Thursday, April 30, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 03

ഇവാന്റെ കൈയിൽ വെടിയേറ്റിട്ടും മർഫി പ്രകോപിതനായില്ല. ഹോളിയുടെ ഹാറ്റിനുള്ളിൽ നിന്നും തെറിച്ചു വീണ കോൾട്ട് 0.25 തന്റെ പോക്കറ്റിൽ ഉള്ള കാര്യം ഓർമ്മയുണ്ടായിരുന്നു. ഇവാന്റെ കൈയിൽ നിന്നും താഴെ വീണ മാകറോവ് ഗൺ ഹോളി കുനിഞ്ഞെടുക്കുന്നത് അയാൾ വീക്ഷിച്ചു. എന്തൊക്കെ സംഭവിച്ചാലും കാര്യങ്ങളുടെ കടിഞ്ഞാൺ തന്റെ കൈയിൽത്തന്നെ ആയിരിക്കുമെന്ന് മർഫി വിശ്വസിച്ചു.

 

“കൃത്യസമയത്തുള്ള നിങ്ങളുടെ ആഗമനം വെറും യാദൃച്ഛികമായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല ഓഫീസർ നിങ്ങളുടെ പ്രകടനത്തെ ഞാൻ അഭിനന്ദിക്കുന്നു ന്യൂയോർക്ക് പൊലീസിന് നിങ്ങളെയോർത്ത് അഭിമാനിക്കാം” മർഫി പറഞ്ഞു.

 

“മുമ്പ് ഞാൻ നാടകങ്ങളിൽ അഭിനയിച്ചിരുന്നു” ഡില്ലൻ പറഞ്ഞു. “പക്ഷേ, പിന്നീടാണ് മനസ്സിലാക്കിയത് തെരുവിലെ തീയേറ്ററാണ് കൂടുതൽ ആകർഷകം എന്ന് കാണികൾ നൂറ് ശതമാനം ഗ്യാരണ്ടി പ്രത്യേകിച്ചും ബെൽഫാസ്റ്റിൽ

 

മർഫി പെട്ടെന്ന് ശ്രദ്ധാലുവായി. “ആഹ്, തെരുവിലെ ആ തീയേറ്ററോ? അപ്പോൾ ഏത് ഭാഗത്തിന് വേണ്ടിയാണ് നിങ്ങൾ അഭിനയിച്ചിരുന്നത്? എന്തായാലും IRA യ്ക്ക് വേണ്ടിയാണ് നിങ്ങൾ ഇരുവരും പ്രവർത്തിച്ചതെന്ന് തോന്നുന്നില്ല

 

“എന്താ ഞങ്ങൾക്ക് പ്രവർത്തിച്ചാൽ?”

 

“നിങ്ങളുടെ സംസാരത്തിൽ അൾസ്റ്റർ ചുവയുണ്ടെന്ന് സമ്മതിക്കുന്നു പക്ഷേ, നിങ്ങളുടെ ഈ സുഹൃത്ത് ഒരു ഇംഗ്ലീഷുകാരനല്ലേ

 

“വെൽ, നിങ്ങളൊരു ഡബ്ലിൻ സ്വദേശിയാണെന്ന് ഉറപ്പിച്ചു പറയാൻ എനിക്ക് കഴിയും” ഡില്ലൻ പറഞ്ഞു. “IRA പ്രവർത്തകരാണെന്നും പറഞ്ഞ് ഇറങ്ങിയിട്ടുള്ള കുറേപ്പേരെ കണ്ടിട്ടുണ്ട് പക്ഷേ, അവരൊന്നും യഥാർത്ഥ പ്രവർത്തകരാകണമെന്നില്ല വിവിധ ഗ്രൂപ്പുകളുണ്ട് ഉദാഹരണത്തിന് ഞങ്ങൾ പ്രൊവിഷണൽ IRA ഗ്രൂപ്പിൽപ്പെട്ടവരാണ്  പിന്നെ ഹോളിയുടെ കാര്യം ഇയാളുടെ മാതാവ് ക്രോസ്മാഗ്‌ലൻ സ്വദേശിയാണ് IRA യുടെ ശക്തികേന്ദ്രം എന്ന് ബ്രിട്ടീഷ് ആർമി വിശേഷിപ്പിച്ചിരിക്കുന്ന സ്ഥലം ഇയാളുടെ പിതാവ് യോർക്ക്ഷയർകാരനാണെന്നത് അത്ര കാര്യമാക്കണ്ട

 

മർഫി തെല്ല് അസ്വസ്ഥനാകുന്നത് പോലെ തോന്നി. “നിങ്ങൾക്കിപ്പോൾ എന്താണ് വേണ്ടത്?”

 

ഡില്ലൻ പുഞ്ചിരിച്ചു. “ആദ്യം ഈ മനുഷ്യനെ ഒന്ന് എഴുന്നേൽപ്പിച്ച് നിർത്താം ഇയാൾ റഷ്യൻ ഫെഡറേഷന് തന്നെ അപമാനമാണ് ഇയാളെയോർത്ത് വ്ലാഡിമിർ പുടിൻ ലജ്ജിക്കുന്നുണ്ടാവും

 

ഹോളി, ഇവാനെ പിടിച്ചെഴുന്നേൽപ്പിച്ച് ആ മാൻഹോളിന്റെ വക്കിൽ നിർത്തിയിട്ട് ഡില്ലനെ നോക്കി. “ഇവിടെ നിർത്താനല്ലേ നിങ്ങൾ പറഞ്ഞത്, ഡില്ലൻ? പിടി വിട്ടാൽ ഇയാൾ ഇതിനകത്തേക്ക് വീഴും

 

അയാളെ അവഗണിച്ച് ഡില്ലൻ മർഫിയുടെ നേർക്ക് തിരിഞ്ഞു. “നിങ്ങളോട് ഞാനൊരു ചോദ്യം ചോദിക്കാൻ പോകുകയാണ് പറയുന്നത് സത്യമാണെങ്കിൽ നിങ്ങളെ ഞാൻ വെറുതെ വിടും അതല്ല, നുണയാണെന്ന് പിന്നീട് തെളിഞ്ഞാൽ തിരികെ വന്ന് നിങ്ങളെ എനിക്ക് വകവരുത്തേണ്ടി വരും അതിനോട് എനിക്ക് ഒട്ടും താല്പര്യമില്ല, കാരണം വളരെ തിരക്കുള്ള ഒരു മനുഷ്യനാണ് ഞാൻ

 

തെല്ല് വിഷമത്തോടെ മർഫി പുഞ്ചിരിച്ചു. “അതൊരു പ്രശ്നം തന്നെയാണ് എനിക്ക് മനസ്സിലാവുന്നു പക്ഷേ, ഞാൻ പറയുന്നത് നുണയോ നേരോ എന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലാക്കാനാവും?”

 

“എന്റെ പ്രവൃത്തിയിലൂടെ നിങ്ങൾക്കത് കാണിച്ചു തരാം” മാൻഹോളിന്റെ വക്കിൽ നിന്നിരുന്ന ഇവാന്റെ നേർക്ക് ഡില്ലൻ തിരിഞ്ഞു. ശേഷം, ഹോളിയെ മുന്നിൽ നിന്നും പിടിച്ച് മാറ്റിയിട്ട് ആ റഷ്യക്കാരന്റെ കാൽമുട്ടിന് താഴെ ഒരു ചവിട്ട് കൊടുത്തു. അടിതെറ്റി ഒരു അലർച്ചയോടെ ആ ഡ്രെയിനേജിലേക്ക് വീണ അയാൾ കുത്തിയൊലിച്ച് ഒഴുകുന്ന ഓടയിലൂടെ ഒഴുകിപ്പോയി.

 

“പോയത് കണ്ടല്ലോ” ഡില്ലൻ പറഞ്ഞു. “ഭാഗ്യമുണ്ടെങ്കിൽ പുഴയിൽ ചെന്ന് രക്ഷപെടും പക്ഷേ, എനിക്ക് സംശയമാണ്

 

മർഫിയുടെ മുഖം ഭയം കൊണ്ട് വിളറിയിരുന്നു. “എന്ത് മനുഷ്യനാണ് നിങ്ങൾ?”

 

“എന്തിനും മടിയില്ലാത്തവനാണ് ഞാൻ അതുകൊണ്ട് എന്നോട് കളിക്കാൻ നിൽക്കണ്ട പാട്രിക്ക്” ഡില്ലൻ പറഞ്ഞു. “കഴിഞ്ഞയാഴ്ച്ച അമിറ്റി എന്ന് പേരുള്ള ഒരു കപ്പൽ കൗണ്ടി ഡൗൺ തീരത്ത് ആയുധങ്ങൾ ഇറക്കാൻ ശ്രമിക്കുന്നത് റോയൽ നേവിയുടെ ശ്രദ്ധയിൽപ്പെട്ടു ആ കാർഗോ അയച്ചത് നിങ്ങളാണെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിശ്വസനീയമായ വിവരം ഐറിഷ് ക്ലബ്ബുകളോ അതല്ല, ഇവിടുത്തെ ചില സംഘങ്ങൾ പിരിവ് നടത്തി കയറ്റി അയച്ചതാണെന്നോ എന്നൊക്കെയുള്ള കഥകളിൽ എനിക്ക് താല്പര്യമില്ല എനിക്കറിയേണ്ടത്, നോർത്തേൺ അയർലണ്ടിൽ നിന്നും ആരാണ് ആ കാർഗോ ഓർഡർ ചെയ്തത് എന്നാണ് അതിന്റെ ഉത്തരം പറഞ്ഞാൽ നിങ്ങളെ ഞാൻ വെറുതെ വിടാം

 

ഒരു നിമിഷം, മർഫി സംസാരിക്കാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി. “നിങ്ങൾക്ക് അറിയില്ല എന്ന് പറയാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു?” ഹോളി ചോദിച്ചു.

