Tuesday, May 26, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 06

അദ്ധ്യായം – രണ്ട്

 

വാഷിങ്ങ്ടൺ

 

വിയറ്റ്നാം യുദ്ധത്തിലും സീക്രട്ട് സർവീസിലും സ്തുത്യർഹ സേവനം അനുഷ്ഠിച്ചിട്ടുള്ള ബ്ലെയ്ക്ക് ജോൺസൻ ആയിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പേഴ്സണൽ സെക്യൂരിറ്റി അഡ്വൈസർ. വൈറ്റ് ഹൗസിൽ ഒരു പ്രമുഖ സ്ഥാനം ഉണ്ടായിരുന്നു അയാൾക്ക്. വർഷങ്ങളായിട്ടുള്ള പരിചയമാണ് ചാൾസ് ഫെർഗൂസനും ഹാരി മില്ലറും ആയി അയാൾക്കുള്ളത്.

 

ലിമോസിന്റെ പിൻസീറ്റിൽ അവർക്കരികിലേക്ക് കയറിയിരുന്ന അയാൾ ഡ്രൈവർ ക്യാബിന്റെ വിൻഡോ വലിച്ചടച്ചു. “നിങ്ങളെ ഇരുവരെയും കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല…” അയാൾ പറഞ്ഞു. “ഈയിടെയായി കാര്യങ്ങളുടെ പോക്ക് അത്ര സുഖകരമല്ല… നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി എങ്ങനെ മാനേജ് ചെയ്യുമായിരുന്നു എന്നോർത്ത് ഞാൻ അത്ഭുതപ്പെടുന്നു…”

 

“ഓ, അതൊക്കെ അദ്ദേഹം മാനേജ് ചെയ്തോളുമെന്നതിൽ എനിക്ക് ഉറപ്പുണ്ട്...” ഫെർഗൂസൻ പറഞ്ഞു. “എന്നിരുന്നാലും ഏത് പ്രതിസന്ധി ഘട്ടവും കൈകാര്യം ചെയ്യാൻ എന്റെ ടീം എപ്പോഴും സന്നദ്ധമാണെന്നത് വാസ്തവമാണ്…”

 

“നിങ്ങൾ ഇടപെടുന്നതോടെ മൊത്തം അലങ്കോലമായിരിക്കുമെന്ന് മാത്രം…” ഹാരി മില്ലർ കളിയാക്കി. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും ബ്രിട്ടീഷ്  അണ്ടർസെക്രട്ടറിയുമായിരുന്നു ഹാരി മില്ലർ.

 

“വെൽ, അലങ്കോലമാക്കുന്നതൊക്കെ നിങ്ങളല്ലേ…?” ഫെർഗൂസനും വിട്ടുകൊടുത്തില്ല. “വേറെ പണിയൊന്നും ഇല്ലാത്തപ്പോൾ, പ്രശ്നക്കാരായ എം.പി.മാരെ ഭയപ്പെടുത്തി വരുതിയിലാക്കുക തുടങ്ങി എന്തെല്ലാം കളികൾ…”

 

“ഇതെല്ലാം മൊത്തം അതിശയോക്തിയാണ് കേട്ടോ…” ബ്ലെയ്ക്കിനോട് മില്ലർ പറഞ്ഞു. “എന്തായാലും, ഞങ്ങൾ ഒരുക്കിയിരിക്കുന്ന സെക്യൂരിറ്റി അറേഞ്ച്മെന്റുകളിൽ പ്രസിഡന്റ് സന്തുഷ്ടനാണെന്ന് കരുതുന്നു… ലണ്ടനിലേക്കുള്ള അദ്ദേഹത്തിന്റെ ഹ്രസ്വസന്ദർശനം അല്പം കൂടി നീട്ടിയിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആശിച്ചുപോകുന്നു… സാരമില്ല, ഈ ചുരുങ്ങിയ സമയത്ത് പാരീസും ബെർലിനും കൂടി സന്ദർശിക്കാനുള്ളതാണല്ലോ…”

 

"മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനിടയിൽ ഇതും കൂടി ശ്രദ്ധിക്കുവാൻ അദ്ദേഹത്തിന് സമയം കിട്ടുന്നുവെന്നത് തന്നെ വിസ്മയകരമാണ്." ഫെർഗൂസൻ പറഞ്ഞു.

 

“അൽ ഖ്വയ്ദയാണെങ്കിൽ വിവിധ രാഷ്ട്രങ്ങളിലെ തലസ്ഥാനങ്ങളിൽ ആക്രമണം അഴിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തുകയാണ്…” മില്ലർ പറഞ്ഞു. “ബിൻ ലാദനെ വധിച്ചതിന് പകരം വീട്ടുവാൻ…”

 

“വരുന്നത് പോലെ വരട്ടെ എന്നു പറഞ്ഞ് കൈയും കെട്ടി നോക്കിയിരിക്കാനാവില്ല നമുക്ക്…” ഫെർഗൂസൻ പറഞ്ഞു. “ശക്തമായ നടപടികൾ സ്വീകരിച്ചേ മതിയാവൂ… ഇതിന്റെയൊക്കെ പിന്നിലുള്ളവരെ കണ്ടെത്തി ഉന്മൂലനം ചെയ്യുക തന്നെ വേണം…”

 

“വെൽ, ഈ വിഷയം തന്നെയാണ് പ്രസിഡന്റിന് നിങ്ങളോട് ചർച്ച ചെയ്യാനുള്ളതും…” ബ്ലെയ്ക്ക് ജോൺസൻ പറഞ്ഞു. “അടിയന്തര സന്ദർഭങ്ങളിൽ അടിച്ചമർത്തലുകൾ നടത്തുന്നതിനോട് അദ്ദേഹത്തിനും യോജിപ്പാണെന്ന് നിങ്ങൾക്കറിയാമല്ലോ… എങ്കിലും സാദ്ധ്യമായ ഇടങ്ങളിലെല്ലാം സമാധാന ചർച്ചകൾക്കാണ് അദ്ദേഹം പ്രാധാന്യം കല്പിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാവും…”

 

“എന്ന് വച്ചാൽ എന്താണർത്ഥം…?” ഫെർഗൂസൻ പുരികം ചുളിച്ചു.

