തുഷ്ടനായിരുന്നില്ല അയാൾ എന്ന് സ്വരത്തിലൂടെ മനസ്സിലായി.

 

“ആ മരത്തലയൻ അബു തലയിൽ കയറാൻ വരുന്നത് തീരെ പിടിക്കുന്നില്ല എനിക്ക്… ഭീഷണിയുടെ സ്വരമാണയാൾക്ക്… അയാളാര്, മരണത്തിന്റെ വ്യാപാരിയോ…?” കെല്ലി ചോദിച്ചു.

 

“എന്ന് കരുതുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം…” ഓവെൻ പറഞ്ഞു. “ഒരു കാര്യം ചെയ്യൂ, നിങ്ങളുടെ ആ സ്ലീപ്പർ സെല്ലുകളിലുള്ള ആരെയെങ്കിലും വിട്ട് അയാളെ തട്ടിക്കളയാൻ പറ്റുമോയെന്ന് നോക്കൂ…”

 

“അത് അത്രയ്ക്കും എളുപ്പമായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു…” കെല്ലി പറഞ്ഞു. “ചിലപ്പോഴെങ്കിലും ഞാൻ ചിന്തിച്ചു നോക്കിയിട്ടുണ്ട്… ചാൾസ് ഫെർഗൂസനെയും അയാളുടെ സംഘത്തെയും ഒരു വാനിൽ കയറ്റി അതിനടിയിൽ ഒരു ടൈം ബോംബ് ഘടിപ്പിച്ച് എല്ലാത്തിനെയും ഒറ്റയടിക്ക് കാലപുരിയ്ക്ക് അയയ്ക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്…”

 

“അതിന് കാക്ക മലർന്ന് പറക്കണം…” ഓവെൻ പറഞ്ഞു. “അബു പറയുന്നത് നമ്മൾ എന്തെങ്കിലും മാർഗ്ഗം പുതിയ മാർഗ്ഗം കണ്ടെത്തിയേ തീരൂ എന്നാണ്… ഐറിഷ് നാഷണൽ ലിബറേഷൻ ആർമി ഒരിക്കൽ ഒരു എം.പി.യെ കാർ ബോംബ് ആക്രമണത്തിൽ കൊലപ്പെടുത്തിയ കാര്യം അയാൾ സൂചിപ്പിച്ചു…”

 

“പക്ഷേ, അതൊക്കെ പണ്ടായിരുന്നു…”

 

“എന്തായാലും അയാൾക്ക് അവരെക്കുറിച്ച് വലിയ മതിപ്പാണ്… അവർ കാര്യം നടത്തി എന്നത് മാത്രമല്ല, മദ്ധ്യവർഗ്ഗത്തിൽ പെടുന്ന ധാരാളം പ്രൊഫഷണൽസും ആ സംഘത്തിലുണ്ട് എന്നാണ് അയാൾ പറഞ്ഞത്…”

 

“അതൊക്കെ പത്രക്കാർ കെട്ടിച്ചമച്ച കഥകൾ മാത്രമായിരുന്നു…” കെല്ലി ഉറക്കെ ചിരിച്ചു. “ഓരോ ദിവസവും അവർ പുതിയ പുതിയ കഥകൾ മെനഞ്ഞു കൊണ്ടിരുന്നു… അവസാനമായപ്പോഴേക്കും അതൊരു പാതിരാപ്പടം പോലെയായി മാറി…”

 

ഓവെൻ റഷീദിന് ആകാംക്ഷ അടക്കാനായില്ല. “അത് നിങ്ങൾക്കെങ്ങനെ അറിയാം…?”