 

പറയാൻ വന്നത് വിഴുങ്ങിയിട്ടെന്ന പോലെ മർഫി വായ് തുറന്നു. “അല്ല, അതയച്ചത് ആരാണെന്ന് എനിക്കറിയാം ഞങ്ങൾ ഇത്തരം ആയുധക്കയറ്റുമതി ധാരാളം ചെയ്യുന്നുണ്ട് ചില ചെറിയ ആഫ്രിക്കൻ രാഷ്ട്രങ്ങൾ, കിഴക്കൻ യൂറോപ്പിലെ ചില സംഘടനകൾ തുടങ്ങിയവയ്ക്കൊക്കെ അവരൊന്നും വമ്പൻ സ്രാവുകളല്ല ധാരാളം ചെറുകിട ഏജൻസികൾ ഞങ്ങൾ മുഖേനയാണ് ആയുധങ്ങൾ കയറ്റിയയ്ക്കുന്നത് പേരുകേട്ട ഷിപ്പിങ്ങ് കമ്പനികളൊന്നും ഇത്തരം കേസുകൾ ഏറ്റെടുക്കാറില്ല

 

“വലിച്ചു നീട്ടാതെ കാര്യത്തിലേക്ക് വരൂ” ഡില്ലൻ പറഞ്ഞു.

 

“അത്തരത്തിൽ ഒരാളുടെ ഫോൺ കോൾ എനിക്ക് വന്നു ഒരു ഐറിഷ് കസ്റ്റമർ അയാളുടെ സഹായം തേടി ന്യൂയോർക്കിൽ എത്തിയിട്ടുണ്ടെന്നും പറഞ്ഞ്

 

“എന്നിട്ട് അയാൾ ഇവിടെ വന്നു?”

 

“അതെ നിങ്ങളെപ്പോലെ തന്നെ അൾസ്റ്റർ ചുവയുണ്ടായിരുന്നു അയാളുടെ സംസാരത്തിൽ അധികമൊന്നും വിട്ടുപറയാൻ കൂട്ടാക്കാത്ത ആൾ ഏതാണ്ട് അറുപത്തിയഞ്ചിനടുത്ത് പ്രായം നരച്ച മുടിയുള്ള ഒരു സുമുഖൻ നല്ല നേതൃത്വപാടവമുള്ള ഒരാൾ എന്ന് ഞാൻ പറയും

 

“എന്തായിരുന്നു അയാളുടെ പേര്?” ഡില്ലൻ ചോദിച്ചു.

 

“മിഹേൽ ഫ്ലിൻ അങ്ങനെയാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത് മാഴ്സെയ്‌ൽസിൽ അയാൾക്ക് ഒരു ഹാൻഡ്‌ലിങ്ങ് ഏജന്റ് ഉണ്ടെന്നാണ് പറഞ്ഞത് പണം മുഴുവനും ഒരു ഹോൾഡിങ്ങ് കമ്പനിയ്ക്കാണ് നൽകിയത് അവരാണ് അമിറ്റിയ്ക്ക് വേണ്ടുന്ന വ്യാജരേഖകൾ നൽകിയതും കപ്പലിലെ ക്രൂ ആയി അര ഡസനോളം ഗുണ്ടകളെ ഏർപ്പാടാക്കിയതും.. അവരെയൊന്നും കണ്ടുപിടിക്കാൻ ഒരിക്കലും നിങ്ങൾക്കാവില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു മാഴ്സെയ്‌ൽസിൽ നിന്നും ബാങ്ക് ഡ്രാഫ്റ്റ് ആയിട്ടാണ് എനിക്കുള്ള പണം ലഭിച്ചത് ഈ പറയുന്ന മിഹേൽ ഫ്ലിന്നിനെ പിന്നീട് ഞാൻ കണ്ടിട്ടേയില്ല പത്രങ്ങളിൽ നിന്നാണ് ആ കപ്പൽ റോയൽ നേവിയുടെ നിരീക്ഷണത്തിൽപ്പെട്ട കാര്യം ഞാൻ അറിയുന്നത് നിർഭാഗ്യകരം എന്നല്ലാതെ എന്ത് പറയാൻ

 

ഹോളി, ഡില്ലന് നേർക്ക് തിരിഞ്ഞു. “ഇയാൾ പറയുന്നത് വിശ്വസിക്കാമോ?”

 

“വിശ്വസിച്ചല്ലേ പറ്റൂ?”

 

“എന്ന് വച്ചാൽ ഞാൻ സംശയമുനയിൽ നിന്നും മുക്തനായി എന്നാണോ?” മർഫി ചോദിച്ചു.

 

“അങ്ങനെയാണ് തോന്നുന്നത്” ഡില്ലൻ അയാളോട് പറഞ്ഞു. “ഭാവിയിൽ നിങ്ങളോടൊപ്പം കുറച്ചു കൂടി കൊള്ളാവുന്ന ആളുകളെ കൊണ്ടുനടക്കാൻ ശ്രദ്ധിക്കണം ആ ബാസ്റ്റർഡ് ഇവാൻ ആൾ ഒട്ടും ശരിയായിരുന്നില്ല

 

“അത് കലക്കി” മുഷ്ടി ചുരുട്ടി മേശമേൽ ഇടിച്ചിട്ട് മർഫി എഴുന്നേറ്റ് ഇപ്പുറത്ത് വന്നു. “നിങ്ങൾ പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നു മിസ്റ്റർ ഡില്ലൻ എനിക്കിത് അത്ര പരിചയമില്ലാത്തതാണ് അതുകൊണ്ട് ഞാൻ വേറെ ചില കാര്യങ്ങൾ കൂടി പറയാം

 

മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ഡില്ലൻ ഹോളിയുടെ നേർക്ക് തിരിഞ്ഞു. “നോക്കൂ ഡാനിയൽ, പാട്രിക്കിന് ഭാരം മുഴുവൻ തലയിൽ നിന്ന് ഇറക്കി വയ്ക്കാൻ ആഗ്രഹം നല്ല കാര്യമല്ലേ അത്?”

 

എന്നാൽ ശേഷം അയാൾ പറഞ്ഞ കാര്യങ്ങളൊന്നും ഡില്ലൻ ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല.

 

“ഒരു കാര്യം കൊണ്ട് മാത്രമാണ് നിങ്ങളെ ഞാൻ പിടിച്ചു നിർത്തിയത് ആ മിഹേൽ ഫ്ലിൻ ശരിയ്ക്കും ആരാണെന്ന കാര്യം ഞാൻ കണ്ടുപിടിച്ചിരുന്നു എന്നോട് അത്ര നന്നായിട്ടല്ല അയാൾ പെരുമാറിയത് അതുകൊണ്ടാണ് നിങ്ങളോട് കാര്യങ്ങൾ വെളിപ്പെടുത്താൻ ഞാൻ തീരുമാനിച്ചത്

 

ഡില്ലന്റെ മുഖത്ത് ഇപ്പോൾ പുഞ്ചിരി ഉണ്ടായിരുന്നില്ല. “അയാൾ ആരാണെന്ന് എങ്ങനെയാണ് നിങ്ങൾ കണ്ടുപിടിച്ചത്?”

 

“ഒരു ദിവസം വൈകിട്ട് എന്നെ കാണാൻ അയാൾ വന്നിരുന്നു ഇവിടെ എത്തിയപ്പോഴാണ് അയാളുടെ മൊബൈലിൽ ചാർജ്ജ് ഉണ്ടായിരുന്നില്ല എന്നറിഞ്ഞത് നോർത്തേൺ അയർലണ്ടിൽ ആരെയോ വിളിക്കേണ്ട സമയം ആയിരുന്നതിനാൽ അയാൾ വളരെ അസ്വസ്ഥനായിരുന്നു വളരെ പ്രാധാന്യമുള്ള എന്തോ കാര്യമാണെന്ന് അയാളുടെ വെപ്രാളത്തിൽ നിന്നും എനിക്ക് മനസ്സിലായി എന്റെ ലാൻഡ് ലൈൻ ഉപയോഗിക്കാൻ അയാൾ അനുവാദം ചോദിച്ചു

 

ഡില്ലൻ തല കുലുക്കി. “അങ്ങനെ പാരലൽ ലൈനിലൂടെ നിങ്ങൾ അവരുടെ സംഭാഷണം ഒളിച്ചു കേട്ടു

 

മർഫി തല കുലുക്കി. “ന്യൂയോർക്കിൽ നിന്നും ജാക്ക് കെല്ലിയാണ് സംസാരിക്കുന്നത് എന്നാണ് അയാൾ പരിചയപ്പെടുത്തിയത് ഓപ്പറേഷൻ അമിറ്റി കൺഫേംഡ് ആയി എന്നും എട്ടാം തീയതി രാത്രി സെന്റ് ജോൺസ് പോയിന്റിന് അടുത്തുള്ള ഡൻഡ്രം ബേയുടെ വടക്ക് ഭാഗത്തെ ബീച്ചിൽ എത്തിച്ചേരുമെന്നും അയാൾ പറഞ്ഞു

 

“കൗണ്ടി ഡൗൺ എന്ന് പറയുന്ന സ്ഥലം തന്നെയാണത്” ഡില്ലൻ പറഞ്ഞു. “വേറെന്തെങ്കിലും അയാൾ പറഞ്ഞോ?”

 

“അപ്പോഴേക്കും ഞാൻ ഫോൺ വച്ചു പിടിക്കപ്പെടാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല ഫോൺ ബിൽ വന്നപ്പോൾ ഞാൻ ആ നമ്പർ പരിശോധിച്ചു ബെൽഫാസ്റ്റിലെ ഫാൾസ് റോഡിലുള്ള ഏതോ ഒരു പബ്ലിക്ക് ടെലിഫോൺ ബൂത്തിന്റേതായിരുന്നു അത്

 

“ആരായിരുന്നാലും ശരി, വളരെ കരുതലോടെയാണ് അവരുടെ നീക്കങ്ങൾ” ഹോളി പറഞ്ഞു. “അവരെ കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നില്ല” അയാൾ ഒന്ന് നിർത്തി. “ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെയായിരിക്കുമോ ഈ ജാക്ക് കെല്ലി? ദൈവത്തിന് മാത്രമറിയാംഅയർലണ്ടിൽ സർവ്വസാധാരണമായ ഒരു പേരാണത്

 

“നമ്മുടെ ജീൻ ടാൽബട്ടിന് വേണ്ടി പ്രവർത്തിച്ചിരുന്ന, നാം തേടിക്കൊണ്ടിരുന്ന ആ ജാക്ക് കെല്ലി ആണെന്നാണോ?” ഡില്ലൻ ചോദിച്ചു.

