ലണ്ടൻ
ഫെർഗൂസന്റെ വിമാനം അറ്റ്‌ലാന്റിക്കിന്
മുകളിലൂടെ പറന്നുകൊണ്ടിരിക്കുയാണ്. സമയം രാത്രി ഒന്നര ആയിരിക്കുന്നു. എന്നാൽ ലണ്ടനിൽ
അപ്പോൾ രാവിലെ ഏഴര മണിയായിക്കഴിഞ്ഞിരുന്നു. പ്രഭാതത്തിലെ ആദ്യ കപ്പ് കോഫി ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്
ജീൻ ടാൽബട്ട്. മേഫെയറിലെ മാർലെയിൽ ഉള്ള റീജൻസി ഹൗസിലാണ് വർഷങ്ങളായി അവർ താമസിച്ചുകൊണ്ടിരിക്കുന്നത്.
തൊട്ടടുത്ത കഴ്സൺ സ്ട്രീറ്റിൽ നിന്നും പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ ഹൈഡ്
പാർക്കിൽ ഓവെൻ റഷീദ് താമസിക്കുന്ന ഫ്ലാറ്റിലേക്ക്. അവർക്കിടയിൽ ഉരുത്തിരിഞ്ഞു വന്ന
അടുപ്പം കണക്കിലെടുത്താൽ തീർച്ചയായും അതൊരു സൗകര്യം തന്നെയായിരുന്നു.
അവരുടെ മൊബൈൽ ശബ്ദിച്ചു.
അതേ, അത് അയാൾ തന്നെയായിരുന്നു. “ഇന്ന് ലഞ്ചിന് എന്നോടൊപ്പം കൂടുന്നോ…? ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു…”
“സോറി ഓവെൻ… എനിക്ക് വൈസ് ചാൻസലറുമായി ഒരു മീറ്റിങ്ങ് ഉണ്ട്...” ടാൽബട്ട് ഇന്റർനാഷണലിന്റെ
മേധാവിയാണെങ്കിലും അതിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്താൻ CEO ആയ അനന്തരവൻ ഗ്രിഗറിയെയാണ്
അവർ ഏല്പിച്ചിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല മാത്രമാണ് ജീൻ ടാൽബട്ട് വഹിച്ചിരുന്നത്.
“ഇന്ന് പാർക്കിൽ ഓടാൻ വരുന്നുണ്ടോ നീ…?” അവർ ആരാഞ്ഞു.
“ഉണ്ട്… ഞാൻ ഇറങ്ങാൻ തുടങ്ങുകയാണ്…” ഓവെൻ റഷീദ് പറഞ്ഞു.
“എന്നാൽ അവിടെ വച്ചു കാണാം… സബ്‌വേയുടെ സമീപം ഞാൻ ഉണ്ടാകും…”
അവർ ഒരുമിച്ച് ഹൈഡ് പാർക്കിനുള്ളിലേക്ക്
കടന്നു. ഏതാണ്ട് അര മണിക്കൂർ നേരത്തെ ജോഗിങ്ങിന് ശേഷം ഇരുവരും സെർപ്പന്റൈനിലുള്ള കഫേയിലേക്ക്
കയറി. അയാളുടെ സൗഹൃദം എപ്പോഴും അവർ ആസ്വദിച്ചിരുന്നുവെന്ന് വേണം പറയാൻ. കൊല്ലപ്പെട്ട
തന്റെ മകന്റെ സ്ഥാനത്താണ് ജീൻ ടാൽബട്ട് അയാളെ കണ്ടിരുന്നത്. അത് അയാൾക്ക് നന്നായി അറിയുകയും
ചെയ്യാമായിരുന്നു.
“റുബാത്തിലേക്കുള്ള അന്നത്തെ
പറക്കൽ എങ്ങനെയുണ്ടായിരുന്നു…? അവർ ചോദിച്ചു. ടാൽബട്ട് ഇന്റർനാഷണലിന്റേയും റഷീദ്
ഓയിൽ കമ്പനിയുടെയും പ്രൈവറ്റ് വിമാനങ്ങൾ ഫ്രെൻഷാം എയറോ ക്ലബ്ബിലാണ് പാർക്ക് ചെയ്തിരുന്നത്.
