Thursday, August 20, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 16

ബാത്ത്റൂമിലേക്ക് ചെന്ന് ഓവെൻ റഷീദ് ഷവറിന് കീഴിൽ നിന്നു. ചെറുചൂടുവെള്ളം തലയിലും ദേഹത്തും വീണപ്പോൾ തെല്ലൊരു ആശ്വാസം തോന്നി. അൽ ഖ്വയ്ദയുമായി ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ച ആ ദിനത്തെയോർത്ത് അയാൾ സ്വയം ശപിച്ചു. വല്ലാത്തൊരു ഊരാക്കുടുക്കിലാണ് താൻ ചെന്ന് പെട്ടിരിക്കുന്നത്. പറഞ്ഞിട്ട് കാര്യമില്ല. ഇനിയിപ്പോൾ ഒഴുക്കിനൊപ്പം നീന്തിയേ മതിയാവൂ.

 

വസ്ത്രം ധരിച്ച് ഓഫീസ് റൂമിന് നേർക്ക് നടക്കവെയാണ് ഫോൺ റിങ്ങ് ചെയ്തത്. കെല്ലി ആയിരുന്നു അത്. ഒട്ടും സന്തുഷ്ടനായിരുന്നില്ല അയാൾ എന്ന് സ്വരത്തിലൂടെ മനസ്സിലായി.

 

“ആ മരത്തലയൻ അബു തലയിൽ കയറാൻ വരുന്നത് തീരെ പിടിക്കുന്നില്ല എനിക്ക് ഭീഷണിയുടെ സ്വരമാണയാൾക്ക് അയാളാര്, മരണത്തിന്റെ വ്യാപാരിയോ?” കെല്ലി ചോദിച്ചു.

 

“എന്ന് കരുതുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം” ഓവെൻ പറഞ്ഞു. “ഒരു കാര്യം ചെയ്യൂ, നിങ്ങളുടെ ആ സ്ലീപ്പർ സെല്ലുകളിലുള്ള ആരെയെങ്കിലും വിട്ട് അയാളെ തട്ടിക്കളയാൻ പറ്റുമോയെന്ന് നോക്കൂ

 

“അത് അത്രയ്ക്കും എളുപ്പമായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു” കെല്ലി പറഞ്ഞു. “ചിലപ്പോഴെങ്കിലും ഞാൻ ചിന്തിച്ചു നോക്കിയിട്ടുണ്ട് ചാൾസ് ഫെർഗൂസനെയും അയാളുടെ സംഘത്തെയും ഒരു വാനിൽ കയറ്റി അതിനടിയിൽ ഒരു ടൈം ബോംബ് ഘടിപ്പിച്ച് എല്ലാത്തിനെയും ഒറ്റയടിക്ക് കാലപുരിയ്ക്ക് അയയ്ക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്

 

“അതിന് കാക്ക മലർന്ന് പറക്കണം” ഓവെൻ പറഞ്ഞു. “അബു പറയുന്നത് നമ്മൾ എന്തെങ്കിലും മാർഗ്ഗം പുതിയ മാർഗ്ഗം കണ്ടെത്തിയേ തീരൂ എന്നാണ് ഐറിഷ് നാഷണൽ ലിബറേഷൻ ആർമി ഒരിക്കൽ ഒരു എം.പി.യെ കാർ ബോംബ് ആക്രമണത്തിൽ കൊലപ്പെടുത്തിയ കാര്യം അയാൾ സൂചിപ്പിച്ചു

 

“പക്ഷേ, അതൊക്കെ പണ്ടായിരുന്നു

 

“എന്തായാലും അയാൾക്ക് അവരെക്കുറിച്ച് വലിയ മതിപ്പാണ് അവർ കാര്യം നടത്തി എന്നത് മാത്രമല്ല, മദ്ധ്യവർഗ്ഗത്തിൽ പെടുന്ന ധാരാളം പ്രൊഫഷണൽസും ആ സംഘത്തിലുണ്ട് എന്നാണ് അയാൾ പറഞ്ഞത്

 

“അതൊക്കെ പത്രക്കാർ കെട്ടിച്ചമച്ച കഥകൾ മാത്രമായിരുന്നു” കെല്ലി ഉറക്കെ ചിരിച്ചു. “ഓരോ ദിവസവും അവർ പുതിയ പുതിയ കഥകൾ മെനഞ്ഞു കൊണ്ടിരുന്നു അവസാനമായപ്പോഴേക്കും അതൊരു പാതിരാപ്പടം പോലെയായി മാറി

 

ഓവെൻ റഷീദിന് ആകാംക്ഷ അടക്കാനായില്ല. “അത് നിങ്ങൾക്കെങ്ങനെ അറിയാം?”

 

“എന്റെ ഒരു സുഹൃത്തിനെ എനിക്ക് സംശയമുണ്ടായിരുന്നു ആ സംഘത്തിൽ അയാളും ഉണ്ടോയെന്ന് അയാൾ ഒരു ഐറിഷ്കാരനായിരുന്നില്ല IRAയുമായി അയാൾക്കുണ്ടായിരുന്ന ഏക ബന്ധം മേരി ബാരി എന്നൊരു പെൺകുട്ടിയായിരുന്നു അവളെ ജീവനു തുല്യം സ്നേഹിച്ചിരുന്നു അയാൾ

 

“അയാളെക്കുറിച്ച് പറയൂ

 

“1976ൽ ആണ് നിരവധി IRA വളണ്ടിയർമാരോടൊപ്പം എന്നെയും അൾജീരിയൻ മരുഭൂമിയിലുള്ള ട്രെയിനിങ്ങ് ക്യാമ്പിലേക്ക് അയക്കുന്നത് കേണൽ ഗദ്ദാഫിയുടെ മേൽനോട്ടത്തിലായിരുന്നു ആ ക്യാമ്പ് ഒരുവിധം എല്ലാ ആയുധങ്ങളും ഉപയോഗിക്കാനുള്ള പരിശീലനം ലഭിച്ചു അവിടെ ടൈം സെറ്റ് ചെയ്ത് വയ്ക്കാൻ സാധിക്കുന്ന കാർബോംബുകൾ നിർമ്മിക്കാൻ അവിടെ വച്ചാണ് ഞാൻ പഠിക്കുന്നത്

 

“ഇതും അയാളും തമ്മിൽ എന്തു ബന്ധം?” ഓവെൻ ചോദിച്ചു.

 

“ഹെൻട്രി ലെഗ്രാൻഡ് എന്നായിരുന്നു ഞങ്ങളുടെ ഇൻസ്ട്രക്ടറുടെ പേര് ഫ്രഞ്ച് സൈന്യത്തിന്റെ ഭാഗമായി മൂന്നു വർഷം അൾജീരിയൻ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട് അയാൾ പതിനെട്ടാം വയസ്സിൽ സൈന്യത്തിൽ ചേർന്ന അയാൾ യുദ്ധനിരയിൽ വച്ച് പരിക്കേറ്റതിനെ തുടർന്ന് ഇരുപത്തിയൊന്നാം വയസ്സിൽ ബഹുമതികളോടെ ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടു പിന്നീടാണ് അൾജീരിയൻസ് കനത്ത ശമ്പളത്തോടെ അയാളെ റിക്രൂട്ട് ചെയ്യുന്നതും അയാളുടെ പരിജ്ഞാനം ഞങ്ങളെപ്പോലുള്ളവർക്ക് പകർന്നു തരുന്നതും

 

“നിങ്ങൾ ക്യാമ്പിൽ നിന്നും തിരികെ പോന്നതിന് ശേഷം അയാൾക്കെന്തു സംഭവിച്ചു?”

 

“ഞങ്ങളായിരുന്നു അയാളുടെ അവസാന ബാച്ച് ലണ്ടനിൽ അയാൾക്ക് ധനികയായ ഒരു ആന്റിയുണ്ടായിരുന്നു അവരുടെ എസ്റ്റേറ്റും മറ്റു സ്വത്തുവകകളുമെല്ലാം ലഭിച്ചത് അയാൾക്കായിരുന്നു ഷെപ്പേർഡ് മാർക്കറ്റിലെ ഒരു പുരാവസ്തു വില്പനശാലയും അതിന് മുകളിലുള്ള ഫ്ലാറ്റുമടക്കം

 

“അത് ഇവിടെ നിന്നും അധികം ദൂരെയല്ലല്ലോ” ഓവെൻ പറഞ്ഞു. “അതുപോലുള്ള നിരവധി ഷോപ്പുകളുണ്ട് ആ പ്രദേശത്ത്

 

“ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ലിറ്ററേച്ചറും ഫൈൻ ആർട്സും പഠിക്കാൻ പോകാൻ അയാൾ തീരുമാനിച്ചു ഐറിഷ് വിദ്യാർത്ഥികളുടെ ഒരു സ്വപ്നമായിരുന്നു ലണ്ടൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുക എന്നത് എന്റെ ഒരു സുഹൃത്തിന്റെ മകളായ മേരി ബാരിയും അവിടെ പഠനത്തിന് ചേർന്നു ഞാനാണ് ഹെൻട്രിയെ പോയി പരിചയപ്പെടാൻ അവളോട് പറഞ്ഞത്

 

“അങ്ങനെ അവർ പരസ്പരം പ്രണയത്തിലായി

 

“അതെ രണ്ട് വർഷത്തോളം അവർ ഇരുവരും ഇവിടെ ആഹ്ലാദത്തോടെ കഴിഞ്ഞു. പിന്നീട് അവൾ ബെൽഫാസ്റ്റിലേക്ക് തിരികെ പോയി. ഒരു പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത അവളെ സൈനികർ ദേഹോപദ്രവം ഏല്പിക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ലോക്കപ്പിൽ മരണമടഞ്ഞ നിലയിലാണ് അവളെ കണ്ടെത്തിയത് ഛർദ്ദിയുടെ അവശിഷ്ടം തൊണ്ടയിൽ കുടുങ്ങിയതാണ് കാരണമെന്നാണ് പൊലീസ് പറഞ്ഞത് അവിടെ വച്ചും ദേഹോപദ്രവം ഏറ്റിരുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഒന്നും ഒരിക്കലും തെളിയിക്കപ്പെടുകയുണ്ടായില്ല

 

“തെളിയിക്കപ്പെടാൻ സാദ്ധ്യതയുമില്ലല്ലോ ശരിയല്ലേ?” ഓവെൻ ചോദിച്ചു.