 

മില്ലർ ഒരു തടയിടാനെന്നോണം ഫെർഗൂസന്റെ കാൽമുട്ടിൽ കൈ വച്ചു. “പ്രസിഡന്റിന് എന്താണ് പറയാനുള്ളതെന്ന് നോക്കാം നമുക്ക്…”

 

ജനറൽ ഫെർഗൂസനും അതിനോട് യോജിച്ചു. “അതെ, തീർച്ചയായും… അദ്ദേഹം പറയുന്നത്  കേൾക്കുക തന്നെ വേണം…”

 

                                                       ***

 

വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ആ വലിയ കോഫീ ടേബിളിന് ഒരു വശത്ത് പ്രസിഡന്റും ബ്ലെയ്ക്ക് ജോൺസനും എതിർവശത്ത് ഫെർഗൂസനും മില്ലറും ഇരുന്നു. പ്രസിഡന്റിന്റെ പിന്നിൽ അദ്ദേഹത്തിന്റെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥൻ എല്ലാം സസൂക്ഷ്മം വീക്ഷിച്ചു കൊണ്ട് നിന്നു.

 

“ലണ്ടൻ, പാരീസ്, ബെർലിൻ, ബ്രസ്സൽസ് – നാലു ദിവസം നീളുന്ന സന്ദർശനം…” പ്രസിഡന്റ് പറഞ്ഞു. “എങ്കിലും ലണ്ടനിലെ ചടങ്ങിലേക്കാണ് ഞാൻ ഉറ്റുനോക്കുന്നത്… പ്രത്യേകിച്ചും പാർലിമെന്റിലെ സ്വീകരണം…”

 

“മഹത്തായ ഒരു ദിനമായിരിക്കും അത്, മിസ്റ്റർ പ്രസിഡന്റ്…” ഫെർഗൂസൻ പറഞ്ഞു. “താങ്കളുടെ സന്ദർശനം പ്രമാണിച്ച് സെക്യൂരിറ്റി സിസ്റ്റം ആകെ ഉടച്ചു വാർത്തിട്ടുണ്ട്… മേജർ മില്ലർ ആണ് അതിന്റെ കോ-ഓർഡിനേറ്റർ…”

 

“യെസ്… നിങ്ങളുടെ റിപ്പോർട്ട് ഞാൻ കണ്ടിരുന്നു… എല്ലാം വളരെ ഭംഗിയായിത്തന്നെ ചെയ്തിരിക്കുന്നു… നിങ്ങളുടെ ആ അഫ്ഗാനിസ്ഥാൻ റിപ്പോർട്ടിനെക്കുറിച്ചാണ് എനിക്ക് കൂടുതൽ അറിയേണ്ടത്… മിർബാത്തിൽ വച്ച് നമ്മുടെ സൈന്യത്തിന് നേർക്കുണ്ടായ ആ ആക്രമണത്തെ കുറിച്ച്… അനേകം ജീവനുകളാണ് അതിൽ നമുക്ക് നഷ്ടപ്പെട്ടത്… ബ്രിട്ടീഷ് പൗരത്വമുള്ള കുറേ മുസ്ലീങ്ങൾ താലിബാന്റെ ഉന്നത സ്ഥാനങ്ങളിൽ വിരാജിക്കുന്നുണ്ടെന്ന നിങ്ങളുടെ ഊഹം ശരിയാണെന്ന് തോന്നുന്നു…”

 

“യെസ് മിസ്റ്റർ പ്രസിഡന്റ്…”

 

“അതത്ര നല്ല കാര്യമല്ല… അവരെ നയിച്ചിരുന്ന വ്യക്തി ഒരു വാർ ഹീറോയും ആയുധക്കച്ചവട രംഗത്ത് ഏറ്റവും പേരുകേട്ട സ്ഥാപനത്തിന്റെ ചെയർമാനും ആയിരുന്നുവെന്ന കാര്യം വിശ്വസിക്കാനാവുന്നില്ല…”

 

“യുദ്ധക്കൊതിയനായ ഒരു ചെറുപ്പക്കാരനായിരുന്നു ടാൽബട്ട്…” മില്ലർ പറഞ്ഞു. “താലിബാന് അനധികൃതമായി അയാൾ ആയുധങ്ങൾ സപ്ലൈ ചെയ്തിരുന്നത് കമ്മീഷന് വേണ്ടിയായിരുന്നു… എന്നാൽ അൽ ഖ്വയ്ദ അയാളെ ബ്ലാക്ക്മെയിൽ ചെയ്യുന്ന അവസ്ഥയിലേക്ക് പിന്നീട് അത് എത്തുകയാണുണ്ടായത്…”

 

“ഞങ്ങളുടെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ, ഐറിഷ് തീരത്തിന് സമീപം ടാൽബട്ടിന്റെ വിമാനം കടലിൽ തകർന്ന് വീഴുമ്പോൾ ഡില്ലന്റെ വെടിയുണ്ട അയാളുടെ ശരീരത്തിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും മരണകാരണം അതായിരുന്നില്ല…” ഫെർഗൂസൻ ചുമൽ ഒന്ന് വെട്ടിച്ചു. “തന്റെ കുടുംബത്തിന്റെ പേര് സംരക്ഷിക്കാൻ നടത്തിയ ആത്മഹത്യയായിരുന്നു അത്…”

 

“അപ്പോൾ ടാൽബട്ടിന്റെ അൽ ഖ്വയ്ദ ബന്ധത്തെക്കുറിച്ച് അയാളുടെ മാതാവിന് ഒന്നും അറിയില്ലായിരുന്നുവെന്നാണോ…?”

 

“ഇല്ല, അവർക്ക് അറിയില്ലായിരുന്നു… കമ്പനിയുടെ ഭൂരിഭാഗം ഓഹരികളുടെയും ഉടമ എന്ന നിലയ്ക്കാണ് അവർ ഇപ്പോൾ അതിന്റെ ചെയർപേഴ്സൺ ആയി മാറിയത്…”

 

“അപ്പോൾ ലോകത്തിന്റെ കണ്ണിൽ, അയാൾ കൊല്ലപ്പെട്ടത് ഒരു വിമാനാപകടത്തിൽ, അല്ലേ…?”

 

“അതെ…” ഫെർഗൂസൻ പറഞ്ഞു. “പക്ഷേ, അൽ ഖ്വയ്ദയ്ക്ക് സത്യാവസ്ഥ അറിയാം… എങ്കിലും അത് സമ്മതിക്കുന്നത് അവർക്ക് നാണക്കേടാണ്… ഇങ്ങനെയൊരു കഥ ആരും വിശ്വസിക്കില്ല എന്നത് വേറെ കാര്യം…”

 

“അതിന് ദൈവത്തിന് നന്ദി… ഒപ്പം ഇത്തരം പ്രശ്നങ്ങൾ വളരെ ഭംഗിയായി പരിഹരിക്കുന്ന നിങ്ങളുടെ ടീമിനും… പ്രത്യേകിച്ചും ഷോൺ ഡില്ലനും ഡാനിയൽ ഹോളിയ്ക്കും… അൾജീരിയൻ വിദേശകാര്യ മന്ത്രി, ഹോളിയ്ക്ക് ഒരു ഡിപ്ലോമാറ്റിക്ക് പാസ്പോർട്ട് നൽകി എന്ന് കേട്ടല്ലോ…”

 

“നമ്മളെപ്പോലെ തന്നെ അൾജീരിയൻ ഗവണ്മന്റും അൽ ഖ്വയ്ദയെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്…” ഫെർഗൂസൻ പറഞ്ഞു. “ആ പാസ്പോർട്ട് ഒരു വിലയേറിയ ആസ്തി തന്നെയാണ് അയാൾക്ക്…”

 

“ഷോൺ ഡില്ലനെപ്പോലെ തന്നെ യുവത്വത്തിൽ പ്രൊവിഷണൽ IRAയുടെ ഒരു മെമ്പറായിരുന്നു ഹോളിയും… തീവ്രവാദത്തിലൂടെയും അക്രമത്തിലൂടെയും വളർന്നവർ… അത്തരം പ്രവൃത്തികളിലൂടെ മാത്രമേ പ്രതിസന്ധികൾ തരണം ചെയ്യാനാവൂ എന്ന ചിന്തയായിരിക്കാം അവരെ നയിക്കുന്നത്…” പ്രസിഡന്റ് പറഞ്ഞു.

 

“അന്താരാഷ്ട്ര തീവ്രവാദം എന്നത് നമ്മുടെ കാലഘട്ടത്തിലെ മഹാവിപത്താണ്, മിസ്റ്റർ പ്രസിഡന്റ്… മതതീവ്രവാദികളാണ് ഇതിന്റെയൊക്കെ പിന്നിൽ… ക്യാൻസർ പോലെയാണത്… പടരുന്നതിന് മുമ്പേ തന്നെ മുറിച്ചു മാറ്റണം…” ഫെർഗൂസൻ പറഞ്ഞു.

 

“നിങ്ങൾക്കറിയാമല്ലോ ജനറൽ, ബലപ്രയോഗത്തിന് ഞാൻ എതിരല്ല…” പ്രസിഡന്റ് പറഞ്ഞു. “പക്ഷേ, എല്ലാവരെയും കൊല്ലുക എന്നത് പ്രായോഗികമല്ല… തീവ്രചിന്താഗതിയുള്ളവരുമായി ചർച്ചകൾ നടത്തി ഒരു സമവായത്തിൽ എത്തുക എന്നത് മാത്രമാണ് സമാധാനത്തിനുള്ള പോംവഴി… ഒസാമ ഇല്ലാതായതോടെ അത്തരം ഒരു സമീപനവുമായി മുന്നോട്ട് നീങ്ങിയാൽ പ്രതീക്ഷിക്കാൻ ഏറെയുണ്ട്…”

 

“ഞാൻ യോജിക്കുന്നു…” ഫെർഗൂസൻ പറഞ്ഞു. “പക്ഷേ, അക്രമത്തിൽ മാത്രം വിശ്വസിക്കുന്ന, തങ്ങളുടെ അഭിപ്രായങ്ങളോട് വിയോജിക്കുന്നവരെയെല്ലാം ബോംബ് വച്ച് കൊല്ലുന്നവരെ എന്തു ചെയ്യണം…? പടരുന്നതിന് മുമ്പ് ഡില്ലനെയും ഹോളിയെയും പോലുള്ളവരെ ഉപയോഗിച്ച് ആ തീ തല്ലിക്കെടുത്തുന്നതല്ലേ അഭികാമ്യം…?”

 

“എന്നാലും ഇത്തരം പ്രവൃത്തികളെ നമുക്ക് ന്യായീകരിക്കാൻ പറ്റുമോ…?” പ്രസിഡന്റ് ചോദിച്ചു.

 

“യുദ്ധാനന്തരം 1947ൽ ഓട്ടോ സ്കോർസെനി എന്ന മിടുക്കനായ ഒരു ജർമ്മൻ കമാൻഡോ ലീഡറുടെ മേൽ യുദ്ധക്കുറ്റം ചുമത്തപ്പെട്ടു…” ഫെർഗൂസൻ പറഞ്ഞു. “തന്റെ കീഴിലുള്ള സൈനികരെ അമേരിക്കൻ യൂണിഫോം അണിയിച്ച് ശത്രുനിരയെ ആക്രമിക്കാൻ അയച്ചു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം… പിടിക്കപ്പെട്ട ഭൂരിഭാഗം പേരെയും അമേരിക്കൻ സൈന്യം വെടിവെച്ചു കൊന്നു…”

 

“നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത്…?”

 

“അധിനിവേശ ഫ്രാൻസിൽ ചാരപ്രവർത്തനം നടത്തിയിരുന്ന ബ്രിട്ടീഷ് സീക്രട്ട് സർവീസിലെ ഒരു പ്രമുഖ ഏജന്റായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന സാക്ഷി… സമാനമായ നിരവധി ദൗത്യങ്ങൾ താനും നടത്തിയിട്ടുണ്ടെന്ന് അയാൾ മൊഴി നൽകി… ജർമ്മൻ യൂണിഫോം ധരിച്ച ബ്രിട്ടീഷ് സൈനികരെ യുദ്ധനിരയിലേക്കയച്ച് ജർമ്മൻ സൈനികരെ വകവരുത്തിയിരുന്നുവത്രെ… ശത്രുരാജ്യത്തിലെ ഉന്നത സൈനികോദ്യോഗസ്ഥരെ വധിക്കുവാൻ ഈ മാർഗ്ഗമാണ് അയാളുടെ മേധാവികൾ തെരഞ്ഞെടുത്തിരുന്നതെന്ന് അയാൾ വെളിപ്പെടുത്തി. ഒരു യുദ്ധക്കുറ്റവാളിയായിട്ടാണ് ഓട്ടോ സ്കോർസെനിയെ കോടതി കാണുന്നതെങ്കിൽ താനും അതേ കുറ്റം ചെയ്തിട്ടുണ്ടെന്ന് അയാൾ കോടതിയെ ബോധിപ്പിച്ചു…”

 

അല്പനേരത്തേക്ക് അവിടെങ്ങും മൗനം നിറഞ്ഞു. “എന്നിട്ട് എന്തായിരുന്നു കോടതിവിധി…?” പ്രസിഡന്റ് ചോദിച്ചു.

 

“കോടതി കേസ് തള്ളി… സ്കോർസെനിയെ വെറുതെ വിട്ടു…”

 

ഒരു നീണ്ട മൗനത്തിന് ശേഷം പ്രസിഡന്റ് ചോദിച്ചു. “പിന്നെ എന്താണിതിന് ഒരു പരിഹാരം…?”

