Sunday, November 22, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 25

ഹെൻട്രി പറഞ്ഞത് പോലെ അര മണിക്കൂർ അവർ കാത്തിരുന്നു. ഏതാനും ചിലർ മാത്രമേ ആ സമയത്ത് പുറത്തേക്ക് ഇറങ്ങി വന്നുള്ളൂ. ഏതാണ്ട് മുക്കാൽ മണിക്കൂറോളം കാത്തിരുന്നിട്ടും അവരെ കാണാത്തതിൽ അരിശം പൂണ്ട ഹെൻട്രി പറഞ്ഞു. “നാശം, നമുക്ക് പോകാം…”

 

ആ നിമിഷത്തിലാണ് സാറയും ഹോളിയും കൂടി വാതിൽക്കൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടുപിന്നിൽ സാൾട്ടർ സഹോദരന്മാരും ജോ ബാക്സ്റ്ററും ഹാളും ഉണ്ടായിരുന്നു. അന്യോന്യം എന്തൊക്കെയോ പറഞ്ഞ് ചിരിച്ചതിന് ശേഷം സാറയും ഹോളിയും കൂടി ആൾഫാ റോമിയോ കാറിനുള്ളിൽ കയറി. മുന്നോട്ട് നീങ്ങി വളവ് തിരിഞ്ഞ് കവാടത്തിലൂടെ റോഡിലേക്കിറങ്ങിയ കാറിന്റെ എഞ്ചിൻ ശബ്ദം ഉയർന്നതും നിയന്ത്രണം വിട്ട് മുന്നോട്ട് കുതിച്ച് വാർഫിന്റെ അറ്റത്തേക്ക് നീങ്ങി ബാരിക്കേഡിൽ ഇടിച്ച് വശം തിരിഞ്ഞ് നിന്നതും പെട്ടെന്നായിരുന്നു. ആ ബാരിക്കേഡ് ഒന്നു കൊണ്ട് മാത്രമാണ് കാർ തെംസ് നദിയിലേക്ക് വീഴാതിരുന്നത്.

 

ചാടി പുറത്തിറങ്ങിയ ഹോളി മറുവശത്ത് ചെന്ന് സാറയുടെ ഡോർ തുറക്കാൻ നോക്കി. അത് ജാമായിരിക്കുകയാണ്. തിരിച്ചു വന്ന അയാൾ ഡ്രൈവർ സൈഡിലെ ഡോറിലൂടെ സാറയെ വലിച്ച് പുറത്തിറക്കി. “അയാം ഫൈൻ, റിയലി അയാം…” അവൾ പറഞ്ഞു.

 

ബാക്സ്റ്ററോടും ഹാളിനോടും ഒപ്പം ഓടിയെത്തിയ സാൾട്ടർ സഹോദരന്മാരോട് ഹോളി പറഞ്ഞു. “വളവ് എത്തിയപ്പോൾ ഞാൻ ബ്രേക്ക് ചവിട്ടി… പക്ഷേ, വണ്ടി നിന്നില്ല… എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നില്ല…”

 

ബാക്സ്റ്റർ മുട്ടുകുത്തി കാറിനടിയിലേക്ക് നോക്കി. “ബ്രേക്ക് ഫ്ലൂയിഡ് ഇറ്റിറ്റ് വീഴുന്നുണ്ടല്ലോ ഹാരീ…” അയാൾ ഡ്രൈവിങ്ങ് സീറ്റിൽ കയറിയിരുന്ന് ബ്രേക്ക് പെഡൽ അമർത്തി നോക്കി. “പെഡൽ ലൂസാണ്…”

 

“നിങ്ങളുടെ ഭാഗ്യം എന്ന് തന്നെ പറയണം, മൈ ഓൾഡ് സൺ…” ഹാരി സാൾട്ടർ പറഞ്ഞു. “ആ ബാരിക്കേഡ് അവിടെ ഇല്ലായിരുന്നെങ്കിൽ നിങ്ങളിരുവരും ഇപ്പോൾ വെള്ളത്തിനടിയിൽ കാറിനുള്ളിൽ നിന്ന് പുറത്ത് കടക്കാൻ പാടുപെടുകയായിരിക്കും… ചുരുങ്ങിയത് പത്തടിയെങ്കിലും ആഴമുണ്ടായിരിക്കും ഈ ഭാഗത്ത്…”

 

“ആർ യൂ ഓകേ, സാറാ…?” ബില്ലി സാൾട്ടർ ചോദിച്ചു.

 

“അയാം ഗുഡ്…” അവൾ പറഞ്ഞു. “നോ പ്രോബ്ലം… ഇനിയെന്താണ്…?”

 

ഹാരി, ബാക്സ്റ്ററുടെ നേർക്ക് തിരിഞ്ഞു. “ജോ, ഈ കാർ ഗ്യാരേജിലേക്ക് കൊണ്ടുപോകാനുള്ള ഏർപ്പാടാക്കണം… കൂടാതെ, ഡാനിയലിന് നമ്മുടെ ഒരു മെഴ്സെഡിസിന്റെ താക്കോൽ കൂടി കൊടുക്കൂ…” അയാൾ ഹോളിയുടെ നേർക്ക് തിരിഞ്ഞു. “ഇവിടെ മൂന്ന് മെഴ്സെഡിസുകളുണ്ട്… അതിലൊന്ന് എടുത്തോളൂ… നാളെ രാവിലെ ഹോളണ്ട് പാർക്കിൽ ചെല്ലാനുള്ളതല്ലേ…?”

 

“അത് നന്നായി…” ഹോളി പറഞ്ഞു.

 

പബ്ബിനുള്ളിൽ നിന്നും പുറത്തു വന്ന കുറേപ്പേർ സംഭവം എന്താണെന്ന് അറിയാൻ അവിടെ വന്നു നോക്കിയിട്ട് പാർക്ക് ചെയ്തിരിക്കുന്ന തങ്ങളുടെ കാറുകൾക്കരികിലേക്ക് പോയി. ഹെൻട്രിയും കെല്ലിയും ഒന്നുമറിയാത്തത് പോലെ ആ ആൾക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്നു.

 

“മൈ ഗോഡ്, നമ്മുടെ കൈയിൽ കിട്ടിയതായിരുന്നു… പക്ഷേ, രക്ഷപെട്ടു…” കെല്ലി പറഞ്ഞു.

 

“അതേ…” ഹെൻട്രി പറഞ്ഞു. “സാരമില്ല, ഇനിയും അവസരമുണ്ടല്ലോ…”

 

                                                 ***

 

തിരികെയുള്ള യാത്രയിൽ ലണ്ടൻ ടവറിന് സമീപമെത്തിയപ്പോൾ ഹോളി ചോദിച്ചു. “സാറാ, നിങ്ങൾക്ക് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പാണല്ലോ അല്ലേ…?”

 

“എനിക്ക് ഒരു കുഴപ്പവുമില്ല… വലിയൊരു അപകടത്തിൽ നിന്നാണ് നമ്മൾ രക്ഷപെട്ടത്… ഒരു ഡ്രിങ്ക് ആയാലോ…?” അവൾ വാച്ചിൽ നോക്കി. “പത്തു മണി ആയതേയുള്ളൂ… ഡോർചെസ്റ്റർ ബാറിൽ ഒന്ന് കയറിയിട്ട് പോകാം…”

 

“അതിനെന്താ, തീർച്ചയായും…”

 

“മനോഹരമായൊരു സായാഹ്നമായിരുന്നു…” അവൾ പറഞ്ഞു. “ആ സാൾട്ടർ സഹോദരന്മാരെ എനിക്കിഷ്ടപ്പെട്ടു…”

 

“ഡോറയുടെ വിഭവങ്ങളെന്താ മോശമായിരുന്നോ…?”

 

“ഒന്നും പറയണ്ട… ബ്ലഡി മാർവെലസ്… അവർ അതിന് പേറ്റന്റ് എടുക്കണമെന്നാണ് ഞാൻ പറയുക…”

 

ഡോർചെസ്റ്റർ ബാറിന് മുന്നിൽ കാർ നിർത്തി താക്കോൽ വാലറ്റ് ഡ്രൈവർക്ക് കൈമാറിയിട്ട് ഇരുവരും ഉള്ളിലേക്ക് കടന്നു. നല്ല തിരക്കായിരുന്നു ബാറിനുള്ളിൽ. രാത്രി ഭക്ഷണം കഴിക്കുവാൻ ധാരാളം പേർ എത്തിയിട്ടുണ്ട്.

 

“നല്ല തിരക്കാണല്ലോ… ഇത്രയും പ്രതീക്ഷിച്ചില്ല…” ഹോളി പറഞ്ഞു.

 

“അതിനെന്താ, മുകളിൽ വി.ഐ.പി റൂം അല്ലേ ഉള്ളത്… വരൂ, പോയി നോക്കാം…” അവൾ പറഞ്ഞു.

 

 (തുടരും)


Friday, November 6, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 24

അദ്ധ്യായം – 6

 

ആ ആൽഫാ റോമിയോ സ്പൈഡർ കാർ കുന്നിറങ്ങവെ താഴെ തെംസ് നദിയിൽ ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു. വൈദ്യുതവിളക്കുകളാൽ പ്രകാശപൂരിതമായ ആ പബ്ബിന് മുന്നിൽ ഡാനിയൽ ഹോളി കാർ നിർത്തി.

 

“വെൽ, ഇതാണ് ഡാർക്ക് മാൻ… ഹാരി സാൾട്ടർ ആദ്യമായി വാങ്ങിയ സ്ഥാപനം… ഇതായിരുന്നു അയാളുടെ സാമ്രാജ്യത്തിന്റെ തുടക്കം…” ഹോളി പറഞ്ഞു.

 

സാറ പുഞ്ചിരിച്ചു. “ഓഹോ, അപ്പോൾ ഒരു സാമ്രാജ്യത്തിനൊക്കെ ഉടമയാണല്ലേ അയാൾ…?”