 

“എനിക്ക് ഉറപ്പൊന്നുമില്ല ഒരു പക്ഷേ………” അത് മുഴുമിപ്പിക്കാൻ ഡില്ലൻ സമ്മതിച്ചില്ല.

 

“പതിനെട്ടാം വയസ്സിൽ IRA വളണ്ടിയർ ആയി പ്രവർത്തനം തുടങ്ങിയ ആ ജാക്ക് കെല്ലി? മുപ്പത് വർഷത്തിലേറെയായി വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ആൾ ആർമി കൗൺസിലിൽ സേവനമനുഷ്ഠിച്ചയാൾ…?” ഡില്ലൻ ചോദിച്ചു.

 

“അതെ സമാധാന ശ്രമങ്ങളിൽ ഒട്ടും സന്തുഷ്ടനല്ലായിരുന്നു അയാൾ” ഹോളി പറഞ്ഞു. “അയാൾ തന്നെയാണ് ഇതെങ്കിൽ എന്തായിരിക്കും അയാളുടെ ഉദ്ദേശ്യം എന്നതാണ് എന്നെ ഉത്കണ്ഠപ്പെടുത്തുന്നത്

 

“അക്കാര്യം നമുക്ക് ഫെർഗൂസണും റോപ്പറിനും വിട്ടുകൊടുക്കാം” ഡില്ലൻ പറഞ്ഞു.

 

“രണ്ടു പക്ഷത്തും നാം പ്രവർത്തിച്ചു എന്നതോർക്കുമ്പോൾ വിചിത്രമായി തോന്നുന്നു” ഹോളി പറഞ്ഞു. “അത് എങ്ങനെ സംഭവിച്ചു എന്നാണ് നിങ്ങൾ കരുതുന്നത്?”

 

“ഡാനിയൽ, ദൈവത്തിൽ വിശ്വസിക്കുന്ന ആളായിരുന്നു ഞാനെങ്കിൽ അതൊക്കെ ദൈവത്തിന്റെ പദ്ധതിയാണെന്ന് പറയാമായിരുന്നു പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അത് എങ്ങനെ സംഭവിച്ചു എന്ന് ഒരു പിടിയും കിട്ടുന്നില്ല” ഡില്ലൻ പറഞ്ഞു.

 

“എനിക്കും അറിയില്ല” ഹോളി പറഞ്ഞു. “എന്തായാലും അധികം താമസിയാതെ ജനറൽ ഫെർഗൂസൺ കെല്ലിയെ പോയി കാണുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്

 

ഡില്ലൻ മർഫിയുടെ നേർക്ക് തിരിഞ്ഞു. “പറഞ്ഞത് സത്യമാണെന്ന് ഞാൻ വിശ്വസിച്ചു എന്ന സന്തോഷത്തിലായിരിക്കും നിങ്ങൾ അല്ലേ? എന്നാലും, നിങ്ങൾ പറഞ്ഞത് നുണയാണെന്ന് നിങ്ങൾക്ക് തന്നെ അറിയാവുന്നതിനാൽ ഞാൻ എങ്ങനെയാണ് പ്രതികരിക്കുക എന്നൊരു ഭയവും ഉണ്ടല്ലേ?”

 

“തീർച്ചയായും ഇല്ല, മിസ്റ്റർ ഡില്ലൻ” അങ്ങനെ പറഞ്ഞെങ്കിലും അയാളുടെ മുഖത്ത് പരിഭ്രമം നിഴലിച്ചു തുടങ്ങിയത് വ്യക്തമായി കാണാമായിരുന്നു.

 

“വിഷമിക്കണ്ട” ഡില്ലൻ പറഞ്ഞു. “നിങ്ങൾ തന്ന വിവരങ്ങൾ പലതും ഞങ്ങൾക്ക് ഉപകരിക്കുന്നതാണ് എന്റെ സുഹൃത്തിന്റെ ആ കോൾട്ട് 0.25 പിസ്റ്റൾ കൂടി തിരിച്ചു തന്നാൽ നമുക്കിടയിലെ പരസ്പര വിശ്വാസം ഒന്നു കൂടി അരക്കിട്ടുറപ്പിക്കാമായിരുന്നു മേശപ്പുറത്ത് കിടക്കുന്ന ആ ഹാറ്റിനുള്ളിലെ ക്ലിപ്പിൽ ആ സാധനം കാണാനില്ലാത്തതു കൊണ്ട് പറഞ്ഞതാണ്

 

“നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്?” ഒരു ആശ്ചര്യഭാവം മുഖത്ത് വരുത്തിക്കൊണ്ട് മർഫി ചോദിച്ചു. ശേഷം മിന്നൽ വേഗത്തിൽ ഹോളിയുടെ പിന്നിലെത്തി പോക്കറ്റിൽ നിന്നും എടുത്ത കോൾട്ട് അയാളുടെ തലയോട്ടിയിൽ ചേർത്തു പിടിച്ചു.

 

“കൂടുതൽ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എനിക്ക് രക്ഷപെടണം പക്ഷേ, വേണ്ടി വന്നാൽ അതിന് നിങ്ങളുടെ സുഹൃത്തിനെ കൊല്ലാനും ഞാൻ മടിക്കില്ല അതുകൊണ്ട് നിങ്ങളുടെ കൈയിലെ വാൾട്ടർ ആ മാൻഹോളിലേക്ക് ഇടൂ പുറത്തിറങ്ങി കാറിൽ കയറി ഞാൻ അപ്രത്യക്ഷനാകുന്നത് വരെ അനങ്ങിപ്പോകരുത് മണ്ടത്തരത്തിന് തുനിഞ്ഞാൽ നിങ്ങളുടെ സുഹൃത്തിന്റെ ശവമായിരിക്കും ഇവിടെ വീഴുക

 

“അതെനിക്ക് താങ്ങാനാവില്ല പക്ഷേ, ഇത്രയും നല്ല ഒരു പിസ്റ്റൾ ടോയ്‌ലറ്റിൽ ഇടുക എന്നൊക്കെ പറഞ്ഞാൽ വേറെ വഴിയില്ലല്ലോ ഇതാ, ഇട്ടു” ഡില്ലൻ തന്റെ കൈയിലെ വാൾട്ടർ ആ ഡ്രെയിനേജിലേക്ക് ഇട്ടു.

 

തലയ്ക്ക് പിന്നിൽ തോക്ക് ചൂണ്ടിക്കൊണ്ട് മർഫി ഹോളിയെ വാതിൽക്കലേക്ക് ഉന്തിത്തള്ളി കൊണ്ടുപോയി. പിന്നാലെ ചെന്ന ഡില്ലനെ നോക്കി മർഫി അലറി. “അനങ്ങിപ്പോകരുത് ഇയാളെ ജീവനോടെ വേണ്ടേ നിങ്ങൾക്ക്?”

 

“ഹേയ്, ടേക്ക് ഇറ്റ് ഈസി” ഹോളി മർഫിയോട് പറഞ്ഞു. “ജസ്റ്റ് ബീ കെയർഫുൾ നിങ്ങൾക്ക് കോൾട്ട് 0.25 തോക്കുകൾ ഉപയോഗിച്ച് പരിചയമുണ്ടെന്ന് കരുതുന്നു പ്ലസ് ബട്ടൺ ഓൺ അല്ലെങ്കിൽ അതിനുള്ളിലെ ഹോളോ പോയിന്റ് കാർട്രിഡ്ജുകൾ നിങ്ങളുടെ മുഖം തകർത്ത് തരിപ്പണമാക്കിയിരിക്കും

 

അവർ വാതിൽക്കൽ എത്തുന്നതേയുണ്ടായിരുന്നുള്ളൂ. ഹോളിയുടെ വാക്കുകൾ കേട്ട് ചിന്താക്കുഴപ്പത്തിലായ മർഫി പിസ്റ്റളിലെ പിടി അയച്ചു. ആകെപ്പാടെ പരിഭ്രാന്തനായ അയാൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. പിന്നെ ഒട്ടും താമസിച്ചില്ല, ഹോളി അയാളെ ആഞ്ഞു തൊഴിച്ചു. അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ മർഫി പകച്ചു നിൽക്കവെ മുന്നോട്ടോടിയ ഹോളി അവിടെയുണ്ടായിരുന്ന പഴയ വാനിന്റെ പിന്നിൽ ഒളിച്ചു. മനഃസാന്നിദ്ധ്യം വീണ്ടെടുത്ത മർഫി ഹോളി നിന്ന ഭാഗത്തേക്ക് വെടിയുതിർത്തു. പിസ്റ്റളിന് കുഴപ്പമൊന്നും ഇല്ലെന്ന് കണ്ടപ്പോഴാണ് ഹോളി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് അയാൾക്ക് മനസ്സിലായത്. അയാൾ തിരിഞ്ഞ് മഴയത്തു കൂടി കോർട്ട്‌യാർഡിലേക്ക് ഓടി.

 

ഡില്ലന്റെ വലതു കണങ്കാലിലെ ഉറയിൽ ഒരു കോൾട്ട് പിസ്റ്റൾ ഒളിപ്പിച്ചു വച്ചിരുന്നു. അത് വലിച്ചെടുത്ത് അദ്ദേഹം വാതിൽക്കലേക്ക് ഓടി. പച്ചനിറമുള്ള ലിങ്കൺ കാറിന്റെ ഡോർ തുറക്കാൻ ശ്രമിക്കുകയായിരുന്ന മർഫിയുടെ നേർക്ക് അദ്ദേഹം വെടിയുതിർത്തു. മർഫിയും വിട്ടുകൊടുത്തില്ല. അലക്ഷ്യമായി തിരികെ വെടിയുതിർത്തിട്ട് റോഡിനപ്പുറത്തേക്ക് ഓടിയ അയാൾ ഈസ്റ്റ് റിവറിന് സമാന്തരമായുള്ള നടപ്പാതയിലേക്ക് ഓടിക്കയറി. താഴെ കുത്തിയൊലിച്ച് ഒഴുകുന്ന നദി. എങ്ങോട്ട് പോകണമെന്നറിയാതെ ഒരു നിമിഷം സംശയിച്ച് നിന്നിട്ട് തിരിഞ്ഞ അയാൾ കണ്ടത് തന്റെ നേർക്ക് ഓടി വരുന്ന ഡില്ലനെയും ഹോളിയെയുമാണ്.

 

“രക്ഷപെടാമെന്ന് കരുതണ്ട  പാട്രിക്ക് നിങ്ങൾ എന്നോട് പറഞ്ഞത് സത്യമായിരുന്നല്ലോ അല്ലേ?” ഡില്ലൻ ചോദിച്ചു.

 

“ഡാംൻ യൂ” മർഫി അലറി. കനത്ത മഴ കാരണം കാഴ്ച്ച വ്യക്തമായിരുന്നില്ലെങ്കിലും അയാൾ അവർക്ക് നേരെ ഉന്നം പിടിക്കാൻ ശ്രമിച്ചു.

 

എന്നാൽ വൈകിപ്പോയിരുന്നു. ഡില്ലന്റെ പിസ്റ്റളിൽ നിന്നും ഒന്നിന് പിറകെ ഒന്നായി ഉതിർന്ന രണ്ട് വെടിയുണ്ടകൾ മർഫിയുടെ ഇടനെഞ്ചിലാണ് തറച്ചത്. അതിന്റെ ആഘാതത്തിൽ ഒന്ന് വട്ടം തിരിഞ്ഞ അയാളുടെ ദേഹത്ത് മൂന്നാമത്തെ വെടിയുണ്ടയും ഏറ്റു. കൈവരികൾക്ക് മുകളിലൂടെ അയാൾ നദിയിലേക്ക് പതിച്ചു. ഓടിയെത്തിയ ഡില്ലൻ കണ്ടത് വെള്ളത്തിനടിയിൽ നിന്നും ഉയർന്നു വന്ന മർഫി ശക്തിയായ ഒഴുക്കിൽപ്പെട്ട് അപ്രത്യക്ഷനാകുന്നതാണ്.

 

ഹോളി അദ്ദേഹത്തിനരികിലെത്തി. “എനിക്കൊന്നും മനസ്സിലായില്ല ചിലപ്പോഴെല്ലാം നിങ്ങൾ ആവശ്യത്തിലധികം കളിക്കുന്നു, ഷോൺ

 

“തീർച്ചയായും അയാൾ പറയുന്നത് നേരാണെന്ന് എനിക്ക് ഉറപ്പ് വരുത്തണമായിരുന്നു പക്ഷേ, തുടക്കത്തിൽ അയാൾ പറഞ്ഞതെല്ലാം നുണയായിരുന്നു സംശയമൊന്നുമില്ലല്ലോ?”

 

“അപ്പോൾ ഈ  ജാക്ക് കെല്ലി നാം ഉദ്ദേശിക്കുന്ന ആൾ തന്നെയാണല്ലേ?”

 

“അത് വഴിയേ അറിയാം നമുക്ക് ഇപ്പോൾ പ്ലാസാ ഹോട്ടലിലേക്ക് ആരിലും ആകർഷണം ജനിപ്പിക്കുന്ന ക്യാപ്റ്റൻ സാറാ ഗിഡിയോണുമായുള്ള പ്രഥമ സമാഗമത്തിന്

 

“തീർച്ചയായും, അതിനല്ലേ നാം കാത്തിരിക്കുന്നത്” നടപ്പാതയിൽ നിന്നും റോഡിലേക്കുള്ള പടികൾ ഇറങ്ങിയ ഡില്ലനെ അനുഗമിച്ചു കൊണ്ട് ഹോളി പറഞ്ഞു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, April 16, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 02

ട്രക്കിന്റെ ഡോർ തുറന്ന് ഷോൺ ഡില്ലൻ മഴയത്തേക്കിറങ്ങി. വലതു കൈയിൽ ബാറ്റണുമായി നടന്നു നീങ്ങിയ അദ്ദേഹം ഇടതു വശത്തേക്കുള്ള തെരുവിൽ അപ്രത്യക്ഷനായി. അല്പനേരം കാത്തു നിന്നിട്ട് ഡാനിയൽ ഹോളി തന്റെ പോക്കറ്റിൽ നിന്നും ചുരുട്ടി വച്ചിരുന്ന ആ ബർബെറി റെയിൻ ഹാറ്റ് പുറത്തെടുത്തു. അതിനുള്ളിലുള്ള സ്പ്രിങ്ങിൽ ഒരു കോൾട്ട് 0.25 പിസ്റ്റൾ ക്ലിപ്പ് ചെയ്തു വച്ചിട്ടുണ്ടായിരുന്നു. ആ ഹാറ്റ് തലയിൽ അണിഞ്ഞ് ട്രക്കിൽ നിന്നും പുറത്തിറങ്ങിയ അയാൾ മഴയത്ത് തിടുക്കത്തിൽ നടന്നു.

 

വെയർഹൗസിനുള്ളിലേക്ക് പ്രവേശിച്ച ഹോളി കണ്ടത് തുരുമ്പെടുത്തു തുടങ്ങിയ പലതരം മെഷീനറികൾ അലങ്കോലമായി കൂട്ടിയിട്ടിരിക്കുന്നതാണ്. ഇരുണ്ട് മൂകമായ അന്തരീക്ഷം. മേൽക്കൂരയിൽ ചോർച്ചയുള്ള ഭാഗങ്ങളിൽ നിന്നും മഴവെള്ളം ഉള്ളിലേക്ക് ഒഴുകി വീഴുന്നുണ്ട്. മേൽക്കൂരയിൽ അങ്ങിങ്ങായി ചെയിൻ ഹോസ്റ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. രണ്ട് പഴഞ്ചൻ വാനുകൾ ഒരു ഭാഗത്തായി പാർക്ക് ചെയ്തിരിക്കുന്നു. അല്പം കൂടി മുന്നോട്ട് നടന്നപ്പോൾ ഒരു മേശയും അതിനു ചുറ്റും ഏതാനും കസേരകളും ഇട്ടിരിക്കുന്നത് കണ്ടു. അതിനു മുകളിൽ സീലിങ്ങിൽ നിന്നും തൂങ്ങിക്കിടക്കുന്ന ബൾബ് കത്തുന്നുണ്ട്. മുകളിലത്തെ പ്ലാറ്റ്ഫോമിൽ നിന്നും താഴേക്ക് ഇറങ്ങുന്നതിനുള്ള ഇരുമ്പ് കോണി തൊട്ടരികിൽ തന്നെ കാണാം. അവിടെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല.

 

“ഹലോ ആരുമില്ലേ ഇവിടെ? പാട്രിക്ക് മർഫിയുമായി ഒരു അപ്പോയ്ൻമെന്റ് ഉണ്ടായിരുന്നു എനിക്ക്” ഹോളി വിളിച്ചു പറഞ്ഞു.

 

“മിസ്റ്റർ ഗ്രിംഷാ ആണോ അത്?” ഉള്ളിൽ എവിടെ നിന്നോ കേട്ട മറുചോദ്യം അമേരിക്കൻ ആയിരുന്നില്ല, ഐറിഷ് ചുവയുള്ളതായിരുന്നു.

 

വെള്ളിനിറത്തിലുള്ള മുടിയുള്ള ഒരു മദ്ധ്യവയസ്കൻ വെളിച്ചത്തേക്ക് കടന്നു വന്നു. സ്വെറ്ററിന് മുകളിൽ ഇരുണ്ട നിറമുള്ള ഒരു സ്യൂട്ട് അണിഞ്ഞിട്ടുണ്ട്. സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണമെടുത്ത് അയാൾ തീ കൊളുത്തി.

 

“അതെ, ഞാൻ ഡാനിയൽ ഗ്രിംഷാ” ഹോളി പറഞ്ഞു.

 

“എങ്കിൽ ഉള്ളിലേക്ക് വരൂ

 

“താങ്ക് യൂ” ഹോളി ഒരു ചുവട് മുന്നോട്ട് വച്ചതും വലതു വശത്ത് പാർക്ക് ചെയ്തിരുന്ന വാനിന്റെ പിൻഭാഗത്തെ ഡോർ തുറന്ന് ഒരാൾ പുറത്തേക്ക് വന്നു. അയാളുടെ കൈയിൽ ഒരു മാക്കറോവ് തോക്ക് ഉണ്ടായിരുന്നു. വൃത്തിയില്ലാത്ത നീണ്ട താടിരോമങ്ങൾ. തോളറ്റം നീളത്തിൽ അലസമായി കിടക്കുന്ന തലമുടി. ഒരു ബോംബർ ജാക്കറ്റാണ് അയാൾ ധരിച്ചിരിക്കുന്നത്. ഹോളിയുടെ തൊട്ടു പിന്നിൽ എത്തിയ അയാൾ തോക്കിന്റെ കുഴൽ ഹോളിയുടെ നട്ടെല്ലിൽ ചേർത്ത് പിടിച്ചു.

 

“ഇയാളെ ഇപ്പോൾത്തന്നെ വകവരുത്തിയേക്കട്ടേ?” മർഫിയോട് അയാൾ ചോദിച്ചത് റഷ്യൻ ഭാഷയിൽ ആയിരുന്നു. റഷ്യൻ ഭാഷ വശമുള്ളതു കൊണ്ട് ഹോളിയ്ക്ക് അത് മനസ്സിലാവുകയും ചെയ്തു.

 

“ആദ്യം ഇയാളുടെ ഉദ്ദേശ്യം എന്താണെന്ന് നോക്കാം നമുക്ക് എന്നിട്ട് മതി” മർഫിയുടെ മറുപടിയും റഷ്യൻ ഭാഷയിൽ ആയിരുന്നു.

 

“ഈ പറഞ്ഞത് ന്യായം” ഹോളി പറഞ്ഞതും റഷ്യൻ ഭാഷയിൽത്തന്നെ ആയിരുന്നു.

 

“നിങ്ങൾക്ക് റഷ്യൻ അറിയാമല്ലേ?” മർഫി പെട്ടെന്ന് ജാഗരൂകനായി. “കൊസോവൻ പടയാളികൾക്ക് വേണ്ടി ആയുധം വാങ്ങാൻ വന്നതാണല്ലേ? സെർബുകൾ വീണ്ടും പ്രശ്നമുണ്ടാക്കി തുടങ്ങിയോ? ഈ നിൽക്കുന്ന ഇവാൻ റഷ്യക്കാരനാണ് അതുകൊണ്ട് തന്നെ അയാൾ സെർബിയൻ പക്ഷത്താണെന്ന് കൂട്ടിക്കോളൂ എങ്കിലും നിങ്ങൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ ഞാൻ തയ്യാറാണ്” ഇത്തവണ അയാൾ പറഞ്ഞതത്രയും ഇംഗ്ലീഷിലായിരുന്നു. ശേഷം ഇവാനോട് റഷ്യൻ ഭാഷയിൽ പറഞ്ഞു. “ഇയാളുടെ പക്കൽ ആയുധമൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തൂ

 

ഇവാന്റെ കൈകൾ ഹോളിയുടെ ദേഹമാസകലം പരതി. പ്രത്യേകിച്ചും കാലുകൾക്കിടയിൽ. “നീളമുള്ള എന്തെങ്കിലുമായിരിക്കുമല്ലേ നിങ്ങൾ തപ്പുന്നത്?” ഹോളി ചോദിച്ചു.

 

ഇവാൻ അയാളെ ശക്തിയായി മുന്നോട്ട് തള്ളി. അടി തെറ്റി വീഴാനാഞ്ഞ ഹോളിയുടെ ബർബെറി റെയിൻ ഹാറ്റ് താഴെ വീണു. അതിനുള്ളിൽ ഘടിപ്പിച്ചിരുന്ന കോൾട്ട് പിസ്റ്റൾ ശ്രദ്ധയിൽപ്പെട്ട ഇവാൻ പെട്ടെന്നതെടുത്ത് മേശപ്പുറത്തേക്ക് എറിഞ്ഞു.

 

“കണ്ടില്ലേ ഇനി ഇയാളെ തട്ടിയേക്കട്ടേ?” ഇവാൻ ചോദിച്ചു.

 

റെയിൻ ഹാറ്റിനുള്ളിലെ ക്ലിപ്പിൽ നിന്നും ഊരിയെടുത്ത ആ കോൾട്ട് പിസ്റ്റൾ മർഫി പരിശോധിച്ചു. “വെരി നൈസ് ഐ ലൈക്ക്ഡ് ഇറ്റ്” ആ ഹാറ്റ് മേശപ്പുറത്തേക്കിട്ട് പിസ്റ്റൾ തന്റെ പോക്കറ്റിൽ നിക്ഷേപിച്ചു കൊണ്ട് മർഫി പറഞ്ഞു.

 

“ഒരു തികഞ്ഞ പ്രൊഫഷണൽ മാത്രമേ ഇത്തരം തോക്കുകൾ ഉപയോഗിക്കാറുള്ളൂ” ഇവാൻ പറഞ്ഞു.

 

“എനിക്കറിയാം വിഡ്ഢിയൊന്നുമല്ല ഞാൻ നമ്മുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം നൽകുന്നില്ലെങ്കിൽ എവിടെപ്പോയാണ് ഇയാൾ അവസാനിക്കുക എന്നത് കാണിച്ചു കൊടുക്കൂ

 

ഇവാൻ കുനിഞ്ഞ് തറയിലുള്ള ഒരു റിങ്ങിൽ പിടിച്ച് മുകളിലേക്ക് ഉയർത്തി. മാൻഹോളിന്റെ മൂടി തുറന്നതും അടിയിൽ നിന്നും വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കാറായി. ഒപ്പം മലിനജലത്തിന്റെ ദുർഗന്ധവും.

 

ഡില്ലൻ, നിങ്ങൾ എവിടെയാണ്?  ഹോളിയുടെ മനസ്സിൽ ആ ഒരു ചോദ്യം മാത്രമായിരുന്നു അപ്പോൾ. പരിഭ്രാന്തി അഭിനയിച്ചു കൊണ്ട് അയാൾ ചുറ്റിനും നോക്കി.

 

“എന്താണിതൊക്കെ? എന്താണ് നിങ്ങളുടെ ഉദ്ദേശ്യം? ഞാൻ പറഞ്ഞല്ലോ എന്റെ പേര് ഡാനിയൽ ഗ്രിംഷാ എന്നാണെന്ന്” ഹോളി മർഫിയോട് പറഞ്ഞു.

 

“വെൽ, നിങ്ങൾ പറയുന്നതെല്ലാം നുണയാണെന്നാണ് എനിക്ക് തോന്നുന്നത് പെട്ടെന്ന് സത്യം പറയുന്നതാണ് നല്ലത് മിസ്റ്റർ അല്ലെങ്കിൽ ഇവാൻ നിങ്ങളുടെ വലതുകൈ ഒടിച്ചിരിക്കും പിന്നെ നിങ്ങൾക്ക് താഴെയുള്ള ഡ്രെയിനേജിലൂടെ അധിക ദൂരമൊന്നും നീന്താൻ കഴിഞ്ഞെന്ന് വരില്ല” മർഫി പറഞ്ഞു.

 

“നിങ്ങൾ വലിയ മണ്ടത്തരമാണ് ചെയ്യാൻ പോകുന്നത്” ഹോളി പറഞ്ഞു.

 

“എന്ന് എനിക്ക് തോന്നുന്നില്ല സുഹൃത്തേ” തലയാട്ടിയിട്ട് മർഫി ഇവാന്റെ നേരെ നോക്കി റഷ്യൻ ഭാഷയിൽ പറഞ്ഞു. “ഇയാളുടെ കൈ അങ്ങ് ഒടിച്ചേക്ക്

 

                                             ***

 

പൊലീസ് വേഷത്തിൽ ആയിരുന്നതിനാൽ ഡില്ലന് പ്രത്യേകിച്ചൊരു കരുതലിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. ചെറുതായൊന്ന് തള്ളിയതും വാതിൽ തുറന്നു. പഴക്കമുള്ള ഒരു കിച്ചണിലേക്കാണ് അദ്ദേഹം പ്രവേശിച്ചത്. ഒരു മൂലയ്ക്കായി പൊട്ടിയടർന്ന ഒരു സിങ്ക് ഉണ്ട്. പ്ലാസ്റ്ററിങ്ങ് ഇളകിത്തുടങ്ങിയ ചുമരിൽ കബോർഡുകൾ കാണാം. പാതി തുറന്ന് കിടക്കുന്ന വാതിൽ ഒരു ടോയ്‌ലറ്റിന്റേതാണ്.

 

“ദൈവമേ!” അദ്ദേഹം മന്ത്രിച്ചു. “വിചാരിച്ചതിലും അപ്പുറമാണെന്ന് തോന്നുന്നല്ലോ ഇവിടുത്തെ കാര്യങ്ങൾ

 

അടുത്ത വാതിൽ തുറന്ന അദ്ദേഹം ഒരു ഇടനാഴിയിലേക്കാണ് പ്രവേശിച്ചത്. സീലിങ്ങിൽ നിന്നും തൂങ്ങി കിടക്കുന്ന ഒരു ബൾബിന്റെ മങ്ങിയ വെട്ടം മാത്രം. ഇടനാഴിയുടെ അപ്പുറത്തെവിടെയോ ആരോ സംസാരിക്കുന്ന ശബ്ദം കേൾക്കാനുണ്ട്. വലതു കൈയിൽ ബാറ്റണും കോട്ടിന്റെ പോക്കറ്റിൽ തിരുകിയ ഇടതു കൈയിൽ കാർസ്‌വെൽ സൈലൻസർ ഘടിപ്പിച്ച വാൾട്ടർ PPK പിസ്റ്റളുമായി അദ്ദേഹം മുന്നോട്ട് നടന്നു.

 

ദൂരെ നിന്ന് എന്ന പോലെ കേട്ടിരുന്ന ശബ്ദം ഇപ്പോൾ കുറേക്കൂടി അടുത്തായിരിക്കുന്നു. ആരൊക്കെയോ തമ്മിൽ തർക്കം നടക്കുകയാണ്. “വെൽ, നിങ്ങൾ പറയുന്നതെല്ലാം നുണയാണെന്നാണ് എനിക്ക് തോന്നുന്നത് പെട്ടെന്ന് സത്യം പറയുന്നതാണ് നല്ലത് മിസ്റ്റർ അല്ലെങ്കിൽ ഇവാൻ നിങ്ങളുടെ വലതുകൈ ഒടിച്ചിരിക്കും പിന്നെ നിങ്ങൾക്ക് താഴെയുള്ള ഡ്രെയിനേജിലൂടെ അധിക ദൂരമൊന്നും നീന്താൻ കഴിഞ്ഞെന്ന് വരില്ല

 

അവിടെ കതക് ഉണ്ടായിരുന്നില്ല. ആർച്ച് പോലുള്ള ആ കവാടം കടന്ന് ഒരു പ്ലാറ്റ്ഫോമിലേക്കാണ് അദ്ദേഹം എത്തിയത്. താഴേക്ക് ഇറങ്ങുവാൻ ഒരു ഇരുമ്പ് കോണി ഘടിപ്പിച്ചിട്ടുണ്ട്. താഴേക്ക് എത്തി നോക്കിയ ഡില്ലൻ കണ്ടത് ഒരു മേശയും അതിനരികിൽ നിൽക്കുന്ന രണ്ട് പേർ ഹോളിയുമായി തർക്കിച്ചുകൊണ്ടിരിക്കുന്നതുമാണ്. തെല്ല് പരിഭ്രാന്തിയോടെ ചുറ്റിനും നോക്കുന്ന ഹോളി, തന്നെയാണ് തേടുന്നതെന്ന് വ്യക്തം. പോക്കറ്റിൽ നിന്നും വാൾട്ടർ പുറത്തെടുത്ത ഡില്ലൻ സാവധാനം കോണി വഴി താഴേക്കിറങ്ങാൻ തുടങ്ങി.