 

“എന്റെ ഒരു സുഹൃത്തിനെ എനിക്ക് സംശയമുണ്ടായിരുന്നു… ആ സംഘത്തിൽ അയാളും ഉണ്ടോയെന്ന്… അയാൾ ഒരു ഐറിഷ്കാരനായിരുന്നില്ല… IRAയുമായി അയാൾക്കുണ്ടായിരുന്ന ഏക ബന്ധം മേരി ബാരി എന്നൊരു പെൺകുട്ടിയായിരുന്നു… അവളെ ജീവനു തുല്യം സ്നേഹിച്ചിരുന്നു അയാൾ …”

 

“അയാളെക്കുറിച്ച് പറയൂ…”

 

“1976ൽ ആണ് നിരവധി IRA വളണ്ടിയർമാരോടൊപ്പം എന്നെയും അൾജീരിയൻ മരുഭൂമിയിലുള്ള ട്രെയിനിങ്ങ് ക്യാമ്പിലേക്ക് അയക്കുന്നത്… കേണൽ ഗദ്ദാഫിയുടെ മേൽനോട്ടത്തിലായിരുന്നു ആ ക്യാമ്പ്… ഒരുവിധം എല്ലാ ആയുധങ്ങളും ഉപയോഗിക്കാനുള്ള പരിശീലനം ലഭിച്ചു അവിടെ… ടൈം സെറ്റ് ചെയ്ത് വയ്ക്കാൻ സാധിക്കുന്ന കാർബോംബുകൾ നിർമ്മിക്കാൻ അവിടെ വച്ചാണ് ഞാൻ പഠിക്കുന്നത്…”

 

“ഇതും അയാളും തമ്മിൽ എന്തു ബന്ധം…?” ഓവെൻ ചോദിച്ചു.

 

“ഹെൻട്രി ലെഗ്രാൻഡ് എന്നായിരുന്നു ഞങ്ങളുടെ ഇൻസ്ട്രക്ടറുടെ പേര്… ഫ്രഞ്ച് സൈന്യത്തിന്റെ ഭാഗമായി മൂന്നു വർഷം അൾജീരിയൻ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട് അയാൾ… പതിനെട്ടാം വയസ്സിൽ സൈന്യത്തിൽ ചേർന്ന അയാൾ യുദ്ധനിരയിൽ വച്ച് പരിക്കേറ്റതിനെ തുടർന്ന് ഇരുപത്തിയൊന്നാം വയസ്സിൽ ബഹുമതികളോടെ ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടു… പിന്നീടാണ് അൾജീരിയൻസ് കനത്ത ശമ്പളത്തോടെ അയാളെ റിക്രൂട്ട് ചെയ്യുന്നതും അയാളുടെ പരിജ്ഞാനം ഞങ്ങളെപ്പോലുള്ളവർക്ക് പകർന്നു തരുന്നതും…”

 

“നിങ്ങൾ ക്യാമ്പിൽ നിന്നും തിരികെ പോന്നതിന് ശേഷം അയാൾക്കെന്തു സംഭവിച്ചു…?”

 

“ഞങ്ങളായിരുന്നു അയാളുടെ അവസാന ബാച്ച്… ലണ്ടനിൽ അയാൾക്ക് ധനികയായ ഒരു ആന്റിയുണ്ടായിരുന്നു… അവരുടെ എസ്റ്റേറ്റും മറ്റു സ്വത്തുവകകളുമെല്ലാം ലഭിച്ചത് അയാൾക്കായിരുന്നു… ഷെപ്പേർഡ് മാർക്കറ്റിലെ ഒരു പുരാവസ്തു വില്പനശാലയും അതിന് മുകളിലുള്ള ഫ്ലാറ്റുമടക്കം…”

 

“അത് ഇവിടെ നിന്നും അധികം ദൂരെയല്ലല്ലോ…” ഓവെൻ പറഞ്ഞു. “അതുപോലുള്ള നിരവധി ഷോപ്പുകളുണ്ട് ആ പ്രദേശത്ത്…”

 

“ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ലിറ്ററേച്ചറും ഫൈൻ ആർട്സും പഠിക്കാൻ പോകാൻ അയാൾ തീരുമാനിച്ചു… ഐറിഷ് വിദ്യാർത്ഥികളുടെ ഒരു സ്വപ്നമായിരുന്നു ലണ്ടൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുക എന്നത്… എന്റെ ഒരു സുഹൃത്തിന്റെ മകളായ മേരി ബാരിയും അവിടെ പഠനത്തിന് ചേർന്നു… ഞാനാണ് ഹെൻട്രിയെ പോയി പരിചയപ്പെടാൻ അവളോട് പറഞ്ഞത്…”

 

“അങ്ങനെ അവർ പരസ്പരം പ്രണയത്തിലായി…”

 

“അതെ… രണ്ട് വർഷത്തോളം അവർ ഇരുവരും ഇവിടെ ആഹ്ലാദത്തോടെ കഴിഞ്ഞു. പിന്നീട് അവൾ ബെൽഫാസ്റ്റിലേക്ക് തിരികെ പോയി. ഒരു പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത അവളെ സൈനികർ ദേഹോപദ്രവം ഏല്പിക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ലോക്കപ്പിൽ മരണമടഞ്ഞ നിലയിലാണ് അവളെ കണ്ടെത്തിയത്… ഛർദ്ദിയുടെ അവശിഷ്ടം തൊണ്ടയിൽ കുടുങ്ങിയതാണ് കാരണമെന്നാണ് പൊലീസ് പറഞ്ഞത്… അവിടെ വച്ചും ദേഹോപദ്രവം ഏറ്റിരുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഒന്നും ഒരിക്കലും തെളിയിക്കപ്പെടുകയുണ്ടായില്ല…”

 

“തെളിയിക്കപ്പെടാൻ സാദ്ധ്യതയുമില്ലല്ലോ… ശരിയല്ലേ…?” ഓവെൻ ചോദിച്ചു.

 

“അതെ… എല്ലാവർക്കും അറിയാവുന്ന കാര്യം… പക്ഷേ, ആർക്കും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല… ഒളിവിൽ കഴിയുകയായിരുന്ന ഞാൻ അന്ന് റിസ്ക് എടുത്ത് അവളുടെ ശവസംസ്കാര ചടങ്ങിന് പോയിരുന്നു… ബെൽഫാസ്റ്റിലെ ബോംബെ സ്ട്രീറ്റിലുള്ള സെന്റ് മേരീസ് ദേവാലയത്തിൽ… ജനം നിറഞ്ഞു കവിഞ്ഞിരുന്നു അന്നവിടെ… പെട്ടെന്നാണ് വാതിൽ തള്ളിത്തുറന്ന് ഹെൻട്രി അവിടെയെത്തിയത്… ലണ്ടനിൽ നിന്നും എത്തിയ അയാളുടെ മുഖം കണ്ടാൽ ചെകുത്താൻ പോലും ഭയന്നു പോകുമായിരുന്നു… അവിടെയുണ്ടായിരുന്ന വൈദികനെ അവഗണിച്ച് നേരെ മേരിയുടെ ശവശരീരത്തിനരികിലേക്ക് ചെന്ന അയാൾ തന്റെ കൈയിലെ റോസാപുഷ്പം, മടക്കി വച്ചിരിക്കുന്ന അവളുടെ കൈകൾക്ക് മേൽ വച്ച ശേഷം കുനിഞ്ഞ് ആ നെറ്റിയിൽ ചുംബിച്ചിട്ട് ഒരക്ഷരവും ഉരിയാടാതെ തിരിഞ്ഞു നടന്നു…”


“നിങ്ങൾ ഒന്നും ചോദിച്ചില്ലേ അയാളോട്…?”

 

“ഞാൻ അയാളുടെ പിന്നാലെ പോയി… തിരികെ ഫ്രാൻസിലേക്ക് പോകാനുള്ള ഉദ്ദേശ്യമുണ്ടോ എന്ന് ചോദിച്ചു… ഇനിയൊരിക്കലും ലണ്ടൻ വിട്ട് എങ്ങോട്ടുമില്ല എന്നാണയാൾ പറഞ്ഞത്… മേരി ഉറങ്ങുന്ന ലണ്ടനിൽ അവളുടെ ഓർമ്മകളുമായി ശിഷ്ടകാലം കഴിയാനാണ് ആഗ്രഹമെന്ന് അയാൾ പറഞ്ഞു…”

 

“യഥാർത്ഥ പ്രണയം…” ഓവെൻ ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തി. “അപ്പോൾ ആ എം.പി.യുടെ മരണത്തിന് പിന്നിൽ ഹെൻട്രി ലെഗ്രാൻഡ് ആണെന്നാണോ നിങ്ങൾ കരുതുന്നത്…? ഒരു പ്രതികാരമെന്നോണം…?”

 

“ഒറ്റ നോട്ടത്തിൽ അങ്ങനെ കരുതുവാൻ കഴിയുമായിരുന്നില്ല… സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്ന കാര്യത്തിൽ ഹെൻട്രി ഞങ്ങൾക്ക് പരിശീലനം നൽകിയിരുന്ന കാര്യം ഞാൻ പറഞ്ഞുവല്ലോ…”

 

“അതേ…”

 

“അയാൾ ഉപയോഗിച്ച ഒരു കാർ ബോംബിലെ ഘടകങ്ങൾ റഷ്യൻ നിർമ്മിതമായിരുന്നു… അതിന്റെ ട്രിഗർ മെക്കാനിസത്തിൽ മെർക്കുറി ഉപയോഗിച്ചിരുന്നു എന്നത് അസാധാരണമായ വസ്തുതയായിരുന്നു… മേരിയുടെ മരണം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷം അന്നത്തെ ആ സംഭവത്തിൽ ഉൾപ്പെട്ട സൈനികരുടെ മേധാവിയായ ഒരു ആർമി കേണലും അതുപോലത്തെ കാർ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു… ഇവിടെ ലണ്ടനിൽ വച്ച്…”

 

“അത് വെറും യാദൃച്ഛികം എന്ന് പറയാനാവില്ലല്ലോ…” ഓവെൻ പറഞ്ഞു.

 

“ഇല്ല… കാരണം, രണ്ട് മാസം കഴിഞ്ഞ് വേറെയും ഒരു സംഭവമുണ്ടായി… റോയൽ അൾസ്റ്റർ കോൺസ്റ്റാബുലറിയിലെ ചീഫ് സൂപ്രണ്ടും അതേ രീതിയിൽത്തന്നെ കൊല്ലപ്പെട്ടു… മേരി മരണമടഞ്ഞ സമയത്ത് ആ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു അയാൾ…”

 

“എല്ലാം കൂടി നോക്കുമ്പോൾ ഹെൻട്രി ലെഗ്രാൻഡിലേക്ക് തന്നെയാണ് സംശയത്തിന്റെ മുന നീളുന്നത്… പക്ഷേ, എന്തിനാണ് അയാൾ ഒരു പാർലമെന്റ് മെമ്പറെ ലക്ഷ്യമിട്ടത്…? മേരി ബാരിയ്ക്ക് സംഭവിച്ച ദുരന്തവുമായി യാതൊരു ബന്ധവും അയാൾക്കുണ്ടായിരുന്നില്ലല്ലോ…”

 

“ശരിയാണ്… പക്ഷേ, തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നു അത്… ഗവണ്മന്റിന്റെ നയം ഐറിഷ് വിമോചന സേനയ്ക്ക് എതിരായിരുന്നു… ഈ എം.പി. ആയിരുന്നു സർക്കാരിന്റെ ഔദ്യോഗിക വക്താവ്… ഹെൻട്രിയുടെ മനസ്സിൽ എന്തായിരുന്നുവെന്ന് ആർക്കറിയാം… എന്തായാലും അതിന് ശേഷം മെർക്കുറി ട്രിഗർ ബോംബുകൾ എവിടെയും കണ്ടതായി അറിവില്ല…”

 

“ഇതെല്ലാം സൂചിപ്പിച്ചപ്പോൾ എന്തായിരുന്നു ഹെൻട്രി ലെഗ്രാൻഡിന്റെ പ്രതികരണം…?” ഓവെൻ ചോദിച്ചു.

 

“ഇല്ല, ഞാനൊരിക്കലും അത് ചോദിച്ചിട്ടില്ല…” കെല്ലി പറഞ്ഞു. “കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവിൽ മെയ്സ് ജയിലിൽ കഴിയുകയായിരുന്നു ഞാൻ അപ്പോൾ… പിന്നീട് പ്രാബല്യത്തിൽ വന്ന സമാധാന ഉടമ്പടിയെത്തുടർന്ന് മാപ്പ് ലഭിച്ചപ്പോഴാണ് ഞാൻ പുറത്തിറങ്ങുന്നത്…”

 

“ലെഗ്രാൻഡ് ഇപ്പോൾ എന്തു ചെയ്യുന്നു…?”

 

“ഒരു വിവരവുമില്ല… എന്നെപ്പോലുള്ളവരെ പൊലീസ് ഇപ്പോഴും നിരീക്ഷിക്കുന്നുണ്ടോ ഇല്ലയോ എന്നതിന് ഉറപ്പൊന്നുമില്ലല്ലോ… അതുകൊണ്ടു തന്നെ, ഇത്തരം മുൻകാല സുഹൃത്തുക്കളിൽ നിന്നും അകന്നു കഴിയുവാൻ മനഃപൂർവ്വം ഞാൻ തീരുമാനിക്കുകയാണുണ്ടായത്…”

 

തന്റെ മേശപ്പുറത്തെ ഫോൺ ഡയറക്ടറി പരിശോധിക്കുകയായിരുന്ന ഓവെൻ പറഞ്ഞു. “ഇതാ കിട്ടിപ്പോയി… ഹെൻട്രി ലെഗ്രാൻഡ്… അപൂർവ്വ പുസ്തകങ്ങൾ, പുരാവസ്തുക്കൾ, ഫൈൻ ആർട്സ്… മേരീസ് ബവർ എന്നാണ് ഷോപ്പിന്റെ പേര്…”

 

“വെൽ, ഷോപ്പിന്റെ പേര് എങ്ങനെ വന്നു എന്നതിൽ സംശയമൊന്നുമില്ല… എന്തു ചെയ്യാനാണ് നിങ്ങളുടെ ഭാവം…?” കെല്ലി ചോദിച്ചു.

 

“ആജ്ഞകൾ കൈമാറുന്ന ഒരു സന്ദേശവാഹകൻ മാത്രമാണ് അബു… എന്നാലും നമ്മളെ സംബന്ധിച്ചിടത്തോളം ആജ്ഞകൾ തന്നെയാണ് അവ… ലണ്ടനിലുള്ള  സ്ലീപ്പർ സെല്ലുകളെക്കുറിച്ച് വീമ്പ് പറയുന്നുണ്ടായിരുന്നല്ലോ നിങ്ങൾ… ഇനി നിങ്ങൾ ചെയ്യേണ്ടത് അവയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ്… എന്നിട്ട് ഫെർഗൂസനെയും സംഘത്തെയും ഇല്ലാതാക്കാൻ പറ്റുമോയെന്ന് നോക്കൂ…”

 

“പറയുന്നത്ര എളുപ്പമല്ല അത്…” കെല്ലി പറഞ്ഞു. “കലാപം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ഞങ്ങളുടെ ശൃംഖല വിപുലമായിരുന്നു… പക്ഷേ, ഇപ്പോൾ……..”

 

“അത് അസാദ്ധ്യമാണെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്…?”

 

“അതേ, വളരെ ബുദ്ധിമുട്ടായിരിക്കും അത്…” കെല്ലിയുടെ സ്വരത്തിൽ നിരാശ പ്രകടമായിരുന്നു.

