Friday, October 16, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 22

റെസ്റ്ററന്റ് ഹാളിലെ കോർണർ ബൂത്തിൽ ഇരുന്ന അവർ ഒരു ബോട്ട്‌ൽ റെഡ് വൈനും കോന്യാക്കും മൊരിഞ്ഞ റൊട്ടിയും ലസാഗ്നയും ഓർഡർ ചെയ്തു.

 

കോന്യാക്ക് മൊത്തിക്കൊണ്ടിരിക്കവെ ഓവെൻ പറഞ്ഞു. “കെല്ലിയുടെ IRA ബന്ധം നിങ്ങൾക്ക് ഒരു പ്രശ്നമായിരുന്നിരിക്കാം… പ്രത്യേകിച്ചും നിങ്ങളുടെ മകൻ ബ്രിട്ടീഷ് ആർമിയിലെ ഒരു ഓഫീസർ ആയിരിക്കെ… എങ്കിലും നിങ്ങളുടെ ക്ഷണം സ്വീകരിച്ച് കിൽമാർട്ടിനിