Friday, June 26, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 10

സമയം വൈകിട്ട് ഏഴര ആയിരിക്കുന്നു. ബുഷ്മിൽസ് വിസ്കിയും ആസ്വദിച്ചുകൊണ്ട് പിയറിലെ ബാറിൽ ഒരു മൂലയ്ക്ക് ഇരിക്കുകയാണ് ഷോൺ ഡില്ലൻ. കറുപ്പു നിറമുള്ള വെൽ‌വെറ്റ് കോർഡുറോയ് സ്യൂട്ട് ആണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. അപ്പോഴാണ് ഡാനിയൽ ഹോളി അങ്ങോട്ട് എത്തുന്നത്. ഭംഗിയായി തയ്പ്പിച്ച മിഡ്നൈറ്റ് ബ്ലൂ നിറത്തിലുള്ള സിംഗിൾ ബ്രെസ്റ്റഡ് സ്യൂട്ടും സ്നോ വൈറ്റ് ഷർട്ടും നീല വരകളുള്ള ടൈയും ആണ് വേഷം.

 

“ഡാനിയൽ, നിങ്ങളെ കണ്ടിട്ട് വിസ്കിയുടെ പരസ്യത്തിലെ നായകനെപ്പോലുണ്ട് ഗംഭീരം ആട്ടെ, നമ്മുടെ പുതിയ അസോസിയേറ്റ് എവിടെ?”

 

വെയ്റ്ററെ വിളിച്ച് ഐസിട്ട ഒരു വോഡ്ക കൊണ്ടുവരുവാൻ ഹോളി ആവശ്യപ്പെട്ടു. “ഞാൻ അവളുടെ റൂമിലേക്ക് ചെല്ലുവാൻ നോക്കി പക്ഷേ, അവൾ വിശ്രമിക്കുകയാണെന്നാണ് ഡ്യൂട്ടി മാനേജർ പറഞ്ഞത് സാരമില്ല, റോപ്പെർ അവളുടെ ഡീറ്റെയ്‌ൽസ് ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്

 

“എല്ലാ വിവരങ്ങളും ഉണ്ടോ?”

 

“പതിവ് പോലെ ഐഡന്റിറ്റി കാർഡിന്റെ ഫോട്ടോസ് അതിന്റെ കാര്യം പറയേണ്ടതില്ലല്ലോ അത്തരം ഫോട്ടോസ് കണ്ടാൽ ആണായാലും പെണ്ണായാലും ഒരു പ്രിസൺ ഓഫീസർ ആണെന്നേ തോന്നുകയുള്ളൂ പിന്നെ, അവളുടെ തലമുടിയ്ക്ക് ചുവപ്പ് നിറമാണ്

 

“ആഹാ, എങ്കിൽ അതൊന്ന് കാണേണ്ടത് തന്നെയാണല്ലോ” ഡില്ലൻ പറഞ്ഞു. “ചുവന്ന മുടി എനിക്കിഷ്ടമാണ്

 

“പിന്നെ, അസാധാരണമായ ഒരു കാര്യം പരിക്ക് പറ്റിയ കാലിന് ഹാർഡ്‌ലി കോർട്ടിൽ വച്ച് അവൾ ഫിസിയോതെറാപ്പി ട്രീറ്റ്മെന്റ് എടുക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ഞാൻ കണ്ടു

 

“അത് ആർമി റീഹാബിലിറ്റേഷൻ സെന്റർ അല്ലേ?” ഡില്ലൻ ചോദിച്ചു.

 

“അതെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ഒരു കാഴ്ച്ചയായിരുന്നു അത്

 

“അവളുടെ ജനന തീയതി ഏതാണ്?”

 

“സെപ്റ്റംബർ നാല്

 

“വിർഗോ” ഡില്ലൻ തലയാട്ടി. “അസ്ട്രോളജി പ്രകാരം സ്ത്രീരൂപത്തിലുള്ള  ഒരേയൊരു രാശിയാണത്അത്തരക്കാരെ കണ്ടാൽ പുറമേ ശാന്തരെന്ന് തോന്നും പക്ഷേ അവർക്കും ആഴമുള്ള ചിന്തകളും വികാരങ്ങളുമുണ്ടായിരിക്കും... നിങ്ങളാണെങ്കിൽ ലിയോ ആണ് ചൊവ്വയും ശുക്രനും വിപരീത ദിശയിലാണ്. അതുകൊണ്ട് സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ മാത്രമായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക..."

 

“വളരെ നന്ദി ഷോൺ ഉപകാരപ്രദമായ ഈ അറിവിന് പ്രത്യേകിച്ചും പ്രണയബന്ധത്തിന് ഒട്ടും താല്പര്യമില്ലാത്ത ഒരാളെന്ന നിലയിൽ

 

“സാറാ ഗിഡിയനെക്കുറിച്ച് റോപ്പെർ എന്താണ് നിങ്ങളോട് പറഞ്ഞത്?”

 

“ഹോളണ്ട് പാർക്കിലെ പുതിയ ജോലിയെക്കുറിച്ച് അവൾ തെല്ല് അസ്വസ്ഥയാണത്രെ പിന്നെ, അബൂസാനിലെ പ്രകടനത്തിന് ഒരു മിലിട്ടറി ക്രോസ് മെഡലിന് അവൾ അർഹയായിട്ടുണ്ടെന്നും അബുസാൻ ആക്രമണത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം വായിച്ചു കേൾപ്പിച്ചു” ഹോളി പറഞ്ഞു.

 

“എങ്ങനെയുണ്ടായിരുന്നു അത്? ഗംഭീരം എന്ന് പറയാമോ?”

 

“തീർച്ചയായും പിന്നെ, ഹാരിയുടെ കോൾ ഉണ്ടായിരുന്നു അവർ ലാൻഡ് ചെയ്യാറായി ഇവിടെ വച്ച് കാണാമെന്നാണ് പറഞ്ഞത്

 

“അപ്പോൾ സാറാ ഗിഡിയനോ?” ഡില്ലൻ ചോദിച്ചു.

 

“പ്ലാസാ ഹോട്ടലിലെ റിസപ്ഷൻ ഡെസ്കിൽ ഞാൻ വിളിച്ചു ചോദിച്ചു ഒരു മിലിട്ടറി വാഹനത്തിൽ പുറപ്പെട്ടിട്ടുണ്ടെന്നാണ് പറഞ്ഞത്

 

“ഇത്ര തൊട്ടടുത്തേക്ക് വരാൻ മിലിട്ടറി വാഹനമോ? അതല്പം ഓവറല്ലേ?”

 

“അവളുടെ ബോസ് കേണൽ ഹെക്ടർ ഗ്രാന്റും ഒപ്പമുണ്ടെന്നാണ് പറഞ്ഞത് അതുകൊണ്ടായിരിക്കും” ഹോളി പറഞ്ഞു.

 

“അതായിരിക്കും കാരണം” ഡില്ലൻ പറഞ്ഞു. “മിലിട്ടറി റാങ്കിന് കിട്ടുന്ന ഒരു പ്രിവിലേജ് അത് അവളും ആസ്വദിക്കുന്നുണ്ടാവണം നമുക്ക് ഈ ഡ്രിങ്ക്സ് തീർത്തിട്ട് മുകളിലത്തെ നിലയിലേക്ക് പോകാം എന്നിട്ട് ഇന്നത്തെ വൈകുന്നേരം തകർക്കാൻ പറ്റുമോയെന്ന് നോക്കാം

  

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, June 19, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 09

അദ്ധ്യായം – 3

 

ന്യൂയോർക്ക്

 

പരിഭ്രമത്തോടെ ഓടിയെത്തിയ ഫ്ലൈറ്റ് അറ്റൻഡന്റ് അവളുടെ ചുമലിൽ കൈ വച്ചു. “ആർ യൂ ഓകേ? നിലവിളിക്കുന്നത് കേട്ടല്ലോ

 

“ഫൈൻ, ജസ്റ്റ് ഫൈൻ ഒരു ദുഃസ്വപ്നം കുറച്ച് ദിവസമായി ഏറെ സ്ട്രെസ്സിലായിരുന്നു റെസ്റ്റ്റൂമിൽ ചെന്ന് ഒന്ന് ഫ്രഷ് ആയിട്ട് വരാം ഞാൻ” സാറ പറഞ്ഞു.

 

അവൾ എഴുന്നേറ്റ് ഇടനാഴിയിലൂടെ പിറകോട്ട് നടന്നു. നടക്കുമ്പോഴുള്ള ചെറിയ ഒരു മുടന്ത് അവളുടെ സന്തത സഹചാരിയാണിപ്പോൾ. അമിതമായ ക്ഷീണം വരുമ്പോൾ മാത്രമേ അതൊരു ബുദ്ധിമുട്ടായി അവൾക്ക് തോന്നിയിട്ടുള്ളൂ. കണ്ണാടിയുടെ മുന്നിൽ നിന്ന് അവൾ മുടി ഒന്ന് ചീകി. നേരിയ തോതിൽ മെയ്ക്കപ്പ് ഇട്ടിരുന്നത് ഒന്ന് ടച്ചപ്പ് ചെയ്തിട്ട് അവൾ പുഞ്ചിരിച്ചു.

 

“ദുഃഖിക്കാനുള്ള സമയമല്ലിത് സാറാ ഗിഡിയൻ” അവൾ മന്ത്രിച്ചു. “അല്പം മാർട്ടിനി കഴിച്ചിട്ട് ഇന്ന് രാത്രിയിലെ റിസപ്ഷനെക്കുറിച്ച് ചിന്തിക്കാം

 

                                                        ***

 

ഡിപ്ലോമാറ്റിക്ക് സ്റ്റാറ്റസ് ഉള്ളതു കൊണ്ട് കെന്നഡി എയർപോർട്ടിലെ നടപടികളെല്ലാം പെട്ടെന്ന് പൂർത്തിയാക്കി അവൾ പുറത്തു കടന്നു. അഞ്ചു മണി കഴിഞ്ഞപ്പോഴേക്കും ഹോട്ടൽ പ്ലാസയിൽ എത്തിക്കഴിഞ്ഞിരുന്നു അവൾ. ഡ്യൂട്ടി മാനേജർ അവളുടെ റൂമിലേക്ക് അകമ്പടി സേവിച്ചു.

 

“ജനറൽ ഫെർഗൂസൻ എപ്പോഴാണ് എത്തുക എന്നതിനെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ?” അവൾ ആരാഞ്ഞു.

 

“എട്ടു മണിയ്ക്ക് പക്ഷേ, അതിൽ മാറ്റം വരാനും സാദ്ധ്യതയുണ്ട് മാഡം

 

“അദ്ദേഹത്തിന്റെ രണ്ട് അസോസിയേറ്റ്സ് ഉണ്ടല്ലോ ഡില്ലനും ഹോളിയും?”