 

“നാം ഇപ്പോൾ അഭിമുഖീകരിക്കുന്നത് ഒരു വൃത്തികെട്ട കളിയാണ്…” മില്ലർ പറഞ്ഞു. “മറുപക്ഷം കളിക്കുന്ന അതേ വൃത്തികെട്ട കളി നമ്മളും കളിക്കുക എന്നത് മാത്രമാണ് അതിജീവനത്തിനുള്ള ഏകമാർഗ്ഗം… എന്റെ ഇരുപത് വർഷത്തെ സൈനിക ജീവിതം എന്നെ പഠിപ്പിച്ചത് അതാണ്… പ്രത്യേകിച്ചും ഐറിഷ് കലാപകാലത്തെ അനുഭവങ്ങൾ…”

 

പ്രസിഡന്റ് ഒരു ദീർഘശ്വാസമെടുത്തു. “അമേരിക്കയുടെ പ്രസിഡന്റ് പദവിയിൽ ഞാൻ എത്തിയത് തെറ്റായ കാലഘട്ടത്തിലാണെന്ന് തോന്നുന്നു… ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ… എന്താണ് ചെയ്യാൻ പറ്റുക എന്ന് നോക്കട്ടെ…” അദ്ദേഹം എഴുന്നേറ്റ് കൈകൾ നീട്ടി. “താങ്ക് യൂ ഫോർ കമിങ്ങ്, ജെന്റിൽമെൻ… വീ വിൽ മീറ്റ് എഗെയ്‌ൻ ഓൺ ഫ്രൈഡേ…”

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, May 15, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 05

ലണ്ടൻ


ഓവെൻ റഷീദ് ടെറസ്സിലെ ഷെയ്ഡിന് കീഴെ നിന്ന് താഴേക്ക് നോക്കി. രാവേറെയായിട്ടും നിരത്തിൽ വാഹനങ്ങളുടെ തിരക്കൊഴിഞ്ഞിട്ടില്ല. മഴ പെയ്തുകൊണ്ടേയിരിക്കുന്നു. ഹൈഡ് പാർക്ക് ഇരുട്ടിലാണിപ്പോൾ. ലണ്ടൻ എന്നും തന്റെ ഇഷ്ടനഗരമാണ്. പാതി ബ്രിട്ടീഷുകാരനായ താൻ അതിന് നന്ദി പറയേണ്ടത് വെയിൽസ് സ്വദേശിയായ തന്റെ മാതാവിനോടാണ്. ഒമാനിലെ ചെറിയൊരു സംസ്ഥാനമായ റുബാത്തിൽ നിന്നും ലണ്ടനിൽ പഠനത്തിനെത്തിയ തന്റെ പിതാവ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ വച്ച് പരിചയപ്പെട്ട അവരെ വിവാഹം കഴിക്കുകയായിരുന്നു. ഒരു ഡോക്ടറുടെ മകളായ അവർ പ്രസവ സമയത്ത് മരണമടഞ്ഞു.

 

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ എണ്ണ ഖനനത്തിൽ അത്രയൊന്നും മുൻപന്തിയിൽ ആയിരുന്നില്ല റുബാത്ത്. എങ്കിലും റഷീദ് ഓയിൽ കമ്പനിയുടെ വരുമാനം അവിടുത്തെ ജനതയുടെ ജീവിതം സന്തുഷ്ടമാക്കി. സുൽത്താൻ ഇബ്രാഹിം റഷീദ് ആയിരുന്നു കമ്പനിയുടെ ചെയർമാൻ. അദ്ദേഹത്തിന്റെ അനന്തരവനായ ഓവെൻ റഷീദ് കമ്പനിയുടെ CEO യും. ലണ്ടനിലെ മേഫെയർ ഓഫീസിൽ ഇരുന്നുകൊണ്ട് അയാൾ കമ്പനിയുടെ മേൽനോട്ടം വഹിച്ചു. നാല്പത്തിയഞ്ച് കഴിഞ്ഞെങ്കിലും അവിവാഹിതനായി തുടരുന്ന അയാൾ എന്തുകൊണ്ടും സന്തുഷ്ടനായിരുന്നു.

 

അൽ ഖ്വയ്ദയുടെ ശൃംഖലയിൽ ചെന്നുപെട്ടതായിരുന്നു ഓവെൻ റഷീദ് ചെയ്ത ഏറ്റവും വലിയ തെറ്റ്. ഒരു ജിഹാദിയോ മതവിഷയങ്ങളിൽ താല്പര്യമുള്ള വ്യക്തിയോ ആയിരുന്നില്ല അയാൾ. റഷീദ് ഓയിൽ എന്ന തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ചയ്ക്ക് ഗുണകരമാകും എന്ന കണക്കുകൂട്ടലിലാണ് അങ്ങനെയൊരു സാഹസത്തിന് അയാൾ തുനിഞ്ഞത്. ഹാർദ്ദമായി സ്വാഗതം ചെയ്യപ്പെട്ട അയാൾ വലിയൊരു കുടുക്കിലാണ് താൻ അകപ്പെട്ടിരിക്കുന്നതെന്ന് ക്രമേണ മനസ്സിലാക്കി. അൽ ഖൈയ്ദയുടെ വലയിൽപ്പെട്ട മറ്റെല്ലാവരെയും എന്നപോലെ ആജ്ഞകൾ അനുസരിക്കുക എന്നത് മാത്രമായിരുന്നു അയാളുടെയും നിയോഗം.

 

അൽ ഖ്വയ്ദ ഇപ്പോൾ അയാളെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം ടാൽബട്ട് ഇന്റർനാഷണലിന്റെ ചെയർപേഴ്സൺ ആയ ജീൻ ടാൽബട്ടിന്റെ വിശ്വാസം ആർജ്ജിച്ച് സ്വാധീനിക്കുക എന്നതാണ്. കൊല്ലപ്പെടുന്നത് വരെയും അവരുടെ മകൻ അൽ ഖ്വയ്ദയുടെ നിയന്ത്രണത്തിലായിരുന്നു. അൽ  ഖ്വയ്ദ അയാളെ ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നുവെന്ന് വേണം പറയാൻ. അവന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കവെയാണ് അയാൾ അൽ ഖൈയ്ദയുമായി അടുക്കുന്നത്. തന്റെ മകന് അൽ ഖ്വയ്ദയുമായി ബന്ധമുള്ള കാര്യം ജീൻ ടാൽബട്ടിന് അറിയില്ലായിരുന്നു. പക്ഷേ, തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങുവാൻ തക്കം പാർത്തിരിക്കുകയായിരുന്ന പഴയ IRA പ്രവർത്തകനായ ജാക്ക് കെല്ലിയ്ക്ക് അക്കാര്യം അറിയാമായിരുന്നു.