 

“കുറ്റകൃത്യങ്ങളിലൂടെ ഉണ്ടാക്കാവുന്നതിനേക്കാൾ കൂടുതൽ പണം നേരായ മാർഗ്ഗത്തിലൂടെ സമ്പാദിക്കാമെന്ന് മനസ്സിലാക്കിയതോടെ അയാളുടെ ഉയർച്ച തുടങ്ങി… ലണ്ടൻ അധോലോകത്തിലെ കുപ്രസിദ്ധ വില്ലനായിരുന്നു അയാൾ… യൗവ്വനകാലത്ത് ഒരു തവണ ജയിൽശിക്ഷ അനുഭവിച്ചതോടെ അയാൾക്ക് മതിയായി… ഇപ്പോൾ ഈ നദിയുമായി ബന്ധപ്പെട്ട് നടക്കുന്ന വലിയ വികസന പ്രവർത്തനങ്ങൾക്ക് പിന്നിൽ അയാളാണ്…”

 

“ഫെർഗൂസനുമായി അയാൾക്കുള്ള ബന്ധം… അതിന് പിന്നിൽ എന്താണ്…?” സാറ ചോദിച്ചു.

 

“ഞങ്ങളെപ്പോലെ തന്നെ… അനിശ്ചിതത്വത്തിന്റെ ഈ നാളുകളിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഇതും കൂടിയേ തീരൂ… പിന്നെ, ലണ്ടൻ അധോലോകവുമായുള്ള സൗഹൃദം പലപ്പോഴും ഫെർഗൂസന് ഗുണം ചെയ്യാറുണ്ടെന്നും കൂട്ടിക്കോളൂ…”

 

“മാനസാന്തരം വന്ന IRA പോരാളികളെക്കൊണ്ടെന്ന പോലെ…” കാറിൽ നിന്ന് പുറത്തിറങ്ങിയ സാറ തെല്ല് മുടന്തിക്കൊണ്ട് ജെട്ടിയുടെ അറ്റത്തേക്ക് നടന്നു. നദിയിലൂടെ കടന്നു പോകുന്ന ബോട്ടുകളിൽ നിന്നുള്ള സംഗീതം ജലപ്പരപ്പിന് മുകളിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. “എനിക്കിത് വല്ലാതെ ഇഷ്ടപ്പെട്ടു… ഈ നദിയുടെ ഗന്ധം പോലും…” തെംസ് നദിയിലേക്ക് നോക്കി അവൾ പറഞ്ഞു.

 

“ആർ യൂ ഓകേ…?” അവളുടെ അരികിലേക്ക് ചെന്ന് ഹോളി ചോദിച്ചു.

 

അവൾ മുഖം തിരിച്ച് അയാളെ നോക്കി. “എന്റെ കാലിന്റെ കാര്യത്തിലാണോ നിങ്ങൾ വ്യാകുലപ്പെടുന്നത്…? എനിക്ക് കുഴപ്പമൊന്നുമില്ല… റിയലി അയാം ഫൈൻ… കാറിൽ കുറച്ചു നേരം ഇരുന്നതിന്റെ ചെറിയൊരു ബുദ്ധിമുട്ട്… അല്പമൊന്ന് നടക്കുമ്പോൾ ശരിയായിക്കൊള്ളും…”

 

ചോദിക്കേണ്ടിയിരുന്നില്ല എന്നു തോന്നി ഹോളിയ്ക്ക്. “ഐ വാസ് ജസ്റ്റ് കൺസേൺ‌ഡ്…”

 

“മനസ്സിലായി… ഇതാണിപ്പോൾ എന്റെ അവസ്ഥ… ഒരിക്കലും പഴയത് പോലെ ആവില്ല…”

 

“എങ്കിൽ ഇതേക്കുറിച്ച് ഇനി ഞാൻ ചോദിക്കുകയേയില്ല…” പോക്കറ്റിലെ സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരെണ്ണമെടുത്ത് അയാൾ ചുണ്ടിൽ വച്ചു. “നിങ്ങൾ പുക വലിക്കുമോ…?”

 

“ഗുഡ് ഹെവൻസ്,  നോ… അതുപോലെ നിങ്ങളും വലിക്കാൻ പാടില്ല…”

 

അയാൾ പോക്കറ്റിൽ നിന്നും ലൈറ്റർ എടുത്ത് ഒരു നിമിഷം നിന്നു. സാറ അയാളുടെ കൈയിൽ നിന്നും അത് പിടിച്ചു വാങ്ങി നദിയിലേക്ക് എറിഞ്ഞു. എന്നിട്ട് ഒരക്ഷരവും ഉരിയാടാതെ കൈ നീട്ടി. ഒന്ന് സംശയിച്ചു നിന്ന ഹോളി ആ സിഗരറ്റ് പാക്കറ്റ് അവൾക്ക് നേരെ നീട്ടി. ലൈറ്ററിന് പിറകെ ആ പാക്കറ്റും തെംസ് നദിയിൽ പതിച്ചു.

 

“നിങ്ങൾ എപ്പോഴും ഇങ്ങനെയാണോ…?” ഹോളി ചോദിച്ചു.

 

“എന്റെ ഭാഗത്താണ് ശരി എങ്കിൽ…” അയാളുടെ കരം കവർന്ന് അവൾ അല്പദൂരം മുന്നോട്ട് നടന്നു. “ജെട്ടിയുടെ അറ്റത്ത് കെട്ടിയിട്ടിരിക്കുന്ന ആ ബോട്ട് ഏതാണ്…?”

 

“ഒരു പഴയ ബോട്ടാണ്… ലിൻഡാ ജോൺസ്… ഹാരിയുടെ പ്രീയപ്പെട്ട ബോട്ട്… വിനോദസഞ്ചാരികളെയും കൊണ്ട് പോകുന്ന വേറെ വലിയ ബോട്ടുകളും അയാൾക്കുണ്ട്… തെംസ് നദിയെ മറ്റാരേക്കാളും നന്നായി അയാൾക്കറിയാം… ചെറുപ്പം മുതൽ ഈ നദിയുടെ തോഴൻ…”

 

“ശരി, എന്നാൽ പിന്നെ അയാളെ പോയി കാണാം നമുക്ക്…” അവൾ തിരിഞ്ഞു. അവർ ഇരുവരും പബ്ബിന്റെ കവാടത്തിന് നേർക്ക് നടന്നു.


അല്പം പിറകിലായിട്ടാണ് ഹെൻട്രി ലെഗ്രാൻഡ് തന്റെ സിട്രോൺ വാൻ നിർത്തിയത്. ഹോളിയും സാറയും പബ്ബിനുള്ളിലേക്ക് കയറുന്നത് വരെ അയാളും കെല്ലിയും വാഹനത്തിനുള്ളിൽത്തന്നെ ഇരുന്നു. അവർ പബ്ബിനുള്ളിലേക്ക് കയറിയതും ഹെൻട്രി വാഹനത്തിനുള്ളിലെ ലൈറ്റ് ഓൺ ചെയ്തു. എന്നിട്ട് ഫയൽ തുറന്ന് പേജുകൾ മറിച്ച് ചില ഫോട്ടോകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

 

“അപ്പോൾ അങ്ങനെയാണ്… ഹാരി സാൾട്ടറും ബില്ലി സാൾട്ടറും… ചിലപ്പോൾ വേറെയും ആൾക്കാർ ഉണ്ടാകാം അവരുടെ കൂടെ…”  എല്ലാ ഫോട്ടോകളും ഒരിക്കൽക്കൂടി പരിശോധിച്ചു കൊണ്ട് ഹെൻട്രി പറഞ്ഞു.

 

“എന്ത് ചെയ്യാനാണ് നിങ്ങളുടെ ഉദ്ദേശ്യം…?” കെല്ലി ചോദിച്ചു. “ഹോളി എന്നെ കാണുകയെങ്ങാനും ചെയ്താൽ പിന്നെ നമ്മുടെ കാര്യം പോക്കാണ്… അയാൾക്ക് എന്നെ നന്നായിട്ട് അറിയാം…”

 

“പക്ഷേ, എന്നെ അറിയില്ലല്ലോ…” പുഞ്ചിരിച്ചു കൊണ്ട് ഹെൻട്രി ഫയൽ അടച്ചു. “ബാറിൽ നിന്നും ഒരു ഡ്രിങ്ക് എന്താ മോശമാണോ…? നിങ്ങൾ വാനിനുള്ളിൽത്തന്നെ ഇരുന്നോളൂ… ഞാൻ പെട്ടെന്ന് തന്നെ വരാം…” വാഹനത്തിനുള്ളിലെ ലൈറ്റ് ഓഫ് ചെയ്തിട്ട് അയാൾ പബ്ബിന്റെ കവാടത്തിന് നേർക്ക് നടന്നു.

 

                                              ***

 

ബാറിൽ തരക്കേടില്ലാത്ത തിരക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആൾക്കൂട്ടത്തിൽ ഒരുവനായി ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇരിക്കാൻ ഹെൻട്രിയ്ക്ക് സാധിച്ചു. കോർണറിലുള്ള ബൂത്തിൽ ഇരിക്കുന്ന സാൾട്ടർ സഹോദരന്മാരെ അയാൾ തിരിച്ചറിഞ്ഞു. അവരുടെ ബോഡിഗാർഡുകളായ ജോ ബാക്‌സ്‌റ്ററും സാം ഹാളും തൊട്ടുപിന്നിൽത്തന്നെ നിൽക്കുന്നുണ്ട്. ഹാളിലുള്ള ഭൂരിഭാഗം പുരുഷന്മാരിൽ നിന്നും സാറാ ഗിഡിയന് ലഭിക്കുന്ന ശ്രദ്ധയും പരിഗണനയും വീക്ഷിച്ചുകൊണ്ട് ഹോളി ഒപ്പം തന്നെയുണ്ട്.

 

ചെമ്പൻ മുടിയുള്ള പരിചാരിക ഹെൻട്രിയുടെ അടുത്തു വന്ന് ചോദിച്ചു. “എന്താണ് വേണ്ടത് ഡിയർ…?”