 

“എങ്കിൽ പിന്നെ നിങ്ങളുടെ കാര്യത്തിന് ഒരു തീരുമാനമായി എന്ന് തന്നെ കൂട്ടിക്കോളൂ… കാരണം, അബുവിനോടും അൽ ഖ്വയ്ദയോടും നിങ്ങൾ പറഞ്ഞു കൊണ്ടിരുന്നത് നുണകളായിരുന്നു… നിങ്ങളോടൊപ്പം അപകടത്തിൽ ചെന്ന് തല വച്ചു കൊടുക്കുവാൻ എനിക്ക് ആഗ്രഹമില്ല… അഞ്ച് മിനിറ്റ് നേരം ഫോണിൽ തന്നെ തുടരൂ, അപ്പുറത്തേക്ക് പോയിട്ട് ഞാനിപ്പോൾ തന്നെ വരാം… ഫോൺ കട്ട് ചെയ്യണ്ട…”

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, August 7, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 15

അപ്പാർട്ട്മെന്റിൽ എത്തിയ ഓവെൻ റഷീദ് സ്വെറ്റർ തലവഴി ഊരി മാറ്റി ബെഡ്റൂമിലേക്ക് നടക്കുമ്പോഴാണ് മൊബൈൽ ഫോൺ റിങ്ങ് ചെയ്തത്. തിടുക്കത്തിൽ ഓഫീസിൽ ചെന്ന് അയാൾ മേശവലിപ്പിനുള്ളിൽ നിന്നും ഫോൺ പുറത്തെടുത്തു. അബു ആയിരുന്നു അത്. അൽ ഖ്വയ്ദയുമായുള്ള ഓവെൻ റഷീദിന്റെ ഒരേയൊരു ലിങ്ക് ആണ് അയാൾ. ഏത് രാജ്യക്കാരനാണെന്നോ എന്ത് പ്രായമുള്ള ആളാണെന്നോ പോലും തിരിച്ചറിയാൻ കഴിയാത്ത വിധം ഒട്ടും വ്യാകരണപിശകില്ലാതെ വൃത്തിയായി ഇംഗ്ലീഷ് സംസാരിക്കുന്നയാൾ.

 

“ഗുഡ് മോണിങ്ങ് ഓവെൻ…” അബു പറഞ്ഞു. “ജീൻ ടാൽബട്ടിനൊപ്പം ഹൈഡ് പാർക്കിലൂടെയുള്ള ജോഗിങ്ങ് ആസ്വദിച്ചുവോ…?”

 

അബുവിന്റെ കൈവശമുള്ള വിവരങ്ങൾ എത്രമാത്രം കൃത്യവും ചടുലവുമാണെന്നതിൽ ഓവെൻ റഷീദ് അത്ഭുതപ്പെട്ടിരുന്നു. പ്രത്യേകിച്ചും റുബാത്തിനെക്കുറിച്ചുള്ള കാര്യങ്ങൾ. താൻ എപ്പോഴും അയാളുടെ നിരീക്ഷണത്തിൽ ആണെന്ന കാര്യവുമായി ഓവെൻ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു.

 

“നല്ലൊരു സുഹൃത്താണ് അവർ…” ഓവെൻ പറഞ്ഞു.

 

“ബാക്കു റെയിൽ നീട്ടുന്നതിനെക്കുറിച്ച് എന്താണ് അവരുടെ നിലപാട്…?”

 

എല്ലാ വിവരവും വിശദമായിത്തന്നെ ഓവെൻ അയാളോട് പറഞ്ഞു. “ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് അവരുടെ കമ്പനിയുടെ നിലപാട്… അടുത്തയിടെയായി സകലർക്കും തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുയാണ് യെമൻ… റുബാത്തിലെ എന്റെ ഓയിൽ ബിസിനസിനടക്കം…”

 

“ബാക്കു റെയിലിന്റെ കാര്യത്തിൽ ടാൽബട്ട് ഇന്റർനാഷണലിന്റെ മേൽ സമ്മർദ്ദം ചെലുത്തുവാൻ തന്നെയാണ് എനിയ്ക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം…” അബു പറഞ്ഞു.