 

ജീൻ ടാൽബട്ടിനെ സന്ധിക്കുവാനായി ഓവെൻ റഷീദ് ബോണ്ട് സ്ട്രീറ്റിലുള്ള സിയോൺ ഗാലറി സന്ദർശിച്ചു. അവർ എത്തുന്നത് വരെ അയാൾ അവരുടെ ചിത്രപ്രദർശനം നടക്കുന്നയിടത്ത് ചുറ്റിത്തിരിഞ്ഞു. അവർ വരച്ച മകന്റെ ചിത്രത്തെ വാനോളം പുകഴ്ത്തി സൗഹൃദം സമ്പാദിച്ച അയാൾ അന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചത് അവരോടൊപ്പം ലണ്ടനിലെ പ്രസിദ്ധമായ ഐവി റെസ്റ്റോറന്റിൽ ആയിരുന്നു.

 

                                                        ***

 

ഓവെൻ റഷീദിനെ ഏല്പിച്ച ദൗത്യം എന്തിനു വേണ്ടി ആയിരുന്നുവെന്നത് അടുത്തിടെ മാത്രമാണ് അൽ ഖ്വയ്ദ നേതൃത്വം അയാളോട് വെളിപ്പെടുത്തിയത്. സൗദി അറേബ്യയിൽ നിന്നും റുബാത്തിന് സമീപമുള്ള ഹസർ എന്ന സ്ഥലത്ത് അവസാനിക്കുന്ന ഒരു സിംഗിൾ ലൈൻ റെയിൽവേ ട്രാക്ക് ഉണ്ടായിരുന്നു. ബാക്കു എന്നായിരുന്നു ആ റെയിൽവേ ലൈൻ അറിയപ്പെട്ടിരുന്നത്. സൗദി അറേബ്യയുടെ തെക്കൻ പ്രദേശത്തെ എണ്ണക്കിണറുകളിൽ നിന്നുള്ള പൈപ്പ് ലൈൻ റെയിൽവേ ലൈനുകളുടെ അരികിലൂടെ കൊണ്ടുപോകുക എന്നതായിരുന്നു താരതമ്യേന എളുപ്പം. വർഷങ്ങളായി നിലനിൽക്കുന്ന കച്ചവട ഉടമ്പടികളെ തുടർന്ന് ബാക്കു ലൈനിന്റെ ഉടമസ്ഥാവകാശം ടാൽബട്ട് ഇന്റർനാഷണൽ കമ്പനിയ്ക്ക് ലഭിച്ചിരുന്നു.

 

ഓവെൻ റഷീദിന്റെ പ്രഥമദൗത്യം ബാക്കു റെയിൽവേ ലൈൻ റുബാത്ത് വഴി യെമനിലേക്ക് നീട്ടുക എന്ന ആശയം ജീൻ ടാൽബട്ടിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുക എന്നതായിരുന്നു. അൽ ഖ്വയ്ദയുടെ ഉദ്ദേശ്യം വളരെ വ്യക്തമായിരുന്നു. തങ്ങളുടെ പറുദീസയായ യെമനിൽ നിന്നും ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലേക്ക് നേരിട്ടുള്ള പ്രവേശനം.

 

എന്നാൽ ജീൻ ടാൽബട്ടിനോട് ഒരു പ്രത്യേക അടുപ്പം അയാൾക്ക് തോന്നിത്തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം. അത് അത്ര നല്ലതിനല്ല എന്ന് അയാൾക്കറിയാമായിരുന്നു. തനിക്ക് ലഭിച്ചിട്ടുള്ള ആജ്ഞകൾ മറക്കാൻ പറ്റില്ല. ഗ്ലാസ് ഉയർത്തിയിട്ട് പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു. “ഇത് നിങ്ങൾക്ക് വേണ്ടി ജീൻ… എന്നെങ്കിലും ഒരു നാൾ നിങ്ങൾ എന്റെയും ചിത്രം വരയ്ക്കുമായിരിക്കും…”

 

                                                       ***

 

അതേ സമയം ന്യൂയോർക്കിൽ, തന്റെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്തിറങ്ങിയ പാട്രിക്ക് മർഫി ടാക്സി പിടിക്കുവാനായി തെരുവിലൂടെ നടക്കുകയായിരുന്നു. സ്യൂട്ട്കെയ്സിൽ വസ്ത്രങ്ങൾ ഒന്നും തന്നെ പാക്ക് ചെയ്തിരുന്നില്ല. വേഗാസിൽ ചെന്നിട്ട് അവിടെ നിന്നും പുതിയ വസ്ത്രങ്ങൾ വാങ്ങാമെന്നായിരുന്നു തീരുമാനം. പെട്ടെന്നാണ് തന്റെ പിന്നിൽ ആരോ എത്തിയത് പോലെ അയാൾക്ക് തോന്നിയത്. ഒരനക്കം പോലും ഇല്ലാതെ ഒരു കത്തിമുന അയാളുടെ വസ്ത്രം തുളച്ച് ദേഹത്ത് മുട്ടി നിന്നു.

 

“വലതു വശത്തെ ആ കെട്ടിടത്തിന്റെ ഗേറ്റിനുള്ളിലേക്ക് കയറിക്കോളൂ…” വളരെ ശാന്തമായിരുന്നു മർഫിയുടെ പിന്നിൽ നിന്നിരുന്ന ആളുടെ സ്വരം.

 

മർഫി അയാൾ പറഞ്ഞത് പോലെ തന്നെ ചെയ്തു. “ദയവ് ചെയ്ത് ഞാൻ പറയുന്നത് കേൾക്കണം… കാഗ്‌നിയാണ് നിങ്ങളെ അയച്ചതെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ല… എന്റെ പക്കൽ പണമുണ്ട്… ധാരാളം പണം… മുഴുവനും എടുത്തോളൂ…”

 

വാരിയെല്ലുകൾക്കിടയിലൂടെ കയറിയ ആ കത്തി ഹൃദയത്തിലാണ് ചെന്ന് നിന്നത്. ആ മനുഷ്യൻ തന്റെ കൈയിലെ സ്യൂട്ട്കെയ്സും എടുത്തുകൊണ്ട് നടന്നകലുന്നത് പോലും അറിയാതെ പാട്രിക്ക് മർഫി അവിടെ മരിച്ചു വീണു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, May 7, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 04

ഡെലിവറി ട്രക്കിൽ ഡില്ലനും ഹോളിയും അവിടെ നിന്നും യാത്ര തിരിച്ച അതേ സമയം തന്നെയാണ് വെള്ളത്തിലൂടെ ഒഴുകിയെത്തിയ പാട്രിക്ക് മർഫി ഏതാണ്ട് ഇരുനൂറ് വാര അകലെയുള്ള ഒരു പാലത്തിന്റെ കാലുകളിൽ തടഞ്ഞ് നിന്നത്. ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ടുകയായിരുന്നു അയാൾ. അവിടെ നിന്നും ഒഴുകിയ അയാൾ നദീതീരത്തെ കൽപ്പടവുകളിൽ ചെന്നടിഞ്ഞു. കഷ്ടപ്പെട്ട് വലിഞ്ഞു കയറിയ അയാൾ കൈവരികൾക്കപ്പുറമുള്ള നടപ്പാതയിൽ കണ്ട ഷെഡ്ഡിലെ ബെഞ്ചിൽ ഇരുന്നു.

 

തണുത്ത് വിറച്ചു തുടങ്ങിയിരുന്ന മർഫി തന്റെ നനഞ്ഞ ജാക്കറ്റും ഷർട്ടും അഴിച്ചു മാറ്റി. അയാൾ ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിപണിയിൽ ലഭ്യമായ ഏറ്റവും മുന്തിയ ഇനമായിരുന്നു. അതിന്റെ വെൽക്രോ ലോക്ക് വേർപെടുത്തി ഊരിയെടുത്ത് ഷർട്ടിന്റെ കൂടെ ചുരുട്ടി നദിയിലേക്ക് എറിഞ്ഞു. ശേഷം ജാക്കറ്റ് എടുത്തണിഞ്ഞ് മഴയത്തു കൂടി അയാൾ തന്റെ വെയർഹൗസ് ലക്ഷ്യമാക്കി നടന്നു.

 

ഡില്ലനും ഹോളിയും അവരുടെ വഴിയ്ക്ക് പോയിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു അയാൾക്ക്. നേരെ വെയർഹൗസിനുള്ളിലേക്ക് കയറിയ അയാൾ തന്റെ ഓഫീസിലേക്ക് ചെന്നു. ശേഷം, ജാക്കറ്റ് ഊരി മാറ്റി കതകിന് പിന്നിൽ കൊളുത്തിയിട്ടിരുന്ന സ്വെറ്റർ എടുത്തണിഞ്ഞു. പിന്നെ, ഓഫീസിന്റെ മൂലയിൽ ചെന്ന് കാർപെറ്റ് ഉയർത്തി അവിടെയുള്ള രഹസ്യ അറ തുറന്നു. അതിനുള്ളിൽ നിന്നും പുറത്തെടുത്ത ലിനൻ ബാഗിൽ നൂറ് ഡോളറിന്റെ ഏതാനും കെട്ടുകളായി മൊത്തം ഇരുപതിനായിരം ഡോളർ ഉണ്ടായിരുന്നു. കബോർഡിൽ നിന്നും എടുത്ത സ്യൂട്ട്കെയ്സിനുള്ളിലേക്ക് ആ പണം നിക്ഷേപിച്ചതിന് ശേഷം ഇനിയെന്ത് എന്ന് ചിന്തിച്ചു കൊണ്ട് അല്പനേരം അയാൾ അവിടെയിരുന്നു.

 

കുറച്ചു ദിവസത്തേക്ക് ഇവിടെ നിന്നും മാറി നിന്നേ പറ്റൂ. ആരും തിരിച്ചറിയാത്ത ജനനിബിഡമായ സ്ഥലമാണ് അഭികാമ്യം. വേഗാസ് ആണ് അതിന് പറ്റിയ ഇടം. പക്ഷേ, അതിന് മുമ്പ് സകല പഴുതുകളും അടച്ചിട്ട് വേണം പോകാൻ. ഒരു പക്ഷേ, ന്യൂയോർക്കിലേക്ക് തിരികെ വരേണ്ടി വന്നാലോ… അയാൾ ഫോൺ എടുത്ത് ഡയൽ ചെയ്തു. അപ്പുറത്ത് റിസീവർ എടുത്തതും മർഫി പറഞ്ഞു. “ചെറിയൊരു പ്രശ്നമുണ്ട് മിസ്റ്റർ കാഗ്‌നീ…”

 

“എന്താണത്…?”

 

“ബിസിനസുമായി ബന്ധപ്പെട്ട് ഒരാളെ എന്റെയടുത്തേക്ക് അയച്ചിരുന്നില്ലേ…? അൾസ്റ്റർ സ്വദേശിയായ ഒരു മിഹേൽ ഫ്ലിന്നിനെ…?”

 

“അതെ… എന്നിട്ടെന്ത് സംഭവിച്ചു…?”

 

“ഗ്രിംഷാ എന്ന് സ്വയം പരിചയപ്പെടുത്തി ഒരു കക്ഷി എന്റെയടുത്ത് വന്നിരുന്നു… ആയുധങ്ങളുടെ ഒരു ഷിപ്പ്മെന്റ് കൊസോവോയിലേക്ക് അയയ്ക്കണമെന്ന ആവശ്യവുമായി… പക്ഷേ, യഥാർത്ഥത്തിൽ അയാൾക്ക് അറിയേണ്ടിയിരുന്നത് അമിറ്റിയെക്കുറിച്ചായിരുന്നു… ആരായിരുന്നു അതിന്റെ പിന്നിൽ എന്ന്…”

 

“എന്നിട്ട് മിഹേൽ ഫ്ലിന്നിനെക്കുറിച്ച് നിങ്ങൾ അയാളോട് പറഞ്ഞോ…?”

 

“അതെ, പറയേണ്ടി വന്നു… അയാളും അയാളോടൊപ്പം ഉണ്ടായിരുന്ന ആളും കൂടി ഇവാനെ കൊന്നു… സത്യം പറഞ്ഞില്ലെങ്കിൽ എന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി… എന്തായാലും നിങ്ങളുടെ കക്ഷിയുടെ പേര് ഫ്ലിൻ എന്നായിരുന്നില്ല… ജാക്ക് കെല്ലി എന്നായിരുന്നു… ഒരു ദിവസം എന്റെ ലാൻഡ് ഫോൺ ഉപയോഗിക്കവെ അയാൾ പറയുന്നത് കേട്ടതാണ്…”

 

“നിർഭാഗ്യം എന്നല്ലാതെ എന്തു പറയാൻ… അതു പോട്ടെ, നിങ്ങളെ ഭീഷണിപ്പെടുത്തിയ ആ രണ്ടു പേർ ആരായിരുന്നുവെന്ന് വല്ല രൂപവുമുണ്ടോ…?”