 

“അവർ ഇന്നലെ തന്നെ ചെക്കിൻ ചെയ്തിട്ടുണ്ട് ഇപ്പോൾ പുറത്ത് പോയിരിക്കുകയാണെന്ന് തോന്നുന്നു ഞാൻ അന്വേഷിച്ചിട്ട് പറയാം

 

“ഓ, അതിന്റെ ആവശ്യമില്ല ലീവ് ഇറ്റ് ഞാനൊന്ന് വിശ്രമിക്കട്ടെ ജനറലിന്റെയൊഴികെ മാറ്റാരുടെയും കോളുകൾ കണക്റ്റ് ചെയ്യാതിരിക്കാൻ ഒന്ന് ശ്രദ്ധിക്കുമോ?”

 

“തീർച്ചയായും മാഡം നിങ്ങളുടെ സ്യൂട്ട്കെയ്സ് ഇന്ന് രാവിലെ തന്നെ ഇവിടെ എത്തിയിട്ടുണ്ട് ബെഡ്റൂമിൽ വച്ചിട്ടുണ്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഹൗസ്കീപ്പറെ വിളിച്ചാൽ മതി

 

അയാൾ പുറത്തേക്ക് പോയി. സ്യൂട്ട്കെയ്സ് തുറക്കാനൊന്നും അവൾ മെനക്കെട്ടില്ല. വെറുതെ കിടക്കുന്നതിന് പകരം അവൾ തന്റെ ലാപ്ടോപ് എടുത്ത് സിറ്റിങ്ങ് റൂമിലെ ഡെസ്കിന്മേൽ വച്ചിട്ട് അതിന് മുന്നിൽ ഇരുന്നു. ശേഷം, മേജർ ജൈൽസ് റോപ്പർ അയച്ചു കൊടുത്ത റിപ്പോർട്ട് തുറന്ന് വായിക്കുവാൻ തുടങ്ങി. അദ്ദേഹത്തിന്റെ മുഖം സുപരിചിതമായിക്കഴിഞ്ഞിരുന്നു അവൾക്ക്. ബ്രിട്ടീഷ് ആർമിയിലെ ബോംബ് ഡിസ്പോസൽ വിദഗ്ധരിൽ പ്രഗത്ഭനായിരുന്ന അദ്ദേഹം വീൽചെയറിലാണ് ഇപ്പോൾ ജീവിതം കഴിച്ചുകൂട്ടുന്നത്.

 

ലണ്ടനിൽ ഇപ്പോൾ രാത്രി പതിനൊന്ന് മണി കഴിഞ്ഞു കാണണം. അദ്ദേഹം ഉറങ്ങുകയാണെങ്കിൽ പോലും അത് തന്റെ കമ്പ്യൂട്ടറിന് മുന്നിൽ വീൽചെയറിൽ ഇരുന്നുകൊണ്ടായിരിക്കുമെന്ന് അവൾക്കറിയാമായിരുന്നു. അവളുടെ ഊഹം ശരിയായിരുന്നു. സ്കൈപ്പിൽ വിളിച്ചതും പെട്ടെന്ന് തന്നെ അദ്ദേഹം കോൾ അറ്റൻഡ് ചെയ്തു.

 

“ജൈൽസ്, ഞാൻ പ്ലാസ ഹോട്ടലിലാണ് അരിസോണയിൽ നിന്നും എത്തിയതേയുള്ളൂ റീപ്പർ ഡ്രോണുകളെക്കുറിച്ച് ഞാൻ തയ്യാറാക്കിയ റിപ്പോർട്ടുകൾ കണ്ടാൽ നിങ്ങൾ വിശ്വസിക്കില്ല

 

“വായിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സാറാ നിന്നെ കണ്ടിട്ട് നന്നായിത്തന്നെ ഇരിക്കുന്നല്ലോ” അവർ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ ആയിക്കഴിഞ്ഞിരുന്നു. “ഇന്ന് രാത്രിയിൽ ചെറിയൊരു വിരുന്നുണ്ടെന്ന് കേട്ടല്ലോ പോകുന്നില്ലേ നീ?”

 

“അങ്ങനെ ചെറിയ വിരുന്നൊന്നുമല്ല അത് ആട്ടെ, ജനറലിന്റെ വിവരം എന്തെങ്കിലുമുണ്ടോ?”

 

“അദ്ദേഹത്തോട് ഞാൻ സംസാരിച്ചിരുന്നു അദ്ദേഹവും ഹാരി മില്ലറും കൂടി പ്രസിഡന്റിനെ കണ്ടിരുന്നു കാലാവസ്ഥ മോശമല്ലെങ്കിൽ എട്ടു മണിയോടെ അവർ കെന്നഡി എയർപോർട്ടിൽ എത്തും ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുകയായിരുന്നു നിന്റെ ബോസ് കേണൽ ഹെക്ടർ ഗ്രാന്റ് ഇല്ലേ ഇന്ന് അർദ്ധരാത്രി കഴിഞ്ഞാൽ പിന്നെ നിന്റെ ബോസ് അല്ല കേട്ടോ എട്ട് മണിക്ക് മുമ്പ് നിന്നോട് അവിടെ എത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്

 

“അതിൽ സന്തോഷമേയുള്ളൂ” സാറ പറഞ്ഞു. “പിന്നെ, ഡില്ലനെയും ഹോളിയെയും ഇതുവരെ കാണാൻ സാധിച്ചില്ല പുറത്ത് പോയിരിക്കുകയാണെന്നാണ് കേട്ടത്

 

“അതെ ഫെർഗൂസൻ ഏല്പിച്ച എന്തോ ഒരു ജോലി ചെയ്യാൻ പോയിരിക്കുകയാണ്

 

“ഇവിടെ ന്യൂയോർക്കിലോ? നിയമവിധേയമാണോ അത്?”

 

“അത് നീ അറിയേണ്ട കാര്യമില്ല” റോപ്പർ പറഞ്ഞു.

 

അവൾ തലയാട്ടി. “മൊത്തം ദുരൂഹതയാണല്ലോ എന്റെ കാര്യം തന്നെ നോക്കൂ പ്രധാനമന്ത്രിയുടെ വാറന്റ് പ്രകാരം എന്റെ മിലിട്ടറി ജീവിതത്തിന്റെ ഭാവി തന്നെ ജനറൽ ചാൾസ് ഫെർഗൂസൻ ഏറ്റെടുത്തിരിക്കുന്നു അദ്ദേഹത്തിന്റെ പ്രൈവറ്റ് ഹിറ്റ് സ്ക്വാഡിലെ ഒരു അംഗമായി എന്നെ നിയമിക്കുന്നു അങ്ങനെയൊരു സ്ക്വാഡിനെക്കുറിച്ച് ഊഹാപോഹങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ഒരിക്കലും വിശ്വസിച്ചിരുന്നില്ല ഞാൻ

 

“എന്നാൽ അങ്ങനെയൊന്ന് ഉണ്ടെന്ന് കൂട്ടിക്കോളൂ

 

“അങ്ങനെ നിങ്ങളുടെ കൈകളിൽ എത്തിയിരിക്കുന്നു ഞാൻ തോളറ്റം മുടിയും വളർത്തി വീൽചെയറിൽ ഇരിക്കുന്ന, സിഗരറ്റ് വലിക്കുന്ന, സദാസമയവും വിസ്കി കഴിക്കുന്ന, രാവും പകലും ബേക്കൺ സാൻഡ്‌വിച്ച് ഒരു ദൗർബല്യമായ നിങ്ങളെ സ്ക്രീനിൽ കണ്ടുകൊണ്ട് ഇരിക്കുന്നു ഞാൻ

 

“നീ പറഞ്ഞതൊന്നും ഞാൻ നിഷേധിക്കുന്നില്ല

 

റോപ്പറിന് പിന്നിൽ സെർജന്റ് ടോണി ഡോയൽ പ്രത്യക്ഷപ്പെട്ടു. കറുത്ത വംശജനായ അയാൾ ഈസ്റ്റ് ലണ്ടൻ സ്വദേശിയായിരുന്നു. കൈയിലെ ചായ മഗ്ഗ്  റോപ്പറിന് കൊടുത്തിട്ട് അയാൾ  സാറയെ നോക്കി പുഞ്ചിരിച്ചു. “കണ്ടതിൽ സന്തോഷം, മാഡം

 

“ടോണി, ജസ്റ്റ് ഗോ എവേ” റോപ്പർ പറഞ്ഞതും ചിരിച്ചു കൊണ്ട് അയാൾ പുറത്തേക്ക് പോയി.

 

“ഇത് ഒരു മൂവി പോലെയാണല്ലോ ജൈൽസ് നിങ്ങൾ തീരുമാനിക്കുന്ന കാര്യങ്ങൾ മാത്രമേ എനിക്ക് കാണാൻ അനുവാദമുള്ളൂ എന്തിനും ഏതിനും നിങ്ങളുടെ അനുവാദം വേണമെന്നോ?”

 

“മൈ ഡിയറസ്റ്റ് ഗേൾ, ഹോളണ്ട് പാർക്കിനെക്കുറിച്ച് ഞാൻ പറഞ്ഞതെല്ലാം സത്യമാണ് ഇവിടെ ജോലി ചെയ്യുന്ന എല്ലാവരുടെയും ഫോട്ടോസ് നിന്റെ കൈയിലുണ്ട് മാത്രമല്ല, അവരുടെ ജീവചരിത്രവും ജോലിയെക്കുറിച്ചുള്ള സകല വിവരങ്ങളും അടങ്ങുന്ന മുഴുവൻ റിപ്പോർട്ടുകളും 

 

“അപ്പോൾ വർഷങ്ങൾക്ക് മുമ്പ് ജോൺ മേജറിനെയും അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഉള്ളവരെയും തകർക്കുവാൻ ഷോൺ ഡില്ലൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു എന്നത് സത്യമാണോ?”

 

“അതെ അതിന് അയാൾക്ക് നല്ല പ്രതിഫലവും ലഭിച്ചിട്ടുണ്ട്

 

“ഡാനിയൽ ഹോളിയുടെ കാര്യം, അയാളും ഒരു മുൻ IRA പ്രവർത്തകൻ ആയിരുന്നുവെന്നോ? ഇപ്പോൾ ഒരു മില്യനെയർ ആയ അയാൾ അൾജീരിയൻ വിദേശകാര്യ മന്ത്രിയുടെ ഒരു ഡിപ്ലോമാറ്റ് ആയി ജോലി നോക്കുന്നുണ്ടെന്നതും സത്യമാണെന്നോ?”

 

“അബ്സൊല്യൂട്ട്‌ലി ബ്രയോണി സ്യൂട്ട് ധരിച്ച വെറുമൊരു സുന്ദരൻ മാത്രമല്ല നമ്മുടെ ഡാനിയൽ കേട്ടോ ഒരു കില്ലർ കൂടിയാണ്

 

“വെറുമൊരു സുന്ദരൻ മാത്രമാണെന്ന് ഞാനൊരിക്കലും പറഞ്ഞില്ലല്ലോ അതിന്” സാറ ചുമൽ വെട്ടിച്ചു. “ഏതാനും പേരെ വകവരുത്തിയിട്ടുള്ള കാര്യമൊക്കെ ഞാൻ വായിച്ചു

 

“ഏതാനും പേരെയല്ല സാറാ ഒരുപാട് പേരെ അക്കാര്യത്തിൽ തെറ്റിദ്ധാരണ വേണ്ട ബൈ ദി വേ, നിനക്ക് പറ്റിയ പ്രായക്കാരനല്ലോ കേട്ടോ അയാൾ പിന്നെ, നിന്റെ മുത്തശ്ശന്റെ ഒരു മത പ്രഭാഷണം കേൾക്കാൻ ഞാൻ പോയിരുന്നു

 

“എന്തിന് പോയിരുന്നുവെന്ന്?”

 

“അദ്ദേഹത്തെക്കുറിച്ച് ഞാൻ ഓൺലൈനിൽ സെർച്ച് ചെയ്തിരുന്നു. റബ്ബി നഥാൻ ഗിഡിയൻ ലണ്ടൻ യൂണിവേഴ്സിറ്റിയിലെ എമിറിറ്റസ് പ്രൊഫസർ ആത്മീയ പ്രഭാഷണങ്ങൾക്ക് പേര് കേട്ടയാൾ ഒരു പ്രഭാഷണം കേൾക്കാനായി ഞാൻ പോയിരുന്നു വെസ്റ്റ് ഹാംപ്‌സ്റ്റഡിലെ ഒരു സിനഗോഗിൽ വച്ചാണ് അദ്ദേഹത്തെ ഞാൻ കണ്ടത് ടോണിയാണ് ഒരു വാനിൽ എന്നെ അങ്ങോട്ട് കൊണ്ടുപോയത് വളരെ നല്ലവരായിരുന്നു പ്രഭാഷണം കേൾക്കാൻ എത്തിയവർ എനിയ്ക്ക് തലയിൽ വയ്ക്കാനായി ഒരു യാർമുൽക്ക (യഹൂദന്മാർ തലയിൽ വയ്ക്കുന്ന തരം ചെറിയ തൊപ്പി) അവർ തന്നു. ഒരെണ്ണം ടോണിയ്ക്കും കൊടുത്തു. ടോണി ആ പ്രഭാഷണം ശരിയ്ക്കും ആസ്വദിച്ചു മനുഷ്യാവകാശങ്ങളെക്കുറിച്ചും അത് പരാജയപ്പെടുമ്പോൾ എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചും ഒക്കെയായിരുന്നു പ്രഭാഷണം അദ്ദേഹത്തിന്റെയടുത്ത് ചെന്ന് ഞാൻ സ്വയം പരിചയപ്പെടുത്തി ഡിഫൻസ് മിനിസ്ട്രിയിലാണ് ഞാൻ ജോലി ചെയ്യുന്നതെന്നും നീ എന്റെ സഹപ്രവർത്തക ആകുവാൻ പോകുകയാണെന്നും പറഞ്ഞു അദ്ദേഹം ഞങ്ങളെ ചായയ്ക്ക് ക്ഷണിച്ചു. ജൂതരുടെ സാബത്ത് നിയമങ്ങൾ ലംഘിക്കപ്പെട്ടോ എന്നറിയില്ല, അദ്ദേഹം ഞങ്ങൾക്ക് നൽകിയ ബിസ്കറ്റുകൾ അതീവ രുചികരമായിരുന്നു

 

 “മേഫെയറിൽ ഉള്ള ഹൈഫീൽഡ് കോർട്ട് ഹൗസിൽ വച്ചായിരുന്നോ അത്?”

 

“അതെ മാത്രവുമല്ല, അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ ടോണി വളരെ ആകൃഷ്ടനുമായി ജൂഡായിസത്തെക്കുറിച്ചുള്ള ഒരു പുസ്തകവും സമ്മാനിച്ചു നിന്റെ മുത്തശ്ശൻ അയാൾക്ക് ഇപ്പോൾ വേറൊന്നും സംസാരിക്കാനില്ല അയാൾക്ക്

 

“നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ?”

 

“ചിലപ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട് അങ്ങനെ എന്തായാലും ഒരു കാര്യം തീർച്ചയാണ് നഥാൻ ഗിഡിയൻ ഒരു ഗംഭീര വ്യക്തിത്വമാണ് അദ്ദേഹത്തിന്റെ സൗഹൃദം നേടാനായത് ഒരു ബഹുമതിയായി ഞാൻ കണക്കാക്കുന്നു

 

“ഇനി വേറെന്തെങ്കിലും ഞാൻ അറിയേണ്ടതായിട്ടുണ്ടോ?”

 

“യെസ് ഹോളിയുടെ കാര്യത്തിൽ നിനക്ക് എന്തോ ഒരു പ്രത്യേക താല്പര്യമുള്ളത് പോലെ തോന്നിയത് കൊണ്ട് പറയുകയാണ് അയാളുടെ പിതാവ് ഒരു കടുത്ത പ്രൊട്ടസ്റ്റന്റ് ആയിരുന്നു കത്തോലിക്കരെ കാണുന്നതേ ഇഷ്ടമില്ലാത്തവൻ പക്ഷേ, ഒരു കടുത്ത IRA കുടുംബത്തിൽ പെട്ട ഒരു കത്തോലിക്കാ വനിതയുമായി പ്രേമത്തിലായി.”

 

“അങ്ങനെയാണല്ലേ ഹോളിയ്ക്ക് ഇരുഭാഗത്തും പിടിപാടുണ്ടായത്?”

 

“അതെ ചെറുപ്പക്കാരനായ ഹോളിയെ അൾജീരിയൻ മരുഭൂമിയിലെ ഒരു ടെററിസ്റ്റ് ട്രെയിനിങ്ങ് ക്യാമ്പിലേക്ക് IRA അയച്ചു പരിശീലനം കഴിഞ്ഞ ഹോളി ഒരു കൊടുംഭീകരനായിട്ടാണ് തിരിച്ചെത്തിയത് അതുകൊണ്ട് നീ അല്പം സൂക്ഷിച്ചോളൂ

 

“ഈ ഹോളണ്ട് പാർക്കിൽ എന്തൊക്കെയാണ് നിങ്ങളുടെ ടീമിന്റെ ജോലി?”

 

“ഭീകരപ്രവർത്തനം നിരീക്ഷിക്കുക ഏതൊരു ജിഹാദിയുടെയും ലക്ഷ്യമാണ് ലണ്ടൻ നഗരത്തിലെ ശാന്തിയും സമാധാനവും തകർക്കാൻ ഏതറ്റം വരെ പോകാനും മടിക്കാത്താവർ

 

“പക്ഷേ, അതൊക്കെ നോക്കാൻ സെക്യൂരിറ്റി സർവീസും പൊലീസും ഇല്ലേ?”

 

“പൊലീസിന് എന്ത് ചെയ്യാൻ പറ്റും? അനധികൃതമായി രാജ്യത്ത് എത്തിയ അവരെ അറസ്റ്റ് ചെയ്ത് നാടുകടത്താൻ ഒരുങ്ങുമ്പോഴായിരിക്കും മനുഷ്യാവകാശവും നിയമങ്ങളും പറഞ്ഞ് ഒരു കൂട്ടർ എത്തുക

 

“അവിശ്വസനീയം

 

“ഞങ്ങളോടൊപ്പം ജോലി ചെയ്ത് തുടങ്ങുമ്പോൾ ഇതിനേക്കാൾ നിരാശാജനകമായ പലതും നിനക്ക് കാണേണ്ടി വരും ഏതാനും വർഷങ്ങൾക്ക് മുമ്പാണ് അൽ ഖ്വയ്ദയുടെ ഒരു യൂണിറ്റ് ഇവിടെ പാർക്ക് ലെയ്നിൽ ഒരു ആക്രമണം നടത്തി ഹാരി മില്ലറുടെ ലിമോസിനടിയിൽ അവർ ബോംബ് വച്ചു നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു കാർ ഉപയോഗിച്ചിരുന്നത് അവരും ഡ്രൈവറും കൊല്ലപ്പെട്ടു

 

“ദാറ്റ്സ് ടെറിബ്‌ൾ പിന്നീട് എന്തു സംഭവിച്ചു?”

 

“ആ ബോംബ് നിർമ്മിച്ചയാളെ ഞങ്ങൾ ട്രെയ്സ് ചെയ്തു ലണ്ടനിൽ വസിക്കുന്ന ഒരു IRA സ്ലീപ്പർ സെൽ അംഗമായിരുന്നു അത് ക്യാൻസറിന്റെ അവസാന ഘട്ടത്തിലായിരുന്നു അയാൾ.  അൽ ഖ്വയ്ദയുടെ ഒരു ഏജന്റാണ് നിർദ്ദേശങ്ങൾ നൽകിയിരുന്നതെന്നാണ് അയാൾ പറഞ്ഞത് അയാളെ വകവരുത്തിയതിന് ശേഷം ഡില്ലൻ ഒരു ഡിസ്പോസൽ ടീമിനെ വിളിച്ചു വരുത്തി

 

“ഡിസ്പോസൽ ടീം?”

 

“ഒരു വെടിയുണ്ട കൊണ്ട് മിക്കവാറും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും പക്ഷേ, പിന്നീടാണ് മിസ്റ്റർ ടീഗിന്റെയും സംഘത്തിന്റെയും ആവശ്യം നമുക്ക് വരിക സ്ഥലം വൃത്തിയാക്കാനും ആരുമറിയാതെ മൃതദേഹം കൊണ്ടുപോകാനും അവർ വേണം ഏതാനും മണിക്കൂറുകൾക്കകം വെറും ആറ് പൗണ്ട് ചാരമായി മാറിയിരിക്കും അത്

 

“അൽ ഖ്വയ്ദയുടെ ഏജന്റിന് എന്തു സംഭവിച്ചു?” സാറ ചോദിച്ചു.