 

“നിങ്ങൾ വലിയ മണ്ടത്തരമാണ് ചെയ്യാൻ പോകുന്നത്” ഹോളി പറഞ്ഞു.

 

“എന്ന് എനിക്ക് തോന്നുന്നില്ല സുഹൃത്തേ” തലയാട്ടിയിട്ട് മർഫി ഇവാന്റെ നേരെ നോക്കി റഷ്യൻ ഭാഷയിൽ പറഞ്ഞു. “ഇയാളുടെ കൈ അങ്ങ് ഒടിച്ചേക്ക്

 

“അത് നടക്കുമെന്ന് തോന്നുന്നില്ല” റഷ്യൻ ഭാഷയിൽത്തന്നെ പറഞ്ഞിട്ട് ഡില്ലൻ വാൾട്ടർ പിസ്റ്റൾ ഉയർത്തി തോക്ക് പിടിച്ചിരിക്കുന്ന ഇവാന്റെ കൈ ലക്ഷ്യമാക്കി വെടിയുതിർത്തു. ഒരു അലർച്ചയോടെ തോക്ക് താഴെയിട്ട അയാൾ തുറന്നു കിടക്കുന്ന മാൻഹോളിന്റെ അരികിൽ മുട്ടുകുത്തി ഇരുന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Saturday, April 11, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് - 01

അദ്ധ്യായം – ഒന്ന്

 

ബ്രൂക്‌ലിൻ, ന്യൂയോർക്ക്

 

ബ്രൂക്‌ലിനിലെ ഗാരിസൺ സ്ട്രീറ്റ്. സമയം സായാഹ്നത്തോട് അടുക്കുന്നു. ആ പഴയ ഫോർഡ് ഡെലിവറി ട്രക്കിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ഷോൺ ഡില്ലനെയും കാത്ത് ഡാനിയൽ ഹോളി ഇരുന്നു. സമീപത്ത് വേറെയും വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടെങ്കിലും ആ പരിസരത്തെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല.

 

ഈസ്റ്റ് റിവറിന് മുകളിലൂടെ ഇരച്ചെത്തിയ മഴ, തെല്ലകലെയുള്ള ജെട്ടിയിലെ പാലത്തിന് ഇരുവശത്തുമായി നങ്കൂരമിട്ടിരിക്കുന്ന കോസ്റ്റൽ ഷിപ്പുകളെ കാഴ്ച്ചയിൽ നിന്നും മറച്ചു. ഏതാനും വാര അകലെയുള്ള തെരുവിൽ നിന്നും പുറത്തേക്ക് വന്ന ഒരു പൊലീസുകാരൻ തന്റെ കൈയിലെ ബാറ്റൺ കൊണ്ട് ട്രക്കിന്റെ ഡോറിൽ തട്ടി. തലയിലെ ക്യാപ്പ് കണ്ണിന് മുകളിലേക്ക് താഴ്ത്തി വച്ചിരിക്കുന്ന അയാളുടെ യൂണിഫോമിന്റെ കോട്ടിലൂടെ മഴവെള്ളം ഒഴുകുന്നുണ്ടായിരുന്നു.

 

വിൻഡോഗ്ലാസ് താഴ്ത്തി ഹോളി ചോദിച്ചു. “എന്തെങ്കിലും സഹായം വേണോ ഓഫീസർ?”

 

“തീർച്ചയായും വേണം, മരമണ്ടാ” ഷോൺ ഡില്ലൻ പറഞ്ഞു. “ദേഹമാസകലം നനഞ്ഞ് കുതിർന്നിരിക്കുകയാണ് ഞാൻ

 

ഡോർ തുറന്ന് അദ്ദേഹം ക്യാബിനുള്ളിലേക്ക് കയറി. “ഇതെന്താണ് ഫാൻസി ഡ്രെസ്സിൽ? വല്ല പാർട്ടിയ്ക്കോ മറ്റോ പോകുന്നുണ്ടോ നമ്മൾ?” ഹോളി ചോദിച്ചു.

 

“എന്ന് വേണമെങ്കിൽ പറയാം  ആ ഇടിഞ്ഞു വീഴാറായ വെയർ‌ഹൗസ് കാണാൻ പറ്റുന്നുണ്ടോ നിങ്ങൾക്ക്? Murphy & Son – Import-Export എന്ന ബോർഡ് വച്ചിട്ട്?”

 

“ഞാനെന്താ കണ്ണുപൊട്ടനാണോ? അവിടെ എന്താണ് കാര്യം?” ഹോളി തന്റെ സിഗരറ്റ് പാക്കറ്റ് തുറന്ന് രണ്ടെണ്ണം പുറത്തെടുത്തു. രണ്ടിലും തീ കൊളുത്തിയിട്ട് ഒന്ന് ഡില്ലന് നേർക്ക് നീട്ടി. “ഇതങ്ങോട്ട് പിടിപ്പിയ്ക്ക് ഇലപോലെ വിറയ്ക്കുന്നുണ്ട് നിങ്ങൾ ആട്ടെ, എന്തിനാണ് നമ്മൾ ഇവിടെ വന്നിരിക്കുന്നത്?”

 

സിഗരറ്റ് വാങ്ങി ഡില്ലൻ ദീർഘമായി ഒരു പുകയെടുത്തു. “ആഹാ, ഇത് കൊള്ളാമല്ലോ പിന്നെ, വാഷിങ്ങ്ടണിൽ നിന്നും ഫെർഗൂസൺ എന്നെ വിളിച്ചിരുന്നു ഈ വെയർഹൗസ് കണ്ടെത്തി ഒന്ന് ചെക്ക് ചെയ്യണമത്രെ പക്ഷേ, തന്റെ കോൾ വരുന്നത് വരെ കാത്തു നിൽക്കാനാണ് പറഞ്ഞത്” ഷോൺ ഡില്ലൻ വാച്ചിലേക്ക് നോക്കി. “ഏത് നിമിഷവും അദ്ദേഹത്തിന്റെ കോൾ വരാം

 

“ഹൊ! എത്ര നല്ല മനുഷ്യൻ! ഈ നശിച്ച കാലാവസ്ഥയിൽ ബ്രൂക്‌ലിനിലെ ഈ തെരുവിൽ നമ്മളെ ഇങ്ങനെ നിർത്താൻ അദ്ദേഹം മറന്നില്ലല്ലോ” ഹോളി പറഞ്ഞു തീർന്നതും ഡില്ലന്റെ മൊബൈൽ ഫോൺ റിങ്ങ് ചെയ്തു.

 

അദ്ദേഹം സ്പീക്കർ ഓൺ ചെയ്തു. ജനറൽ ചാൾസ് ഫെർഗൂസന്റെ സ്വരം പുറത്തേക്ക് വന്നു. “സ്ഥലം കണ്ടുപിടിച്ചോ ഡില്ലൻ?”

 

“കണ്ടുപിടിച്ചു പുറത്ത് രണ്ട് കാറുകൾ കിടക്കുന്നുണ്ട് പക്ഷേ, ആരെയും കാണാനില്ല

 

“വെൽ, ഉള്ളിൽ ആൾക്കാർ ഉണ്ടാവുമെന്നതിൽ സംശയമില്ല ഡാനിയൽ, ഞാൻ പാട്രിക്ക് മർഫിയുമായി നിങ്ങൾക്ക് ഒരു അപ്പോയ്ൻമെന്റ് എടുത്തിട്ടുണ്ട് നിങ്ങളുടെ പേര് ഡാനിയൽ ഗ്രിംഷാ എന്നാണ് പറഞ്ഞിരിക്കുന്നത് കൊസോവോയിലെ ഒരു മുസ്ലിം മതസംഘടനയുടെ പ്രതിനിധിയാണെന്നും പ്രതിരോധാവശ്യത്തിനുള്ള ആയുധങ്ങൾ വാങ്ങുവാൻ വേണ്ടിയാണ് എത്തിയിരിക്കുന്നതെന്നും പറഞ്ഞു

 

“ഈ മർഫി ശരിയ്ക്കും ആരാണ്? എന്താണ് നമ്മുടെ ദൗത്യം?” ഹോളി ചോദിച്ചു.

 

“നിങ്ങൾക്കറിയാമല്ലോ, കുറെയേറെ ഗ്രൂപ്പുകൾ വീണ്ടും തലപൊക്കിയിട്ടുണ്ട് ഇപ്പോൾ എല്ലാം IRA യുടെ വകഭേദങ്ങൾ തന്നെ പല ഭീകരപ്രവർത്തനങ്ങളും തുടക്കത്തിൽത്തന്നെ നുള്ളിക്കളയാൻ നമ്മുടെ സെക്യൂരിറ്റി സർവീസസിന് സാധിച്ചിട്ടുണ്ട് പക്ഷേ, ഭാഗ്യം എന്നും അവരോടൊപ്പം ഉണ്ടാവണമെന്ന് നിർബന്ധമില്ല നിങ്ങൾക്കോർമ്മയില്ലേ, കുറച്ചു നാൾ മുമ്പ് ബെൽഫാസ്റ്റിൽ നടന്ന ഒരു ബോംബ് സ്ഫോടനം? മൂന്ന് പൊലീസുകാർക്ക് അന്ന് പരിക്കേറ്റു ഒരാൾക്ക് ഇടതുകൈ നഷ്ടമായി പിന്നീടുണ്ടായ കാർബോംബ് സ്ഫോടനത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു

 

“അതേക്കുറിച്ച് ഞാൻ കേട്ടിരുന്നു” ഡില്ലൻ പറഞ്ഞു.

