ഹെൻട്രി പറഞ്ഞത് പോലെ
അര മണിക്കൂർ അവർ കാത്തിരുന്നു. ഏതാനും ചിലർ മാത്രമേ ആ സമയത്ത് പുറത്തേക്ക് ഇറങ്ങി വന്നുള്ളൂ.
ഏതാണ്ട് മുക്കാൽ മണിക്കൂറോളം കാത്തിരുന്നിട്ടും അവരെ കാണാത്തതിൽ അരിശം പൂണ്ട ഹെൻട്രി
പറഞ്ഞു. “നാശം, നമുക്ക് പോകാം…”
ആ നിമിഷത്തിലാണ് സാറയും
ഹോളിയും കൂടി വാതിൽക്കൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടുപിന്നിൽ സാൾട്ടർ സഹോദരന്മാരും ജോ
ബാക്സ്റ്ററും ഹാളും ഉണ്ടായിരുന്നു. അന്യോന്യം എന്തൊക്കെയോ പറഞ്ഞ് ചിരിച്ചതിന് ശേഷം
സാറയും ഹോളിയും കൂടി ആൾഫാ റോമിയോ കാറിനുള്ളിൽ കയറി. മുന്നോട്ട് നീങ്ങി വളവ് തിരിഞ്ഞ്
കവാടത്തിലൂടെ റോഡിലേക്കിറങ്ങിയ കാറിന്റെ എഞ്ചിൻ ശബ്ദം ഉയർന്നതും നിയന്ത്രണം വിട്ട്
മുന്നോട്ട് കുതിച്ച് വാർഫിന്റെ അറ്റത്തേക്ക് നീങ്ങി ബാരിക്കേഡിൽ ഇടിച്ച് വശം തിരിഞ്ഞ്
നിന്നതും പെട്ടെന്നായിരുന്നു. ആ ബാരിക്കേഡ് ഒന്നു കൊണ്ട് മാത്രമാണ് കാർ തെംസ് നദിയിലേക്ക്
വീഴാതിരുന്നത്.
ചാടി പുറത്തിറങ്ങിയ ഹോളി
മറുവശത്ത് ചെന്ന് സാറയുടെ ഡോർ തുറക്കാൻ നോക്കി. അത് ജാമായിരിക്കുകയാണ്. തിരിച്ചു വന്ന
അയാൾ ഡ്രൈവർ സൈഡിലെ ഡോറിലൂടെ സാറയെ വലിച്ച് പുറത്തിറക്കി. “അയാം ഫൈൻ, റിയലി അയാം…” അവൾ പറഞ്ഞു.
ബാക്സ്റ്ററോടും ഹാളിനോടും
ഒപ്പം ഓടിയെത്തിയ സാൾട്ടർ സഹോദരന്മാരോട് ഹോളി പറഞ്ഞു. “വളവ് എത്തിയപ്പോൾ ഞാൻ ബ്രേക്ക്
ചവിട്ടി… പക്ഷേ, വണ്ടി നിന്നില്ല… എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നില്ല…”
ബാക്സ്റ്റർ മുട്ടുകുത്തി
കാറിനടിയിലേക്ക് നോക്കി. “ബ്രേക്ക് ഫ്ലൂയിഡ് ഇറ്റിറ്റ് വീഴുന്നുണ്ടല്ലോ ഹാരീ…” അയാൾ ഡ്രൈവിങ്ങ് സീറ്റിൽ കയറിയിരുന്ന് ബ്രേക്ക് പെഡൽ അമർത്തി നോക്കി.
“പെഡൽ ലൂസാണ്…”
“നിങ്ങളുടെ ഭാഗ്യം എന്ന്
തന്നെ പറയണം, മൈ ഓൾഡ് സൺ…” ഹാരി സാൾട്ടർ പറഞ്ഞു. “ആ ബാരിക്കേഡ് അവിടെ ഇല്ലായിരുന്നെങ്കിൽ
നിങ്ങളിരുവരും ഇപ്പോൾ വെള്ളത്തിനടിയിൽ കാറിനുള്ളിൽ നിന്ന് പുറത്ത് കടക്കാൻ പാടുപെടുകയായിരിക്കും… ചുരുങ്ങിയത് പത്തടിയെങ്കിലും ആഴമുണ്ടായിരിക്കും ഈ ഭാഗത്ത്…”
“ആർ യൂ ഓകേ, സാറാ…?” ബില്ലി സാൾട്ടർ ചോദിച്ചു.