 

“അത് ഹാരി തന്നെ കൈകാര്യം ചെയ്തു നേരിട്ട് ആ ഏജന്റിന്റെ വസതിയിൽ ചെന്ന ഹാരി അയാളെ വെടിവെച്ചു കൊന്നിട്ട് തിരിച്ചു പോന്നു കേസും പരാതിയുമൊന്നുമുണ്ടായില്ല പൊലീസിനെ വിളിക്കാൻ അൽ ഖ്വയ്ദ മുതിരില്ലല്ലോ

 

“ഹോളണ്ട് പാർക്കിലെ ജോലിയുമായി ഞാൻ എങ്ങനെ പൊരുത്തപ്പെടുമെന്നാണ് എന്റെ സംശയം

 

“നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല കുട്ടീ നിന്റെ ഫയൽ ഞാൻ കണ്ടതാണ് അഫ്ഗാനിസ്ഥാനിലെ അന്നത്തെ ആ അക്രമണത്തിൽ നീ സഞ്ചരിച്ച മിലിട്ടറി വാഹനത്തിന് ചുറ്റും ചുരുങ്ങിയത് ഇരുപത് ശവശരീരങ്ങളെങ്കിലും ഉണ്ടായിരുന്നു

 

“പക്ഷേ, അത് യുദ്ധമായിരുന്നു

 

“ഇതും ഒരർത്ഥത്തിൽ യുദ്ധമാണ് കുട്ടീ ബൈ ദി വേ, അബുസാനിലെ അന്നത്തെ പ്രകടനത്തിന് നിനക്ക് ഒരു മിലിട്ടറി ക്രോസ് അവാർഡ് ഉണ്ടെന്ന് കേട്ടു

 

സാറ അമ്പരന്നു പോയി. “എനിക്കിത് വിശ്വസിക്കാനാവുന്നില്ല

 

“നീയന്ന് പ്രകടിപ്പിച്ച ധീരതയ്ക്ക് ഒരു മെഡലിന് ശിപാർശ ചെയ്യാതിരിക്കാൻ ഇന്റലിജൻസ് കോർപ്സിന് ആയില്ല പൊതുശ്രദ്ധ ക്ഷണിച്ചു വരുത്തും എന്നതിനാൽ ഞങ്ങളെപ്പോലുള്ളവർക്ക് മെഡലുകളൊന്നും ലഭിക്കാറില്ല അതുകൊണ്ട് തന്നെ നിനക്ക് മെഡൽ നൽകുന്നതിൽ ഫെർഗൂസൻ അത്ര സന്തോഷവാനല്ല എന്നോർത്ത് വിഷമിക്കുകയൊന്നും വേണ്ട നിനക്കുള്ള മെഡൽ ലഭിക്കുക തന്നെ ചെയ്യും പക്ഷേ, ചടങ്ങുകളൊന്നും ഉണ്ടാവില്ല എന്ന് മാത്രം

 

“ജൈൽസ്, വൈ ഡോണ്ട് യൂ ഗോ റ്റു ഹെൽ ആൻഡ് ടേക്ക് ഫെർഗൂസൻ വിത്ത് യൂ?

 

“ഞാനൊക്കെ എന്നേ നരകത്തിൽ എത്തിക്കഴിഞ്ഞതാണ് സാറാ അത്ര സുഖമുള്ള ഏർപ്പാടല്ല ഇത് എന്തായാലും ഇന്നത്തെ പാർട്ടി ആസ്വദിക്കാൻ നോക്കൂ നീ ഷോണിനെ എന്റെ അന്വേഷണം അറിയിക്കൂ പിന്നെ, ഡാനിയലിനെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്

 

“ജസ്റ്റ് ഗോ, ജൈൽസ്” അവൾ പറഞ്ഞു. അദ്ദേഹം കോൾ കട്ട് ചെയ്തു.

 

അസ്വസ്ഥതയോടെ അവൾ ലാപ്ടോപ്പിന്റെ സ്ക്രീനിലേക്ക് നോക്കി. എന്നിട്ട് ഡാനിയൽ ഹോളിയെക്കുറിച്ചുള്ള ഫയൽ തുറന്നു. ശരാശരി ഉയരം. ബ്രൗൺ നിറത്തിൽ അല്പം നീളമുള്ള മുടി. ഈ ലോകത്ത് ഒന്നിനെയും കാര്യമാക്കുന്നില്ല എന്ന മട്ടിലുള്ള നേർത്ത മന്ദഹാസം നിറഞ്ഞ മുഖം. യഥാർത്ഥത്തിലുള്ളതിലും പത്ത് വയസ്സ് കുറവ് തോന്നിക്കുന്ന രൂപം.

 

ലുബിയാങ്കാ ജയിലിൽ ശിക്ഷ അനുഭവിച്ചതിന്റെ അടയാളം എന്ന നിലയിൽ കൈകളിൽ പച്ച കുത്തിയിരുന്നെങ്കിലും ഒരു കൊലയാളിയുടെ യാതൊരു ലക്ഷണവും ആ മുഖത്ത് കാണാൻ സാധിച്ചില്ല. മറിച്ച് താൻ എന്താണോ അത് എന്ന മട്ടിൽ തികച്ചും ആകർഷകമായിരുന്നു ആ മുഖം. അയാളുടെ ജോലിസംബന്ധമായ എല്ലാ രേഖകളും ആ ഫയലിൽ ജൈൽസ് റോപ്പർ അറേഞ്ച് ചെയ്തിരുന്നു.

 

ഫെർഗൂസനൊപ്പം ലണ്ടനിലേക്ക് പറക്കാനുള്ളതിനാൽ തൽക്കാലം ആവശ്യമുള്ള സാധനങ്ങൾ മാത്രമേ അവൾ സ്യൂട്ട്കെയ്സിൽ നിന്ന് പുറത്തെടുത്തുള്ളൂ. അന്ന് രാത്രിയിലെ റിസപ്ഷന് ധരിക്കാനുള്ള യൂണിഫോം എടുത്ത് ബെഡ്ഡിൽ വച്ചു. അമേരിക്കക്കാരും റഷ്യക്കാരും അവിടെ സന്നിഹിതരായിരിക്കും. റഷ്യൻ മിലിട്ടറി ഇന്റലിജൻസ് ആയ GRU വിലെ കേണൽ ജോസഫ് ലെർമോവും ഉണ്ടാകുമെന്നാണ് അറിഞ്ഞത്. ലണ്ടൻ എംബസിയിൽ സ്റ്റേഷൻ ഹെഡ് ആണ് അദ്ദേഹം. ഇന്റർനാഷണൽ ടെററിസത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം മിലിട്ടറി സർക്കിളിൽ എല്ലാവരും നിർബന്ധമായും വായിച്ചിരിക്കണമെന്നാണ്.

 

മെഡൽ റിബണുകൾ ഉള്ള കോട്ട് അവൾ ഹാങ്കറിൽ കൊളുത്തിയിട്ടു. പിന്നെ തേച്ചു മിനുക്കിയ സ്കെർട്ട്, ഷർട്ട്, ടൈ എന്നിവയും. പോളിഷ് ചെയ്ത ഷൂവും ക്യാപ്പും കൂടിയായപ്പോൾ യൂണിഫോം പൂർണ്ണമായി. പഴയ ഓർമ്മകൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി. സാൻഡ്‌ഹേസ്റ്റിലെ മിലിട്ടറി കോളേജിലെ ബിരുദദാന ചടങ്ങ്. പത്ത് വർഷം എത്ര പെട്ടെന്നാണ് കടന്നു പോയത്

 

“കഴിഞ്ഞു പോയതിനെയോർത്ത് വിഷമിക്കാതിരിക്കൂ സാറാ” അവൾ മന്ത്രിച്ചു. വിശാലമായ ബാത്ത്റൂമിൽ ചെന്ന് അവൾ ടബ്ബിൽ വെള്ളം നിറയ്ക്കുവാൻ ടാപ്പ് തുറന്നിട്ടു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, June 11, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 08

അഫ്ഗാനിസ്ഥാൻ

 

തുടർന്നെത്തിയത് അതേ സ്വപ്നം തന്നെയായിരുന്നു. ആ നശിച്ച സ്ഥലത്തെക്കുറിച്ചുള്ള ആ നശിച്ച സ്വപ്നം. കുറച്ചുനാളായിട്ട് ഇല്ലാതിരുന്നതാണ്. പക്ഷേ, ഇപ്പോൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു അത്. താനും അതിന്റെ ഭാഗമായ ആ ദുഃസ്വപ്നം. ഒരു പഴയ വാർ മൂവി എന്നത് പോലെ തീക്ഷ്ണതയുണ്ടായിരുന്നു അതിന്. ഒട്ടും നിറമില്ലാത്ത ഒരു ബ്ലാക്ക് & വൈറ്റ് ചലച്ചിത്രം. പതുക്കെ ചുരുളഴിഞ്ഞെത്തുന്ന ആ സ്വപ്നത്തെ മാറി നിന്ന് നോക്കിക്കാണുന്നതിനൊപ്പം താൻ അതിലെ ഒരു കഥാപാത്രം കൂടിയാണെന്ന വസ്തുത വല്ലാത്തൊരു മാനസികാവസ്ഥയിലേക്കാണ് അവളെ എത്തിച്ചത്.

 

അഫ്ഗാനിസ്ഥാനിലെ സാംഗിൻ പ്രവിശ്യയുടെ വടക്കുഭാഗത്തുള്ള അബുസാൻ എന്ന വിജനമായ ഗ്രാമം. മണ്ണ് കൊണ്ട് നിർമ്മിതമായ ഒരു പഴയ കോട്ടയുണ്ട് അവിടെ. താലിബാനിൽ നിന്നും ആ കോട്ട പിടിച്ചെടുത്ത ബ്രിട്ടീഷ് ആർമിയുടെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പായ BRF (Brigade Reconnaissance Force) ആണ് ഇപ്പോൾ അത് ഉപയോഗിക്കുന്നത്. വിവിധ റെജിമെന്റുകളിൽ നിന്നുള്ള സൈനികർ ചേർന്ന് താലിബാനെതിരെയുള്ള ഓപ്പറേഷനുകൾ അവിടെ നിന്നും നടത്തുന്നു.

 

ഗുരുതരമായി പരിക്കോടെ ഒരു പ്രമുഖ താലിബാൻ നേതാവിനെ അബുസാനിൽ പിടികൂടിയെങ്കിലും ഏത് നിമിഷവും മരിക്കാമെന്ന അവസ്ഥയിലുള്ള അയാൾ ഇംഗ്ലീഷ് സംസാരിക്കാൻ വിസമ്മതിക്കുകയാണുണ്ടായത്. ഹെലികോപ്റ്ററിൽ പിക്ക് ചെയ്ത് ഹെഡ്ക്വാർട്ടേഴ്സിൽ കൊണ്ടുവന്ന് ചോദ്യം ചെയ്യാമെന്ന് വച്ചാൽ അതും നടക്കില്ല.  ഇറാൻ സപ്ലൈ ചെയ്ത ഷോൾഡർ ഹെൽഡ് മിസൈലുകൾ തൊടുത്ത് താലിബാൻ തങ്ങളുടെ രണ്ട് ഹെലികോപ്റ്ററുകൾ വീഴ്ത്തിയത് ആ ആഴ്ച്ചയാണ്. പിന്നെ അവശേഷിച്ച ഏക മാർഗ്ഗം രാത്രിയുടെ മറവിൽ സൈനിക വാഹനത്തിൽ അബുസാനിലേക്ക് തിരിക്കുക എന്നതായിരുന്നു. കൂടാതെ പഷ്തു ഭാഷ ഒഴുക്കോടെ സംസാരിക്കുന്ന ഒരാൾ സംഘത്തിൽ ഉണ്ടാകണമെന്നും അവർ തീരുമാനിച്ചു. അങ്ങനെയാണ് സാറ രംഗപ്രവേശം ചെയ്യുന്നത്.

 

കൃത്യസമയത്ത് തന്നെ സാറ ഹെഡ്ക്വാർട്ടേഴ്സിൽ റിപ്പോർട്ട് ചെയ്തു. കോംബാറ്റ് യൂണിഫോമിന് മുകളിൽ ഒരു ഷീപ്‌സ്കിൻ കോട്ട് കൂടി ധരിച്ചിരുന്നു അവൾ. വലത് പോക്കറ്റിനുള്ളിൽ ഒരു ഗ്ലോക്ക് പിസ്റ്റളും ഏതാനും എക്സ്‌ട്രാ മഗസിനുകളും കരുതുവാൻ അവൾ മറന്നില്ല. കറുപ്പും വെളുപ്പും ഇടകലർന്ന ചെക്ക് ഡിസൈനുള്ള ശിരോവസ്ത്രം കൊണ്ട് മുഖം മറച്ചിരുന്നതിനാൽ അവളുടെ കണ്ണുകൾ മാത്രമേ വെളിയിൽ കാണാനുണ്ടായിരുന്നുള്ളൂ. ശിരോവസ്ത്രത്തിന്റെ തുമ്പുകൾ രണ്ടും ചുമലുകളിലേക്ക് വീണു കിടക്കുന്നുണ്ടായിരുന്നു.

 

ഒരു പഴയ സൈനിക വാഹനമാണ് അവളെ കൊണ്ടുപോകാൻ എത്തിയത്. സോവിയറ്റ് പട്ടാളം ഉപേക്ഷിച്ചു പോയ അത്തരത്തിലുള്ള വാഹനങ്ങൾ അഫ്ഗാനിസ്ഥാനിൽ ധാരാളം ഉണ്ടായിരുന്നു. കാമൂഫ്ലാഷ് ഡിസൈൻ പെയ്ന്റ് ചെയ്തിരിക്കുന്ന വാഹനത്തിൽ മൂന്ന് നിര സീറ്റുകളുണ്ട്. പിന്നിലെ രണ്ട് നിര സീറ്റുകൾക്ക് മുകളിലേക്ക് വലിച്ച് നീട്ടാവുന്ന ക്യാൻവാസ് ടോപ്പ്. മുൻസീറ്റിനരികിൽ മെഷീൻ ഗൺ ഘടിപ്പിച്ചിരിക്കുന്നു.

 

വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് BRF അംഗങ്ങളെ കണ്ടിട്ട് പ്രാദേശിക ഗോത്രവർഗ്ഗക്കാരെ പോലെയാണ് സാറയ്ക്ക് തോന്നിയത്. പഴഞ്ചൻ ബാഗി ട്രൗസേഴ്സും പിഞ്ഞിത്തുടങ്ങിയ ഷീപ്‌സ്കിൻ കോട്ടും മുഷിഞ്ഞ ശിരോവസ്ത്രവും ആയിരുന്നു അവരുടെ വേഷം. താടിരോമങ്ങൾ നീട്ടി വളർത്തി, AK-47 റൈഫിളുകൾ കൈയിലേന്തിയ അവരിൽ നിന്നും അസഹനീയമായ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു.

 

“ക്യാപ്റ്റൻ ഗിഡിയൻ?” അവരിലൊരുവൻ ചോദിച്ചു.

 

“അതെ നിങ്ങൾ ആരാണ്?”

 

"ഞങ്ങളുടെ ജോലിയിൽ റാങ്കുകൾക്കൊന്നും അത്ര പ്രാധാന്യമില്ല, മാഡം... റാങ്ക് ചോദിച്ചാൽ ഒരു സെർജന്റാണ് ഞാൻ പക്ഷേ, അതൊന്നും കണക്കാക്കണ്ട എന്നെ ഫ്രാങ്ക് എന്ന് വിളിക്കാം... മെഷീൻ‌ഗണ്ണിന് മുന്നിൽ ഇരിക്കുന്ന ഈ തെമ്മാടിയുടെ പേര് അലെക്ക് ഡ്രൈവിങ്ങും റേഡിയോയും ഒന്നിച്ച് കൈകാര്യം ചെയ്യുന്ന ആ മനുഷ്യന്റെ പേര് വാലി എന്നാണ് നിങ്ങൾക്ക് പിന്നിലെ സീറ്റ് ഉപയോഗിക്കാം സീറ്റിന്റെ ഒരു വശത്ത് RPG (Rocket Propelled Granade) ബോക്സ് കാണാം. ഒരുവേള ആവശ്യം വരികയാണെങ്കിൽ ഉപയോഗിക്കാം

 

“മാഡം എന്നൊന്നും വിളിക്കണ്ട, സാറ എന്ന് മതി ഫ്രാങ്ക്” അവൾ വാഹനത്തിനുള്ളിൽ കയറിയതും മുന്നിലുണ്ടായിരുന്ന ട്രക്കുകൾ ഓരോന്നായി ഒരു ജാഥ പോലെ ഗേറ്റിന് പുറത്തേക്കിറങ്ങി.

 

“താലിബാൻ പ്രദേശത്തെ ഔട്ട്പോസ്റ്റുകളിലേക്കുള്ള സപ്ലൈയുമായി പോകുന്ന കോൺവോയ് ആണത്” ഫ്രാങ്ക് പറഞ്ഞു. “രാത്രിയിൽ പോകുന്നതാണ് സുരക്ഷിതം നമ്മളും അവരോടൊപ്പം പോകുന്നു ഏതാണ്ട് പതിനഞ്ച് മൈൽ കഴിഞ്ഞ് ഇവരിൽ നിന്ന് വേർപിരിഞ്ഞ് നാം അബുസാൻ ഗ്രാമത്തിലേക്ക് വഴി മാറും

 

“ഫൈൻ” സീറ്റിൽ ഇരിക്കവെ അവൾ പറഞ്ഞു.

 

“ഇത്തരം യാത്രകൾ ഇതിന് മുമ്പ് നടത്തിയിട്ടുണ്ടോ?” അയാൾ ചോദിച്ചു. അപ്പോഴേക്കും പിന്നിലെ ട്രക്ക് അടുത്തെത്തിയിരുന്നു.

 

“ബെൽഫാസ്റ്റ്, ബോസ്‌നിയ, കൊസോവോ, ഇറാക്ക് എന്നിവിടങ്ങളിലൊക്കെ പിന്നെ, അഫ്ഗാനിസ്ഥാനിൽ ഇതെന്റെ രണ്ടാം വട്ടമാണ്

 

“അതെയോ? ചോദിച്ചതിൽ ക്ഷമിക്കണം” രണ്ടാമത്തെ നിരയിലുള്ള സീറ്റിലേക്ക് കയറിയിരുന്നുകൊണ്ട് ഫ്രാങ്ക് പറഞ്ഞു. “അവരുടെ പിന്നാലെ വിട്ടോളൂ വാലീ...” ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അയാൾ ഒന്ന് വിറച്ചു. “വല്ലാത്ത തണുപ്പ് ഇന്ന്

 

ശരിയായിരുന്നു. കടുത്ത ശൈത്യകാലമായിരുന്നു അത്. ഇടയ്ക്കൊക്കെ പെയ്യുന്ന കനത്ത മഴയ്ക്ക് ഐസിന്റെ തണുപ്പുണ്ടായിരുന്നു. ചിലപ്പോഴെല്ലാം മഞ്ഞുവീഴ്ച്ചയും. മുകളിലെ ക്യാൻവാസ് ടോപ് അതിൽ നിന്നും തരക്കേടില്ലാത്ത സംരക്ഷണം നൽകിയിരുന്നുവെന്ന് പറയാം. കൈകൾ രണ്ടും കെട്ടി സാറ പതിയെ കണ്ണുകൾ അടച്ചു.

 

ചുമലിൽ ഫ്രാങ്കിന്റെ സ്പർശനം ഏറ്റപ്പോഴാണ് അവൾ കണ്ണു തുറന്നത്. “അധികം വൈകാതെ നമ്മൾ കോൺവോയിൽ നിന്നും വേർപിരിഞ്ഞ് ഇടത്തോട്ടുള്ള പാതയിലേക്ക് കയറും

 

അവൾ വാച്ചിലേക്ക് നോക്കി. കോമ്പൗണ്ടിൽ നിന്നും യാത്ര തിരിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. കൈകൾ നീട്ടി ദേഹമൊന്ന് നിവർത്തി അവൾ നേരെയിരുന്നു. അപ്പോഴാണ് ഒരു ഉഗ്രസ്ഫോടനം കേട്ടതും കോൺവോയിയുടെ ഏറ്റവും മുന്നിലെ ട്രക്ക് ഒരു തീഗോളമായി ചിതറിത്തെറിച്ചതും. അതിന്റെ വെട്ടത്തിൽ ആ പരിസരത്തിന്റെ ദൃശ്യം കാണാറായി.

 

“ക്രൈസ്റ്റ് ഓൾമൈറ്റി…!” ഫ്രാങ്ക് പറഞ്ഞു. “ആ ബാസ്റ്റഡുകൾ നമ്മെ ആക്രമിക്കുകയാണ്” അത് പറഞ്ഞ് കഴിഞ്ഞില്ല, അവർക്ക് പിന്നിൽ ഏറ്റവും ഒടുവിലായി ഉണ്ടായിരുന്ന ട്രക്കും പൊട്ടിത്തെറിച്ചു.

 

മലഞ്ചെരിവിലെ ഇടുങ്ങിയ പാതയിലൂടെ പോകുകയായിരുന്ന അവർ ഇപ്പോൾ മുന്നോട്ടും പിറകോട്ടും പോകാൻ സാധിക്കാത്ത അവസ്ഥയിൽ കുടുങ്ങിക്കിടക്കുകയാണ്. സ്ഫോടനത്തിന്റെ പ്രകാശത്തിൽ അവർ കണ്ടത് തങ്ങളുടെ നേർക്ക് അടുത്തു കൊണ്ടിരിക്കുന്ന വലിയൊരു പറ്റം താലിബാൻ പോരാളികളെയാണ്.