 

“അതെ എല്ലാവർക്കും അറിയാവുന്ന കാര്യം പക്ഷേ, ആർക്കും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല ഒളിവിൽ കഴിയുകയായിരുന്ന ഞാൻ അന്ന് റിസ്ക് എടുത്ത് അവളുടെ ശവസംസ്കാര ചടങ്ങിന് പോയിരുന്നു ബെൽഫാസ്റ്റിലെ ബോംബെ സ്ട്രീറ്റിലുള്ള സെന്റ് മേരീസ് ദേവാലയത്തിൽ ജനം നിറഞ്ഞു കവിഞ്ഞിരുന്നു അന്നവിടെ പെട്ടെന്നാണ് വാതിൽ തള്ളിത്തുറന്ന് ഹെൻട്രി അവിടെയെത്തിയത് ലണ്ടനിൽ നിന്നും എത്തിയ അയാളുടെ മുഖം കണ്ടാൽ ചെകുത്താൻ പോലും ഭയന്നു പോകുമായിരുന്നു അവിടെയുണ്ടായിരുന്ന വൈദികനെ അവഗണിച്ച് നേരെ മേരിയുടെ ശവശരീരത്തിനരികിലേക്ക് ചെന്ന അയാൾ തന്റെ കൈയിലെ റോസാപുഷ്പം, മടക്കി വച്ചിരിക്കുന്ന അവളുടെ കൈകൾക്ക് മേൽ വച്ച ശേഷം കുനിഞ്ഞ് ആ നെറ്റിയിൽ ചുംബിച്ചിട്ട് ഒരക്ഷരവും ഉരിയാടാതെ തിരിഞ്ഞു നടന്നു


“നിങ്ങൾ ഒന്നും ചോദിച്ചില്ലേ അയാളോട്?”

 

“ഞാൻ അയാളുടെ പിന്നാലെ പോയി തിരികെ ഫ്രാൻസിലേക്ക് പോകാനുള്ള ഉദ്ദേശ്യമുണ്ടോ എന്ന് ചോദിച്ചു ഇനിയൊരിക്കലും ലണ്ടൻ വിട്ട് എങ്ങോട്ടുമില്ല എന്നാണയാൾ പറഞ്ഞത് മേരി ഉറങ്ങുന്ന ലണ്ടനിൽ അവളുടെ ഓർമ്മകളുമായി ശിഷ്ടകാലം കഴിയാനാണ് ആഗ്രഹമെന്ന് അയാൾ പറഞ്ഞു

 

“യഥാർത്ഥ പ്രണയം” ഓവെൻ ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തി. “അപ്പോൾ ആ എം.പി.യുടെ മരണത്തിന് പിന്നിൽ ഹെൻട്രി ലെഗ്രാൻഡ് ആണെന്നാണോ നിങ്ങൾ കരുതുന്നത്? ഒരു പ്രതികാരമെന്നോണം?”

 

“ഒറ്റ നോട്ടത്തിൽ അങ്ങനെ കരുതുവാൻ കഴിയുമായിരുന്നില്ല സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്ന കാര്യത്തിൽ ഹെൻട്രി ഞങ്ങൾക്ക് പരിശീലനം നൽകിയിരുന്ന കാര്യം ഞാൻ പറഞ്ഞുവല്ലോ

 

“അതേ

 

“അയാൾ ഉപയോഗിച്ച ഒരു കാർ ബോംബിലെ ഘടകങ്ങൾ റഷ്യൻ നിർമ്മിതമായിരുന്നു അതിന്റെ ട്രിഗർ മെക്കാനിസത്തിൽ മെർക്കുറി ഉപയോഗിച്ചിരുന്നു എന്നത് അസാധാരണമായ വസ്തുതയായിരുന്നു മേരിയുടെ മരണം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷം അന്നത്തെ ആ സംഭവത്തിൽ ഉൾപ്പെട്ട സൈനികരുടെ മേധാവിയായ ഒരു ആർമി കേണലും അതുപോലത്തെ കാർ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു ഇവിടെ ലണ്ടനിൽ വച്ച്

 

“അത് വെറും യാദൃച്ഛികം എന്ന് പറയാനാവില്ലല്ലോ” ഓവെൻ പറഞ്ഞു.

 

“ഇല്ല കാരണം, രണ്ട് മാസം കഴിഞ്ഞ് വേറെയും ഒരു സംഭവമുണ്ടായി റോയൽ അൾസ്റ്റർ കോൺസ്റ്റാബുലറിയിലെ ചീഫ് സൂപ്രണ്ടും അതേ രീതിയിൽത്തന്നെ കൊല്ലപ്പെട്ടു മേരി മരണമടഞ്ഞ സമയത്ത് ആ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു അയാൾ

 

“എല്ലാം കൂടി നോക്കുമ്പോൾ ഹെൻട്രി ലെഗ്രാൻഡിലേക്ക് തന്നെയാണ് സംശയത്തിന്റെ മുന നീളുന്നത് പക്ഷേ, എന്തിനാണ് അയാൾ ഒരു പാർലമെന്റ് മെമ്പറെ ലക്ഷ്യമിട്ടത്? മേരി ബാരിയ്ക്ക് സംഭവിച്ച ദുരന്തവുമായി യാതൊരു ബന്ധവും അയാൾക്കുണ്ടായിരുന്നില്ലല്ലോ

 

“ശരിയാണ് പക്ഷേ, തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നു അത് ഗവണ്മന്റിന്റെ നയം ഐറിഷ് വിമോചന സേനയ്ക്ക് എതിരായിരുന്നു ഈ എം.പി. ആയിരുന്നു സർക്കാരിന്റെ ഔദ്യോഗിക വക്താവ് ഹെൻട്രിയുടെ മനസ്സിൽ എന്തായിരുന്നുവെന്ന് ആർക്കറിയാം എന്തായാലും അതിന് ശേഷം മെർക്കുറി ട്രിഗർ ബോംബുകൾ എവിടെയും കണ്ടതായി അറിവില്ല

 

“ഇതെല്ലാം സൂചിപ്പിച്ചപ്പോൾ എന്തായിരുന്നു ഹെൻട്രി ലെഗ്രാൻഡിന്റെ പ്രതികരണം?” ഓവെൻ ചോദിച്ചു.

 

“ഇല്ല, ഞാനൊരിക്കലും അത് ചോദിച്ചിട്ടില്ല” കെല്ലി പറഞ്ഞു. “കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവിൽ മെയ്സ് ജയിലിൽ കഴിയുകയായിരുന്നു ഞാൻ അപ്പോൾ പിന്നീട് പ്രാബല്യത്തിൽ വന്ന സമാധാന ഉടമ്പടിയെത്തുടർന്ന് മാപ്പ് ലഭിച്ചപ്പോഴാണ് ഞാൻ പുറത്തിറങ്ങുന്നത്

 

“ലെഗ്രാൻഡ് ഇപ്പോൾ എന്തു ചെയ്യുന്നു?”

 

“ഒരു വിവരവുമില്ല എന്നെപ്പോലുള്ളവരെ പൊലീസ് ഇപ്പോഴും നിരീക്ഷിക്കുന്നുണ്ടോ ഇല്ലയോ എന്നതിന് ഉറപ്പൊന്നുമില്ലല്ലോ അതുകൊണ്ടു തന്നെ, ഇത്തരം മുൻകാല സുഹൃത്തുക്കളിൽ നിന്നും അകന്നു കഴിയുവാൻ മനഃപൂർവ്വം ഞാൻ തീരുമാനിക്കുകയാണുണ്ടായത്

 

തന്റെ മേശപ്പുറത്തെ ഫോൺ ഡയറക്ടറി പരിശോധിക്കുകയായിരുന്ന ഓവെൻ പറഞ്ഞു. “ഇതാ കിട്ടിപ്പോയി ഹെൻട്രി ലെഗ്രാൻഡ് അപൂർവ്വ പുസ്തകങ്ങൾ, പുരാവസ്തുക്കൾ, ഫൈൻ ആർട്സ് മേരീസ് ബവർ എന്നാണ് ഷോപ്പിന്റെ പേര്

 

“വെൽ, ഷോപ്പിന്റെ പേര് എങ്ങനെ വന്നു എന്നതിൽ സംശയമൊന്നുമില്ല എന്തു ചെയ്യാനാണ് നിങ്ങളുടെ ഭാവം?” കെല്ലി ചോദിച്ചു.

 

“ആജ്ഞകൾ കൈമാറുന്ന ഒരു സന്ദേശവാഹകൻ മാത്രമാണ് അബു എന്നാലും നമ്മളെ സംബന്ധിച്ചിടത്തോളം ആജ്ഞകൾ തന്നെയാണ് അവ ലണ്ടനിലുള്ള  സ്ലീപ്പർ സെല്ലുകളെക്കുറിച്ച് വീമ്പ് പറയുന്നുണ്ടായിരുന്നല്ലോ നിങ്ങൾ ഇനി നിങ്ങൾ ചെയ്യേണ്ടത് അവയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് എന്നിട്ട് ഫെർഗൂസനെയും സംഘത്തെയും ഇല്ലാതാക്കാൻ പറ്റുമോയെന്ന് നോക്കൂ

 

“പറയുന്നത്ര എളുപ്പമല്ല അത്” കെല്ലി പറഞ്ഞു. “കലാപം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ഞങ്ങളുടെ ശൃംഖല വിപുലമായിരുന്നു പക്ഷേ, ഇപ്പോൾ……..”

 

“അത് അസാദ്ധ്യമാണെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്?”

 

“അതേ, വളരെ ബുദ്ധിമുട്ടായിരിക്കും അത്” കെല്ലിയുടെ സ്വരത്തിൽ നിരാശ പ്രകടമായിരുന്നു.