 

ഷെൽഫിലേക്ക് നോക്കിയ ഹെൻട്രി അവിടെയിരിക്കുന്ന പെർനോഡിന്റെ ബോട്ട്‌ലിന് നേർക്ക് ചൂണ്ടി. “ഒരു ലാർജ്ജ്…”

 

അവൾ എത്തി വലിഞ്ഞ് ആ ബോട്ട്‌ൽ എടുത്തു. “കുറേയേറെ നാളായി ഇത് അവിടെയിരിക്കാൻ തുടങ്ങിയിട്ട്… തുറന്നിട്ടു പോലുമില്ല… ഇതിന്റെ അടപ്പ് തന്നെ ഒരു പ്രത്യേക തരമാണ്…” അത് തുറക്കാൻ നോക്കിയിട്ട് അവൾ മുഖം ചുളിച്ചു. “ഇത് തുറക്കാനും പറ്റുന്നില്ലല്ലോ…”

 

“വിരോധമില്ലെങ്കിൽ ഞാൻ തുറന്നു തരാം മോസെലാ…” ഹെൻട്രി ആ ബോട്ട്‌ൽ വാങ്ങി അനായാസം തുറന്നു കൊടുത്തു.

 

അവൾ ഒരു ഗ്ലാസ് അയാളുടെ മുന്നിലേക്ക് നീക്കി വച്ചു. “നിങ്ങളുടെ കൈയ്ക്ക് നല്ല കരുത്തുണ്ടെന്ന് തോന്നുന്നു… കമ്പനിയുടെ വക ഒരു ലാർജ്ജ് നിങ്ങൾക്ക് ഫ്രീ…”

 

“ആഹാ, നന്ദി…” മദ്യം ഗ്ലാസിലേക്ക് പകർന്നിട്ട് അയാൾ അവൾക്ക് നേരെ ഉയർത്തി.

 

“ഡോറാ, ഇങ്ങോട്ടൊന്ന് വരൂ… ഈ വനിതയെ തീർച്ചയായും പരിചയപ്പെട്ടിരിക്കണം…” സാറയുടെ അരികിൽ നിന്നിരുന്ന ഹാരി സാൾട്ടർ പരിചാരികയെ നോക്കി വിളിച്ചു പറഞ്ഞു. “കഴിക്കാൻ എന്താണ് വേണ്ടത്…? ഡോറയുടെ വിഭവങ്ങളുടെ രുചി ഒന്ന് വേറെ തന്നെയാണ്…” അയാൾ സാറയോട് പറഞ്ഞു.

 

“വെൽ, തീർച്ചയായും അതിന്റെ രുചി അറിയണം…” സാറ പറഞ്ഞു. അപ്പോഴേക്കും അരികിലെത്തിയ ഡോറയ്ക്ക് അവൾ ഹസ്തദാനം നൽകി.

 

“നിങ്ങളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്…” ഡോറ പറഞ്ഞു. “ധീരതയ്ക്കുള്ള മെഡൽ ലഭിക്കുക എന്നത് നിസ്സാര കാര്യമല്ല… ഒരു സ്ത്രീ വിചാരിച്ചാൽ എന്തെല്ലാം ചെയ്യാൻ കഴിയും എന്ന് കാണിച്ചു കൊടുത്തവൾ… വലിയ വീമ്പ് പറയുന്ന പുരുഷന്മാരൊക്കെ നിങ്ങളെ കണ്ടു പഠിക്കണം…”

 

“വെൽ, ഇതൊന്നും എനിക്കറിയില്ലല്ലോ…” സാറ പറഞ്ഞു.

 

“പക്ഷേ, എനിയ്ക്ക് അറിയാം… വരൂ, എന്റെ കിച്ചൺ കാണണ്ടേ…? എന്തൊക്കെ വിഭവങ്ങളാണ് ഉള്ളതെന്ന് വന്ന് കാണൂ…” ഡോറ അവളെ ക്ഷണിച്ചു.

 

നിസ്സഹായതയോടെ ഹോളിയെ നോക്കി പുഞ്ചിരിച്ചിട്ട് സാറ അവളോടൊപ്പം പോയി. “സിറ്റ് ഡൗൺ മൈ ഓൾഡ് സൺ…” ഹാരി സാൾട്ടർ ഹോളിയോട് പറഞ്ഞു. “ഒരു അത്ഭുത പ്രതിഭാസം തന്നെ ആ പെൺകുട്ടി… എത്ര താലിബാനികളെയാണ് അവൾ മെഷീൻ ഗൺ കൊണ്ട് തീർത്തു കളഞ്ഞത്…!”

 

“കുറേയേറെ പേരെ…” ഹോളി പറഞ്ഞു.

 

“പത്രങ്ങളെല്ലാം ഈ വാർത്ത ആഘോഷിക്കും… എ ഗ്രേറ്റ് സ്റ്റോറി…”

 

“അതിനുള്ള അനുവാദം അവർക്കുണ്ടെന്ന് തോന്നുന്നില്ല…” ഹോളി പറഞ്ഞു. “ഈ വാർത്ത പുറത്തു വിടുന്നതിന് സുരക്ഷാ നിയന്ത്രണങ്ങളുണ്ട്…”

 

“ഈ വിവരം നിങ്ങൾ സാറയെ അറിയിച്ചിട്ടുണ്ടോ…?”

 

“അത് ഫെർഗൂസന്റെ ജോലിയാണ്, എന്റെയല്ല…” ഹോളി പറഞ്ഞു.

 

“വ്യാഴാഴ്ച്ച ഒരു മീറ്റിങ്ങുണ്ടല്ലോ… എന്താണ് സംഭവം…? പങ്കെടുക്കണമെന്ന് പറഞ്ഞ് റോപ്പെർ മെസേജ് അയച്ചിട്ടുണ്ട്…”

 

“വെള്ളിയാഴ്ച്ച രാവിലെ അമേരിക്കൻ പ്രസിഡന്റ് എത്തുന്നതിനെക്കുറിച്ചാണ്…”

 

“അദ്ദേഹം വെറും 24 മണിക്കൂർ മാത്രമേ ഇവിടെയുണ്ടാകൂ എന്ന് കേട്ടത് ശരിയാണോ…?”

 

“അതേ, ഒരു ഓട്ടപ്രദക്ഷിണം എന്ന് പറയാം… പാരീസ്, ബെർലിൻ, ബ്രസ്സൽസ്… ഹാരി മില്ലറിനാണ് സെക്യൂരിറ്റി ചുമതല… ചിലപ്പോൾ നമുക്കും എന്തെങ്കിലും ജോലികൾ തരുമായിരിക്കും അദ്ദേഹം…”

 

“നോക്കാം നമുക്ക്…” ഹാരി സാൾട്ടർ പറഞ്ഞു. അടുക്കളയിലേക്ക് പോയ വനിതകൾ രണ്ടും തിരിച്ചെത്തിയത് അപ്പോഴാണ്. ഒരു ട്രോളിയുമായിട്ടായിരുന്നു ഡോറയുടെ വരവ്.

 

“റൈറ്റ്, എല്ലാവരും ഇരുന്നോളൂ… നമുക്ക് ആരംഭിക്കാം…” ഹാരി പറഞ്ഞു.


ബാറിന്റെ മൂലയിൽ കണ്ട ഈവനിങ്ങ് സ്റ്റാൻഡേർഡ് കൈയിലെടുത്ത് വായിക്കുകയാണെന്ന വ്യാജേന ഇരിക്കുകയായിരുന്ന ഹെൻട്രി ലെഗ്രാൻഡ് പത്രം താഴെ വച്ച്, ഗ്ലാസിൽ ശേഷിക്കുന്ന മദ്യം അകത്താക്കിയ ശേഷം പുറത്തിറങ്ങി തന്റെ വാഹനത്തിനരികിലേക്ക് ചെന്നു.

 

“പോയിട്ട് എന്തെങ്കിലും ഗുണമുണ്ടായോ…? എന്തായിരുന്നു സംഭവം…?” കെല്ലി ചോദിച്ചു.

 

അവിടെ നിന്ന് ലഭിച്ച സകല വിവരങ്ങളും ഹെൻട്രി വിവരിച്ചു. “വ്യാഴാഴ്ച്ചത്തെ മീറ്റിങ്ങിൽ എന്തൊക്കെയായിരിക്കും ചർച്ച ചെയ്യുക എന്നറിയാൻ കഴിഞ്ഞാൽ നന്നായിരുന്നു…”

 

“ആ വിഷയത്തിൽ നമുക്ക് കാര്യമായൊന്നും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല…” കെല്ലി പറഞ്ഞു.

 

“ഇല്ലായിരിക്കാം… പക്ഷേ, ഇപ്പോൾ ഒരു ചെറിയ കുരുത്തക്കേട് വേണമെങ്കിൽ ഒപ്പിക്കാൻ പറ്റും…”

 

“മനസ്സിലായില്ല…?”

 

“അത് കണ്ടു തന്നെ മനസ്സിലാക്കിക്കോളൂ…” അയാൾ പാസഞ്ചർ സീറ്റിന് മുന്നിലെ ഡാഷ്ബോർഡ് തുറന്ന് ഒരു ടോർച്ചും പ്ലെയർ പോലുള്ള വയർ കട്ടറും പുറത്തെടുത്തു. “തൽക്കാലം ഇത്രയും മതി… നിങ്ങൾ ഇവിടെത്തന്നെ ഇരുന്നോളൂ…”

 

ഹോളിയുടെ ആൽഫാ റോമിയോ കാറിനരികിലേക്ക് നടന്ന ഹെൻട്രി സാവധാനം അതിന്റെ ബോണറ്റിനടിയിലേക്ക് ഇഴഞ്ഞു കയറി. അയാൾ എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് ഒരു സൂചനയും കെല്ലിയ്ക്ക് ലഭിച്ചില്ല. ആരെങ്കിലും ആ സമയത്ത് പബ്ബിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നാലോ എന്ന ഭയമായിരുന്നു കെല്ലിയ്ക്ക്. എന്നാൽ ഭാഗ്യം ഹെൻട്രിയോടൊപ്പമായിരുന്നു. കാറിനടിയിൽ നിന്നും ഇഴഞ്ഞ് പുറത്ത് വന്ന അയാൾ തിരിഞ്ഞു നടന്നു തുടങ്ങിയ സമയത്താണ് പബ്ബിന്റെ വാതിൽ തുറന്ന് ഉറക്കെ ചിരിച്ചുകൊണ്ട് മൂന്ന് പേർ പുറത്തിറങ്ങിയത്. അവിടെ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ കയറി അവർ ഓടിച്ചു പോയി.

 

ഹെൻട്രി തിരികെയെത്തിയതും കെല്ലി ചോദിച്ചു. “മൈ ഗോഡ്, ഭാഗ്യത്തിനാണ് നിങ്ങൾ രക്ഷപെട്ടത്… എന്തു ചെയ്യാനാണ് നിങ്ങൾ പോയത്…?”

 

ടോർച്ചും വയർ കട്ടറും ഡാഷ് ബോർഡിനുള്ളിൽ നിക്ഷേപിച്ചിട്ട് അയാൾ പഴന്തുണിയെടുത്ത് കൈ തുടച്ചു.

 

“ഇതെന്തിന്റെ സ്മെൽ ആണ്…?” കെല്ലി ചോദിച്ചു.

 

“ഹൈഡ്രോളിക്ക് ബ്രേക്ക് ഫ്ലൂയിഡ്… മെയിൻ ട്യൂബ് ഞാൻ കട്ട് ചെയ്തിട്ടിട്ടുണ്ട്… കാറുമായി പോകുന്ന ഹോളി, ബ്രേക്ക് ചവിട്ടുമ്പോഴായിരിക്കും വിവരം അറിയുക…”

 

“യൂ ബാസ്റ്റർഡ്…” കെല്ലി പറഞ്ഞു. “അതു കാണാൻ നാം വെയ്റ്റ് ചെയ്യുന്നുണ്ടോ…?”

 

“ആവശ്യമൊന്നുമില്ല… നമ്മൾ വെയ്റ്റ് ചെയ്താലും ഇല്ലെങ്കിലും അപകടം സംഭവിച്ചിരിക്കും… എന്നാലും കാണാൻ പറ്റിയാൽ ഒരു രസമായിരിക്കും… ഒരു അര മണിക്കൂർ അതിന് വേണ്ടി നീക്കിവയ്ക്കാം നമുക്ക്…”

 

 (തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, October 22, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 23

ഓവെൻ റഷീദിന്റെ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങിയ ഹെൻട്രി ലെഗ്രാൻഡ് ജാക്ക് കെല്ലിയോടൊപ്പം തിരികെ തന്റെ പുരാവസ്തു ഷോപ്പിൽ എത്തി. റഷീദ് നൽകിയ ഫയൽ തുറന്ന് ആ ഫ്രെഞ്ചുകാരൻ വായിക്കുവാനാരംഭിച്ചു. പേജുകൾ മറിക്കവെ ഏറ്റവും പുതിയതായി എഴുതിച്ചേർക്കപ്പെട്ട ആ വരികൾ അയാളുടെ ശ്രദ്ധയിൽ പതിയുക തന്നെ ചെയ്തു. അയാൾ കെല്ലിയുടെ നേർക്ക് തിരിഞ്ഞു.

 

“നോക്കൂ, പുതിയൊരു ഇൻഫർമേഷൻ കൂടിയുണ്ട്… ഇന്റലിജൻസ് കോർപ്സിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ സാറാ ഗിഡിയൻ ഫെർഗൂസന്റെ സ്റ്റാഫ് ആയി ജോയ്ൻ ചെയ്തിരിക്കുന്നു…”

 

“കാണാൻ സുന്ദരിയാണല്ലോ…” സാറയുടെ ഫോട്ടോ പരിശോധിച്ചുകൊണ്ട് കെല്ലി പറഞ്ഞു.

 

“സൗന്ദര്യത്തെക്കാൾ മുന്നിട്ട് നിൽക്കുന്ന മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്…” ഹെൻട്രി പറഞ്ഞു. “അവരുടെ മിലിട്ടറി റെക്കോർഡ്സ് എടുത്തു പറയത്തക്കതാണ്… വളരെ പ്രശസ്തനാണ് അവരുടെ മുത്തശ്ശൻ… റബ്ബി നഥാൻ ഗിഡിയൻ… സർവ്വമതസാഹോദര്യ പ്രസ്ഥാനത്തിന്റെ മുൻ‌നിരയിൽ നിൽക്കുന്ന വ്യക്തി… ഒട്ടുമിക്കയിടങ്ങളിലും പ്രഭാഷണങ്ങൾക്ക് പോകാറുണ്ട്… ക്രിസ്ത്യൻ ദേവാലയങ്ങളിൽപ്പോലും… നല്ലൊരു മനുഷ്യൻ… അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്…”

 

“നമ്മുടെ വിഷയത്തിൽ അദ്ദേഹത്തിന്റെ റോൾ എന്താണ്…?”

 

“വിദേശത്തെ സർവീസ് കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ സാറാ ഗിഡിയൻ താമസിക്കാറുള്ളത് അദ്ദേഹത്തിനൊപ്പമാണ്… ന്യൂയോർക്കിൽ നിന്നും അല്പം മുമ്പ് ലാൻഡ് ചെയ്ത ഫെർഗൂസന്റെ ഗൾഫ്സ്ട്രീം ജെറ്റിൽ സാറയും ഉണ്ടായിരുന്നു… തീർച്ചയായും അവർ ഇപ്പോൾ തന്റെ മുത്തശ്ശന്റെ അടുത്ത് ഉണ്ടായിരിക്കുമെന്ന് നമുക്ക് അനുമാനിക്കാം…”

 

“അവിടെ ഒന്ന് പോയി നോക്കണമെന്നാണോ നിങ്ങൾ പറയുന്നത്…?” കെല്ലി ചോദിച്ചു.

 

“തീർച്ചയായും… ഫെർഗൂസന്റെ സ്റ്റാഫിലുള്ളവർ എവിടെയൊക്കെയാണ് താമസിക്കുന്നതെന്ന് അറിയേണ്ടതുണ്ട്… വരൂ, എന്റെ കാറിൽ പോകാം…”

 

                                                           ***

 

ഏതാണ്ട് ഇരുപത് മിനിറ്റ് കഴിഞ്ഞു കാണണം, ഹെൻട്രി ലെഗ്രാൻഡ് തന്റെ പഴഞ്ചൻ സിട്രോൺ വാനിൽ കെല്ലിയേയും കൂട്ടി ഹൈഫീൽഡ് കോർട്ട് ബിൽഡിങ്ങിന് സമീപം എത്തി. അതേ സമയം തന്നെയാണ് ഒരു ആൽഫാ റോമിയോ സ്പൈഡർ കാർ അവിടെയെത്തി ബ്രേക്ക് ചെയ്തത്.

 

“ആ കാർ കൊള്ളാമല്ലോ…” കെല്ലി പറഞ്ഞു. ആ കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയ ഹോളി കെട്ടിടത്തിന്റെ ഫ്രണ്ട് ഡോറിന് നേർക്ക് നടന്നു. “ഓ, അത് ഡാനിയൽ ഹോളിയാണല്ലോ… ആ ബാസ്റ്റർഡിനെ എനിക്ക് നന്നായിട്ടറിയാം… ഷോൺ ഡില്ലന്റെ സുഹൃത്താണ്… മുമ്പ് IRA യുടെ പ്രമുഖ പ്രവർത്തകരായിരുന്നു ഇരുവരും… ഇപ്പോൾ അവർ ബ്രിട്ടീഷുകാരുടെ കൂടെയാണ്… രാജ്യദ്രോഹികൾ…”

 

വാതിൽ തുറന്ന് സാറാ ഗിഡിയൻ പ്രത്യക്ഷപ്പെട്ടു. അവളുടെ തൊട്ടു പിന്നിൽത്തന്നെ സാഡിയും ഉണ്ടായിരുന്നു. ബോംബർ ജാക്കറ്റും ഷർട്ടും കറുത്ത ലൂസ് സിൽക്ക് ലെഗ്ഗിംങ്ങ്സും ചുവന്ന മുടിയുമായി നിൽക്കുന്ന അവളുടെ രൂപം അത്യന്തം ആകർഷകമായിരുന്നു.

 

“ഈ വേഷത്തിൽ നീ മനോഹരിയായിട്ടുണ്ട്… എന്ന് വച്ച് അധികം അഹങ്കരിക്കണ്ട കേട്ടോ…” വാത്സല്യത്തോടെ സാഡി പറഞ്ഞു.

 

“അദ്ദേഹവും കാണാൻ മോശമൊന്നും അല്ലല്ലോ…” ലെതർ ഫ്ലൈയിങ്ങ് ജാക്കറ്റും ജീൻസും ധരിച്ച് കാറിനരികിൽ നിൽക്കുന്ന ഹോളിയെ ഉദ്ദേശിച്ച് അവൾ പറഞ്ഞു.

 

“അയാളുടെ പ്രായം വച്ചു നോക്കുമ്പോൾ അത്ര മോശം പറയാനാവില്ല…” സാഡി പറഞ്ഞു.

 

“ഇങ്ങനെ അരസിക ആവല്ലേ…” സാറ അവരുടെ കവിളിൽ ഒരു മുത്തം കൊടുത്തു. “നിങ്ങൾ ചെന്ന് ആ ടാരോ കാർഡ്സ് എടുത്ത് ഞങ്ങളുടെ ഭാവി എങ്ങനെയാണെന്ന് നോക്ക്…” പടികൾ ഓടിയിറങ്ങി അവൾ ഹോളിയുടെ അരികിലെത്തി. “ഗംഭീര ലുക്ക് ആണല്ലോ… ഈ ജാക്കറ്റ് എനിക്കിഷ്ടപ്പെട്ടു…”

 

“ഞാൻ പറഞ്ഞില്ലേ, ഞാനൊരു പൈലറ്റ് ആയിരുന്നുവെന്ന്…” അവളെ കൈ പിടിച്ച് കാറിനുള്ളിലേക്ക് ഇരുത്തിയതിന് ശേഷം അയാൾ ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിയിരുന്നു. “സാധാരണ വേഷം മതിയെന്ന് എന്നോട് പറഞ്ഞ ആളാണോ ഈ വേഷത്തിൽ എത്തിയിരിക്കുന്നത്…? സുന്ദരിയായിട്ടുണ്ട്…”

 

“താങ്ക് യൂ, ഡാനിയൽ… ഏത് റെസ്റ്ററന്റിലേക്കാണ് നമ്മൾ പോകുന്നത്…?”

 

“ഹാരിയെയും ബില്ലി സാൾട്ടറെയും കാണണമല്ലോ… അപ്പോൾ പിന്നെ നമ്മുടെ ദൗത്യത്തെ കുറിച്ച് സംസാരിക്കാൻ അല്പം രസകരമായ ഒരിടം തന്നെ ആകട്ടെ എന്ന് വിചാരിച്ചു… വാപ്പിങ്ങിലെ കേബിൾ വാർഫിലുള്ള ഡാർക്ക് മാൻ എന്ന പബ്ബിൽ.. ഹാരിയുടെ പബ്ബ് ആണത്…”

 

“അത് നന്നായി…” കാർ മുന്നോട്ട് നീങ്ങവെ അവൾ പറഞ്ഞു.

 

സിട്രോൺ കാറിൽ അവരെ അനുഗമിക്കവെ കെല്ലി ചോദിച്ചു. “എന്ത് ചെയ്യാനാണ് നമ്മുടെ പരിപാടി…?”

 

“എനിക്കറിയില്ല…” ഹെൻട്രി പറഞ്ഞു. “തൽക്കാലം നമുക്ക് അവർ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കാം…”

 

 (തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, October 16, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 22

റെസ്റ്ററന്റ് ഹാളിലെ കോർണർ ബൂത്തിൽ ഇരുന്ന അവർ ഒരു ബോട്ട്‌ൽ റെഡ് വൈനും കോന്യാക്കും മൊരിഞ്ഞ റൊട്ടിയും ലസാന്യയും ഓർഡർ ചെയ്തു.

 

കോന്യാക്ക് മൊത്തിക്കൊണ്ടിരിക്കവെ ഓവെൻ പറഞ്ഞു. “കെല്ലിയുടെ IRA ബന്ധം നിങ്ങൾക്ക് ഒരു പ്രശ്നമായിരുന്നിരിക്കാം… പ്രത്യേകിച്ചും നിങ്ങളുടെ മകൻ ബ്രിട്ടീഷ് ആർമിയിലെ ഒരു ഓഫീസർ ആയിരിക്കെ… എങ്കിലും നിങ്ങളുടെ ക്ഷണം സ്വീകരിച്ച് കിൽമാർട്ടിനിൽ എത്തിയ ഞാൻ അവിടുത്തെ ജനങ്ങൾക്ക് നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും കണ്ട് അത്ഭുതപ്പെട്ടു പോയി…”

 

“IRA യുടെ കടുത്ത അനുഭാവികളായ കിൽമാർട്ടിനിലെ ജനതയ്ക്ക് ഒരു പ്രൊട്ടസ്റ്റന്റ്കാരിയായ എന്നെ എങ്ങനെ സ്നേഹിക്കാൻ കഴിയുന്നുവെന്ന് ഓർത്തിട്ടാണോ…?” പെട്ടെന്ന് ജീൻ ടാൽബട്ട് എല്ലാ ഭാരവും ഇറക്കി വയ്ക്കുന്നത് പോലെ തോന്നി. “എന്റെ മകൻ SAS ൽ ആണ് ജോലി ചെയ്യുന്നതെന്ന സത്യം ഞാൻ മൂടി വച്ചു… കെല്ലി ആ രഹസ്യം കണ്ടുപിടിച്ചുവെങ്കിലും തന്റെ സഹപ്രവർത്തകരോടോ നാട്ടുകാരോടോ വെളിപ്പെടുത്തിയില്ല… അതുകൊണ്ട് തന്നെ എന്റെ തെറ്റിനെക്കുറിച്ച് നാട്ടുകാർക്ക് അറിയില്ലായിരുന്നു… എന്റെ മകൻ പിന്നീട് അൽ ഖ്വയ്ദയുമായി ബന്ധം സ്ഥാപിച്ചതും സ്വന്തം ജീവൻ ബലികഴിച്ചതും ഒന്നും അവർക്ക് അറിയില്ലായിരുന്നു…” അവർ അയാളുടെ കരം കവർന്നു. “നുണകളും ചതിയും വഞ്ചനയും കൗശലവും ഒക്കെ നിറഞ്ഞതാണ് എന്റെ ജീവിതം…”

 

ഇതൊന്നും അയാൾക്ക് ഒരു പുതിയ അറിവ് അല്ലായിരുന്നുവെങ്കിലും അവരുടെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. നഷ്ടപ്പെട്ട തന്റെ മകന്റെ സ്ഥാനത്താണ് ജീൻ തന്നെ കാണുന്നതെന്ന് അയാൾക്ക് അറിയാമായിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ വാക്കുകളിൽ നിന്നും വെറുമൊരു മകനായി മാത്രമല്ല അവർ തന്നെ കാണുന്നതെന്ന് അയാൾ മനസ്സിലാക്കി.

 

ബിൽ അടച്ചിട്ട് അയാൾ അവരെയും കൂട്ടി പുറത്തിറങ്ങി. ഒന്നും ഉരിയാടാതെ അവരുടെ വസതി ലക്ഷ്യമാക്കി കഴ്സൺ സ്ട്രീറ്റിലൂടെ നടക്കവെ അയാൾ അവരുടെ കൈ കോർത്ത് പിടിച്ചിരുന്നു. വീടിന് മുന്നിലെത്തിയതും അവർ തന്റെ പേഴ്സ് തുറന്ന് താക്കോൽ പുറത്തെടുത്തു. ഓവെൻ അത് അവരിൽ നിന്നും വാങ്ങി.

 

“ഞാൻ തുറന്നു തരാം…” അയാൾ അവർക്കായി വാതിൽ തുറന്നു കൊടുത്തു.

 

തിരിഞ്ഞ് അയാളെ അഭിമുഖീകരിച്ച് നിന്ന അവരുടെ മുഖത്ത് നിരാശയും വിഷാദവും നിറഞ്ഞിരുന്നു. “സോറി, ഓവെൻ… അപ്പോഴത്തെ വിഷമത്തിന് എല്ലാ വേവലാതികളും ഞാൻ നിങ്ങളുടെ മുന്നിൽ ഇറക്കി വച്ചു… ഒറ്റപ്പെടലിന്റെ വേദന അസഹനീയമാണ്…” അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “എന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ… ടാൽബട്ട് ഇന്റർനാഷണലിന്റെ ചെയർമാൻ… സകല സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും ഒന്നുമില്ലാത്തവൾ…”

 

“എന്ത് മണ്ടത്തരമാണ് നിങ്ങളീ പറയുന്നത്…? ഞാനില്ലേ നിങ്ങൾക്ക്…?” അയാൾ അവരുടെ ചുണ്ടുകളിൽ മൃദുവായി ചുംബിച്ചു. “ഇനിയും ഇങ്ങനെ പറയരുത്…”

 

അയാളുടെ ആ പ്രവൃത്തിയിൽ വിശ്വാസം വരാതെ അമ്പരപ്പോടെ മുഖമുയർത്തിയ അവർ പുഞ്ചിരിച്ചു. “ഇല്ല, ഇനിയങ്ങനെ പറയില്ല… ആട്ടെ, പോയിട്ട് തിരക്കുണ്ടോ…? ഒരു കോഫി കുടിച്ചിട്ട് പോയാൽ പോരേ…?”

 

“ഇങ്ങനെയൊരു ചോദ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…” ഉള്ളിലേക്ക് കയറിയിട്ട് അയാൾ വാതിൽ അടച്ചു.

 

 (തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, October 9, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 21

കുളി കഴിഞ്ഞ് പുറത്തിറങ്ങിയതും ഒട്ടും സമയം പാഴാക്കിയില്ല ജാക്ക് കെല്ലി. ഓവെൻ റഷീദിന് ഫോൺ ചെയ്ത് അതുവരെയുണ്ടായ സംഭവവികാസങ്ങൾ എല്ലാം ധരിപ്പിച്ചു.

 

സന്തുഷ്ടനായ ഓവെൻ പറഞ്ഞു. “നമ്മുടെ ദൗത്യത്തിന് ഏറ്റവും യോജിച്ച ആൾ ഹെൻട്രി ലെഗ്രാൻഡ് ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല… അയാൾക്ക് ക്യാൻസൻ ആണെന്ന കാര്യം എന്നോട് പറഞ്ഞതായി അയാൾ അറിയണ്ട… അയാൾക്കത് ഇഷ്ടമായെന്ന് വരില്ല…”

 

“ഇല്ല, അക്കാര്യം ഞാൻ ശ്രദ്ധിച്ചോളാം…” കെല്ലി പറഞ്ഞു. “പക്ഷേ, ആ കഴുവേറി അബു ഇക്കാര്യം അറിയുന്നതാണ് നല്ലത്… അതേക്കുറിച്ചോർത്ത് തലപുകഞ്ഞ് ഇരിക്കുമ്പോൾ കുറച്ച് നേരത്തേക്ക് നമ്മളെ ശല്യപ്പെടുത്താതിരിക്കും…”

 

“എന്തായാലും കാര്യങ്ങളൊക്കെ നേരെ ചൊവ്വേ പോകുവാൻ ശ്രദ്ധിക്കണം… അയാളെ എനിക്ക് നേരിൽ കാണണം… ഒരു ഒന്നര മണിക്കൂറിനുള്ളിൽ അയാളോടൊപ്പം നിങ്ങളെ എന്റെ ഫ്ലാറ്റിൽ പ്രതീക്ഷിക്കുന്നു…”

 

ടൈ കെട്ടിക്കൊണ്ടിരിക്കവെയാണ് അവർ ഇരുവരും അവിടെയെത്തിയത്. ആ ഫ്രഞ്ച്കാരനെ നേരിൽ കണ്ടപ്പോൾ വലിയ മതിപ്പാണ് ഓവെൻ റഷീദിന് തോന്നിയത്. തന്റെ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരമായെന്ന് തോന്നൽ. ഷെൽഫിൽ നിന്നും ഡ്രിങ്ക്സ് എടുത്ത് കഴിച്ചുകൊള്ളുവാൻ പറഞ്ഞിട്ട് അകത്തേക്ക് പോയ ഓവെൻ തിരിച്ചെത്തിയപ്പോൾ കണ്ടത് ഓപ്പൺ ടെറസിലേക്കുള്ള ജാലകത്തിനരികിലെ ടേബിളിന് മുന്നിലിരുന്ന് വിസ്കി കഴിക്കുന്ന ഇരുവരെയുമാണ്.

 

“ഹെൻട്രി, ഞാൻ നിങ്ങളുടെ റെക്കോർഡുകൾ പരിശോധിക്കുകയായിരുന്നു… ഈ ദൗത്യത്തിന് ഏറ്റവും അനുയോജ്യനായ ആളാണ് നിങ്ങൾ എന്നാണ് എനിക്ക് തോന്നുന്നത്… എന്തു പറയുന്നു…?”