 

“ഒരാൾ ന്യൂയോർക്ക് പൊലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു… പേര് ഡില്ലൻ… അൾസ്റ്റർ ചുവയുണ്ടായിരുന്നു അയാളുടെ സംസാരത്തിൽ… മറ്റേയാൾ ഒരു ഇംഗ്ലീഷുകാരനായിരുന്നു… ഹോളി എന്നായിരുന്നു പേര്…”

 

“തങ്ങളുടെ യഥാർത്ഥ പേരുകൾ വെളിപ്പെടുത്തിയ അവർ മണ്ടന്മാർ തന്നെ…”

 

“മണ്ടന്മാരായതു കൊണ്ടല്ല… എന്നെ വകവരുത്താനായിരുന്നു അവരുടെ പ്ലാൻ… മരണത്തിന്റെ വക്കിൽ ഞാൻ എത്തിയതുമാണ്… പ്രൊവിഷണൽ IRA യിലെ അംഗങ്ങളണെന്നാണ് അവർ അവകാശപ്പെട്ടത്… നിങ്ങളുടെ കക്ഷി ഫ്ലിൻ അഥവാ കെല്ലി അതല്ല ഇനി പേര് വേറെന്തോ ആയിക്കോട്ടെ, അയാൾക്ക് ഇവരെക്കുറിച്ച് എന്തെങ്കിലും അറിയാൻ സാദ്ധ്യതയുണ്ടാകുമെന്ന് ഞാൻ കരുതി…”

 

“മുന്നറിയിപ്പ് തന്നതിന് നന്ദി, പാട്രിക്ക്…” കാഗ്‌നി പറഞ്ഞു. “നിങ്ങളിനി എന്ത് ചെയ്യാനാണ് പോകുന്നത്…?”

 

“എത്രയും പെട്ടെന്ന് ന്യൂയോർക്കിൽ നിന്നും പുറത്ത് കടക്കണം…”

 

“പിന്നെ നിങ്ങളെ എങ്ങനെയാണ് ഞാൻ കോൺടാക്റ്റ് ചെയ്യുക…?”

 

“അത് ഞാൻ അറിയിക്കാം…”

 

മർഫി റിസീവർ ക്രാഡിലിൽ വച്ചിട്ട് സ്യൂട്ട്കെയ്സ് എടുത്ത് പുറത്തു കടന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും തന്റെ ഫോർഡ് സെഡാൻ കാറിൽ അയാൾ കോർട്ട്‌യാർഡിൽ നിന്നും റോഡിലേക്ക് തിരിഞ്ഞു.

 

                                                    ***

 

അല്പനേരം കഴിഞ്ഞതും ലിയം കാഗ്‌നി ഫോൺ എടുത്ത് നോർത്തേൺ അയർലണ്ടിലെ കൗണ്ടി ഡൗൺ കിൽമാർട്ടിനിൽ ഉള്ള ജാക്ക് കെല്ലിയ്ക്ക് ഡയൽ ചെയ്തു. അറുപതുകാരനായ കാഗ്‌നി അമേരിക്കൻ പൗരത്വമുള്ള ഐറിഷ് വംശജനും ധനികനും സ്റ്റോക്ക് ബ്രോക്കറുമായിരുന്നു.

 

“ജാക്ക്, ഇത് ലിയം ആണ്…” അപ്പുറത്ത് റിസീവർ എടുത്തതും കാഗ്‌നി പറഞ്ഞു. “ഒരു പ്രശ്നമുണ്ട്…”

 

“എന്താണത്…?”

 

“അമിറ്റിയെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് രണ്ടുപേർ മർഫിയുടെ അടുത്ത് എത്തിയിരുന്നു… ഒരു ഡില്ലനും ഹോളിയും… ഈ പേരുകൾ പരിചയമുണ്ടോ നിങ്ങൾക്ക്…?”

 

“മൈ ഗോഡ്, തീർച്ചയായും… പ്രൊവിഷണൽ IRA യുടെ പ്രവർത്തകരായിരുന്നു അവർ… കൂറുമാറിയ അവർ ഇപ്പോൾ ബ്രിട്ടീഷ് ഇന്റലിജൻസിലെ ചാൾസ് ഫെർഗൂസണോടൊപ്പമാണ് പ്രവർത്തിക്കുന്നത്… എന്നിട്ട് മർഫി എന്ത് പറഞ്ഞു അവരോട്…?”

 

“അയാളുടെ സഹായിയായ ഇവാനെ അവർ കൊന്നുകൊളഞ്ഞുവത്രെ… ഭാഗ്യത്തിനാണ് അയാൾ രക്ഷപെട്ടതെന്നും… ഫോൺ ചെയ്തപ്പോൾ നിങ്ങൾ യഥാർത്ഥ പേര് പറഞ്ഞത് അയാൾ കേട്ടിരുന്നുവെന്നും…”

 

കെല്ലി സ്വയം ശപിച്ചു. “അത് അപകടമാണെന്ന് എനിക്കറിയാമായിരുന്നു… പക്ഷേ, വേറെ വഴിയില്ലായിരുന്നു… അയാളപ്പോൾ ഒളിവിൽ പോകാനുള്ള തയ്യാറെടുപ്പിലാണല്ലേ…? അതത്ര നല്ല കാര്യമല്ല… അയാൾ എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന് പറയാൻ പറ്റില്ല…”

 

“ഡോണ്ട് വറി… അക്കാര്യം ഞാനേറ്റു… അയാൾ എങ്ങോട്ടും പോകാൻ പോകുന്നില്ല…”

 

“അത് നന്നായി… ഞങ്ങളുടെ ആവശ്യങ്ങൾക്ക് നിങ്ങൾ വളരെയേറെ സഹായിച്ചിട്ടുണ്ട് ലിയം… പിന്നെ, ഡില്ലനെയും ഹോളിയെയും കുറിച്ചുള്ള വിവരങ്ങൾ തന്നതിന് നന്ദി… അവർ ഇവിടെ എത്തുകയാണെങ്കിൽ സ്വീകരണം കൊടുക്കുവാൻ ഞങ്ങൾ റെഡിയാണ്… അവരുടെ കാര്യം തീർപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു… ടേക്ക് കെയർ, ഓൾഡ് ഫ്രണ്ട്…”

 

കൗണ്ടി ഡൗണിലെ ഒരു വലിയ ബംഗ്ലാവ് ആയ ടാൽബട്ട് പ്ലേസിലെ തന്റെ ഓഫീസിലായിരുന്നു അപ്പോൾ അയാൾ. ആ എസ്റ്റേറ്റിന്റെ മാനേജർ പദവിയാണ് അയാൾ വഹിച്ചിരുന്നത്. ഒരു നിമിഷം ചിന്തിച്ചിരുന്നിട്ട് അയാൾ ഡ്രോ തുറന്ന് തന്റെ എൻക്രിപ്റ്റഡ് മൊബൈൽ ഫോൺ പുറത്തെടുത്ത് ഒരു നമ്പർ അമർത്തി.