 

“എങ്കിൽ പിന്നെ നിങ്ങളുടെ കാര്യത്തിന് ഒരു തീരുമാനമായി എന്ന് തന്നെ കൂട്ടിക്കോളൂ കാരണം, അബുവിനോടും അൽ ഖ്വയ്ദയോടും നിങ്ങൾ പറഞ്ഞു കൊണ്ടിരുന്നത് നുണകളായിരുന്നു നിങ്ങളോടൊപ്പം അപകടത്തിൽ ചെന്ന് തല വച്ചു കൊടുക്കുവാൻ എനിക്ക് ആഗ്രഹമില്ല അഞ്ച് മിനിറ്റ് നേരം ഫോണിൽ തന്നെ തുടരൂ, അപ്പുറത്തേക്ക് പോയിട്ട് ഞാനിപ്പോൾ തന്നെ വരാം ഫോൺ കട്ട് ചെയ്യണ്ട

 

(തുടരും)

Friday, August 7, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 15

അപ്പാർട്ട്മെന്റിൽ എത്തിയ ഓവെൻ റഷീദ് സ്വെറ്റർ തലവഴി ഊരി മാറ്റി ബെഡ്റൂമിലേക്ക് നടക്കുമ്പോഴാണ് മൊബൈൽ ഫോൺ റിങ്ങ് ചെയ്തത്. തിടുക്കത്തിൽ ഓഫീസിൽ ചെന്ന് അയാൾ മേശവലിപ്പിനുള്ളിൽ നിന്നും ഫോൺ പുറത്തെടുത്തു. അബു ആയിരുന്നു അത്. അൽ ഖ്വയ്ദയുമായുള്ള ഓവെൻ റഷീദിന്റെ ഒരേയൊരു ലിങ്ക് ആണ് അയാൾ. ഏത് രാജ്യക്കാരനാണെന്നോ എന്ത് പ്രായമുള്ള ആളാണെന്നോ പോലും തിരിച്ചറിയാൻ കഴിയാത്ത വിധം ഒട്ടും വ്യാകരണപിശകില്ലാതെ വൃത്തിയായി ഇംഗ്ലീഷ് സംസാരിക്കുന്നയാൾ.

 

“ഗുഡ് മോണിങ്ങ് ഓവെൻ” അബു പറഞ്ഞു. “ജീൻ ടാൽബട്ടിനൊപ്പം ഹൈഡ് പാർക്കിലൂടെയുള്ള ജോഗിങ്ങ് ആസ്വദിച്ചുവോ?”

 

അബുവിന്റെ കൈവശമുള്ള വിവരങ്ങൾ എത്രമാത്രം കൃത്യവും ചടുലവുമാണെന്നതിൽ ഓവെൻ റഷീദ് അത്ഭുതപ്പെട്ടിരുന്നു. പ്രത്യേകിച്ചും റുബാത്തിനെക്കുറിച്ചുള്ള കാര്യങ്ങൾ. താൻ എപ്പോഴും അയാളുടെ നിരീക്ഷണത്തിൽ ആണെന്ന കാര്യവുമായി ഓവെൻ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു.

 

“നല്ലൊരു സുഹൃത്താണ് അവർ” ഓവെൻ പറഞ്ഞു.

 

“ബാക്കു റെയിൽ നീട്ടുന്നതിനെക്കുറിച്ച് എന്താണ് അവരുടെ നിലപാട്?”

 

എല്ലാ വിവരവും വിശദമായിത്തന്നെ ഓവെൻ അയാളോട് പറഞ്ഞു. “ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് അവരുടെ കമ്പനിയുടെ നിലപാട് അടുത്തയിടെയായി സകലർക്കും തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുയാണ് യെമൻ റുബാത്തിലെ എന്റെ ഓയിൽ ബിസിനസിനടക്കം

 

“ബാക്കു റെയിലിന്റെ കാര്യത്തിൽ ടാൽബട്ട് ഇന്റർനാഷണലിന്റെ മേൽ സമ്മർദ്ദം ചെലുത്തുവാൻ തന്നെയാണ് എനിയ്ക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം” അബു പറഞ്ഞു.

 

“എന്നെക്കൊണ്ട് കഴിയും വിധം ഞാൻ ശ്രമിക്കുന്നുണ്ട്” ഓവെൻ പറഞ്ഞു. “അമേരിക്കൻ പ്രസിഡന്റിന് നൽകുന്ന റിസപ്ഷനിൽ ഒരു അതിഥിയായി എനിയ്ക്ക് ക്ഷണം ലഭിച്ചിട്ടുള്ള കാര്യം നിങ്ങൾക്കറിയാമല്ലോ സൗദിയിൽ നിന്നും എത്തുന്ന വിവിധ വിശിഷ്ട വ്യക്തിത്വങ്ങളുമായി പരിചയപ്പെടാനുള്ള അവസരമുണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞ് ജീൻ ടാൽബട്ടിനെ ഞാൻ ആ വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്

 

“അതെനിക്ക് ഇഷ്ടപ്പെട്ടു” അബു പറഞ്ഞു. “വ്യാപാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ടാൽബട്ട് ഇന്റർനാഷണലിനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടത്തിനുള്ള അവസരമായിരിക്കും അത് അതുകൊണ്ടു തന്നെ ബാക്കു റെയിൽ നീട്ടുന്ന കാര്യത്തിൽ അവരുടെ മനോഭാവം അനുകൂലമാകാൻ സാദ്ധ്യതയുണ്ട് യൂ ഹാവ് ഡൺ വെൽ

 

“നിങ്ങളുടെ സന്തോഷമാണ് ഞങ്ങൾക്ക് പ്രധാനം

 

“കെല്ലി എന്നെ വിളിച്ചിരുന്നു ന്യൂയോർക്കിലെ സംഭവവികാസങ്ങളെല്ലാം എന്നോട് പറഞ്ഞു

 

“അതേ നിങ്ങളുമായി നേരിട്ട് സംസാരിക്കുവാൻ അയാളോട് ഞാൻ പറഞ്ഞിരുന്നു.” ഓവെൻ പറഞ്ഞു.  

 

“നിങ്ങൾ പറഞ്ഞത് ശരിയായിരുന്നു ഫെർഗൂസനെയും അദ്ദേഹത്തിന്റെ ഹോളണ്ട് പാർക്ക് സെറ്റപ്പിനെയും എന്തെങ്കിലും ചെയ്തേ പറ്റൂ അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആ നശിച്ച ഉദ്യോഗസ്ഥർ വർഷങ്ങളായി നമ്മുടെ പാതയിലെ മുള്ളുകളാണ് ഇപ്പോഴിതാ പുതിയ ഒരാളെ കൂടി റിക്രൂട്ട് ചെയ്തിരിക്കുന്നു ഒരു സാറാ ഗിഡിയൻ അവർ ജൂതവംശജയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് ഒരു പക്ഷേ അവർക്ക് മൊസ്സാദുമായി ബന്ധമുണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല

 

“അതിന് ഞാനവരെ കുറ്റം പറയില്ല ജെറുസലേമിൽ വച്ചുണ്ടായ ഒരു ബസ് ബോംബിങ്ങിലാണ് അവരുടെ മാതാപിതാക്കൾ കൊല്ലപ്പെട്ടത്  മാത്രവുമല്ല, പതിനാല് പലസ്തീൻകാരും അതിൽ കൊല്ലപ്പെട്ടിരുന്നു ഹമാസിന് സംഭവിച്ച ഒരു ശ്രദ്ധക്കുറവായിരുന്നു ആ ആക്രമണം എന്നേ പറയാനാവൂ” ഓവെൻ റഷീദ് പറഞ്ഞു.

 

“വാക്കുകൾ ശ്രദ്ധിച്ചുപയോഗിക്കണം” അബു പറഞ്ഞു. “അല്ലെങ്കിൽ ആരുടെ പക്ഷത്താണ് നിങ്ങൾ എന്ന് സ്വാഭാവികമായും ഞങ്ങൾ സംശയിച്ചു പോകും

 

“അതിലിപ്പോൾ സംശയമൊന്നും വേണ്ട എന്റെ മാത്രം പക്ഷത്താണ് ഞാൻ ആട്ടെ, നമ്മുടെ അടുത്ത നീക്കം എന്താണ്?”

 

“ഇവിടെ ലണ്ടനിലുള്ള IRA സ്ലീപ്പർ സെല്ലുകളെക്കുറിച്ച് വലിയ അവകാശ വാദങ്ങളാണല്ലോ കെല്ലി പറഞ്ഞു കൊണ്ടിരുന്നത് അവയിൽ ചിലതിനെയെല്ലാം ആക്ടിവേറ്റ് ചെയ്യാൻ ഞാൻ നിർദ്ദേശം നൽകാൻ പോകുന്നു ഫെർഗൂസനും സംഘത്തിനും കുറച്ച് തലവേദനയുണ്ടാക്കാൻ നമുക്ക് സാധിക്കുമോ എന്ന് നോക്കാം

 

“നമുക്ക് പ്രായോഗികമായി ചിന്തിക്കേണ്ടിയിരിക്കുന്നു” ഓവെൻ പറഞ്ഞു. “ഐറിഷ് വിമോചന പ്രസ്ഥാനത്തിനെതിരെ വർഷങ്ങളായി പൊരുതിക്കൊണ്ടിരിക്കുന്നവരാണ് ചാൾസ് ഫെർഗൂസനും ഹാരി മില്ലറും ഐറിഷ് പക്ഷത്തായിരുന്ന ഷോൺ ഡില്ലനും ഡാനിയൽ ഹോളിയും പിന്നീടാണ് കൂറുമാറി ഫെർഗൂസനൊപ്പം ചേരുന്നത് അവരുടെ സുഹൃത്തായ ഹാരി സാൾട്ടർ ഇപ്പോൾ ഒരു ധനികനും റിയൽ എസ്റ്റേറ്റ് പ്രമാണിയുമൊക്കെയാണ് ആയകാലത്ത് കുപ്രശസ്തിയാർജ്ജിച്ച ഒരു അധോലോക നായകനായിരുന്നു അയാൾ അയാളുടെ അനന്തരവനാണ് ആ സ്ഥാനം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് പിന്നെ, ഇപ്പറയുന്ന സാറാ ഗിഡിയൻ എന്ന യുവതിയുടെ റെക്കോർഡുകൾ പരിശോധിച്ചാൽ അത്ര നിസ്സാരവുമല്ല നമുക്ക് എന്തു ചെയ്യാൻ സാധിക്കുമെന്നാണ് നിങ്ങൾ പറയുന്നത്?”