 

“എന്നെക്കൊണ്ട് കഴിയും വിധം ഞാൻ ശ്രമിക്കുന്നുണ്ട്…” ഓവെൻ പറഞ്ഞു. “അമേരിക്കൻ പ്രസിഡന്റിന് നൽകുന്ന റിസപ്ഷനിൽ ഒരു അതിഥിയായി എനിയ്ക്ക് ക്ഷണം ലഭിച്ചിട്ടുള്ള കാര്യം നിങ്ങൾക്കറിയാമല്ലോ… സൗദിയിൽ നിന്നും എത്തുന്ന വിവിധ വിശിഷ്ട വ്യക്തിത്വങ്ങളുമായി പരിചയപ്പെടാനുള്ള അവസരമുണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞ് ജീൻ ടാൽബട്ടിനെ ഞാൻ ആ വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്…”

 

“അതെനിക്ക് ഇഷ്ടപ്പെട്ടു…” അബു പറഞ്ഞു. “വ്യാപാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ടാൽബട്ട് ഇന്റർനാഷണലിനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടത്തിനുള്ള അവസരമായിരിക്കും അത്… അതുകൊണ്ടു തന്നെ ബാക്കു റെയിൽ നീട്ടുന്ന കാര്യത്തിൽ അവരുടെ മനോഭാവം അനുകൂലമാകാൻ സാദ്ധ്യതയുണ്ട്… യൂ ഹാവ് ഡൺ വെൽ…”

 

“നിങ്ങളുടെ സന്തോഷമാണ് ഞങ്ങൾക്ക് പ്രധാനം…”

 

“കെല്ലി എന്നെ വിളിച്ചിരുന്നു… ന്യൂയോർക്കിലെ സംഭവവികാസങ്ങളെല്ലാം എന്നോട് പറഞ്ഞു…”

 

“അതേ… നിങ്ങളുമായി നേരിട്ട് സംസാരിക്കുവാൻ അയാളോട് ഞാൻ പറഞ്ഞിരുന്നു.” ഓവെൻ പറഞ്ഞു.  

 

“നിങ്ങൾ പറഞ്ഞത് ശരിയായിരുന്നു… ഫെർഗൂസനെയും അദ്ദേഹത്തിന്റെ ഹോളണ്ട് പാർക്ക് സെറ്റപ്പിനെയും എന്തെങ്കിലും ചെയ്തേ പറ്റൂ… അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആ നശിച്ച ഉദ്യോഗസ്ഥർ വർഷങ്ങളായി നമ്മുടെ പാതയിലെ മുള്ളുകളാണ്… ഇപ്പോഴിതാ പുതിയ ഒരാളെ കൂടി റിക്രൂട്ട് ചെയ്തിരിക്കുന്നു… ഒരു സാറാ ഗിഡിയൻ… അവർ ജൂതവംശജയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്… ഒരു പക്ഷേ അവർക്ക് മൊസ്സാദുമായി ബന്ധമുണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല…”

 

“അതിന് ഞാനവരെ കുറ്റം പറയില്ല… ജെറുസലേമിൽ വച്ചുണ്ടായ ഒരു ബസ് ബോംബിങ്ങിലാണ് അവരുടെ മാതാപിതാക്കൾ കൊല്ലപ്പെട്ടത്…  മാത്രവുമല്ല, പതിനാല് പലസ്തീൻകാരും അതിൽ കൊല്ലപ്പെട്ടിരുന്നു… ഹമാസിന് സംഭവിച്ച ഒരു ശ്രദ്ധക്കുറവായിരുന്നു ആ ആക്രമണം എന്നേ പറയാനാവൂ…” ഓവെൻ റഷീദ് പറഞ്ഞു.

 

“വാക്കുകൾ ശ്രദ്ധിച്ചുപയോഗിക്കണം…” അബു പറഞ്ഞു. “അല്ലെങ്കിൽ ആരുടെ പക്ഷത്താണ് നിങ്ങൾ എന്ന് സ്വാഭാവികമായും ഞങ്ങൾ സംശയിച്ചു പോകും…”

 

“അതിലിപ്പോൾ സംശയമൊന്നും വേണ്ട… എന്റെ മാത്രം പക്ഷത്താണ് ഞാൻ… ആട്ടെ, നമ്മുടെ അടുത്ത നീക്കം എന്താണ്…?”