 

കുറേ നേരം റിങ്ങ് ചെയ്തിട്ടും അപ്പുറത്ത് പ്രതികരണമൊന്നും ഇല്ലാത്തതിനാൽ കോൾ കട്ട് ചെയ്യാൻ ഒരുങ്ങവെയാണ് ഫോണിലൂടെ ആ സ്വരം എത്തിയത്. “ഓവെൻ റഷീദ്…”

 

“ദിസ് ഈസ് കെല്ലി, ഓവെൻ… ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം…”

 

റഷീദിന്റെ ലണ്ടനിലുള്ള ആ ആഡംബര ഫ്ലാറ്റ് വളരെ വലുതായിരുന്നു. തന്റെ ടൈ അഴിച്ചു മാറ്റി അയാൾ പാർക്ക് ലെയ്നിനെ അഭിമുഖീകരിക്കുന്ന ജാലകത്തിനരികിലേക്ക് ചെന്നു. “പറയൂ, എന്താണ് പ്രശ്നം…?”

 

കാര്യങ്ങൾ എല്ലാം വിശദീകരിച്ചിട്ട് ജാക്ക് കെല്ലി പറഞ്ഞു. “സോറി എബൗട്ട് ദിസ്…”

 

“സാരമില്ല, നിങ്ങളുടെ കുറ്റമല്ലല്ലോ…” റഷീദ് തന്റെ ഗ്ലാസിലേക്ക് ബ്രാണ്ടി പകർന്നു. “ഡില്ലനും ഹോളിയും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു എന്നത് അത്ര നല്ല വാർത്തയല്ല… എന്നാലും എനിക്ക് മാനേജ് ചെയ്യാവുന്നതേയുള്ളൂ… അവർ എന്തെങ്കിലും സാഹസത്തിന് തുനിയുകയാണെങ്കിൽ വിവരം തരുവാൻ എനിക്ക് ആൾക്കാരുണ്ട്…”

 

“നിങ്ങളുടെ നെറ്റ്‌വർക്ക് എന്നും എന്നെ അതിശയിപ്പിക്കുന്നു, ഓവെൻ…”

 

“എന്റെയല്ല ജാക്ക്… അൽ ഖൈയ്ദയുടെ… ബിൻ ലാദൻ കൊല്ലപ്പെട്ടുവെങ്കിലും ലോകമാസകലം വേരുകളുള്ള ഒരു സംഘടനയാണത്… സമൂഹത്തിന്റെ എല്ലാ തട്ടുകളിലും ഞങ്ങൾക്ക് ആളുകളുണ്ട്… ഹോട്ടലിൽ ഭക്ഷണം വിളമ്പുന്ന വെയ്റ്റർ മുതൽ ന്യൂയോർക്കിലെ സെനറ്റർ വരെ… പാക്കിസ്താനിലെ അസംതൃപ്തനായ പോലീസ് ചീഫ് മുതൽ ഏതെങ്കിലും അറബ് രാജ്യത്തെ മന്ത്രി വരെ… അല്ലെങ്കിൽ എന്നും പ്രഭാതത്തിൽ ഞാൻ ജോഗിങ്ങിന് ഇറങ്ങുന്നതും ആരെയൊക്കെയാണ് കാണുന്നതെന്നും സ്ഥിരമായി വീക്ഷിച്ചുകൊണ്ടിരിക്കുന്ന ലണ്ടൻ ഹൈഡ് പാർക്കിലെ വിനീതനായ പരിപാലകൻ… മൊബൈൽ ഫോൺ ഉള്ള ഇന്നത്തെ കാലത്ത് എന്തിനും ഏതിനും ഒരു കോളിന്റെ ആവശ്യമല്ലേയുള്ളൂ…”

 

“പക്ഷേ, ഞാനതിൽ അത്ര സന്തുഷ്ടനല്ല…” കെല്ലി പറഞ്ഞു.

 

“ശരിയാണ്, ബുദ്ധിസ്ഥിരതയുള്ള ആർക്കും അത് എത്രത്തോളം സുരക്ഷിതമാണെന്നതിൽ സംശയമുണ്ടാകും… ആട്ടെ, മിസ്സിസ് ടാൽബട്ട് അവിടെയുണ്ടോ…?”

 

“ഇല്ല, ഇന്നലെയാണ് ഒരു സ്വകാര്യ വിമാനത്തിൽ അവർ ലണ്ടനിലേക്ക് പോയത്…”

 

“ഓകെ… അവരെ ഇവിടെ വച്ച് ഞാൻ കണ്ടോളാം… പിന്നെ, ഡില്ലൻ, ഹോളി, മർഫി എന്നിവരെക്കുറിച്ചോർത്ത് വിഷമിക്കണ്ട… വീ വിൽ സോർട്ട് ഇറ്റ്… എങ്കിലും, ഇക്കാര്യം അബുവിനെ ഒന്ന് അറിയിക്കുന്നത് നന്നായിരിക്കും…”

 

“അയാളിപ്പോൾ എവിടെയാണ്…?”

 

“എന്റെയറിവിൽ വസീറിസ്ഥാനിലാണ്… അയാൾ വെറും സന്ദേശവാഹകൻ മാത്രമാണ്, ജാക്ക്… മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുകയും, ഇവിടെ നിന്നുള്ള വിവരങ്ങൾ തിരികെ കൈമാറുകയും ചെയ്യുന്ന ഒരാൾ… ചിലപ്പോൾ അയാൾ ഇവിടെ ലണ്ടനിൽത്തന്നെ ഉണ്ടായിരിക്കാം… പക്ഷേ, എനിക്ക് സംശയമാണ്…”

 

“അതെന്താ അങ്ങനെ പറഞ്ഞത്…?”

 

“അയാൾക്ക് പല രഹസ്യങ്ങളും അറിയാം… അതുകൊണ്ട് തന്നെ പിടിക്കപ്പെടാതിരിക്കാൻ കഴിയുന്നതും അവർ ശ്രദ്ധിക്കും… വെള്ളമോ ടോയ്‌ലറ്റോ ഇല്ലാത്ത ഏതെങ്കിലും ഒരു മൺകുടിലിൽ വസീറിസ്ഥാനിൽത്തന്നെ ഉണ്ടാകും എന്ന് ഞാൻ പറയുന്നതിന്റെ കാരണവും അതാണ്… ഒരു എൻക്രിപ്റ്റഡ് ഫോൺ മാത്രം മതിയല്ലോ ആവശ്യത്തിന്… നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ തീർച്ചയായും അയാളെ ഇപ്പോൾ വിളിച്ചേനെ…”

 

“ഓകെ… ഞാൻ വിളിക്കാം…” കെല്ലി ഫോൺ ഡിസ്കണക്റ്റ് ചെയ്തു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...