 

“ചില ഗവേഷണങ്ങളൊക്കെ ഞാൻ നടത്തി ഐറിഷ് നാഷണൽ ലിബറേഷൻ ആർമിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അവർ റിക്രൂട്ട് ചെയ്തിട്ടുള്ളത് മുഴുവനും പ്രൊഫഷണൽ ആയ ആൾക്കാരെയാണ് വർഷങ്ങൾക്ക് മുമ്പ് പാർലമെന്റിൽ നിന്നും പുറത്തേക്ക് വരികയായിരുന്ന ഒരു എം.പി.യെ അയാളുടെ കാറിൽ ടൈം ബോംബ് ഘടിപ്പിച്ച് അവർ വധിക്കുകയുണ്ടായി കാലമിത്രയായിട്ടും ഒരാളെപ്പോലും പിടികൂടുകയുണ്ടായില്ല

 

“ഓൾറൈറ്റ് പക്ഷേ, അതൊക്കെ പണ്ടായിരുന്നു” ഓവെൻ പറഞ്ഞു. “നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത്?”

 

“ഞാൻ പറഞ്ഞു വരുന്നത്, ചില കാര്യങ്ങളൊന്നും ഒരിക്കലും ഔട്ട് ഓഫ് സ്റ്റൈൽ ആകുകയില്ല എന്നതാണ് കെല്ലിയുമായി സംസാരിക്കാൻ പോകുകയാണ് ഞാൻ ഈ ചാൾസ് ഫെർഗൂസനെയും അദ്ദേഹത്തിന്റെ സംഘത്തെയും എന്നെന്നേയ്ക്കുമായി ഇല്ലാതാക്കുക എന്നതാണ് എന്റെ ആവശ്യം

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, July 31, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 14

ലണ്ടൻ


ഫെർഗൂസന്റെ വിമാനം അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറന്നുകൊണ്ടിരിക്കുയാണ്. സമയം രാത്രി ഒന്നര ആയിരിക്കുന്നു. എന്നാൽ ലണ്ടനിൽ അപ്പോൾ രാവിലെ ഏഴര മണിയായിക്കഴിഞ്ഞിരുന്നു. പ്രഭാതത്തിലെ ആദ്യ കപ്പ് കോഫി ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് ജീൻ ടാൽബട്ട്. മേഫെയറിലെ മാർലെയിൽ ഉള്ള റീജൻസി ഹൗസിലാണ് വർഷങ്ങളായി അവർ താമസിച്ചുകൊണ്ടിരിക്കുന്നത്. തൊട്ടടുത്ത കഴ്സൺ സ്ട്രീറ്റിൽ നിന്നും പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ ഹൈഡ് പാർക്കിൽ ഓവെൻ റഷീദ് താമസിക്കുന്ന ഫ്ലാറ്റിലേക്ക്. അവർക്കിടയിൽ ഉരുത്തിരിഞ്ഞു വന്ന അടുപ്പം കണക്കിലെടുത്താൽ തീർച്ചയായും അതൊരു സൗകര്യം തന്നെയായിരുന്നു.

 

അവരുടെ മൊബൈൽ ശബ്ദിച്ചു. അതേ, അത് അയാൾ തന്നെയായിരുന്നു. “ഇന്ന് ലഞ്ചിന് എന്നോടൊപ്പം കൂടുന്നോ? ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു

 

“സോറി ഓവെൻ എനിക്ക് വൈസ് ചാൻസലറുമായി ഒരു മീറ്റിങ്ങ് ഉണ്ട്...” ടാൽബട്ട് ഇന്റർനാഷണലിന്റെ മേധാവിയാണെങ്കിലും അതിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്താൻ CEO ആയ അനന്തരവൻ ഗ്രിഗറിയെയാണ് അവർ ഏല്പിച്ചിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല മാത്രമാണ് ജീൻ ടാൽബട്ട് വഹിച്ചിരുന്നത്. “ഇന്ന് പാർക്കിൽ ഓടാൻ വരുന്നുണ്ടോ നീ?” അവർ ആരാഞ്ഞു.

 

“ഉണ്ട് ഞാൻ ഇറങ്ങാൻ തുടങ്ങുകയാണ്” ഓവെൻ റഷീദ് പറഞ്ഞു.

 

“എന്നാൽ അവിടെ വച്ചു കാണാം സബ്‌വേയുടെ സമീപം ഞാൻ ഉണ്ടാകും

 

അവർ ഒരുമിച്ച് ഹൈഡ് പാർക്കിനുള്ളിലേക്ക് കടന്നു. ഏതാണ്ട് അര മണിക്കൂർ നേരത്തെ ജോഗിങ്ങിന് ശേഷം ഇരുവരും സെർപ്പന്റൈനിലുള്ള കഫേയിലേക്ക് കയറി. അയാളുടെ സൗഹൃദം എപ്പോഴും അവർ ആസ്വദിച്ചിരുന്നുവെന്ന് വേണം പറയാൻ. കൊല്ലപ്പെട്ട തന്റെ മകന്റെ സ്ഥാനത്താണ് ജീൻ ടാൽബട്ട് അയാളെ കണ്ടിരുന്നത്. അത് അയാൾക്ക് നന്നായി അറിയുകയും ചെയ്യാമായിരുന്നു.

 

“റുബാത്തിലേക്കുള്ള അന്നത്തെ പറക്കൽ എങ്ങനെയുണ്ടായിരുന്നു? അവർ ചോദിച്ചു. ടാൽബട്ട് ഇന്റർനാഷണലിന്റേയും റഷീദ് ഓയിൽ കമ്പനിയുടെയും പ്രൈവറ്റ് വിമാനങ്ങൾ ഫ്രെൻഷാം എയറോ ക്ലബ്ബിലാണ് പാർക്ക് ചെയ്തിരുന്നത്. ജീൻ ടാൽബട്ട് ഏറെ വർഷങ്ങളായി പ്രൈവറ്റ് വിമാനം പറത്തുന്നുണ്ടെങ്കിലും ഓവൻ റഷീദിന് പൈലറ്റ് ലൈസൻസ് ലഭിച്ചിട്ട് മൂന്ന് വർഷം ആകുന്നതേയുണ്ടായിരുന്നുള്ളൂ.

 

“അടുത്തയിടയ്ക്കാണ് ജെറ്റ് വിമാനങ്ങൾ പറത്താനുള്ള ലൈസൻസ് എനിക്ക് ലഭിച്ചത് ഞാൻ തന്നെയാണ് ലിയർജെറ്റ് പറത്തിയത്എന്തായാലും നല്ലൊരു അനുഭവമായിരുന്നു

 

“ആട്ടെ, എന്താണ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്?” ജീൻ ടാൽബട്ട് ചോദിച്ചു.

 

“ബാക്കു റെയിൽവേ ലൈനിനെക്കുറിച്ച് മുമ്പ് ഞാൻ സൂചിപ്പിച്ചിരുന്നല്ലോ അത് റുബാത്ത് വരെ നീട്ടുന്നതിനെക്കുറിച്ച് ടൽബട്ട് ഇന്റർനാഷണൽ എന്തെങ്കിലും തീരുമാനം എടുത്തുവോ എന്ന് അറിയാനായിരുന്നു

 

“ഗ്രിഗറിയുമായി ഇക്കാര്യം ഞാൻ ചർച്ച ചെയ്തിരുന്നു സമീപരാജ്യമായ യെമനിലെ രാഷ്ട്രീയ അസ്ഥിരത ഒരു പ്രശ്നമാണെന്നാണ് അവന്റെ അഭിപ്രായം

 

“ബാക്കു റെയിൽപാതയും എണ്ണക്കുഴലുകളും കുറച്ചുകൂടി നീട്ടണമെന്നത് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്... അങ്ങനെ ചെയ്താൽ സൗത്ത്പോർട്ടിലേക്കും എണ്ണ ടാങ്കറുകളിലേക്കും ഞങ്ങൾക്ക് നേരിട്ട് എത്തിച്ചേരാനാകും... അതു വഴി ഞങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും തെക്കൻ അറേബ്യയിൽ നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുമുള്ള എണ്ണയുടെ മൂന്നിലൊന്ന് ഭാഗവും ഈ ശൃംഖലയിലൂടെയാണ് കടന്നുപോകുക അത് തടയണമെങ്കിൽ യെമൻ സ്വതന്ത്ര പരമാധികാര രാഷ്ട്രമായ റൂബാത്തിനെ ആക്രമിക്കേണ്ടിവരും... എണ്ണവിതരണത്തിൽ ഏതെങ്കിലും തടസ്സമുണ്ടായാൽ അത് ആഗോളതലത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക... ഐക്യരാഷ്ട്രസഭ അതിന് വിരാമമിടാത്ത പക്ഷം, അറബ് രാഷ്ട്രങ്ങളുടെ ശക്തമായ പിന്തുണയോടെ അമേരിക്ക ഇടപെടും... അതോടെ യെമൻ പൂർണമായും തകർന്നടിയുകയും ചെയ്യും...”

 

“നിന്റെ ആവേശം ഞാൻ മനസ്സിലാക്കുന്നു, ഓവെൻ” അവർ പുഞ്ചിരിച്ചു. “നീ പറയുന്നതിൽ കാര്യമില്ലാതില്ല ഗ്രിഗറിയുമായി ഇക്കാര്യം ഒന്നുകൂടി സംസാരിക്കാം ഞാൻ

 

പാർക്ക് ലെയ്ൻ താണ്ടവെ അയാൾ പറഞ്ഞു. “വെള്ളിയാഴ്ച്ച ഇവിടം സന്ദർശിക്കാൻ എത്തുന്ന അമേരിക്കൻ പ്രസിഡന്റിനെ സന്ധിക്കുവാനായി ഒരു സൗദി പ്രതിനിധി സംഘം വ്യാഴാഴ്ച്ച ഇവിടെ എത്തുന്നുണ്ടെന്ന് ഗ്രിഗറിയോട് പറയണം എണ്ണ വ്യാപാരരംഗത്തെ അതികായന്മാരായ ഷെയ്ക്കുകളാണ് പിന്നെ ഒന്നോ രണ്ടോ ജനറൽമാരും ഒപ്പമുണ്ടാകും മിക്കവാറും ആയുധക്കച്ചവടം ഉറപ്പിക്കാൻ വേണ്ടി ആയിരിക്കും നിങ്ങളെ പരസ്പരം പരിചയപ്പെടുത്തുവാൻ എനിക്ക് സന്തോഷമേയുള്ളൂ” അയാൾ ഒന്ന് നെറ്റി ചുളിച്ചു. “പിന്നെ, പാർലമെന്റിന്റെ ടെറസിൽ വച്ച് ഒരു റിസപ്ഷനും ഉണ്ടെന്ന് കേട്ടു

 

“ഞാനും കേട്ടു അത്” അവർ പറഞ്ഞു. “ഒരു സംഭവമായിരിക്കും അത്

 

“വെൽ, ആ പരിപാടിയിൽ പങ്കെടുക്കുവാൻ എനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട് പങ്കാളിയെയും കൂടെ കൊണ്ടുപോകാൻ അനുവാദമുണ്ട് എന്റെ കൂടെ വരുന്നതിൽ വിരോധമുണ്ടോ?”