 

അവരുടെ കോൺവോയ് മുഴുവനായിത്തന്നെ താലിബാൻകാരുടെ വെടിയുണ്ടകൾക്ക് ഇരയായി. അലെക്ക് തന്റെ മെഷീൻഗൺ പ്രവർത്തിപ്പിക്കുവാൻ തുടങ്ങി. വാലി ആകട്ടെ, റേഡിയോയിലൂടെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് വിവരം അറിയിക്കുകയും ചെയ്തു. പ്രത്യാക്രമണം തുടങ്ങിയതോടെ അലറിക്കൊണ്ട് തലങ്ങും വിലങ്ങും പാഞ്ഞ താലിബാനികൾ അപ്പോഴും വെടിയുതിർക്കുന്നുണ്ടായിരുന്നു. നിരവധി ബുള്ളറ്റുകൾ സാറ സഞ്ചരിച്ചിരുന്ന വാഹനത്തിലും തുളഞ്ഞു കയറി. സീറ്റിന് മുന്നിലേക്കിറങ്ങി നിലത്തിരുന്നു കൊണ്ട് സാറ തന്റെ ഗ്ലോക്ക് പിസ്റ്റൾ കൊണ്ട് ശ്രദ്ധാപൂർവ്വം വെടിയുതിർത്തു. ഫ്രാങ്ക് അവളുടെ സീറ്റിനരികിലെ RPG ബോക്സ് തുറന്ന് ഷോൾഡർ ഹെൽഡ് ഗ്രനേഡ് ലോഞ്ചർ എടുത്ത് പ്രവർത്തിപ്പിച്ചു. അവർക്കടുത്തേക്ക് വന്നുകൊണ്ടിരുന്ന പോരാളികളുടെ നിരയിലേക്കാണ് ആദ്യത്തെ ഗ്രനേഡ് ചെന്നു വീണ് പൊട്ടിത്തെറിച്ചത്. പകരമെന്നോണം അവർ എറിഞ്ഞ ഒരു ഹാൻഡ് ഗ്രനേഡ് അല്പമകലെ വീണ് പൊട്ടിത്തെറിച്ചു. അതിന്റെ ചില്ലുകളിലൊന്ന് സാറയുടെ കണ്ണിന് മുകൾഭാഗത്ത് നെറ്റിയിൽ തറച്ചു കയറി.

 

അതിന്റെ ആഘാതത്തിൽ പിറകോട്ട് വീണെങ്കിലും അവൾ പിസ്റ്റളിൽ നിന്ന് കൈ വിട്ടില്ല. ഇരുട്ടിൽ നിന്നും തന്റെ നേർക്കെത്തിയ നീണ്ട താടിയുള്ള ഒരു താലിബാനിയുടെ മുഖത്തേക്കാണ് അവൾ വെടിയുതിർത്തത്. ഹോളോ പോയിന്റ് കാർട്രിഡ്ജ് മുഖത്ത് തുളഞ്ഞു കയറിയ അയാളും അയാൾക്ക് പിന്നിലുണ്ടായിരുന്ന മറ്റൊരുവനും പിറകോട്ട് മറിഞ്ഞു. അവളുടെ കണ്ണുകളിലേക്ക് രക്തം ഇറ്റുവീഴുന്നുണ്ടായിരുന്നു. ശിരോവസ്ത്രത്തിന്റെ തുമ്പു കൊണ്ട് അത് തുടച്ചിട്ട് അവൾ പിസ്റ്റളിൽ വീണ്ടും തിര നിറച്ചു.

 

സ്റ്റിയറിങ്ങ് വീലിന് പിന്നിൽ ഇരുന്നിരുന്ന വാലി AK-47 ഉപയോഗിച്ച് തങ്ങളുടെയടുത്തേക്ക് വരുന്ന താലിബാനികളുടെ നേർക്ക് വെടിയുതിർത്തുകൊണ്ടിരുന്നു. പെട്ടെന്നാണ് ഒരു വെടിയുണ്ട കഴുത്തിൽ തറച്ചതും അയാൾ നിലവിളിച്ചതും. മെഷീൻഗണ്ണിന് പിറകിൽ നിന്നിരുന്ന അലെക്ക് നാനാവശങ്ങളിലേക്കും അവിരാമം അത് പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നു. ഫ്രാങ്ക് തന്റെ ലോഞ്ചറിൽ നിന്നും ഒരു ഗ്രനേഡ് കൂടി തൊടുത്തു വിട്ടു. തൊട്ടു പിന്നാലെ മറ്റൊന്നും.

 

രക്തം കിനിയുന്ന നെറ്റിയിലെ മുറിവിൽ തന്റെ ശിരോവസ്ത്രം അമർത്തിപ്പിടിച്ച സാറ മറുകൈ കൊണ്ട് സാവധാനം വെടിയുതിർത്തുകൊണ്ടിരുന്നു. ഇരുട്ടിൽ നിന്നും അവർക്കരികിലേക്ക് എത്തിക്കൊണ്ടിരുന്നവർ ഓരോരുത്തരായി പിടഞ്ഞു വീഴുന്നുണ്ടായിരുന്നു.

 

അവൾക്കരികിൽ നിന്ന് ഒരു ഗ്രനേഡ് കൂടി തൊടുത്തു വിട്ട ഫ്രാങ്ക് പെട്ടെന്ന് കാലിടറി ഒരലർച്ചയോടെ ലോഞ്ചർ താഴെയിട്ട് സീറ്റിലേക്ക് ചരിഞ്ഞു വീണു. കഴുത്തിൽ വെടിയേറ്റിട്ടും AK-47 പ്രവർത്തിപ്പിച്ചുകൊണ്ടിരുന്ന വാലി മറ്റൊരു വെടിയുണ്ടയേറ്റ് വാഹനത്തിൽ നിന്നും പിറകോട്ട് മറിഞ്ഞു.

 

തന്റെ ശിരോവസ്ത്രം അഴിച്ചു മാറ്റിയ സാറ, ഫ്രാങ്കിന്റെ ദേഹപരിശോധന നടത്തി വെടിയേറ്റ പാട് കണ്ടുപിടിച്ചു. ആ മുറിവിൽ ശിരോവസ്ത്രം ചുരുട്ടി അമർത്തി വച്ചതും അയാൾ കണ്ണു തുറന്നു. അവൾ അയാളുടെ കൈയിൽ പിടിച്ചു.

 

കണ്ണ് ചിമ്മി വീണ്ടും തുറന്ന അയാളോട് അവൾ ചോദിച്ചു. “ഞാൻ പറയുന്നത് കേൾക്കാൻ പറ്റുന്നുണ്ടോ?” അവശനിലയിൽ അയാൾ തല കുലുക്കി. “സഹായത്തിന് ആരെങ്കിലും എത്തുന്നത് വരെ ഇത് അമർത്തിപ്പിടിച്ചോളൂ” അവൾ പറഞ്ഞു.

 

മെഷീൻഗണ്ണിന് അരികിലേക്ക് ചാടിയെത്തിയ സാറ അതിന്റെ ഹാൻഡിലിൽ പിടിച്ച് നിയന്ത്രണം ഏറ്റെടുത്തു. അടുത്തുകൊണ്ടിരിക്കുന്ന താലിബാനികൾക്ക് നേരെ കൃത്യതയോടെ അവൾ ഫയറിങ്ങ് ആരംഭിച്ചു. ഒരു മഗസിൻ ബോക്സ് കാലിയായപ്പോഴേക്കും ഏറെ താലിബാനികളൊന്നും പിന്നെ ബാക്കിയുണ്ടായിരുന്നില്ല. എങ്കിലും അവിടെയും ഇവിടെയുമായി പിന്നെയും കുറച്ചു പേർ അങ്ങോട്ട് വരുന്നുണ്ടായിരുന്നു. കടുത്ത വേദനയെ അവഗണിച്ച് അവൾ സാവധാനം കാലിയായ കാർട്രിഡ്ജ് എടുത്ത് മാറ്റി പുതിയത് ഘടിപ്പിച്ചു. നെറ്റിയിൽ നിന്നും കണ്ണിലേക്ക് അപ്പോഴും രക്തം ഒഴുകുന്നുണ്ടായിരുന്നു. എന്നത്തേക്കാളും തളർന്നിരുന്നു അവൾ അപ്പോൾ.

 

രക്തത്തിൽ കുളിച്ച മുഖവുമായി, തോക്കുകൾ തീ തുപ്പുന്ന വെട്ടത്തിൽ, അവൾ താഴെ വീണു കിടക്കുന്ന ഫ്രാങ്കിനെ നോക്കി.

 

“നിങ്ങൾക്ക് ബോധമുണ്ടല്ലോ അല്ലേ?” അയാൾ ചെറുതായി തലകുലുക്കി. “ഗുഡ് മാൻ” അവൾ പറഞ്ഞു.

 

വീണ്ടും മെഷീൻ ഗൺ പ്രവർത്തിപ്പിക്കാനായി തിരിഞ്ഞ അവളുടെ വലതു തുടയിൽ എന്തോ വന്ന് തറച്ചത് പോലെ തോന്നി. വീഴാതിരിക്കാൻ അവൾ മെഷീൻ ഗണ്ണിന്റെ ഹാൻഡിലിൽ മുറുകെ പിടിച്ചു. കാലിൽ പ്രത്യേകിച്ച് വേദനയൊന്നും തോന്നിയില്ല. വെടിയുണ്ടയേറ്റാൽ അങ്ങനെയാണ്. ആദ്യം വേദനയുണ്ടാവില്ല. കുറച്ചു കഴിയുമ്പോഴാണ് വേദന അറിഞ്ഞു തുടങ്ങുക. അവൾ നിവർന്നു നിന്നു.

 

താലിബാന്റെ ശേഷിക്കുന്ന ഗ്രൂപ്പും അങ്ങോട്ട് അടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഒരാളെപ്പോലും വെറുതെ വിടാതെ ക്രമാനുഗതമായി അവൾ വെടിയുതിർത്തുകൊണ്ടിരുന്നു. അവശേഷിച്ച ഏതാനും പേർ ഭയചകിതരായി ഇരുട്ടിലേക്ക് ഓടിയൊളിച്ചു. തെല്ല് ആശ്വാസത്തോടെ നിൽക്കുമ്പോഴാണ് കാലിലെ വേദന അറിഞ്ഞു തുടങ്ങുന്നത്.

 

ഹെലികോപ്റ്ററുകൾ അടുത്തു കൊണ്ടിരിക്കുന്ന ശബ്ദം കേൾക്കാറായി. എങ്ങും വെടിമരുന്നിന്റെ ഗന്ധമാണ്. കോൺവോയിയിൽ അവശേഷിച്ചിരുന്ന സൈനികർ സഹായത്തിനായി പരസ്പരം വിളിച്ചു കൂവുന്നതിന്റെ സ്വരം എമ്പാടും മുഴങ്ങി. അവൾ അപ്പോഴും മെഷീൻ ഗണ്ണിന്റെ ഹാൻഡിലിൽ പിടിച്ചു നിൽക്കുകയായിരുന്നു. പക്ഷേ, ഇനിയും വയ്യ പുറംകൈ കൊണ്ട് മുഖത്തെ രക്തം തുടച്ചു കളഞ്ഞിട്ട് സാവധാനം അവൾ സീറ്റിലേക്ക് ചാരിക്കിടന്നു.