ജീൻ ടാൽബട്ട് ഏറെ വർഷങ്ങളായി പ്രൈവറ്റ് വിമാനം പറത്തുന്നുണ്ടെങ്കിലും ഓവൻ റഷീദിന് പൈലറ്റ്
ലൈസൻസ് ലഭിച്ചിട്ട് മൂന്ന് വർഷം ആകുന്നതേയുണ്ടായിരുന്നുള്ളൂ.
“അടുത്തയിടയ്ക്കാണ് ജെറ്റ്
വിമാനങ്ങൾ പറത്താനുള്ള ലൈസൻസ് എനിക്ക് ലഭിച്ചത്… ഞാൻ തന്നെയാണ്
ലിയർജെറ്റ് പറത്തിയത്… എന്തായാലും നല്ലൊരു അനുഭവമായിരുന്നു…”
“ആട്ടെ, എന്താണ് സംസാരിക്കാനുണ്ടെന്ന്
പറഞ്ഞത്…?” ജീൻ ടാൽബട്ട് ചോദിച്ചു.
“ബാക്കു റെയിൽവേ ലൈനിനെക്കുറിച്ച്
മുമ്പ് ഞാൻ സൂചിപ്പിച്ചിരുന്നല്ലോ… അത് റുബാത്ത് വരെ നീട്ടുന്നതിനെക്കുറിച്ച് ടൽബട്ട്
ഇന്റർനാഷണൽ എന്തെങ്കിലും തീരുമാനം എടുത്തുവോ എന്ന് അറിയാനായിരുന്നു…”
“ഗ്രിഗറിയുമായി ഇക്കാര്യം
ഞാൻ ചർച്ച ചെയ്തിരുന്നു… സമീപരാജ്യമായ യെമനിലെ രാഷ്ട്രീയ അസ്ഥിരത ഒരു പ്രശ്നമാണെന്നാണ്
അവന്റെ അഭിപ്രായം…”
“ബാക്കു റെയിൽപാതയും എണ്ണക്കുഴലുകളും
കുറച്ചുകൂടി നീട്ടണമെന്നത് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്... അങ്ങനെ ചെയ്താൽ സൗത്ത്പോർട്ടിലേക്കും
എണ്ണ ടാങ്കറുകളിലേക്കും ഞങ്ങൾക്ക് നേരിട്ട് എത്തിച്ചേരാനാകും... അതു വഴി ഞങ്ങളുടെ പ്രവർത്തനം
കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും… തെക്കൻ അറേബ്യയിൽ നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുമുള്ള
എണ്ണയുടെ മൂന്നിലൊന്ന് ഭാഗവും ഈ ശൃംഖലയിലൂടെയാണ് കടന്നുപോകുക… അത് തടയണമെങ്കിൽ യെമൻ സ്വതന്ത്ര പരമാധികാര രാഷ്ട്രമായ റൂബാത്തിനെ ആക്രമിക്കേണ്ടിവരും...
എണ്ണവിതരണത്തിൽ ഏതെങ്കിലും തടസ്സമുണ്ടായാൽ അത് ആഗോളതലത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക...
ഐക്യരാഷ്ട്രസഭ അതിന് വിരാമമിടാത്ത പക്ഷം, അറബ് രാഷ്ട്രങ്ങളുടെ ശക്തമായ പിന്തുണയോടെ
അമേരിക്ക ഇടപെടും... അതോടെ യെമൻ പൂർണമായും തകർന്നടിയുകയും ചെയ്യും...”
“നിന്റെ ആവേശം ഞാൻ മനസ്സിലാക്കുന്നു,
ഓവെൻ…” അവർ പുഞ്ചിരിച്ചു. “നീ പറയുന്നതിൽ കാര്യമില്ലാതില്ല… ഗ്രിഗറിയുമായി ഇക്കാര്യം ഒന്നുകൂടി സംസാരിക്കാം ഞാൻ…”
പാർക്ക് ലെയ്ൻ താണ്ടവെ
അയാൾ പറഞ്ഞു. “വെള്ളിയാഴ്ച്ച ഇവിടം സന്ദർശിക്കാൻ എത്തുന്ന അമേരിക്കൻ പ്രസിഡന്റിനെ സന്ധിക്കുവാനായി
ഒരു സൗദി പ്രതിനിധി സംഘം വ്യാഴാഴ്ച്ച ഇവിടെ എത്തുന്നുണ്ടെന്ന് ഗ്രിഗറിയോട് പറയണം… എണ്ണ വ്യാപാരരംഗത്തെ അതികായന്മാരായ ഷെയ്ക്കുകളാണ്… പിന്നെ ഒന്നോ രണ്ടോ ജനറൽമാരും ഒപ്പമുണ്ടാകും… മിക്കവാറും ആയുധക്കച്ചവടം ഉറപ്പിക്കാൻ വേണ്ടി ആയിരിക്കും… നിങ്ങളെ പരസ്പരം പരിചയപ്പെടുത്തുവാൻ എനിക്ക് സന്തോഷമേയുള്ളൂ…” അയാൾ ഒന്ന് നെറ്റി ചുളിച്ചു. “പിന്നെ, പാർലമെന്റിന്റെ ടെറസിൽ വച്ച്
ഒരു റിസപ്ഷനും ഉണ്ടെന്ന് കേട്ടു…”
“ഞാനും കേട്ടു അത്…” അവർ പറഞ്ഞു. “ഒരു സംഭവമായിരിക്കും അത്…”
“വെൽ, ആ പരിപാടിയിൽ പങ്കെടുക്കുവാൻ
എനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്… പങ്കാളിയെയും കൂടെ കൊണ്ടുപോകാൻ അനുവാദമുണ്ട്… എന്റെ കൂടെ വരുന്നതിൽ വിരോധമുണ്ടോ…?”
അവർക്ക് ആവേശം അടക്കാനായില്ല.
“ഗുഡ് ഹെവൻസ്, ഓവെൻ, ആർ യൂ ഷുവർ…?”
“ലോകത്തെ പകുതിയിലധികം
രാഷ്ട്രങ്ങൾക്കും മിലിട്ടറി ഹാർഡ്‌വെയർ സപ്ലൈ ചെയ്യുന്നത് ടാൽബട്ട് ഇന്റർനാഷനൽ ആണ്… അറബ് ലോകത്ത് നിങ്ങളുടെ കമ്പനിയെക്കുറിച്ച് നല്ല മതിപ്പുമാണ്… അപ്പോൾ ഇത്തരമൊരു പരിപാടിയിൽ കമ്പനിയെ പ്രതിനിധീകരിക്കാൻ അതിന്റെ ചെയർമാന്
അല്ലാതെ മറ്റാർക്കാണ് യോഗ്യത…?”
“സമ്മതിച്ചു… ഞാൻ വരാം…”
“എങ്കിൽ ഇന്ന് രാത്രിയിലെ
ഡിന്നർ സാൻ ലോറെൻസോയിൽ… അവിടെ വച്ച് നമുക്ക് കൂടുതൽ ചർച്ച ചെയ്യാം… നിങ്ങളെ ഞാൻ ഏഴരയ്ക്ക് പിക്ക് ചെയ്യാം…”
അയാൾ നടപ്പാതയിലൂടെ ഓടിപ്പോയി.
അപ്പാർട്ട്മെന്റ് ബ്ലോക്കിന്റെ കവാടം കടന്ന് അയാൾ
മറഞ്ഞതും ജീൻ ടാൽബട്ട് തിരിഞ്ഞു നടന്നു. അവരുടെ മനസ്സിൽ ആഹ്ലാദം തിരതല്ലുകയായിരുന്നു അപ്പോൾ.
(തുടരും)
No comments:
Post a Comment