Friday, October 9, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 21

കുളി കഴിഞ്ഞ് പുറത്തിറങ്ങിയതും ഒട്ടും സമയം പാഴാക്കിയില്ല ജാക്ക് കെല്ലി. ഓവെൻ റഷീദിന് ഫോൺ ചെയ്ത് അതുവരെയുണ്ടായ സംഭവവികാസങ്ങൾ എല്ലാം ധരിപ്പിച്ചു.

 

സന്തുഷ്ടനായ ഓവെൻ പറഞ്ഞു. “നമ്മുടെ ദൗത്യത്തിന് ഏറ്റവും യോജിച്ച ആൾ ഹെൻട്രി ലെഗ്രാൻഡ് ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല… അയാൾക്ക് ക്യാൻസൻ ആണെന്ന കാര്യം എന്നോട് പറഞ്ഞതായി അയാൾ അറിയണ്ട… അയാൾക്കത് ഇഷ്ടമായെന്ന് വരില്ല…”

 

“ഇല്ല, അക്കാര്യം ഞാൻ ശ്രദ്ധിച്ചോളാം…” കെല്ലി പറഞ്ഞു. “പക്ഷേ, ആ കഴുവേറി അബു ഇക്കാര്യം അറിയുന്നതാണ് നല്ലത്… അതേക്കുറിച്ചോർത്ത് തലപുകഞ്ഞ് ഇരിക്കുമ്പോൾ കുറച്ച് നേരത്തേക്ക് നമ്മളെ ശല്യപ്പെടുത്താതിരിക്കും…”

 

“എന്തായാലും കാര്യങ്ങളൊക്കെ നേരെ ചൊവ്വേ പോകുവാൻ ശ്രദ്ധിക്കണം… അയാളെ എനിക്ക് നേരിൽ കാണണം… ഒരു ഒന്നര മണിക്കൂറിനുള്ളിൽ അയാളോടൊപ്പം നിങ്ങളെ എന്റെ ഫ്ലാറ്റിൽ പ്രതീക്ഷിക്കുന്നു…”

 

ടൈ കെട്ടിക്കൊണ്ടിരിക്കവെയാണ് അവർ ഇരുവരും അവിടെയെത്തിയത്. ആ ഫ്രഞ്ച്കാരനെ നേരിൽ കണ്ടപ്പോൾ വലിയ മതിപ്പാണ് ഓവെൻ റഷീദിന് തോന്നിയത്. തന്റെ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരമായെന്ന് തോന്നൽ. ഷെൽഫിൽ നിന്നും ഡ്രിങ്ക്സ് എടുത്ത് കഴിച്ചുകൊള്ളുവാൻ പറഞ്ഞിട്ട് അകത്തേക്ക് പോയ ഓവെൻ തിരിച്ചെത്തിയപ്പോൾ കണ്ടത് ഓപ്പൺ ടെറസിലേക്കുള്ള ജാലകത്തിനരികിലെ ടേബിളിന് മുന്നിലിരുന്ന് വിസ്കി കഴിക്കുന്ന ഇരുവരെയുമാണ്.

 

“ഹെൻട്രി, ഞാൻ നിങ്ങളുടെ റെക്കോർഡുകൾ പരിശോധിക്കുകയായിരുന്നു… ഈ ദൗത്യത്തിന് ഏറ്റവും അനുയോജ്യനായ ആളാണ് നിങ്ങൾ എന്നാണ് എനിക്ക് തോന്നുന്നത്… എന്തു പറയുന്നു…?”

 

“തീർച്ചയായും മൊസ്യേ റഷീദ്… അല്ലെങ്കിൽ ഞാനിവിടെ എത്തില്ലല്ലോ…”

 

ഓവെൻ ഒരു ചുവന്ന ഫയൽ എടുത്ത് മേശപ്പുറത്ത് വച്ചു. “ഫെർഗൂസനെയും സംഘത്തെയും കുറിച്ച് അൽ ഖ്വയ്ദയ്ക്ക് ലഭ്യമായ സകല വിവരങ്ങളും ഇതിലുണ്ട്…”

 

“ഇതിൽ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പാണല്ലോ അല്ലേ…?” ലെഗ്രാൻഡ് ചോദിച്ചു.

 

“അതെ… എങ്കിലും, അദ്ദേഹത്തിന്റെ സംഘടനയ്ക്കുള്ളിൽ നിന്നും വിവരങ്ങൾ ചോർത്തി തരാൻ നമുക്ക് സ്രോതസ്സുകൾ ഇല്ലാത്ത സ്ഥിതിയ്ക്ക് അവരുടെ ഉദ്ദേശ്യം എന്താണെന്ന് അറിയാൻ നിർവ്വാഹമില്ല…”

 

“ഫെർഗൂസനെപ്പോലെയൊരു കൗശലക്കാരന്റെ സംഘത്തിൽ നിന്നും വിവരം ചോർത്താൻ സാധിക്കുകയാണെങ്കിൽ അതൊരു അത്ഭുതം തന്നെയായിരിക്കും…” ഹെൻട്രി പറഞ്ഞു.

 

“പണം ഒരു പ്രശ്നമല്ല…” ഓവെൻ പറഞ്ഞു. “എത്ര വേണമെന്ന് പറഞ്ഞാൽ മതി, നിങ്ങൾക്ക് ലഭിച്ചിരിക്കും… ഫെർഗൂസനെയും സംഘത്തെയും എന്നെന്നേയ്ക്കുമായി ഇല്ലാതാക്കുക എന്നതാണ് അൽ ഖ്വയ്ദയുടെ ആവശ്യം…”

 

“അതിൽ സന്തോഷമേയുള്ളൂ…” ഹസ്തദാനം നൽകിയിട്ട് ഹെൻട്രിയും കെല്ലിയും പുറത്തേയ്ക്ക് നടന്നു.

 

അല്പനേരം കഴിഞ്ഞതും ജീൻ ടാൽബട്ടിന്റെ ഫോൺ കോൾ വന്നു. “ഇന്ന് അങ്ങനെ സ്പെഷ്യൽ ഭക്ഷണമൊന്നും കഴിക്കാൻ തോന്നുന്നില്ല… കഴ്സൺ സ്ട്രീറ്റിനറ്റത്തുള്ള ആ ചെറിയ ഇറ്റാലിയൻ റെസ്റ്ററന്റിലേക്ക് വരാൻ വിരോധമുണ്ടോ…?”

 

“ഒരു വിരോധവുമില്ല…” ഓവെൻ പറഞ്ഞു. “നമുക്ക് നടന്ന് പോകാം… കാർ എടുക്കുന്നതിൽ അർത്ഥമില്ല…”

 

പതിനഞ്ച് മിനിറ്റ് കഴിഞ്ഞതും അവരുടെ വസതിയുടെ മുന്നിലെത്തിയ ഓവെൻ റഷീദ് കോളിങ്ങ് ബെല്ലിൽ വിരലമർത്തി. ഒരു നിമിഷം പോലും വൈകാതെ അവർ വെളിയിലെത്തി. ഒരു ഫ്രഞ്ച് കമ്പിളിത്തൊപ്പിയും നേവി ബ്ലൂ നിറമുള്ള ഒരു ബ്രിഡ്ജ് കോട്ടുമായിരുന്നു അവർ ധരിച്ചിരുന്നത്. അയാൾ അവരുടെ കവിളിൽ മുത്തം നൽകി. അയാളുടെ കൈ പിടിച്ച് അവർ റോഡിലേക്കിറങ്ങി.

 

“ഒരു പാരീസ് വനിതയെപ്പോലുണ്ട്…” ഓവെൻ പറഞ്ഞു. “നിങ്ങൾക്കിത് നന്നായി ചേരുന്നുണ്ട്… നല്ല ഭംഗിയുണ്ട്…”

 

“കുറേ വിദ്യാർത്ഥികളെ കാണേണ്ടതുണ്ടായിരുന്നു ഇന്ന്… പരീക്ഷാ പേപ്പറുകൾ നോക്കാനും മറ്റ് സ്റ്റാഫുമായി ചർച്ച നടത്താനും ഒക്കെയുണ്ടായിരുന്നു… നാശമെന്നല്ലാതെ എന്തു പറയാൻ… ഒരു ചിത്രകാരിയും കലാകാരിയുമൊക്കെയായി അറിയപ്പെടാനാണ് എനിക്കിഷ്ടം…”

 

“അതെനിക്കറിയാം…” അയാൾ പറഞ്ഞു.

 

“വിസിറ്റിങ്ങ് പ്രൊഫസർ ഇൻ ഫൈൻ ആർട്സ് എന്ന പദവി ചിലർക്ക് വലിയ കാര്യമായൊക്കെ തോന്നും… പക്ഷേ, ഞാൻ അങ്ങനെ ചിന്തിക്കുന്നതേയില്ല… എന്റെ സഹപ്രവർത്തകരും ഞാനും തമ്മിലുള്ള ഏക വ്യത്യാസം ഞാൻ ഒരു ധനികയാണെന്നത് മാത്രമാണ്… അതിൽ എനിക്ക് തെല്ല് കുറ്റബോധവും ഉണ്ട്…” ജീൻ ടാൽബട്ട് പറഞ്ഞു.

 

“ഇങ്ങനെ സില്ലി ആവാതെ… പണത്തിന്റെ കാര്യം പറഞ്ഞാൽ ഞാനും ഇതേ അവസ്ഥയിൽ തന്നെയാണ്… പക്ഷേ, അതിൽ അല്പം പോലും കുറ്റബോധമില്ല എനിക്ക്… വേറെന്തൊക്കെയുണ്ട് വിശേഷങ്ങൾ…?”

 

“കെല്ലി ലണ്ടനിൽ എത്തിയിട്ടുണ്ട്…” അവർ പറഞ്ഞു.

 

“അയാൾ വരുന്ന കാര്യം നിങ്ങൾ പറഞ്ഞിരുന്നില്ലല്ലോ…”

 

“എനിക്ക് അറിയില്ലായിരുന്നു… പെട്ടെന്നെടുത്ത തീരുമാനമാണ് പോലും… കുറച്ചു നാളായി എന്റെ ഫൈനാൻസ് ഡയറക്ടറെ കാണണമെന്ന് വിചാരിച്ചിരുന്നതാണത്രെ… അപ്പോഴാണ് തന്റെ ക്ഷുഭിത യൗവന കാലത്ത് അടുത്ത് പരിചയമുണ്ടായിരുന്ന ഒരാൾ ഇവിടെ ഷെപ്പേർഡ് മാർക്കറ്റിൽ ഒരു പുരാവസ്തു ഷോപ്പ് നടത്തുന്ന കാര്യം അറിയാനിടയായത്… മരിച്ചുപോയി എന്ന് കരുതിയിരുന്ന ആളാണത്രെ…”

 

“ക്ഷുഭിത യൗവനം എന്നത് കൊണ്ട് ഉദ്ദേശിച്ചത് IRA കാലഘട്ടമാണോ…?” ഓവെൻ ചോദിച്ചു. “അതേക്കുറിച്ച് നിങ്ങളൊരിക്കൽ പറഞ്ഞിരുന്നു… ഓർമ്മയുണ്ടോ…?”

 

“അതെ… ഒരു ഫ്രഞ്ചുകാരനാണ് ആ സുഹൃത്തെന്നാണ് ഞാൻ മനസ്സിലാക്കിയത്… എന്തായാലും ഇത്തവണത്തെ വരവ് ഒരു വെക്കേഷൻ ആയി ആഘോഷിച്ചോളാൻ പറഞ്ഞു ഞാൻ… ഏതാനും ദിവസം ആ സുഹൃത്തിന്റെ കൂടെ ആയിരിക്കുമത്രെ താമസം…”

 

“അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ…” റെസ്റ്ററന്റിനുള്ളിലേക്ക് കയറവെ ഓവെൻ പറഞ്ഞു.

 

(തുടരും)

No comments:

Post a Comment