 

“ഇറ്റ്സ് ഓവർ, ഫ്രാങ്ക് ആർ യൂ ഓൾറൈറ്റ്?” അവൾ ചോദിച്ചു.

 

അപ്പോഴും അവളുടെ ശിരോവസ്ത്രം കൊണ്ട് തന്റെ മുറിവിൽ അമർത്തിപ്പിടിച്ചിരുന്ന അയാൾ മുകളിലേക്ക് നോക്കി. “മൈ ഗോഡ്, നിങ്ങൾ ഒരു അസാമാന്യ വനിത തന്നെയാണ് മാഡം” വിറയ്ക്കുന്ന സ്വരത്തിൽ അയാൾ പറഞ്ഞു.

 

ആശ്വാസത്തോടെ അവൾ കുനിഞ്ഞ് അയാളുടെ മറ്റേ കൈ തന്റെ കൈയിലെടുത്തു. പെട്ടെന്നാണ് അതികഠിനമായ വേദന അവളുടെ കാലിലൂടെ അരിച്ചു കയറിയത്. ഇത്രയും കഠിനമായ വേദന ജീവിതത്തിൽ ഇതാദ്യമായിട്ടാണ് അനുഭവപ്പെടുന്നത്. സകല നിയന്ത്രണവും വിട്ട് അവൾ അലറിക്കരഞ്ഞു. തൊട്ടടുത്ത നിമിഷമാണ് അവൾ തിരിച്ചറിഞ്ഞത് താൻ ഇരിക്കുന്നത് ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ തന്റെ സീറ്റിൽ ആണെന്ന വസ്തുത.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, June 5, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 07

അവരെ ഹോട്ടലിൽ കൊണ്ടുചെന്ന് വിടാമെന്ന് ബ്ലെയ്ക്ക് ജോൺസൻ നിർബന്ധം പിടിച്ചു. മഴ പെയ്തുകൊണ്ടിരുന്നിട്ടും വൈറ്റ് ഹൗസിന്റെ ഗേറ്റുകൾക്ക് മുന്നിൽ ടൂറിസ്റ്റുകളാണെന്നാണ് തോന്നിക്കുന്ന ധാരാളം പേർ കൂടി നിൽക്കുന്നുണ്ടായിരുന്നു.

 

“ഞാൻ പറഞ്ഞത് പോലെ തന്നെയായിരുന്നില്ലേ മീറ്റിങ്ങ്?” ബ്ലെയ്ക്ക് ചോദിച്ചു. “ഇത് അമേരിക്കയാണ് അഭിപ്രായ സ്വാതന്ത്ര്യമുള്ള നാട് ദുർഘടമായ പാതയാണ് പ്രസിഡന്റിന് തരണം ചെയ്യാനുള്ളത് തീവ്രവാദികളെ പാർപ്പിക്കാൻ ഗ്വാണ്ടനാമോ തടവറ ഞങ്ങൾ പരീക്ഷിച്ചു പക്ഷേ, അതിനെതിരെ ലോകത്തെമ്പാടും നിന്ന് ഞങ്ങൾക്ക് സന്ദേശങ്ങൾ വന്നു എന്തിന്, ഒസാമാ ബിൻലാദനെ കൈകാര്യം ചെയ്ത രീതിയെപ്പോലും വിമർശിച്ചവരുണ്ട്

 

“അത് ഞങ്ങൾക്കറിയാം, ബ്ലെയ്ക്ക് പ്രശ്നമെന്താണെന്ന് വച്ചാൽ, ആഗോള സ്വാതന്ത്ര്യം, സ്വകാര്യത, നിയമസംഹിത എന്നിവയെക്കുറിച്ചെല്ലാം ആവോളം നമുക്ക് സംസാരിക്കാം പക്ഷേ, അധികാരത്തിൽ എത്തുന്നതോടെ ചിത്രം മാറുന്നു നമ്മുടെ മേശപ്പുറത്ത് എത്തുന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ കാണുമ്പോഴാണ് യാഥാർത്ഥ്യം എത്രമാത്രം ഭീകരമാണെന്ന് നാം മനസ്സിലാക്കുക സെപ്തംബർ പതിനൊന്ന് പോലുള്ള നിരവധി ഭീകരാക്രമണ പദ്ധതികൾ നാം പരാജയപ്പെടുത്തിയത് തലനാരിഴ വ്യത്യാസത്തിലായിരുന്നുവെന്നത് പൊതുജനത്തിന് അറിയില്ലല്ലോ

 

“അതെ ഷോൺ ഡില്ലനെയും ഡാനിയൽ ഹോളിയെയും പോലുള്ളവർ അവരുടെ മനോധർമ്മം അനുസരിച്ച് പ്രവർത്തിക്കുന്നത് കൊണ്ട്” ഹാരി മില്ലർ പറഞ്ഞു. “മാത്രമല്ല, മറ്റുള്ളവരിൽ നിന്നും വിഭിന്നമായി തങ്ങളുടെ പ്രവൃത്തിയുടെ പൂർണ്ണ ഉത്തരവാദിത്തം അവർ ഏറ്റെടുക്കുകയും ചെയ്യുന്നു

 

“അതെ, താങ്ക് ഗോഡ് ഫോർ ഇറ്റ്” ഫെർഗൂസൻ പറഞ്ഞു. “പിന്നെയൊരു കാര്യം, കഴിഞ്ഞ കുറേക്കാലമായി ഫ്രഞ്ച് സീക്രട്ട് സർവീസുമായി ഉറ്റ സൗഹൃദത്തിലാണ് ഞങ്ങൾ

 

“അത്ഭുതകരം” ബ്ലെയ്ക്ക് പറഞ്ഞു. “ഞാൻ വിചാരിച്ചത് നിങ്ങൾ ബദ്ധശത്രുക്കളായിരിക്കും എന്നാണ്

 

“അതൊക്കെ പണ്ട്  മുസ്ലീം വേരുകളുള്ള അൾജീരിയൻ വംശജരായ ചില ഏജന്റുമാർ അവർക്കുണ്ട് അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമുള്ള അൽ ഖ്വയ്ദ ട്രെയിനിങ്ങ് ക്യാമ്പുകളിൽ നുഴഞ്ഞു കയറി അവർ ശേഖരിച്ച വിവരങ്ങൾ സെപ്തംബർ പതിനൊന്ന് സംഭവത്തിന് ശേഷം പ്രവർത്തിച്ചു തുടങ്ങിയ നിരവധി ടെററിസ്റ്റ് സെല്ലുകൾ തകർക്കുന്നതിന് ഫ്രഞ്ചുകാരെ സഹായിച്ചു ഫ്രാൻസിൽ മാത്രമല്ല” ഫെർഗൂസൻ ചിരിച്ചു. “നിങ്ങൾക്കറിയാമോ, ഞങ്ങളുടെ തലസ്ഥാന നഗരത്തെ അവർ വിളിക്കുന്നത് ലണ്ടനിസ്ഥാൻ എന്നാണ് ഫ്രഞ്ച് സീക്രട്ട് സർവീസ് ഇടയ്ക്കിടെ ഞങ്ങൾക്ക് ഇൻഫർമേഷൻ തരാറുണ്ട് നെൽസൺസ് കോളം, ടവർ ബ്രിഡ്ജ്, ഹാരോഡ്സ് തുടങ്ങിയവയെല്ലാം തകർക്കാനുള്ള അൽ ഖ്വയ്ദയുടെ പദ്ധതികളെക്കുറിച്ച് ഇപ്പോൾ ചിത്രം വ്യക്തമായില്ലേ?”

 

“തീർച്ചയായും” ബ്ലെയ്ക്ക് പറഞ്ഞു. “പാരീസിലാണെങ്കിൽ ഈഫൽ ടവർ ആയിരുന്നു അവരുടെ ടാർഗെറ്റ് എന്ന് തോന്നുന്നു

 

“പാരീസിൽ വസിക്കുന്ന മുസ്ലീങ്ങളുടെ കാര്യമാണ് കഷ്ടം” മില്ലർ പറഞ്ഞു. “അൾജീരിയൻ യുദ്ധസമയത്ത് ഫ്രഞ്ച് ഗവണ്മന്റ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് എനിക്കോർമ്മയുണ്ട് അത്തരം ഒരവസ്ഥ ആരും ആഗ്രഹിക്കില്ല

 

“പക്ഷേ, അൽ ഖ്വയ്ദ ആഗ്രഹിക്കും” ലിമോസിൻ ഹോട്ടലിലേക്ക് തിരിയവെ ഫെർഗൂസൻ പറഞ്ഞു. “ഒരർത്ഥത്തിൽ അവർക്ക് വേണ്ടതും അതുതന്നെയാണ് അന്നത്തേത് പോലുള്ള അടിച്ചമർത്തലുകളുടെ കാലം തിരികെ കൊണ്ടുവരിക അതുവഴി ഏതാനും രക്തസാക്ഷികളെ സൃഷ്ടിക്കുക അങ്ങനെ കൂടുതൽ മുസ്ലീങ്ങളെ അൽ ഖ്വയ്ദയിലേക്ക് റിക്രൂട്ട് ചെയ്യുക

 

“അന്നത്തെ അടിച്ചമർത്തലുകളുമായി താരതമ്യം ചെയ്താൽ ഡില്ലന്റെയും ഹോളിയുടെയും പ്രവൃത്തികൾ വളരെ നിസ്സാരം” മില്ലർ പറഞ്ഞു.

 

അവരെ ഹോട്ടലിന് മുന്നിൽ ഇറക്കിയിട്ട് ബ്ലെയ്ക്കിനെയും കൊണ്ട് തിരികെ പോകുന്ന ലിമോസിൻ നോക്കി അവർ നിന്നു. “അദ്ദേഹം പറഞ്ഞത് കേട്ടിട്ട് എന്ത് തോന്നുന്നു?” ഹാരി മില്ലർ ആരാഞ്ഞു.

 

“ഐസിട്ട ഒരു ലാർജ്ജ് വിസ്കിയാണ് എനിക്കിപ്പോൾ ആവശ്യം എങ്കിലും ഗൾഫ്സ്ട്രീമിന്റെ പ്രൈവറ്റ് ജെറ്റിൽ കയറുന്നത് വരെ ഞാൻ പിടിച്ചു നിൽക്കും വരൂ, ബാഗേജ് എല്ലാം എടുത്ത് നമുക്ക് എയർപോർട്ടിലേക്ക് പോകാം” ഫെർഗൂസൻ ഹോട്ടലിനുള്ളിലേക്ക് കയറി.