 

“തീർച്ചയായും മൊസ്യേ റഷീദ്… അല്ലെങ്കിൽ ഞാനിവിടെ എത്തില്ലല്ലോ…”

 

ഓവെൻ ഒരു ചുവന്ന ഫയൽ എടുത്ത് മേശപ്പുറത്ത് വച്ചു. “ഫെർഗൂസനെയും സംഘത്തെയും കുറിച്ച് അൽ ഖ്വയ്ദയ്ക്ക് ലഭ്യമായ സകല വിവരങ്ങളും ഇതിലുണ്ട്…”

 

“ഇതിൽ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പാണല്ലോ അല്ലേ…?” ലെഗ്രാൻഡ് ചോദിച്ചു.

 

“അതെ… എങ്കിലും, അദ്ദേഹത്തിന്റെ സംഘടനയ്ക്കുള്ളിൽ നിന്നും വിവരങ്ങൾ ചോർത്തി തരാൻ നമുക്ക് സ്രോതസ്സുകൾ ഇല്ലാത്ത സ്ഥിതിയ്ക്ക് അവരുടെ ഉദ്ദേശ്യം എന്താണെന്ന് അറിയാൻ നിർവ്വാഹമില്ല…”

 

“ഫെർഗൂസനെപ്പോലെയൊരു കൗശലക്കാരന്റെ സംഘത്തിൽ നിന്നും വിവരം ചോർത്താൻ സാധിക്കുകയാണെങ്കിൽ അതൊരു അത്ഭുതം തന്നെയായിരിക്കും…” ഹെൻട്രി പറഞ്ഞു.

 

“പണം ഒരു പ്രശ്നമല്ല…” ഓവെൻ പറഞ്ഞു. “എത്ര വേണമെന്ന് പറഞ്ഞാൽ മതി, നിങ്ങൾക്ക് ലഭിച്ചിരിക്കും… ഫെർഗൂസനെയും സംഘത്തെയും എന്നെന്നേയ്ക്കുമായി ഇല്ലാതാക്കുക എന്നതാണ് അൽ ഖ്വയ്ദയുടെ ആവശ്യം…”

 

“അതിൽ സന്തോഷമേയുള്ളൂ…” ഹസ്തദാനം നൽകിയിട്ട് ഹെൻട്രിയും കെല്ലിയും പുറത്തേയ്ക്ക് നടന്നു.

 

അല്പനേരം കഴിഞ്ഞതും ജീൻ ടാൽബട്ടിന്റെ ഫോൺ കോൾ വന്നു. “ഇന്ന് അങ്ങനെ സ്പെഷ്യൽ ഭക്ഷണമൊന്നും കഴിക്കാൻ തോന്നുന്നില്ല… കഴ്സൺ സ്ട്രീറ്റിനറ്റത്തുള്ള ആ ചെറിയ ഇറ്റാലിയൻ റെസ്റ്ററന്റിലേക്ക് വരാൻ വിരോധമുണ്ടോ…?”

 

“ഒരു വിരോധവുമില്ല…” ഓവെൻ പറഞ്ഞു. “നമുക്ക് നടന്ന് പോകാം… കാർ എടുക്കുന്നതിൽ അർത്ഥമില്ല…”

 

പതിനഞ്ച് മിനിറ്റ് കഴിഞ്ഞതും അവരുടെ വസതിയുടെ മുന്നിലെത്തിയ ഓവെൻ റഷീദ് കോളിങ്ങ് ബെല്ലിൽ വിരലമർത്തി. ഒരു നിമിഷം പോലും വൈകാതെ അവർ വെളിയിലെത്തി. ഒരു ഫ്രഞ്ച് കമ്പിളിത്തൊപ്പിയും നേവി ബ്ലൂ നിറമുള്ള ഒരു ബ്രിഡ്ജ് കോട്ടുമായിരുന്നു അവർ ധരിച്ചിരുന്നത്. അയാൾ അവരുടെ കവിളിൽ മുത്തം നൽകി. അയാളുടെ കൈ പിടിച്ച് അവർ റോഡിലേക്കിറങ്ങി.

 

“ഒരു പാരീസ് വനിതയെപ്പോലുണ്ട്…” ഓവെൻ പറഞ്ഞു. “നിങ്ങൾക്കിത് നന്നായി ചേരുന്നുണ്ട്… നല്ല ഭംഗിയുണ്ട്…”

 

“കുറേ വിദ്യാർത്ഥികളെ കാണേണ്ടതുണ്ടായിരുന്നു ഇന്ന്… പരീക്ഷാ പേപ്പറുകൾ നോക്കാനും മറ്റ് സ്റ്റാഫുമായി ചർച്ച നടത്താനും ഒക്കെയുണ്ടായിരുന്നു… നാശമെന്നല്ലാതെ എന്തു പറയാൻ… ഒരു ചിത്രകാരിയും കലാകാരിയുമൊക്കെയായി അറിയപ്പെടാനാണ് എനിക്കിഷ്ടം…”

 

“അതെനിക്കറിയാം…” അയാൾ പറഞ്ഞു.

 

“വിസിറ്റിങ്ങ് പ്രൊഫസർ ഇൻ ഫൈൻ ആർട്സ് എന്ന പദവി ചിലർക്ക് വലിയ കാര്യമായൊക്കെ തോന്നും… പക്ഷേ, ഞാൻ അങ്ങനെ ചിന്തിക്കുന്നതേയില്ല… എന്റെ സഹപ്രവർത്തകരും ഞാനും തമ്മിലുള്ള ഏക വ്യത്യാസം ഞാൻ ഒരു ധനികയാണെന്നത് മാത്രമാണ്… അതിൽ എനിക്ക് തെല്ല് കുറ്റബോധവും ഉണ്ട്…” ജീൻ ടാൽബട്ട് പറഞ്ഞു.

 

“ഇങ്ങനെ സില്ലി ആവാതെ… പണത്തിന്റെ കാര്യം പറഞ്ഞാൽ ഞാനും ഇതേ അവസ്ഥയിൽ തന്നെയാണ്… പക്ഷേ, അതിൽ അല്പം പോലും കുറ്റബോധമില്ല എനിക്ക്… വേറെന്തൊക്കെയുണ്ട് വിശേഷങ്ങൾ…?”

 

“കെല്ലി ലണ്ടനിൽ എത്തിയിട്ടുണ്ട്…” അവർ പറഞ്ഞു.

 

“അയാൾ വരുന്ന കാര്യം നിങ്ങൾ പറഞ്ഞിരുന്നില്ലല്ലോ…”

 

“എനിക്ക് അറിയില്ലായിരുന്നു… പെട്ടെന്നെടുത്ത തീരുമാനമാണ് പോലും… കുറച്ചു നാളായി എന്റെ ഫൈനാൻസ് ഡയറക്ടറെ കാണണമെന്ന് വിചാരിച്ചിരുന്നതാണത്രെ… അപ്പോഴാണ് തന്റെ ക്ഷുഭിത യൗവന കാലത്ത് അടുത്ത് പരിചയമുണ്ടായിരുന്ന ഒരാൾ ഇവിടെ ഷെപ്പേർഡ് മാർക്കറ്റിൽ ഒരു പുരാവസ്തു ഷോപ്പ് നടത്തുന്ന കാര്യം അറിയാനിടയായത്… മരിച്ചുപോയി എന്ന് കരുതിയിരുന്ന ആളാണത്രെ…”

 

“ക്ഷുഭിത യൗവനം എന്നത് കൊണ്ട് ഉദ്ദേശിച്ചത് IRA കാലഘട്ടമാണോ…?” ഓവെൻ ചോദിച്ചു. “അതേക്കുറിച്ച് നിങ്ങളൊരിക്കൽ പറഞ്ഞിരുന്നു… ഓർമ്മയുണ്ടോ…?”

 

“അതെ… ഒരു ഫ്രഞ്ചുകാരനാണ് ആ സുഹൃത്തെന്നാണ് ഞാൻ മനസ്സിലാക്കിയത്… എന്തായാലും ഇത്തവണത്തെ വരവ് ഒരു വെക്കേഷൻ ആയി ആഘോഷിച്ചോളാൻ പറഞ്ഞു ഞാൻ… ഏതാനും ദിവസം ആ സുഹൃത്തിന്റെ കൂടെ ആയിരിക്കുമത്രെ താമസം…”

 

“അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ…” റെസ്റ്ററന്റിനുള്ളിലേക്ക് കയറവെ ഓവെൻ പറഞ്ഞു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, October 1, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 20

ഡോർചെസ്റ്റർ ഹോട്ടൽ കഴിഞ്ഞതും ഡാനിയൽ ഹോളി പാർക്ക് ലെയിനിൽ നിന്നും ഓഡ്‌ലി സ്ട്രീറ്റിലേക്ക് തിരിഞ്ഞു. ഗ്രോസ്‌വെണർ സ്ക്വയർ എത്തുന്നതിന് മുമ്പ് വലത്തോട്ട് തിരിഞ്ഞ അയാൾ ഹൈഫീൽഡ് കോർട്ടിന് മുന്നിൽ കാർ സ്ലോ ചെയ്തു. മദ്ധ്യകാല വിക്ടോറിയൻ ശൈലിയിലുള്ള ഒരു നാലുനില കെട്ടിടമായിരുന്നു അത്. റോഡിൽ നിന്നും അല്പം ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യുന്നതിനാൽ പാർക്കിങ്ങിന് ധാരാളം സ്ഥലമുണ്ടായിരുന്നു. കെട്ടിടത്തിന്റെ പാർക്കിങ്ങ് ഏരിയയിലേക്ക് കയറ്റി നിർത്തിയിട്ട് കാറിൽ നിന്നും ഇറങ്ങി അയാൾ സാറയുടെ ലഗേജ് പുറത്തെടുത്തു.

 

“ഉള്ളിലേക്ക് വരൂ… എന്റെ മുത്തശ്ശനെ കാണണ്ടേ…” സാറ പറഞ്ഞു.