 

അവർക്ക് ആവേശം അടക്കാനായില്ല. “ഗുഡ് ഹെവൻസ്, ഓവെൻ, ആർ യൂ ഷുവർ?”

 

“ലോകത്തെ പകുതിയിലധികം രാഷ്ട്രങ്ങൾക്കും മിലിട്ടറി ഹാർഡ്‌വെയർ സപ്ലൈ ചെയ്യുന്നത് ടാൽബട്ട് ഇന്റർനാഷനൽ ആണ് അറബ് ലോകത്ത് നിങ്ങളുടെ കമ്പനിയെക്കുറിച്ച് നല്ല മതിപ്പുമാണ് അപ്പോൾ ഇത്തരമൊരു പരിപാടിയിൽ കമ്പനിയെ പ്രതിനിധീകരിക്കാൻ അതിന്റെ ചെയർമാന് അല്ലാതെ മറ്റാർക്കാണ് യോഗ്യത?”

 

“സമ്മതിച്ചു ഞാൻ വരാം

 

“എങ്കിൽ ഇന്ന് രാത്രിയിലെ ഡിന്നർ സാൻ ലോറെൻസോയിൽ അവിടെ വച്ച് നമുക്ക് കൂടുതൽ ചർച്ച ചെയ്യാം നിങ്ങളെ ഞാൻ ഏഴരയ്ക്ക് പിക്ക് ചെയ്യാം

 

അയാൾ നടപ്പാതയിലൂടെ ഓടിപ്പോയി. അപ്പാർട്ട്മെന്റ് ബ്ലോക്കിന്റെ കവാടം കടന്ന് അയാൾ  മറഞ്ഞതും ജീൻ ടാൽബട്ട് തിരിഞ്ഞു നടന്നു. അവരുടെ മനസ്സിൽ ആഹ്ലാദം തിരതല്ലുകയായിരുന്നു അപ്പോൾ.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Friday, July 17, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 13

അദ്ധ്യായം – നാല്


ന്യൂയോർക്കിൽ പാതിരാത്രിയാകാൻ ഇനിയും ഒരു മണിക്കൂർ ബാക്കി. ജനറൽ ചാൾസ് ഫെർഗൂസന്റെ ഗൾഫ്സ്ട്രീം ജെറ്റ്, ലണ്ടൻ ലക്ഷ്യമാക്കി കനത്ത മഴയത്ത് ടേക്ക് ഓഫ് ചെയ്തു. 40,000 അടി ഉയരത്തിലേക്ക് പറന്നുയർന്ന ആ വിമാനം അല്പനേരം കൊണ്ട് അറ്റ്‌ലാന്റിക്ക് സമുദ്രത്തിന് മുകളിലേക്ക് പ്രവേശിച്ചു. അദ്ദേഹത്തിന്റെ സ്ഥിരം പൈലറ്റുമാരായ ലെയ്സിയും പ്യാരിയും ആയിരുന്നു വിമാനത്തിന്റെ കോക്ക്പിറ്റിൽ. ഡിപ്പാർച്ചർ ലോഞ്ചിൽ വച്ച് തന്നെ അവർ ഇരുവരും സാറയെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ചുവന്ന സീറ്റിൽ ചാരിക്കിടക്കുകയായിരുന്ന സാറയുടെ അരികിലൂടെ കടന്നു പോയ പ്യാരി, ഫെർഗൂസന്റെ അടുത്ത് ചെന്നു.


“അറ്റ്‌ലാന്റിക്കിന് നടുവിൽ എത്തുമ്പോൾ തീർച്ചയായും ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നു ചുരുങ്ങിയത് ഏഴ് മണിക്കൂറാണ് നാം പ്രതീക്ഷിക്കുന്ന യാത്രാസമയം ഓകെയല്ലേ ജനറൽ?”

 

“ഓകെയല്ലെന്ന് ഞാനിപ്പോൾ പറഞ്ഞിട്ടും കാര്യമില്ലല്ലോ ഫ്ലൈറ്റ് ലെഫ്റ്റനെന്റ്” ഫെർഗൂസൻ പറഞ്ഞു. “ക്യാരി ഓൺ

 

തിരിഞ്ഞ് നടക്കവെ സാറയുടെ അരികിലെത്തിയ അയാൾ ഒന്ന് നിന്നു. “എപ്പോഴാണ് അദ്ദേഹത്തിന് ദ്വേഷ്യം വരിക എന്ന് പറയാൻ പറ്റില്ല, അതുകൊണ്ടാണ്പിന്നെ, ഈ വിമാനത്തിൽ ഫ്ലൈറ്റ് അറ്റൻഡന്റ് ഇല്ല എന്ന് വച്ച് വിഷമിക്കണ്ട, ആവശ്യമുള്ള സാധനങ്ങളെല്ലാം കിച്ചൺ ഏരിയയിൽ ഉണ്ട് എന്ത് വേണമെങ്കിലും എടുക്കാം ഔപചാരികതയുടെ ആവശ്യമില്ല

 

അയാൾ കോക്പിറ്റിലേക്ക് പോയതും സാറ ഒന്നുകൂടി നീണ്ട് നിവർന്ന് പിറകോട്ട് ചാഞ്ഞു കിടന്ന് ടി.വി സ്ക്രീനിലേക്ക് ശ്രദ്ധിച്ചു. വീഡിയോ കോൺഫറൻസിങ്ങ് സംവിധാനം മുഖേന ജൈൽസ് റോപ്പർ ആയിരുന്നു സ്ക്രീനിൽ.


 


“സാറാ, നിങ്ങളെയെനിക്ക് കാണാം” റോപ്പർ അവളുടെ ശ്രദ്ധ ക്ഷണിച്ചു. “ഡാനിയലിനെ ഒന്ന് സൂക്ഷിക്കണമെന്ന് ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ?”

 

“ഓ, ഈ കൊച്ചുവർത്തമാനമൊന്ന് അവസാനിപ്പിക്കുന്നുണ്ടോ” ഫെർഗൂസൻ മുരണ്ടു. “നമുക്ക് കാര്യത്തിലേക്ക് കടക്കാം ഈ IRAയുടെ വിവിധ ഗ്രൂപ്പുകളുണ്ടല്ലോ ശരിയ്ക്കും ഒരുമിച്ച് നിന്ന് ഒരു പ്രവർത്തനം അവർക്ക് സാദ്ധ്യമാണോ ജൈൽസ്?”

 

“എന്തുകൊണ്ട് സാദ്ധ്യമല്ല? ഈ ചോദ്യം ഡില്ലനോടും ഹോളിയോടും ചോദിക്കുന്നതായിരിക്കും ഉത്തമം അവർ അതിലെ അംഗങ്ങളായിരുന്നല്ലോ ഡില്ലനാണെങ്കിൽ പത്തൊമ്പത് വയസ്സ് മുതൽ അതിൽ പ്രവർത്തിച്ചു തുടങ്ങിയതാണ് സാറാ, നിങ്ങളുടെ അഭിപ്രായം എന്താണ്? IRAയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക എന്നതായിരുന്നു സമാധാനപ്രക്രിയ കൊണ്ട് ഉദ്ദേശിച്ചത്. അതിന്റെ ഭാഗമായി ഷിൻ ഫെയ്‌നിന് സ്റ്റോർമോണ്ടിലെ നിയമസഭയിൽ സീറ്റുകളും നൽകി...”

 

“ഒരു ഐക്യ അയർലണ്ട് ആണ് IRAയുടെ എന്നത്തെയും ലക്ഷ്യം” ഡില്ലൻ പറഞ്ഞു. “അതുകൊണ്ടു തന്നെ നോർത്ത് അയർലണ്ട് ബ്രിട്ടീഷ് രാജഭരണത്തിന് കീഴിൽ തുടരുന്നിടത്തോളം കാലം റിപ്പബ്ലിക്കൻ വിഭാഗങ്ങൾക്ക് അവരുടെ പോരാട്ടം തുടരുന്നതിന് ന്യായീകരണം ഉണ്ടാകും

 

"അത് തീർത്തും നിരാശാജനകമാണ്" ഫെർഗൂസൻ പറഞ്ഞു. "അവർ ആർ തന്നെയായാലും അക്രമവും അരാജകത്വവും തുടർന്നു കൊണ്ടുപോകുന്നതിന് എപ്പോഴും ഒരു ന്യായീകരണം കണ്ടെത്തിയിരിക്കും എന്നതാണ് അതിന്റെയർത്ഥം..."

 

“ശരിയാണ്” ഡില്ലൻ തല കുലുക്കി. “ലണ്ടനിൽ എമ്പാടും അവരുടെ സ്ലീപ്പർ സെല്ലുകളുണ്ട് നേതൃത്വത്തിൽ നിന്നും ഒരു നിർദ്ദേശത്തിനായി കാത്തിരിക്കുന്നവർ

 

“അവിടെയാണ് നാം ജാക്ക് കെല്ലിയിലേക്ക് എത്തുന്നത്” റോപ്പർ പറഞ്ഞു. “അറിയപ്പെടുന്ന ഒരു പ്രൊവിഷണൽ IRA പ്രവർത്തകൻ മെയ്സ് പ്രിസണിൽ തടവിൽ കഴിഞ്ഞിരുന്ന അയാളെ സമാധാന ഉടമ്പടിയുടെ ഭാഗമായി മാപ്പു നൽകി വിട്ടയക്കുകയായിരുന്നു ഇനിയിപ്പോൾ എന്താണ് ചെയ്യാൻ കഴിയുക?”