 

“പണ്ടത്തെ പോലെ പൊലീസുകാർക്ക് ആദ്യം തങ്ങളുടെ കാറിന്റെ അടിഭാഗം പരിശോധിച്ചിട്ട് ഡ്യൂട്ടി തുടങ്ങേണ്ട അവസ്ഥ വീണ്ടും വന്നിരിക്കുകയാണ് ചിലരെല്ലാം സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട് അങ്ങനെയൊരു അവസ്ഥ അനുവദിച്ചു കൂടാ അതു മാത്രമല്ല. അൾസ്റ്ററിലേക്ക് ആയുധങ്ങൾ കടത്തുവാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട് കഴിഞ്ഞയാഴ്ച്ചയാണ് അമിറ്റി എന്ന് പേരുള്ള ഒരു കപ്പൽ കാർഗോയുമായി നോർത്ത് അയർലണ്ടിലെ കൗണ്ടി ഡൗൺ തീരത്ത് അടുക്കാൻ ശ്രമിച്ചത് എന്നാൽ റോയൽ നേവിയുടെ കണ്ണിൽപ്പെട്ടതിനെ തുടർന്ന് അവർ രക്ഷപെടുകയായിരുന്നു എന്നാൽ ആ കപ്പലിൽ വിവിധയിനം ആയുധങ്ങൾ ആയിരുന്നുവെന്നും അവ അയച്ചിരിക്കുന്നത് Murphy & Son എന്ന സ്ഥാപനത്തിൽ നിന്നായിരുന്നുവെന്നും തികച്ചും വിശ്വസനീയമായ വിവരങ്ങൾ എനിക്ക് ലഭിച്ചു

 

“M15 ൽ നിന്നും ലഭിച്ച വിവരങ്ങളായിരുന്നുവോ അത്?”

 

“അല്ലേയല്ല നിങ്ങൾക്കറിയാമല്ലോ, സെക്യൂരിറ്റി സർവീസസ് നമ്മളെ എത്രത്തോളം വെറുക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് ആർമി ആണല്ലോ നമ്മൾ പ്രധാനമന്ത്രിയുടെ വാറന്റ് ഉണ്ടെങ്കിൽ എന്തും ചെയ്യാൻ അധികാരമുള്ളവർ അതിന്റെ അസൂയയാണവർക്ക് ഇന്നത്തെ ഈ നശിച്ച ലോകത്ത് നമ്മുടെ സേവനം അംഗീകരിക്കാൻ വല്ലാത്ത മടിയാണ് അവർക്ക്

 

“അവർക്ക് വേണ്ടി പല കുറ്റവാളികളെയും നാം കൊലപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം പോലും മറന്നു പോകുന്നു അവർ” ഹോളി പറഞ്ഞു.

 

“അതുകൊണ്ടു തന്നെ അവരോടുള്ള എന്റെ സമീപനം എങ്ങനെയാണെന്നും നിങ്ങൾക്ക് അറിയാമല്ലോ” ഫെർഗൂസൺ പറഞ്ഞു.

 

“നമുക്ക് Murphy & Son ലേക്ക് തിരിച്ചു വരാം എന്തുകൊണ്ടാണ് ഈ വിഷയം FBI യെ ഏല്പിക്കാത്തത്?  ന്യൂയോർക്ക് നമ്മുടെ ടെറിറ്ററി അല്ലല്ലോ

 

“നമ്മുടെ അമേരിക്കൻ സുഹൃത്തുക്കളെ ഞാൻ കാര്യമാക്കുന്നില്ല നോർത്ത് അയർലണ്ടിൽ നിന്നാണല്ലോ അന്വേഷണത്തിന്റെ തുടക്കം അതാണെങ്കിൽ ബ്രിട്ടന്റെ ഭാഗവും

 

“അതു തന്നെയാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണവുമെന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്” ഡില്ലൻ പറഞ്ഞു. “സാരമില്ല ഞങ്ങളിപ്പോൾ എന്ത് ചെയ്യണമെന്നാണ് താങ്കൾ പറയുന്നത്?”

 

“ആ ആയുധങ്ങൾ ഓർഡർ ചെയ്തത് ആരാണെന്ന് കണ്ടുപിടിക്കണം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഏതെങ്കിലും അയർലണ്ടുകാരൻ ഐറിഷ് സ്വാതന്ത്ര്യം എന്ന സ്വപ്നസാഫല്യത്തിനായി സമ്മാനിച്ചതാണെന്നത് പോലെയുള്ള കഥയൊന്നും എനിക്ക് കേൾക്കണ്ട ഇതിന്റെ പിന്നിലെ യഥാർത്ഥ വ്യക്തിയെ കണ്ടെത്തണം” ഫെർഗൂസൺ പറഞ്ഞു.

 

“എന്ന് വച്ചാൽ മൂന്നാം മുറ പ്രയോഗിക്കാമെന്ന്?” ഹോളി ചോദിച്ചു.

 

“ഡാനിയൽ, മനുഷ്യരെ കൊല്ലുന്ന വൻ ആയുധശേഖരമാണ് നമ്മുടെ രാജ്യത്തേക്ക് കടത്താൻ അവർ ശ്രമിച്ചത്” അദ്ദേഹം അക്ഷമനായി. “അവർക്ക് എന്ത് സംഭവിക്കുന്നു എന്നത് എന്നെ ബാധിക്കുന്ന പ്രശ്നമേയല്ല

 

“വണ്ടർഫുൾ” ഡില്ലൻ പറഞ്ഞു. “അപ്പോൾ കണ്ണിൽ ചോരയില്ലാത്ത കൊലയാളികളായിട്ടാണ് ഞങ്ങളെ നിയമിച്ചിരിക്കുന്നതല്ലേ?”

 

“അതെക്കുറിച്ച് ഇനി ഈ അവസാന നിമിഷത്തിൽ പരാതി പറഞ്ഞിട്ട് കാര്യമില്ല” ഫെർഗൂസൺ പറഞ്ഞു. നിങ്ങളോട് രണ്ടു പേരോടുമായി പറയുകയാണ് IRA യിൽ ഒരു ചൊല്ലുണ്ടല്ലോ എന്താണത്? ഒരിക്കൽ ഉള്ളിൽ കടന്നാൽ പിന്നെ പുറത്തിറങ്ങുക അസാദ്ധ്യം എന്നോ മറ്റോ?”

 

“അത് കലക്കി” ഹോളി പറഞ്ഞു. “അത് താങ്കളുടെ പുസ്തകത്തിലുള്ളതാണെന്നാണ് ഞങ്ങൾ കരുതിയത് എന്തെങ്കിലുമാവട്ടെ താങ്കൾക്ക് വേണ്ടി ഒരിക്കൽക്കൂടി ഈ വൃത്തികെട്ട കളിയ്ക്ക് ഞങ്ങൾ തയ്യാറാണ് എങ്ങനെയാണ് താങ്കൾക്കവരെ വേണ്ടത് ജീവനോടെയോ അല്ലാതെയോ?”

 

“നമ്മൾ ഇപ്പോൾ പോരാട്ടത്തിലാണ് ഡാനിയൽ ബെൽഫാസ്റ്റിൽ വച്ച് നിങ്ങളുടെ ബന്ധുവായ ആ പെൺകുട്ടിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ഓർമ്മയില്ലേ? അവരെല്ലാം ഒരു ഭീകരസംഘടനയിലെ അംഗങ്ങളായിരുന്നു നിങ്ങൾ തന്നെയാണ് അവർ നാൽവരെയും വെടിവെച്ചു കൊന്നത് അതിൽ പശ്ചാത്താപമുണ്ടെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്?”

 

“ഒരിക്കലുമില്ല അതു തന്നെയാണ് എന്റെ പ്രശ്നവും” ഹോളി പറഞ്ഞു.

 

“അത് വിട്ടുകളയൂ ചാൾസ്” ഡില്ലൻ പറഞ്ഞു. “താങ്കൾ ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ ഡാനിയൽ തയ്യാറാണ് ആട്ടെ, താങ്കൾക്ക് പ്രസിഡന്റിനെ കാണാൻ സാധിച്ചോ?”

 

“ഇല്ല ഹാരി മില്ലറിനൊപ്പം ടെറസിനപ്പുറത്തുള്ള വൈറ്റ് ഹൗസിലേക്കും നോക്കി ഇരിക്കുകയാണ് ഞാനിപ്പോൾ ഓവൽ ഓഫീസിനു മുമ്പിൽ ഡ്രോപ്പ് ചെയ്യാനുള്ള ലിമോസിനും കാത്ത് വെള്ളിയാഴ്ച്ചത്തെ ലണ്ടൻ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിക്കുന്നുണ്ട് ഇരുപത്തിനാല് മണിക്കൂർ നേരത്തേക്കുള്ള ഷെഡ്യൂളും റെഡിയാണ് പാർലമെന്റ് സന്ദർശനവും അതിന് ശേഷം ടെറസിൽ വച്ചുള്ള ലഞ്ച് റിസപ്ഷനും എല്ലാം

 

“ഇടതുഭാഗത്ത് വെസ്റ്റ്മിൻസ്റ്റർ ബ്രിഡ്ജും അതിനപ്പുറം നദീതീരവും” ഡില്ലൻ പറഞ്ഞു.