 

                                                      ***

 

അരിസോണ സംസ്ഥാനത്തിലെ ടുസോണിൽ നിന്നും ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ കയറുമ്പോൾ യുദ്ധനിരയിൽ ഉപയോഗിക്കുന്ന മിലിട്ടറി യൂണിഫോം ആയിരുന്നു ക്യാപ്റ്റൻ സാറാ ഗിഡിയൻ ധരിച്ചിരുന്നത്. രാജ്യസ്നേഹത്തിന് പേരുകേട്ട അമേരിക്കയിൽ സൈനികർക്ക് വലിയ ആദരവും സ്വീകാര്യതയുമാണ് എക്കാലത്തും ലഭിച്ചുപോരുന്നത്. പ്രത്യേകിച്ചും അത് ധരിച്ചിരിക്കുന്നത് സുന്ദരിയായ ഒരു യുവതിയും കൂടിയായപ്പോൾ പറയാനുമില്ല. അഞ്ചടി ആറിഞ്ച് ഉയരം. ഉയർന്ന കവിളെല്ലുകൾ. ക്രോപ്പ് ചെയ്ത ചുവന്ന മുടിയും നെറ്റിയിലൂടെ ഇടതുകണ്ണിന് മുകൾഭാഗം വരെ നീണ്ടു കിടക്കുന്ന മുറിപ്പാടും അവൾക്ക് ഒരു പ്രത്യേക ആകർഷകത്വം നൽകി. അഴകുറ്റ ആ മുഖത്ത് നിർവ്വികാരത നിറഞ്ഞിരുന്നു. ഏതാണ്ട് ഇപ്രകാരമായിരുന്നു ആ മുഖത്ത് നിന്നും നമുക്ക് വായിച്ചെടുക്കാനാവുക: ഞാൻ ഇങ്ങനെയൊക്കെയാണ് എന്നെ നിങ്ങൾക്ക് ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം അത് എന്നെ ബാധിക്കുന്ന പ്രശ്നമേയല്ല ഫസ്റ്റ് ക്ലാസിലെ വിൻഡോ സീറ്റ് ആയിരുന്നു അവളുടേത്. ഫ്ലൈറ്റ് അറ്റൻഡന്റ് ഒരു ഗ്ലാസ് ഷാംപെയ്നുമായി അവൾക്കരികിലേക്ക് വന്നപ്പോൾ മറ്റു യാത്രക്കാർ ആകാംക്ഷയോടെ അവളെ നോക്കുന്നുണ്ടായിരുന്നു.

 

“ആക്ച്വലി, ഐ തിങ്ക് ദാറ്റ് വുഡ് ബീ വെരി നൈസ്” സാറാ ഗിഡിയൻ അവളോട് പറഞ്ഞു.

 

“ഓ, ലോർഡ്, യൂ ആർ ഇംഗ്ലീഷ്…!” ചെറുപ്പക്കാരിയായ ആ അറ്റൻഡന്റ് അത്ഭുതം കൂറി.

 

സാറ തന്റെ മയക്കുന്ന പുഞ്ചിരി അവൾക്ക് സമ്മാനിച്ചു. “അതെ ഞാനൊരു ബ്രിട്ടീഷുകാരി ആയതുകൊണ്ട് വിരോധമൊന്നുമില്ലല്ലോ? ഈ യുദ്ധത്തിൽ നാം ഒരേ പക്ഷത്ത് തന്നെയാണല്ലോ? എന്താ, അങ്ങനെയല്ലെന്നുണ്ടോ?”

 

“അയ്യോ, ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല” ചമ്മലോടെ അവൾ പറഞ്ഞു. “എന്റെ മൂത്ത സഹോദരൻ മറീൻ കോർപ്സിലാണ്അഫ്ഗാനിസ്ഥാനിലെ സാംഗിൻ പ്രവിശ്യയിൽ നിങ്ങൾ അവിടെയൊന്നും പോയിരിക്കാൻ സാദ്ധ്യതയല്ല്ലല്ലോ അല്ലേ?”

 

“ഞാൻ പോയിട്ടുണ്ട് മറീൻസ് ഏറ്റെടുക്കുന്നതിന് മുമ്പ് ബ്രിട്ടീഷ് ആർമിയായിരുന്നു  ആ പ്രദേശത്ത് സർവെയലൻസ് നടത്തിയിരുന്നത്

 

“അയാം സോ ഗ്ലാഡ്” ആ അറ്റൻഡന്റ് പറഞ്ഞു. “ഞാൻ നിങ്ങൾക്കുള്ള ഡ്രിങ്ക് എടുത്തുകൊണ്ടു വരാം

 

അവൾ പോയതും സാറ എഴുന്നേറ്റ് മുകളിലെ ലോക്കറിൽ നിന്നും തന്റെ ഷോൾഡർ ബാഗ് എടുത്ത് ലാപ്ടോപ് പുറത്തെടുത്ത് തന്റെ സീറ്റിനരികിൽ വച്ചു. ഷോൾഡർ ബാഗ് തിരികെ വച്ച് സീറ്റിൽ ഇരുന്നപ്പോഴേക്കും ഷാംപെയ്നുമായി അറ്റൻഡന്റ് തിരികെ വന്നിരുന്നു.

 

“ഈ സാംഗിൻ എന്ന് പറയുന്ന സ്ഥലം കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ? റോൺ വിളിക്കുമ്പോൾ പറയാറുണ്ട്, അത്ര വലിയ പ്രശ്നങ്ങളൊന്നും അവിടെയില്ല എന്ന്

 

പാവം റോൺ വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാൻ നുണ പറയുകയായിരുന്നു അവൻ. താൻ ഒരു ഇൻഫന്ററി ബറ്റാലിയനോടൊപ്പം പോകവെ രണ്ട് തവണയാണ് സാംഗിൻ പ്രവിശ്യയിൽ വച്ച് ആക്രമണം നേരിട്ടത്. ഇരുനൂറോളം സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്. മാത്രമല്ല, അന്നാണ് തന്റെ തുടയിൽ വെടിയേറ്റതും ചില്ലുകൾ തറച്ച് നെറ്റിയിൽ പരിക്കേറ്റതും. പക്ഷേ, അതൊക്കെ ഈ പെൺകുട്ടിയോട് എങ്ങനെ പറയും?

 

ഷാംപെയ്ൻ അകത്താക്കി അവൾ ഗ്ലാസ് തിരികെ കൊടുത്തു. “വിഷമിക്കാനൊന്നുമില്ല സാംഗിനിൽ വലിയൊരു മിലിട്ടറി ബേസാണുള്ളത് എല്ലാ സൗകര്യങ്ങളുമുണ്ട് നല്ല ബാത്ത്റൂമുകൾ, ഷോപ്പുകൾ, ബർഗേഴ്സ്, ടി.വി എവ്‌രിതിങ്ങ് റോൺ വിൽ ബീ ഫൈൻ ബിലീവ് മീ

 

“ഓ, താങ്ക് യൂ സോ മച്ച്” ആ പെൺകുട്ടിയുടെ മിഴികൾ നിറഞ്ഞിരുന്നു.

 

“നൗ, യൂ മസ്റ്റ് എക്സ്ക്യൂസ് മീ അല്പം ജോലിയുണ്ടായിരുന്നു ചെയ്തു തീർക്കാൻ” സാറ പറഞ്ഞു.

 

അവൾ പോയതും സാറ തന്റെ ലാപ്ടോപ് തുറന്നു. ആ പെൺകുട്ടിയോട് നുണ പറഞ്ഞതിൽ വേദനയുണ്ടായിരുന്നു അവൾക്ക്. അത് മറക്കുവാൻ ശ്രമിച്ചു കൊണ്ട് അവൾ തന്റെ റിപ്പോർട്ട് ടൈപ്പ് ചെയ്യുവാൻ തുടങ്ങി. അരിസോണയിലെ മിലിട്ടറി ബേസിൽ അവൾ കണ്ടത് യുദ്ധത്തിന്റെ പുതിയൊരു മുഖമായിരുന്നു. അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും മുകളിലൂടെ തലങ്ങും വിലങ്ങും പറക്കുന്ന പൈലറ്റില്ലാത്ത റീപ്പർ ഡ്രോണുകൾ. അവയുടെയെല്ലാം നിയന്ത്രണം അരിസോണ മിലിട്ടറി ബേസിൽ നിന്നായിരുന്നു. ഡസൻ കണക്കിന് താലിബാൻ, അൽ ഖ്വയ്ദ നേതാക്കൾ ആയിരുന്നു അവയുടെ ടാർഗെറ്റ്.

 

ഏതാണ്ട് രണ്ട് മണിക്കൂർ വേണ്ടി വന്നു റിപ്പോർട്ട് പൂർത്തിയാക്കാൻ. എഴുന്നേറ്റ് ലാപ്ടോപ് തിരികെ ഷോൾഡർ ബാഗിൽ വച്ചിട്ട് അവൾ ഇരുന്നു. വല്ലാത്തൊരു അസൈന്മെന്റ് തന്നെയായിരുന്നു അത് -  ഇതെല്ലാം എവിടെ ചെന്നാണ് അവസാനിക്കുക? ഒരു ഹോളിവുഡ് സയൻസ് ഫിക്ഷൻ മൂവിയിലെന്ന പോലെ പക്ഷേ, ഇത് മൂവിയല്ല, തികച്ചും യാഥാർത്ഥ്യം

 

തല പൊളിയുന്നത് പോലെ തോന്നി അവൾക്ക്. പേഴ്സ് തുറന്ന് രണ്ട് മൂന്ന് ഗുളികകൾ എടുത്ത് വായിലിട്ട് ബോട്ട്‌ലിൽ നിന്നും വെള്ളം കുടിച്ചു. ശേഷം അറ്റൻഡന്റിനെ വിളിക്കുവാനുള്ള ബട്ടൺ അമർത്തി.

 

ചെറുപ്പക്കാരിയായ ആ ഫ്ലൈറ്റ് അന്റൻഡന്റ് ഉടൻ തന്നെ അരികിലെത്തി. “എനിതിങ്ങ് ഐ ക്യാൻ ഗെറ്റ് യൂ?”

 

“അല്പം ഉറങ്ങണമെന്നുണ്ട് ഒരു ബ്ലാങ്കറ്റ് കിട്ടുമോ?”

 

“തീർച്ചയായും” ഓവർഹെഡ് ലോക്കറിൽ നിന്നും ഒരു ബ്ലാങ്കറ്റ് പുറത്തെടുത്ത് ആ പെൺകുട്ടി അവളെ പുതപ്പിച്ചു. സാറ തന്റെ സീറ്റ് പിറകോട്ട് ചായ്ച്ചു.

 

“സ്വീറ്റ് ഡ്രീംസ്” ആ പെൺകുട്ടി മൊഴിഞ്ഞു.

 

എത്ര കാലമായി ഞാൻ നല്ലൊരു സ്വപ്നം കണ്ടിട്ട്? ആത്മഗതം നടത്തിക്കൊണ്ട് സാറ കണ്ണുകൾ അടച്ചു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...