 

“മഴയുള്ള ഒരു രാത്രിയിൽ അയാൾ വീട്ടിലേക്ക് മടങ്ങുന്ന നേരത്ത് തലയിൽ ഒരു വെടിയുണ്ടയങ്ങ് കയറ്റിയാലോ?” ഹോളി ചോദിച്ചു.

 

“IRAയിൽ ആയിരുന്ന കാലത്ത് അയാൾ തന്നെ ഇതുപോലെ എത്ര പേരെ കൊന്നിട്ടുണ്ടാവുമെന്ന് ഞാൻ ആലോചിച്ചു പോകുകയാണ്” സാറ പറഞ്ഞു.

 

“പിന്നെ നമ്മൾ എന്തു ചെയ്യണം?” ഹോളി ചോദിച്ചു. “അറസ്റ്റ് ചെയ്ത് ലോക്കപ്പിലിടാനോ?”

 

“അത് പറ്റില്ല” റോപ്പർ പറഞ്ഞു. “അയാളുടെ അഭിഭാഷകരുടെ മുന്നിൽ പ്രോസിക്യൂഷന് പിടിച്ചു നിൽക്കാനാവില്ല

 

“നിങ്ങളെല്ലാം പറഞ്ഞതിൽ കാര്യമില്ലാതില്ല” ഫെർഗൂസൻ പറഞ്ഞു. “സാറാ, നിങ്ങളുടെ വാദവും ശരിയാണ്... പക്ഷേ, കൊലപാതകം നമ്മുടെ ജോലിയുടെ ഭാഗമാണെന്ന കാര്യം മറക്കരുത്... എന്തായാലും ഇപ്പോൾ നാം ഒന്നും ചെയ്യുന്നില്ല... റോപ്പർ, നിങ്ങൾ വലിയ ബുദ്ധിമാനാണല്ലോകെല്ലിയുടെ വരവും പോക്കും അടക്കം സകല നീക്കങ്ങളും നിരീക്ഷിക്കാൻ ഒരു മാർഗ്ഗം കണ്ടെത്തുക എന്നത് നിങ്ങളുടെ ചുമതലയാണ്

 

“അതത്ര എളുപ്പമുള്ള കാര്യമല്ല” മില്ലർ പറഞ്ഞു. “എൻക്രിപ്റ്റഡ് മൊബൈൽ ആയിരിക്കും കെല്ലി ഉപയോഗിക്കുന്നത്

 

റോപ്പർ ചുമൽ വെട്ടിച്ചു. “വീ വിൽ സീ എന്തെങ്കിലും ഒരു മാർഗ്ഗം മുന്നിൽ തെളിയാതിരിക്കില്ല

 

“നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പോയിക്കിടന്ന് ഉറങ്ങിയേനെ ഇപ്പോൾ” ഹാരി മില്ലർ പറഞ്ഞു.

 

“ഹാരീ, ഇവിടെയിപ്പോൾ പ്രഭാതഭക്ഷണത്തിനുള്ള സമയമാണ്” റോപ്പർ കോൾ കട്ട് ചെയ്തു.

 

ടി.വി സ്ക്രീൻ ബ്ലാങ്ക് ആയതും ഫെർഗൂസൻ പിറകോട്ട് ചാരിക്കിടന്നു. നിമിഷങ്ങൾക്കകം അദ്ദേഹം നിദ്രയിലാണ്ടു. ഹോളി എഴുന്നേറ്റ് ഏറ്റവും പിറകിലത്തെ നിരയിൽ ഇരിക്കുകയായിരുന്ന സാറയുടെ അരികിലെ സീറ്റിൽ ചെന്ന് ഇരുന്നു.

 

“എന്താ, ക്ഷീണിച്ചോ?” അദ്ദേഹം ചോദിച്ചു.

 

“എങ്ങനെ ക്ഷീണിക്കാതിരിക്കും” അവൾ പറഞ്ഞു.

 

“അത്രയ്ക്കും സംഭവബഹുലമായിരുന്നല്ലോ ഇന്ന്” ഹോളി പറഞ്ഞു.

 

“വല്ലാത്ത അസ്വസ്ഥത തോന്നുന്നു ഡാനിയൽ ഒപ്പം ഭയവും

 

മങ്ങിയ വെട്ടത്തിൽ ഹോളി പുഞ്ചിരിച്ചു. “എന്തെങ്കിലും ഒരു പരിഹാരം കണ്ടെത്തണം അതിന്

 

അവരുടെ തൊട്ടുമുന്നിലെ സീറ്റിൽ ഇരിക്കുകയായിരുന്ന ഡില്ലൻ പരാതിയെന്നോണം പിറുപിറുത്തു. “ദൈവത്തെയോർത്ത്, ആ പെൺകുട്ടിയ്ക്ക് ഒരു മുത്തവും കൊടുത്ത് ശുഭരാത്രിയും നേർന്ന് ഒന്ന് അവസാനിപ്പിക്കാമോ ഡാനിയൽ? ഉറങ്ങണ്ടേ നമുക്ക്?”

 

സാറ പുഞ്ചിരിച്ചുകൊണ്ട് ഹോളിയുടെ കാതിൽ മന്ത്രിച്ചു. “സീ യൂ ഇൻ ദി മോണിങ്ങ്

 

ബ്ലാങ്കറ്റ് കൊണ്ട് കാൽമുട്ടുകൾ മൂടിയ ശേഷം കണ്ണുകൾ അടച്ച് അവൾ പിറകോട്ട് ചാഞ്ഞു. അല്പനേരം അവളെത്തന്നെ നോക്കിയിരുന്ന ഹോളി തനിക്ക് എന്ത് മാറ്റമാണ് സംഭവിക്കുന്നത് എന്ന് ആശ്ചര്യപ്പെടുകയായിരുന്നു. പിന്നെ അദ്ദേഹവും കണ്ണുകൾ അടച്ചു.

 

ഇപ്പോൾ വിമാനത്തിന്റെ എഞ്ചിനുകളുടെ മുരൾച്ച മാത്രം. കോക്ക്പിറ്റിന്റെ ഡോർ തുറന്ന് എത്തിനോക്കിയ പ്യാരി ലൈറ്റുകൾ അല്പം കൂടി ഡിം ചെയ്തു.

 

ഡില്ലൻ ഉറങ്ങിയിരുന്നില്ല. ചാരിക്കിടന്നുകൊണ്ട് അന്നത്തെ സംഭവങ്ങൾ എല്ലാം ഒന്നു കൂടി വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. സാറാ ഗിഡിയൻ എന്ന സുന്ദരിയായ യുവതി അവളുടെ സാമീപ്യം ഹോളിയെ കാര്യമായിത്തന്നെ സ്വാധീനിച്ചിരിക്കുന്നു പക്ഷേ, അത്തരം ഒരു ബന്ധത്തിന് പറ്റിയ ജോലിയല്ല അവരുടേത് എന്തു ചെയ്യാം, കഷ്ടം എന്നല്ലാതെ എന്ത് പറയാൻ

 

അദ്ദേഹം നോർത്ത് അയർലണ്ടിലെ അൾസ്റ്ററിൽ നടക്കുന്ന പുതിയ സംഭവവികാസങ്ങളെക്കുറിച്ച് വിശകലനം ചെയ്യുവാൻ തുടങ്ങി. അവിടെ എന്നും ഇങ്ങനെ തന്നെയായിരുന്നു. തെരുവുകളിൽ വെടിയൊച്ച മുഴങ്ങിയാലേ IRA ഗ്രൂപ്പുകൾക്ക് സംതൃപ്തി വരികയുള്ളൂ. കൊലപാതകങ്ങൾ വീണ്ടും ആരംഭിച്ചിരിക്കുന്നു. ജാക്ക് കെല്ലിയുടെ ഉദ്ദേശ്യം എന്താണ്? തന്റെ ഏകമകനെ അയാൾക്ക് നഷ്ടമായത് ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ടാണ്. വർഷങ്ങളോളം ജയിലിൽ കഴിഞ്ഞതും ഭീകര പ്രവർത്തനം കൊണ്ടു തന്നെ.

 

“ദൈവമേ” ഡില്ലൻ മന്ത്രിച്ചു. “ഇതിനോടകം കുറച്ചെങ്കിലും ബോധം അയാൾക്ക് വന്നിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതിയിരുന്നത്

 

ഈ ലോകത്ത്, ക്ഷമിക്കുവാനുള്ള കഴിവ് ഒരാൾക്ക് പോലും ഇല്ല എന്നതാണ് വാസ്തവം. മുമ്പൊരിക്കൽ സിയോൺ ഗ്യാലറിയിൽ വച്ച് ജീൻ ടാൽബട്ടിനെ കണ്ടുമുട്ടിയ ആ ദിനം അദ്ദേഹത്തിന്റെ ഓർമ്മയിലെത്തി. അവരുടെ മകനെ വധിക്കേണ്ടി വന്നതിനെക്കുറിച്ച് വിശദീകരിച്ചപ്പോൾ യോജിക്കാതിരിക്കാനായില്ല അവർക്ക്. എങ്കിലും തന്നോട് ക്ഷമിക്കുവാൻ തയ്യാറായിരുന്നില്ല അവർ. മാത്രവുമല്ല, തന്നെ വകവരുത്തുവാനായി ഒരു വാടകക്കൊലയാളിയെ ഏർപ്പാടാക്കിയിട്ടുള്ള കാര്യവും അവർ പറഞ്ഞു. ധനികർക്ക് മാത്രം ലഭിക്കുന്ന ഒരു സൗകര്യമാണ് അതെന്നും അന്ന് അവർ പറഞ്ഞു.