 

“ഇവിടെ ലണ്ടനിലുള്ള IRA സ്ലീപ്പർ സെല്ലുകളെക്കുറിച്ച് വലിയ അവകാശ വാദങ്ങളാണല്ലോ കെല്ലി പറഞ്ഞു കൊണ്ടിരുന്നത്… അവയിൽ ചിലതിനെയെല്ലാം ആക്ടിവേറ്റ് ചെയ്യാൻ ഞാൻ നിർദ്ദേശം നൽകാൻ പോകുന്നു… ഫെർഗൂസനും സംഘത്തിനും കുറച്ച് തലവേദനയുണ്ടാക്കാൻ നമുക്ക് സാധിക്കുമോ എന്ന് നോക്കാം…”

 

“നമുക്ക് പ്രായോഗികമായി ചിന്തിക്കേണ്ടിയിരിക്കുന്നു…” ഓവെൻ പറഞ്ഞു. “ഐറിഷ് വിമോചന പ്രസ്ഥാനത്തിനെതിരെ വർഷങ്ങളായി പൊരുതിക്കൊണ്ടിരിക്കുന്നവരാണ് ചാൾസ് ഫെർഗൂസനും ഹാരി മില്ലറും… ഐറിഷ് പക്ഷത്തായിരുന്ന ഷോൺ ഡില്ലനും ഡാനിയൽ ഹോളിയും പിന്നീടാണ് കൂറുമാറി ഫെർഗൂസനൊപ്പം ചേരുന്നത്… അവരുടെ സുഹൃത്തായ ഹാരി സാൾട്ടർ ഇപ്പോൾ ഒരു ധനികനും റിയൽ എസ്റ്റേറ്റ് പ്രമാണിയുമൊക്കെയാണ്… ആയകാലത്ത് കുപ്രശസ്തിയാർജ്ജിച്ച ഒരു അധോലോക നായകനായിരുന്നു അയാൾ… അയാളുടെ അനന്തരവനാണ് ആ സ്ഥാനം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്… പിന്നെ, ഇപ്പറയുന്ന സാറാ ഗിഡിയൻ എന്ന യുവതിയുടെ റെക്കോർഡുകൾ പരിശോധിച്ചാൽ അത്ര നിസ്സാരവുമല്ല… നമുക്ക് എന്തു ചെയ്യാൻ സാധിക്കുമെന്നാണ് നിങ്ങൾ പറയുന്നത്…?”

 

“ചില ഗവേഷണങ്ങളൊക്കെ ഞാൻ നടത്തി… ഐറിഷ് നാഷണൽ ലിബറേഷൻ ആർമിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ…? അവർ റിക്രൂട്ട് ചെയ്തിട്ടുള്ളത് മുഴുവനും പ്രൊഫഷണൽ ആയ ആൾക്കാരെയാണ്… വർഷങ്ങൾക്ക് മുമ്പ് പാർലമെന്റിൽ നിന്നും പുറത്തേക്ക് വരികയായിരുന്ന ഒരു എം.പി.യെ അയാളുടെ കാറിൽ ടൈം ബോംബ് ഘടിപ്പിച്ച് അവർ വധിക്കുകയുണ്ടായി… കാലമിത്രയായിട്ടും ഒരാളെപ്പോലും പിടികൂടുകയുണ്ടായില്ല…”

 

“ഓൾറൈറ്റ്… പക്ഷേ, അതൊക്കെ പണ്ടായിരുന്നു…” ഓവെൻ പറഞ്ഞു. “നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത്…?”

 

“ഞാൻ പറഞ്ഞു വരുന്നത്, ചില കാര്യങ്ങളൊന്നും ഒരിക്കലും ഔട്ട് ഓഫ് സ്റ്റൈൽ ആകുകയില്ല എന്നതാണ്… കെല്ലിയുമായി സംസാരിക്കാൻ പോകുകയാണ് ഞാൻ… ഈ ചാൾസ് ഫെർഗൂസനെയും അദ്ദേഹത്തിന്റെ സംഘത്തെയും എന്നെന്നേയ്ക്കുമായി ഇല്ലാതാക്കുക എന്നതാണ് എന്റെ ആവശ്യം…”

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...