 

വാതിലിന് നേർക്ക് നടന്ന അവളെ അനുഗമിക്കവെ അത് വേണോ എന്ന് ചിന്തിക്കുകയായിരുന്നു ഹോളി. ബാഗിൽ നിന്നും താക്കോൽ പുറത്തെടുക്കുന്ന അവളോട് അയാൾ ചോദിച്ചു. “നോക്കൂ, ഏറെ കാലത്തിന് ശേഷമാണ് നിങ്ങൾ വീട്ടിൽ തിരിച്ചെത്തുന്നത്… നിങ്ങളെ കാണാനുള്ള ആവേശത്തിലായിരിക്കും അദ്ദേഹം… അതിനിടയിൽ ഞാൻ ഒരു അധികപ്പറ്റായിരിക്കും…”

 

അവൾ തിരിഞ്ഞ് അയാളെ ഒന്ന് നോക്കി. “ഡാനിയൽ, നിങ്ങൾക്ക് എന്നോടെന്തെങ്കിലും പ്രശ്നമുണ്ടോ…?”

 

ഒരു നിമിഷം അയാളുടെ വായടഞ്ഞു പോയി. പിന്നെ പറഞ്ഞു. “നോക്കൂ സാറാ, എന്താണ് ഇങ്ങനെയൊക്കെ ചോദിക്കുന്നത്…?”

 

അവൾ തന്റെ വിരൽ കൊണ്ട് അയാളുടെ നെഞ്ചിൽ ചെറുതായി ഒന്ന് കുത്തി. “നിങ്ങൾ എന്റെ മുത്തശ്ശനുമായി പരിചയപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു… അതുകൊണ്ടാണ്…”

 

“എന്ത് ആവശ്യത്തിന്…? അതാണെനിയ്ക്ക് മനസ്സിലാവാത്തത്…”

 

“അല്പം ഒന്ന് ശ്രമിച്ചാൽ, നിങ്ങൾക്കത് വഴിയേ മനസ്സിലായിക്കോളും…”

 

വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞു. കറുത്ത മുടിയും സൗമ്യമുഖവുമുള്ള, കണ്ണട ധരിച്ച ഒരു സ്ത്രീ ആയിരുന്നു അത്. പച്ചനിറമുള്ള ഒരു ഏപ്രൺ അണിഞ്ഞിരുന്ന അവർ ചോദിച്ചു. “തിരിച്ചെത്തി അല്ലേ…? എപ്പോഴാണ് വരിക എന്നറിയാതെ ഇരിക്കുകയായിരുന്നു ഞങ്ങൾ… ടെലിഫോൺ എന്നൊരു ഉപകരണത്തെക്കുറിച്ച് കേട്ടിട്ടേയില്ലേ നീ…?”

 

“സാഡീ… എനിയ്ക്ക് എന്തിഷ്ടമാണെന്നറിയുമോ നിങ്ങളെ…?” സാറ അവരെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു മുത്തം കൊടുത്തു. “അരിസോണയിലായിരുന്നു ഞാൻ… ലോകത്തിന്റെ മറുവശത്ത്… ആട്ടെ, മുത്തശ്ശൻ അകത്തുണ്ടോ…?”

 

“സ്റ്റഡീ റൂമിലുണ്ട്… വൈകിട്ട് എന്തോ പരിപാടിയുണ്ടെന്ന് പറഞ്ഞു…”

 

സംസാരത്തിനിടയിൽ അവർ ഹോളിയെ സംശയഭാവേന നോക്കുന്നുണ്ടായിരുന്നു. “ഡാനിയൽ, ഇത് മിസ്സിസ് കോഹൻ… ഞങ്ങളുടെ വീട്ടുകാര്യങ്ങളെല്ലാം നോക്കുന്നത് ഇവരാണ്…” സാറ അവരെ ഹോളിയ്ക്ക് പരിചയപ്പെടുത്തി.

 

അവരുടെ ചുഴിഞ്ഞുള്ള നോട്ടത്തിൽ തെല്ല് ചമ്മലോടെ നിൽക്കുകയായിരുന്ന ഹോളി തന്റെ ഇരുകൈകളിലെയും ബാഗുകൾ താഴെ വച്ചു.

 

“പരിചയപ്പെടാനായതിൽ സന്തോഷം, മിസ്സിസ് കോഹൻ…” അയാൾ കൈകൾ നീട്ടി.

 

ഹസ്തദാനം സ്വീകരിച്ചിട്ട് അവർ സാറയുടെ നേർക്ക് തന്നെ തിരിഞ്ഞു. “ഞാൻ ചായ എടുത്തു കൊണ്ട് വരാം…”

 

ആ സ്ത്രീ ഇടനാഴിയിലൂടെ കിച്ചണിലേക്ക് പോയി. ഇടതുവശത്തുള്ള വലിയ മഹാഗണി വാതിൽ തുറന്ന സാറ ഹോളിയെ അങ്ങോട്ട് ആനയിച്ചു.

 

വിക്ടോറിയൻ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു ആ റൂം. മഹാഗണിയുടെ പലകയിൽ പാനലിങ്ങ് ചെയ്തിട്ടുള്ള ലൈബ്രറിയും ബുക്ക് ഷെൽഫുകളും. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള നെരിപ്പോട്. നിലത്ത് വിരിച്ചിട്ടുള്ള ടർക്കിഷ് പരവതാനി. അവർ മുറിയിലേക്ക് പ്രവേശിച്ചതും തന്റെ ഓഫീസ് ഡെസ്കിന് പിറകിൽ റിവോൾവിങ്ങ് ചെയറിൽ ഇരിക്കുകയായിരുന്ന റബ്ബി നഥാൻ ഗിഡിയൻ അവർക്ക് അഭിമുഖമായി തിരിഞ്ഞു. ഒരു വൈജ്ഞാനികന്റെ രൂപമുള്ള അദ്ദേഹത്തിന്റെ മുഖം പ്രസന്നവും സൗഹൃദഭാവം നിറഞ്ഞു നിൽക്കുന്നതുമായിരുന്നു. നരച്ച ബുൾഗാൻ താടി ആ മുഖത്തിന് എന്തുകൊണ്ടും അനുയോജ്യമായി തോന്നി. അലസമായി കിടക്കുന്ന തലമുടി. കറുപ്പ് നിറത്തിലുള്ള വെൽ‌വെറ്റ് യാർമുൾക്ക് (ജൂതന്മാർ ധരിക്കുന്ന ചെറിയ തൊപ്പി) അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മാറ്റ് നൽകി. അതുപോലെ തന്നെ അദ്ദേഹം ധരിച്ചിരുന്ന കറുത്ത വെൽവെറ്റ് ജാക്കറ്റും.

 

തന്റെ കണ്ണട ഊരി മാറ്റി, അവളെ സ്വീകരിക്കുവാനായി അദ്ദേഹം എഴുന്നേറ്റ് കൈകൾ വിടർത്തി നിന്നു. “മൈ ഡിയറസ്റ്റ് ഗേൾ, ഹൗ വണ്ടർഫുൾ റ്റു സീ യൂ…”

 

ആലിംഗനബദ്ധരായി ഏറെ നേരം അവർ നിന്നു. “ഐ ലവ് യൂ സോ ഡാംൻ മച്ച്, ഗ്രാൻഡാഡ്…” വികാരാധീനയായി അവൾ പറഞ്ഞു.

 

“നീ എന്റെ കണ്ണുകൾ നനയിക്കുന്നല്ലോ കുട്ടീ…” കർചീഫ് എടുത്ത് അദ്ദേഹം കണ്ണീർ തുടച്ചു. “നിന്റെ സുഹൃത്ത് എന്ത് വിചാരിക്കും…?”

 

“ഇത്രയും സുന്ദരിയായ ഒരു പേരക്കുട്ടിയെ കിട്ടാൻ ഭാഗ്യം ചെയ്ത മനുഷ്യനാണെന്ന് വിചാരിക്കും… അല്ലാതെന്ത്…?”

 

ഹോളി കൈ ഉയർത്തി. “ഞാൻ ഡാനിയൽ ഹോളി… സാറയും ഞാനും സഹപ്രവർത്തകരാണ്…”

 

“ഓ, അങ്ങനെയോ…?” നഥാൻ ഗിഡിയൻ നെരിപ്പോടിനരികിലേക്ക് നടന്നു. ഒരു ഗ്ലാസ് ടേബിളിന് ഇരുവശവുമായി രണ്ട് സോഫകൾ ഉണ്ടായിരുന്നു അവിടെ. അദ്ദേഹവും സാറയും ഒന്നിലും ഹോളി എതിർവശത്തും ഇരുന്നു. വാതിൽ തുറന്ന് ഒരു ട്രോളിയും ഉന്തിക്കൊണ്ട് സാഡി കോഹൻ പ്രവേശിച്ചു.

 

“ആ മേജർ റോപ്പറിനെപ്പോലെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണോ വർക്ക് ചെയ്യുന്നത്…? എന്റെ മതപ്രഭാഷണം കേൾക്കാൻ ഒരിക്കൽ അദ്ദേഹവും എത്തിയിരുന്നു…” റബ്ബി ചോദിച്ചു.

 

“ചിലപ്പോഴൊക്കെ…” ഹോളി പറഞ്ഞു. “ഒപ്പം ഷിപ്പിങ്ങ് ബിസിനസിലും ഏർപ്പെട്ടിരിക്കുന്നു…”

 

“പക്ഷേ, നിങ്ങൾ എങ്ങനെ ഇന്റലിജൻസ് കോർപ്സിലെ ഒരു ക്യാപ്റ്റനായ എന്റെ പേരക്കുട്ടിയുടെ സഹപ്രവർത്തകൻ ആയി എന്ന് എനിക്ക് മനസ്സിലാവുന്നതേയില്ല…”

 

സാഡി നീട്ടിയ ചായ അദ്ദേഹം വാങ്ങവെ സാറ പറഞ്ഞു. “അതായത് മുത്തശ്ശാ, ഇനിയങ്ങോട്ട് ഈ യൂണിഫോം എനിക്ക് ധരിക്കേണ്ടി വരില്ല എന്ന്…”

 

“പക്ഷേ, മിലിട്ടറി ക്രോസ് മെഡൽ വാങ്ങാൻ ബക്കിങ്ങ്ഹാം പാലസിൽ പോകുമ്പോൾ ധരിക്കേണ്ടി വരും കേട്ടോ…” ഹോളി പറഞ്ഞു.