 

അക്കാര്യത്തിൽ ഒന്നും തന്നെ ചെയ്യാനില്ല. തന്നെ വധിക്കുവാനായി വർഷങ്ങളായി പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇബിസിയിലെ കാളപ്പോരിന്റെ ദിനങ്ങൾ അദ്ദേഹത്തിന്റെ ഓർമ്മയിലെത്തി. ഗേറ്റ് തുറക്കുമ്പോൾ കലിതുള്ളി പുറത്തേക്ക് പാഞ്ഞു വരുന്ന കാളക്കൂറ്റന്മാർ. എല്ലാം ദൈവനിശ്ചയം പോലെ എന്നാണ് കാളകളുമായി മല്ല് പിടിക്കുന്ന പോരാളികൾ പറയാറുള്ളത്.  ഇതിലും നന്നായി തന്റെ ജീവിതത്തെ വിവരിക്കുന്ന വാക്കുകൾ വേറെയില്ല എന്ന് ഡില്ലന് തോന്നി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Wednesday, July 8, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 12

കോർണറിലെ മേശയ്ക്ക് ഇരുവശവുമായി അവർ ഇരുന്നു. അല്പനേരം കഴിഞ്ഞതും അവൾക്കുള്ള മാർട്ടിനി കോക്ടെയ്ലും അദ്ദേഹത്തിനുള്ള ലാർജ് വോഡ്കയുമായി വെയ്റ്റർ എത്തി. അവൾ തന്റെ ഗ്ലാസ് എടുത്തു.




 “ഒരുത്തനെയും നിങ്ങൾ ജീവനോടെ വിടില്ല അല്ലേ?” സാറ ചോദിച്ചു.

 

“ശല്യക്കാരെ അന്നേരം തന്നെ തീർത്തേക്കണം” ഹോളി പറഞ്ഞു. “ആ പിസ്റ്റളുമായി വന്നവനെ നീ നേരിട്ട രീതി വച്ച് നോക്കിയാൽ എന്റെ ആവശ്യം അവിടെ ഉണ്ടായിരുന്നില്ലെന്ന് തോന്നി

 

“ഐകിഡോയിൽ ബ്ലാക്ക് ബെൽറ്റുണ്ട് എനിയ്ക്ക് പിന്നെ, നിങ്ങളെക്കുറിച്ചുള്ള ഒരു ഏകദേശ രൂപം ജൈൽസ് റോപ്പർ എനിയ്ക്ക് തന്നിരുന്നു കേട്ടോ

 

“അതുശരി അപ്പോൾ എന്റെ ഭൂതകാലമൊക്കെ മനസ്സിലാക്കിയിട്ടുണ്ടല്ലേ?”

 

“തീർച്ചയായും മാത്രമല്ല, ഹോളണ്ട് പാർക്കിനെക്കുറിച്ചും” അവൾ പറഞ്ഞു. “അവിടെ എന്തൊക്കെയാണ് ജോലി എന്നതിനെക്കുറിച്ചെല്ലാം നന്നായി പഠിച്ചു റോപ്പർ എനിയ്ക്ക് ഫുൾ ആക്സസ് തന്നിരുന്നു

 

“അദ്ദേഹം അങ്ങനെയാണ്

 

“എന്നെ ആക്രമിക്കാൻ വന്ന ആ മനുഷ്യനില്ലേ” അവൾ മാർട്ടിനി എടുത്ത് ഒന്ന് മൊത്തി. “അയാൾ ശരിയ്ക്കും ഭയന്നു പോയി അതുപോലുള്ള പ്രഹരമല്ലേ നിങ്ങൾ അയാൾക്ക് കൊടുത്തത്

 

“അവനത് ആവശ്യമായിരുന്നു” അദ്ദേഹം വോഡ്കയെടുത്ത് റഷ്യൻ സ്റ്റൈലിൽ ഒറ്റയടിയ്ക്ക് നല്ലൊരളവ് ഉള്ളിലേക്കിറക്കി. അദ്ദേഹത്തിന്റെ വാക്കുകൾക്കായി അവൾ ആകാംക്ഷയോടെ കാത്തിരുന്നു. “വർഷങ്ങൾക്ക് മുമ്പ് ഒരു സംഭവമുണ്ടായി അതിന് ശേഷം ഏതെങ്കിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നത് കണ്ടാൽ പ്രതികരിക്കാതിരിക്കാൻ സാധിക്കാതെയായി എനിയ്ക്ക്

 

“നിങ്ങളുടെ ചരിത്രം വായിച്ചത് വച്ച് നോക്കുമ്പോൾ ഒരു സംശയവുമില്ല അക്കാര്യത്തിൽ

 

“വെൽ, അപ്പോൾ പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ” ഹോളി പറഞ്ഞു. “ഇനി എന്തെങ്കിലും അറിയാനുണ്ടോ എന്നെക്കുറിച്ച്?”

 

“കേണൽ ഗ്രാന്റിനൊപ്പം ഡാൻസ് ചെയ്യുന്ന എന്നെ നിങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നത് ഞാൻ കണ്ടിരുന്നു നിങ്ങളുടെ മുഖത്ത് ആശ്ചര്യഭാവമായിരുന്നു

 

അദ്ദേഹം ചുമൽ വെട്ടിച്ചു. “ഓ, അത് യൂണിഫോം ധരിച്ച ഇത്രയും സുന്ദരിയായ ഒരു വനിതയെ ഞാൻ കാണുന്നത് വർഷങ്ങൾക്ക് ശേഷമാണ്

 

അവൾ പുഞ്ചിരിച്ചു. “അപ്പോൾ ഒരു വനിതയെ എങ്ങനെ സന്തോഷിപ്പിക്കാം എന്ന് നിങ്ങൾക്ക് നല്ല വശമുണ്ടല്ലേ ഡാനിയൽ?”

 

“ഇല്ല അങ്ങനൊയൊന്നുമില്ല എന്റെ ജോലി എത്തരത്തിലുള്ളതാണെന്ന് അറിയാമല്ലോ പ്രണയബന്ധങ്ങൾക്കൊന്നും സമയമുണ്ടായിരുന്നില്ല ഇന്ന് ഇന്നത്തെ കാര്യം നാളെ എന്നൊന്ന് ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ലാത്ത ജീവിതം മനസ്സിലാകുന്നുണ്ടോ ഞാൻ പറയുന്നത്? നിന്റെ കാര്യം എങ്ങനെയാണ്?”

 

“എന്റെ ജീവിതത്തിലേക്ക് ചുഴിഞ്ഞിറങ്ങുകയാണെങ്കിൽ നിങ്ങൾക്ക് മനസ്സിലാവും കഴിഞ്ഞ പത്തു വർഷം ഒന്നിനു പിറകെ ഒന്നായി നശിച്ച യുദ്ധങ്ങളോടൊപ്പമായിരുന്നു എന്റെ ജീവിതം ബോസ്‌നിയയിൽ വച്ച് ഒരു ചെറുപ്പക്കാരനുമായി ഞാൻ അടുപ്പം പുലർത്തിയിരുന്നു പക്ഷേ, ഒരു സെർബിയൻ ഷാർപ് ഷൂട്ടറുടെ വെടിയേറ്റ് അവൻ കൊല്ലപ്പെട്ടു അതിന് ശേഷം ഇറാക്കിൽ വച്ച് ഒരു മേജറുമായി ഞാൻ അടുപ്പത്തിലായി അയാളുടെ ഗതിയും മറ്റൊന്നായിരുന്നില്ല താലിബാൻ ആയിരുന്നു കൊലപാതകത്തിന് പിന്നിൽ എന്ന് മാത്രം

 

“പിന്നീടാണ് അഫ്ഗാനിസ്ഥാനിൽ എത്തിയതല്ലേ?”

 

“അതെ പഷ്തു, പാഴ്സി ഭാഷകൾ അറിയാവുന്നത് കൊണ്ട് ആ രാജ്യത്ത് ഒരുപാട് സഞ്ചരിച്ചു” വിഷാദത്തോടെ അവൾ ഒന്ന് പുഞ്ചിരിച്ചു. “ഞാൻ പോകുന്നിടത്തെല്ലാം മരണം എന്നെ പിന്തുടരുന്നത് പോലെ തോന്നി

 

“അബുസാനിലേക്കുള്ള യാത്രയിൽ മരണം നിന്നെ ഏതാണ്ട് പിടികൂടിയതായിരുന്നു എന്ന് തന്നെ പറയാം” അദ്ദേഹം പുഞ്ചിരിച്ചു. “ഇതെല്ലാം ഒരു സിനിമയാക്കുവാൻ ആരെങ്കിലും മുതിർന്നാൽ നിന്റെ റോൾ അഭിനയിക്കാൻ നിന്നെക്കാൾ കഴിവുള്ള ആരും തന്നെയുണ്ടാവില്ല

 

“അപ്പോൾ എന്റെ മാനേജരായി നിങ്ങളും ഉണ്ടാവണം, ഡാനിയൽ

 

“ഇതിപ്പോൾ രണ്ടാം വട്ടമാണ് നീ എന്നെ ഡാനിയൽ എന്ന് വിളിക്കുന്നത് ഇത്രയ്ക്കും അടുപ്പം തോന്നാൻ കാരണം…?” അദ്ദേഹം അവളുടെ ചുമലിന് മുകളിലൂടെ വാതിൽക്കലേക്ക് നോക്കി. ചാൾസ് ഫെർഗൂസൻ, ഹാരി മില്ലർ, ഷോൺ ഡില്ലൻ എന്നിവർ കേണൽ ജോസഫ് ലെർമോവിനൊപ്പം ബാറിലേക്ക് പ്രവേശിക്കുകയായിരുന്നു അപ്പോൾ. “ആരൊക്കെയാണ് എത്തിയിരിക്കുന്നതെന്ന് നോക്കൂ

 

മിലിട്ടറി യൂണിഫോമിന് പകരം ഒരു നാടൻ സ്യൂട്ടും നീല ഷർട്ടും ബ്രൗൺ ടൈയും ആണ് റഷ്യക്കാരനായ ലെർമോവ് ധരിച്ചിരുന്നത്. അദ്ദേഹം മുന്നോട്ട് വന്ന് ഡാനിയൽ ഹോളിയെ ആലിംഗനം ചെയ്തു.