 

“അതെ ആ ടെറസ് നിങ്ങൾക്കും പരിചയമുണ്ടല്ലോ” ഫെർഗൂസൺ പറഞ്ഞു. “അത് പോട്ടെ, ഗൾഫ്സ്ട്രീമിന്റെ പ്രൈവറ്റ് ജെറ്റ് റെഡിയായി കാത്തു കിടപ്പുണ്ട് പ്രസിഡന്റുമായുള്ള മീറ്റിങ്ങ് കഴിഞ്ഞയുടൻ തന്നെ UN ലെ റിസപ്ഷനിൽ പങ്കെടുക്കാനായി ഞാൻ ന്യൂയോർക്കിലേക്ക് പറക്കുകയാണ് നിങ്ങൾ രണ്ടുപേരും അവിടെയുണ്ടായിരിക്കണം

 

“പ്രത്യേകിച്ചെന്തെങ്കിലും കാരണം?”

 

“പുതിയൊരാൾ ടീമിനൊപ്പം ചേരാൻ വരുന്നു ഇന്റലിജൻസ് കോർപ്സിൽ നിന്നും

 

“റിയലി?” ഹോളി ആവേശത്തോടെ ചോദിച്ചു. “ആരാണത്?”

 

“ക്യാപ്റ്റൻ സാറാ ഗിഡിയോൺ ബഹുഭാഷാ പണ്ഡിതയാണ് പഷ്തു, അറബി, പാഴ്സി എന്നീ ഭാഷകൾ അനായാസം സംസാരിക്കും അതായിരുന്നല്ലോ നമുക്ക് വേണ്ടതും” ഫെർഗൂസൺ പറഞ്ഞു.

 

“അത്രയേയുള്ളോ?” ഹോളി തമാശമട്ടിൽ ചോദിച്ചു.

 

“ആഹ്, ഹീബ്രൂ കൂടിയുണ്ട് അക്കാര്യം ഞാൻ മറന്നു

 

“ഒരു ഇസ്രയേലിയെ ഒന്നുമല്ലല്ലോ താങ്കൾ പോയി റിക്രൂട്ട് ചെയ്തത് അല്ലേ?” ഡില്ലൻ ചോദിച്ചു.

 

“അത് നിയമവിരുദ്ധമാകില്ലേ ഡില്ലൻ? അല്ല, അവൾ ലണ്ടൻ സ്വദേശി തന്നെയാണ് പതിനേഴാം നൂറ്റാണ്ട് മുതൽക്കേ ലണ്ടനിൽ പേരുകേട്ടവരാണ് ഗിഡിയോൺ കുടുംബം ഗിഡിയോൺ ബാങ്കിനെക്കുറിച്ച് നിങ്ങൾ കേട്ടു കാണുമല്ലോ അവളുടെ കുടുംബത്തിന്റെയാണത് തന്റെ മിലിട്ടറി ജീവിതവുമായി മുന്നോട്ട് പോകുന്നതിനാൽ ചെയർമാൻ സ്ഥാനത്ത് തന്റെ മുത്തശ്ശനെയാണ് അവൾ അവരോധിച്ചിരിക്കുന്നത്

 

“ആ ഗിഡിയോൺസിൽ പെട്ടവളാണ് ഈ കഥാപാത്രമെന്നോ?” ഡില്ലൻ ചോദിച്ചു. “എങ്കിൽ പിന്നെ ഒരു മില്യനെയറെയും വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നതിന് പകരം എന്തിനാണ് അവൾ ആർമിയിൽ ചേർന്ന് ജീവിതം നശിപ്പിച്ചുകൊണ്ടിരിക്കുന്നത്?”

 

“എന്തിനാണെന്നോ, ഞാൻ പറയാം ഓക്സ്ഫഡിൽ ചേരുന്നതിന് മുമ്പ് ഹീബ്രൂ ഭാഷ പഠിക്കാൻ അവൾ ജെറുസലേമിലെ ഒരു കോളേജിൽ പോയി ചേർന്നു അവളെ സന്ദർശിക്കാനായി അവിടെയെത്തിയ അവളുടെ മാതാപിതാക്കൾ ഹമാസ് നടത്തിയ ഒരു ബസ് ബോംബിങ്ങിൽ കൊല്ലപ്പെട്ടു

 

“ആഹാ.” ഹോളി പറഞ്ഞു. “അങ്ങനെ ഓക്സ്ഫഡിന് പകരം അവൾ സാൻഡ്‌ഹേസ്റ്റിലെ റോയൽ മിലിട്ടറി അക്കാഡമി തെരഞ്ഞെടുത്തു

 

“അതെ” ഫെർഗൂസൺ പറഞ്ഞു. “കഴിഞ്ഞ ഒമ്പത് വർഷത്തെ ഇന്റലിജൻസ് കോർപ്സ് സേവനവുമായി ബന്ധപ്പെട്ട് ബെൽഫാസ്റ്റ്, ബോസ്‌നിയ, കൊസോവോ, ഇറാക്ക് എന്നിവിടങ്ങളിൽ പ്രവർത്തിച്ചതിന് പുറമെ രണ്ട് വട്ടം അഫ്ഗാനിസ്ഥാനിലും അവൾ സേവനമനുഷ്ഠിച്ചു

 

“ജീസസ്, വാട്ട് ഇൻ ദി ഹെൽ ഈസ് ഷീ ആഫ്‌റ്റർ?” ഡില്ലൻ ചോദിച്ചു. “പ്രതികാരം ചെയ്യാനാണോ?  അതോ യുദ്ധമെന്ന് പറഞ്ഞാൽ ഭ്രാന്താണോ അവൾക്ക്?”

 

“അവളുടെ മുഴുവൻ ചരിത്രവും റോപ്പർ പോസ്റ്റ് ചെയ്തിട്ടുണ്ട് നിങ്ങൾക്ക് തന്നെ വായിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ

 

“എങ്കിൽ അത് വായിച്ചിട്ട് തന്നെ ഇനി ബാക്കി കാര്യം” ഡില്ലൻ പറഞ്ഞു.

 

“യെസ് തീർച്ചയായും നിങ്ങൾക്കത് ഇഷ്ടപ്പെടും പ്രത്യേകിച്ചും അഫ്ഗാനിസ്ഥാനിലെ അബുസാനിൽ വച്ചുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള വിവരണം  അവളുടെ വലതു തുടയിലാണ് വെടിയേറ്റത് ആ പരിക്ക് അവൾക്ക് സമ്മാനിച്ചത് സ്ഥിരമായ മുടന്താണ്

 

“ഓൾറൈറ്റ് ജനറൽ ഞാൻ കീഴടങ്ങുന്നു” ഡില്ലൻ പറഞ്ഞു. “എനിക്കിനി ഒന്നും പറയാനില്ല അവളെ കാണാൻ ആകാംക്ഷയോടെ ഞാൻ കാത്തിരിക്കുന്നു

 

“ന്യൂയോർക്കിൽ എത്തുന്നത് വരെ ഞങ്ങൾ അവളെ എന്തു ചെയ്യും?” ഹോളി ചോദിച്ചു.

 

“കീപ്പ് ഹെർ ഹാപ്പി അരിസോണയിൽ നിന്നും ഫ്ലൈറ്റിൽ എത്തുന്ന അവൾ പ്ലാസയിലാണ് റൂം ബുക്ക് ചെയ്തിരിക്കുന്നത് അവിടെ RAF ന്റെ ഒരു രഹസ്യ താവളമുണ്ട് പൈലറ്റ് ഇല്ലാത്ത വിമാനങ്ങളുമായി ബന്ധപ്പെട്ട് എന്തൊക്കെയോ ലണ്ടനിലേക്ക് നമ്മളോടൊപ്പം അവളും ഉണ്ടാകും UN ലെ മിലിട്ടറി അറ്റാഷെ കേണൽ ഹെക്ടർ ഗ്രാന്റിന്റെ സ്റ്റാഫ് ആയിട്ടായിരുന്നു അവൾ പ്രവർത്തിച്ചിരുന്നത് അവിടെ നിന്നുള്ള വിടവാങ്ങൽ ചടങ്ങു കൂടി ഉള്ളതിനാൽ യൂണിഫോമിൽ ആയിരിക്കും അവൾ

 

“നമ്മളോടൊപ്പം ചേർന്നാലുള്ള അവസ്ഥ എന്താണെന്ന് അവൾക്കറിയുമോ?”

 

“എല്ലാ കാര്യങ്ങളും അവളെ ധരിപ്പിക്കുവാൻ റോപ്പറിനോട് ഞാൻ പറഞ്ഞിരുന്നു നിങ്ങൾ ഇരുവരെക്കുറിച്ചും നിങ്ങളുടെ ഇരുണ്ട ഭൂതകാലവുമടക്കം

 

“യൂ ആർ സോ കൈൻഡ്” ഹോളി പറഞ്ഞു. “ഇറ്റ്സ് എ റിയൽ പ്രിവിലേജ് റ്റു നോ യൂ

 

“ഓ, ഷട്ടപ്പ്” ഫെർഗൂസൺ പറഞ്ഞു. “അവളുടെ ചരിത്രം വായിച്ച മില്ലർ വളരെ സന്തുഷ്ടനാണ് അതുപോലെ തന്നെ ഞാനും

 

“വെൽ, താങ്കൾ സന്തുഷ്ടനാണെങ്കിൽ പിന്നെ ഞങ്ങളും സന്തുഷ്ടരാണ്” ഡില്ലൻ പറഞ്ഞു.

 

“ഞങ്ങൾക്കുള്ള ലിമോസിൻ താഴെ എത്തിയിട്ടുണ്ട് പ്രസിഡന്റിനെ കാണാൻ ചെല്ലട്ടെ നിങ്ങൾ പോയി ഉപകാരമുള്ള എന്തെങ്കിലും ചെയ്യാൻ നോക്ക് ഐ വിൽ സീ യൂ റ്റുനൈറ്റ്” ഫെർഗൂസൺ പറഞ്ഞു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...