 

അവിശ്വസനീയവും ആശ്ചര്യജനകവുമായിരുന്നു ആ വാർത്ത. ചായ പകർന്നു കൊണ്ടിരുന്ന സാഡിയുടെ ശ്രദ്ധ ഒരു നിമിഷം മാറി കപ്പ് നിറഞ്ഞ് തുളുമ്പിപ്പോയി.

 

“മിലിട്ടറി ക്രോസ്…?” നഥാൻ ഗിഡിയന് ആശ്ചര്യം അടക്കാനായില്ല. “സാറാ, ഇതേക്കുറിച്ച് നീ ഒരക്ഷരം പോലും പറഞ്ഞില്ലല്ലോ…”

 

“ഞാനും ഇപ്പോഴാണ് കേൾക്കുന്നത്…” അവൾ പറഞ്ഞു. “ഒരിക്കലും ഞാനിത് പ്രതീക്ഷിച്ചില്ല്ല… എന്റെ കീഴിലുള്ള സെർജന്റ് ഫ്രാങ്ക് ആയിരുന്നു ഇതിന് അർഹൻ…”

 

“അക്കാര്യത്തിൽ അയാൾ യോജിക്കുമെന്ന് തോന്നുന്നില്ല…” ഹോളി പറഞ്ഞു. “അന്ന് രാത്രി നിങ്ങൾ നടത്തിയ പ്രത്യാക്രമണങ്ങളെക്കുറിച്ചുള്ള അയാളുടെ തന്നെ റിപ്പോർട്ടിലാണ് നിങ്ങളുടെ പേരെടുത്ത് പറഞ്ഞ് ഈ അവാർഡിന് ശിപാർശ ചെയ്തിരിക്കുന്നത്…” അയാൾ എഴുന്നേറ്റു. “നോക്കൂ സർ… താങ്കളെപ്പോലൊരാളോട് പറയുന്നത് കൊണ്ട് ഒരു അപകടവുമില്ല… മിസ്സിസ് കോഹനെയും വിശ്വസിക്കാമെന്നാണ് ഞാൻ കരുതുന്നത്… മേജർ റോപ്പറും സാറയും ഞാനും കൂടാതെ വേറെ കുറച്ചു പേരും ഒരു ടോപ്പ് സീക്രറ്റ് ഇന്റലിജൻസ് യൂണിറ്റിന് വേണ്ടിയാണ് വർക്ക് ചെയ്യുന്നത്… പ്രധാനമന്ത്രിയോട് മാത്രമേ ഞങ്ങൾക്ക് ഉത്തരം പറയേണ്ടതായിട്ടുള്ളൂ…”

 

അയാൾ സാറയുടെ നേർക്ക് തിരിഞ്ഞു. അയാൾ പറഞ്ഞതിനെ ശരിവച്ചു കൊണ്ട് അവൾ തല കുലുക്കി. “ഹോളി പറഞ്ഞത് ശരിയാണ് മുത്തശ്ശാ… പക്ഷേ, ഇക്കാര്യം രഹസ്യമായിരിക്കണം… സാഡീ, നിങ്ങളോടും കൂടിയാണ്… ഇറ്റ് ഈസ് അണ്ടർ ഒഫിഷ്യൽ സീക്രറ്റ് ആക്റ്റ്…”

 

നഥാൻ ഗിഡിയൻ ആശ്ചര്യത്തോടെ അവളെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു. “അപ്പോൾ ഇനി യുദ്ധരംഗത്തേക്കില്ല… അഫ്ഗാനിസ്ഥാനിലേക്കും പോകേണ്ടി വരില്ല അല്ലേ…?” സാഡി ചോദിച്ചു.

 

സാറ പുഞ്ചിരിച്ചു. “സാഡീ, ആ പ്രദേശത്തേക്ക് ഇനിയൊരിക്കലും പോകേണ്ട എന്നറിയുമ്പോഴുള്ള സന്തോഷം എത്രയാണെന്നറിയുമോ…?”


“അപ്പോൾ ഇനി ഇവിടെത്തന്നെയുണ്ടാവുമെന്ന്… അത് നന്നായി… ആ ചായയെടുത്ത് കുടിക്കൂ കുട്ടീ… ട്രോളി ഞാൻ പിന്നെ വന്ന് എടുത്തോളാം…” അവർ അടുക്കളയിലേക്ക് പോയി.

 

“ഇവളുടെ ജോലിയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിച്ചു തന്നതിന് നന്ദി, ഡാനിയൽ…” നഥാൻ പറഞ്ഞു. “ഇപ്പോൾ എല്ലാത്തിനും ഒരു വ്യക്തതയായി… ഈ രഹസ്യം സൂക്ഷിയ്ക്കുന്ന കാര്യത്തിൽ എന്നെയും സാഡിയെയും നിങ്ങൾക്ക് പൂർണ്ണമായും വിശ്വസിക്കാം…” അദ്ദേഹം പുഞ്ചിരിച്ചു.

 

“ഞാൻ ഇറങ്ങുകയാണ്…” ഹോളി പറഞ്ഞു. “താങ്കൾക്ക് ഇനിയും ധാരാളം സംസാരിക്കാനുണ്ടെന്ന് എനിയ്ക്കറിയാം… ഇന്ന് വൈകിട്ട് താങ്കൾക്ക് പ്രഭാഷണം ഉള്ളതല്ലേ…”

 

“അത് ശരിയാണ്… നല്ലൊരു കാര്യത്തിനുള്ള ധനശേഖരണാർത്ഥമുള്ള ഒരു പ്രഭാഷണമാണ്… പോകാതിരിക്കാനാവില്ല… പക്ഷേ, നമ്മൾ ഇനിയും കണ്ടുമുട്ടുമോ എന്നതിലാണ് എനിയ്ക്ക് സംശയം…”

 

അദ്ദേഹത്തിന് ഹസ്തദാനം നൽകിയിട്ട് ഹോളി സാറയുടെ പിന്നാലെ ഹാളിലേക്ക് ഇറങ്ങി. “ഒരു വിശിഷ്ട വ്യക്തിത്വം തന്നെ, അല്ലേ…?”

 

“തീർച്ചയായും… എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകത കൂടിയുണ്ട്… എന്റെ മാതാപിതാക്കളുടെ മരണശേഷം എന്റെ എല്ലാമെല്ലാം ആണ് അദ്ദേഹം…” ഹോളിയുടെ ടൈ അയഞ്ഞു കിടന്നത് നേരെയാക്കി കൊടുത്തുകൊണ്ട് അവൾ പറഞ്ഞു. “എന്റെ ജോലിയെക്കുറിച്ച് അദ്ദേഹത്തിന് വിശദമാക്കിക്കൊടുത്തതിന് നന്ദി… എങ്ങനെ അത് അദ്ദേഹത്തോട് പറയും എന്ന ചിന്താക്കുഴപ്പത്തിലായിരുന്നു ഞാൻ…”

 

അവളുടെ ആ അടുപ്പം പുതിയൊരു അനുഭവമായിരുന്നു അയാൾക്ക്. “നിങ്ങൾക്ക് വേണ്ടി എന്ത് സഹായം ചെയ്യാനും സന്തോഷമേയുള്ളൂ…”

 

അവൾ തിരിഞ്ഞ് ഇടനാഴിയിലൂടെ സ്റ്റഡീറൂമിലേക്ക് നടന്നു. ക്ലോക്ക്റൂമിന്റെ വാതിൽ തുറന്ന് ടവലുകളുമായി സാഡി പുറത്ത് വന്നു. “നിങ്ങൾ പോയില്ലേ ഇതുവരെ…?”

 

“ഇതാ, ഇറങ്ങുകയായി…”

 

അവർ അയാളുടെ അരികിലേക്ക് വന്നു. “നല്ലൊരു കുട്ടിയാണ് അവൾ… അവളെ വേദനിപ്പിച്ചു എന്നറിഞ്ഞാൽ……….”

 

അവരുടെ വാക്കുകൾ മുഴുമിപ്പിക്കാൻ ഹോളി അനുവദിച്ചില്ല. “എനിക്കറിയാം… നിങ്ങളെന്നെ കൊന്നുകളയുമെന്ന്…” അയാൾ പൊട്ടിച്ചിരിച്ചു.

 

“ആഹ്, ഓർമ്മയിരിക്കട്ടെ അത്…”

 

തിരിച്ചു വരുന്ന സാറയെ കണ്ട് അവർ ക്ലോക്ക്റൂമിലേക്ക് തന്നെ മടങ്ങി. പുറത്തേക്കുള്ള വാതിൽ തുറന്നു കൊടുത്തിട്ട് സാറ പുഞ്ചിരിച്ചു. “വൈകിട്ട് ഏഴരയ്ക്ക് ഓകെയാണോ…?”

 

“നിങ്ങൾ കാര്യമായിട്ടാണോ…?”

 

“സാധാരണ വേഷം മതി… നല്ല ഏതെങ്കിലും ഒരു റെസ്റ്ററന്റിൽ… വൈകരുത്… എനിക്ക് ഇപ്പോഴേ വിശക്കുന്നുണ്ട്…” അവൾ പറഞ്ഞു.

 

അയാളെ ഉന്തിത്തള്ളി പുറത്താക്കി വാതിൽ അടച്ചിട്ട് അവൾ അതിൽ ചാരി നിന്ന് പുഞ്ചിരിച്ചു. അവളുടെ നില്പും ഭാവവും കണ്ട സാഡി ചോദിച്ചു. “അപ്പോൾ അയാളോടൊപ്പം ഡേറ്റിങ്ങിന് പോകാൻ തന്നെ തീരുമാനിച്ചോ നീ…?”

 

“എനിക്കറിയാം നിങ്ങളെന്താണ് എന്നോട് പറയാൻ പോകുന്നതെന്ന്… അയാളൊരു ജൂതൻ അല്ല എന്നല്ലേ…?”

 

“ഞാനെന്തിന് അങ്ങനെ പറയണം…? കുട്ടികൾ ഉണ്ടാകാൻ പോകുന്നത് നിനക്കല്ലേ…? എന്തായാലും ഒരു കാര്യം ഞാൻ പറയാം… അയാൾ നല്ലൊരു മനുഷ്യനാണെന്നാണ് എനിക്ക് തോന്നുന്നത്…” അവർ തിരിഞ്ഞ് കിച്ചണിലേക്ക് നടന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...