 

“ഐ മസ്റ്റ് സേ യൂ ആർ ലുക്കിങ്ങ് വണ്ടർഫുൾ, ഡാനിയൽ” എന്നിട്ട് അദ്ദേഹം സാറയെ നോക്കി. “ഇതല്ലേ മിടുമിടുക്കിയായ ക്യാപ്റ്റൻ സാറാ ഗിഡിയൻ?” അവളുടെ കരം കവർന്ന് ആ കൈപ്പടത്തിൽ അദ്ദേഹം മുത്തം നൽകി. “എ ഗ്രേറ്റ് ഓണർ ആൻഡ് പ്രിവിലേജ്, വൺ സോൾജർ റ്റു അനദർ

 

“ടോട്ടൽ വാർ എന്ന പുസ്തകത്തിന്റെ രചയിതാവായ കേണൽ ലെർമോവിൽ നിന്നുള്ള ഈ അഭിനന്ദനം എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഇത്” സ്ഫുടതയുള്ള റഷ്യൻ ഭാഷയിൽ അവൾ മൊഴിഞ്ഞു.

 

അദ്ദേഹം പുഞ്ചിരിച്ചു. “ഒരു ബഹുഭാഷാ പണ്ഡിത എന്ന വിശേഷണം തീർത്തും യോജിക്കുന്നു നിങ്ങൾക്ക് അയാം ഇംപ്രസ്ഡ്

 

എല്ലാവരും ആസനസ്ഥരാകവെ മില്ലർ കോഫി ഓർഡർ ചെയ്തു. ഫെർഗൂസൻ സാറയുടെ അരികിലാണ് ഇരുന്നത്. “ഇന്നെന്തോ അടിപിടി ഉണ്ടായെന്ന് കേട്ടല്ലോ മൈ ഡിയർ സെക്യൂരിറ്റിയാണ് പറഞ്ഞത് CCTV ക്യാമറയിൽ നിന്നെ കണ്ടു

 

“ഞാനുമത് കണ്ടിരുന്നു ഡാനിയൽ” ഡില്ലൻ ഹോളിയോട് പറഞ്ഞു. “നിങ്ങൾ പതിവ് ഫോമിലായിരുന്നല്ലോ ആ ബാസ്റ്റർഡുകൾക്ക് അർഹിക്കുന്നത് തന്നെ കിട്ടി

 

“ഞാനും അതിനോട് യോജിക്കുന്നു” കേണൽ ലെർമോവ് പറഞ്ഞു. “സത്യം പറയാമല്ലോ, സൈബീരിയയിലെ സ്റ്റേഷൻ ഗോർക്കി ജയിലിൽ ഒരു വർഷത്തെ തടവിന് ഇരുവരെയും വിടണമെന്നായിരുന്നു എന്റെ ആഗ്രഹം നിർഭാഗ്യവശാൽ എന്റെ അധികാര പരിധിയിൽ പെടാത്ത സ്ഥലമായിപ്പോയി ഇത്

 

“അവർക്കിനി എന്ത് സംഭവിക്കും?” സാറ ചോദിച്ചു.

 

“ഹോട്ടൽ മാനേജ്മെന്റുമായി ഞങ്ങൾ സംസാരിച്ചിരുന്നു അപമര്യാദയായി പെരുമാറിയ അവരെ ശരിയ്ക്കും ഭീഷണിപ്പെടുത്തിയിട്ടുണ്ട് മാത്രവുമല്ല ഇരുവർക്കും അവിടെ ആജീവനാന്തം വിലക്കേർപ്പെടുത്തുകയും ചെയ്തു കാലിനിടയിൽ വാലും തിരുകിയാണ് ഇരുവരും സ്ഥലം വിട്ടത്  

 

“അവർക്ക് ഭാഗ്യമുണ്ടെന്നേ ഞാൻ പറയൂ” ഹോളി പറഞ്ഞു. “ന്യൂയോർക്ക് പൊലീസിനെ ഏല്പിച്ചിരുന്നെങ്കിൽ ശരിയ്ക്കും പണി കിട്ടുമായിരുന്നു ആ ഡെറിഞ്ചർ പിസ്റ്റൾ കൈവശം വച്ചതിന്

 

“എന്തായാലും കഴിഞ്ഞത് കഴിഞ്ഞു” ഫെർഗൂസൻ പറഞ്ഞു. “വെൽക്കം റ്റു ദി ക്ലബ്, സാറാ, ഗ്ലാഡ് റ്റു ഹാവ് യൂ ഓൺ ബോർഡ് കൺഗ്രാജുലേഷൻസ് റ്റു യൂ, ഡില്ലൻ ആൻഡ് ഹോളി അമിറ്റി വിഷയം നിങ്ങൾ ഭംഗിയായിത്തന്നെ കൈകാര്യം ചെയ്തു വെടിയേറ്റുവെങ്കിലും നമ്മൾ കരുതിയത് പോലെ മർഫി കൊല്ലപ്പെട്ടിരുന്നില്ല ബുള്ളറ്റ്പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നുവെന്ന് വേണം കരുതാൻ പിന്നീട് തിരിച്ചെത്തിയ അയാളെ അപ്പാർട്ട്മെന്റിന് സമീപത്ത് വച്ച് ആരോ കുത്തിക്കൊല്ലുകയാണുണ്ടായത് മർഫിയുമായി ബിസിനസിൽ ഏർപ്പെട്ടിരുന്നവർ ആരായാലും ശരി, അയാൾ വായ് തുറക്കരുതെന്ന് നിർബന്ധമുള്ളവരായിരുന്നു

 

“അയാൾ ധരിച്ചിരുന്ന ആ വെസ്റ്റിന്റെ ഗുണനിലവാരം ഗംഭീരം തന്നെ എന്റെ വെടിയേറ്റ് അയാൾ ഈസ്റ്റ് റിവറിലേക്ക് വീഴുന്നത് ഞാൻ കണ്ടതാണ്” ഡില്ലൻ പറഞ്ഞു.

 

"അതേ... പക്ഷേ പ്രധാനപ്പെട്ട കാര്യം, നിങ്ങൾ കണ്ടെത്തിയ ആ ഐറിഷ് ബന്ധവും ജാക്ക് കെല്ലിയുടെ സാന്നിദ്ധ്യവും തന്നെയാണ്" കോഫി കൊണ്ടുവന്ന് വച്ചിട്ട് വെയ്റ്റർ പോയതും ഫെർഗൂസൻ തുടർന്നു. “നിങ്ങൾ ഒരു പക്ഷേ വിചാരിക്കുന്നുണ്ടാവും, ബ്രൂക്ക്‌ലിനിൽ വച്ച് നമ്മൾ നടത്തിയ നിയമവിരുദ്ധമായ ഇടപെടലുകളെക്കുറിച്ച് കേണൽ ലെർമോവിന്റെ സാന്നിദ്ധ്യത്തിൽ സംസാരിക്കുന്നത് എന്തിനാണെന്ന്” അദ്ദേഹം ലെർമോവിന് നേർക്ക് തിരിഞ്ഞു. “താങ്കളുടെ അഭിപ്രായം എന്താണ് ജോസഫ്?”

 

“പറയാം ചാൾസ്” കേണൽ ലെർമോവ് തന്റെ കണ്ണട ഊരി ഹാൻഡ്കർച്ചീഫ് കൊണ്ട് തുടച്ചു. “ശീതയുദ്ധത്തിന്റെ കാലത്ത് നാം ബദ്ധവൈരികളായിരുന്നു എന്നാൽ ആഗോള ഭീകരവാദം കൊടികുത്തി വാഴുന്ന ഈ കാലത്ത് നാം പരസ്പരം സഹായിച്ചില്ലെങ്കിൽ ഏറ്റവും വലിയ മണ്ടത്തരമായിരിക്കും അത് ഇക്കാര്യത്തിൽ വ്ലാഡിമിർ പുടിനും എന്നോട് യോജിപ്പാണ്” അദ്ദേഹം ഹോളിയുടെ നേർക്ക് തിരിഞ്ഞു. “കഴിഞ്ഞ വർഷം ചെച്നിയയിൽ വച്ച് പുടിനെ വധിക്കാനുള്ള അൽ ഖ്വയ്ദയുടെ പദ്ധതി തകർക്കാൻ കഴിഞ്ഞത് നിങ്ങൾ തന്ന ഇൻഫർമേഷൻ കൊണ്ട് മാത്രമായിരുന്നു ഡാനിയൽ അദ്ദേഹമത് ഒരിക്കലും മറക്കില്ല

 

“അദ്ദേഹം അത് മറന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു” ഹോളി പറഞ്ഞു.

 

ഫെർഗൂസൻ അത് കേട്ടില്ല എന്ന് നടിച്ചു. “നമുക്ക് ഇപ്പോൾ പൊതുവായ താല്പര്യങ്ങളാണ് ഉള്ളത് അധികം വൈകാതെ വീണ്ടും നമുക്ക് കാണാം തൽക്കാലം ഞങ്ങൾ വിട പറയുകയാണ് ഇന്ന് രാത്രിയിലുള്ള ഫ്ലൈറ്റിന് ഞങ്ങളെല്ലാവരും ലണ്ടനിലേക്ക് പറക്കുകയാണ്

 

ലെർമോവിന് ഹസ്തദാനം നൽകിയിട്ട് ഫെർഗൂസൻ വാതിലിന് നേർക്ക് നടന്നു. എല്ലാവരും അദ്ദേഹത്തെ അനുഗമിച്ചു. അവരോടൊപ്പം നടക്കവെ ഹോളി സാറയുടെ കൈയിൽ തന്റെ കരം കോർത്തു. “ഇങ്ങനെയൊക്കെയാണോ നിങ്ങളുടെ മീറ്റിങ്ങ് എല്ലായ്പ്പോഴും?” അവൾ ചോദിച്ചു.

 

“മിക്കപ്പോഴും” അത് പറഞ്ഞിട്ട് ഡില്ലൻ തിരിഞ്ഞ് അവരെ നോക്കി. എന്നിട്ട് പുഞ്ചിരിച്ചു. “നിങ്ങൾ ഇരുവരും ഇതിന് മുമ്പ് എവിടെയോ വച്ച് കണ്ടുമുട്ടിയിട്ടുണ്ടെന്ന് തോന്നുന്നു?”

 

അവർ പുറത്തെ ഇരുട്ടിലേക്ക് നടന്നു നീങ്ങി.  

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...