“അയാം ഗുഡ്…” അവൾ പറഞ്ഞു. “നോ പ്രോബ്ലം… ഇനിയെന്താണ്…?”
ഹാരി, ബാക്സ്റ്ററുടെ നേർക്ക്
തിരിഞ്ഞു. “ജോ, ഈ കാർ ഗ്യാരേജിലേക്ക് കൊണ്ടുപോകാനുള്ള ഏർപ്പാടാക്കണം… കൂടാതെ, ഡാനിയലിന് നമ്മുടെ ഒരു മെഴ്സെഡിസിന്റെ താക്കോൽ കൂടി കൊടുക്കൂ…” അയാൾ ഹോളിയുടെ നേർക്ക് തിരിഞ്ഞു. “ഇവിടെ മൂന്ന് മെഴ്സെഡിസുകളുണ്ട്… അതിലൊന്ന് എടുത്തോളൂ… നാളെ രാവിലെ ഹോളണ്ട് പാർക്കിൽ ചെല്ലാനുള്ളതല്ലേ…?”
“അത് നന്നായി…” ഹോളി പറഞ്ഞു.
പബ്ബിനുള്ളിൽ നിന്നും
പുറത്തു വന്ന കുറേപ്പേർ സംഭവം എന്താണെന്ന് അറിയാൻ അവിടെ വന്നു നോക്കിയിട്ട് പാർക്ക്
ചെയ്തിരിക്കുന്ന തങ്ങളുടെ കാറുകൾക്കരികിലേക്ക് പോയി. ഹെൻട്രിയും കെല്ലിയും ഒന്നുമറിയാത്തത്
പോലെ ആ ആൾക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്നു.
“മൈ ഗോഡ്, നമ്മുടെ കൈയിൽ
കിട്ടിയതായിരുന്നു… പക്ഷേ, രക്ഷപെട്ടു…” കെല്ലി പറഞ്ഞു.
“അതേ…” ഹെൻട്രി പറഞ്ഞു. “സാരമില്ല, ഇനിയും അവസരമുണ്ടല്ലോ…”
***
തിരികെയുള്ള യാത്രയിൽ
ലണ്ടൻ ടവറിന് സമീപമെത്തിയപ്പോൾ ഹോളി ചോദിച്ചു. “സാറാ, നിങ്ങൾക്ക് കുഴപ്പമൊന്നും ഇല്ലെന്ന്
ഉറപ്പാണല്ലോ അല്ലേ…?”
“എനിക്ക് ഒരു കുഴപ്പവുമില്ല… വലിയൊരു അപകടത്തിൽ നിന്നാണ് നമ്മൾ രക്ഷപെട്ടത്… ഒരു ഡ്രിങ്ക് ആയാലോ…?” അവൾ വാച്ചിൽ നോക്കി. “പത്തു മണി ആയതേയുള്ളൂ… ഡോർചെസ്റ്റർ ബാറിൽ ഒന്ന് കയറിയിട്ട് പോകാം…”
“അതിനെന്താ, തീർച്ചയായും…”
“മനോഹരമായൊരു സായാഹ്നമായിരുന്നു…” അവൾ പറഞ്ഞു. “ആ സാൾട്ടർ സഹോദരന്മാരെ എനിക്കിഷ്ടപ്പെട്ടു…”
“ഡോറയുടെ വിഭവങ്ങളെന്താ
മോശമായിരുന്നോ…?”
“ഒന്നും പറയണ്ട… ബ്ലഡി മാർവെലസ്… അവർ അതിന് പേറ്റന്റ് എടുക്കണമെന്നാണ് ഞാൻ പറയുക…”
ഡോർചെസ്റ്റർ ബാറിന് മുന്നിൽ
കാർ നിർത്തി താക്കോൽ വാലറ്റ് ഡ്രൈവർക്ക് കൈമാറിയിട്ട് ഇരുവരും ഉള്ളിലേക്ക് കടന്നു.
നല്ല തിരക്കായിരുന്നു ബാറിനുള്ളിൽ. രാത്രി ഭക്ഷണം കഴിക്കുവാൻ ധാരാളം പേർ എത്തിയിട്ടുണ്ട്.
“നല്ല തിരക്കാണല്ലോ… ഇത്രയും പ്രതീക്ഷിച്ചില്ല…” ഹോളി പറഞ്ഞു.
“അതിനെന്താ, മുകളിൽ വി.ഐ.പി
റൂം അല്ലേ ഉള്ളത്… വരൂ, പോയി നോക്കാം…” അവൾ പറഞ്ഞു.
(തുടരും)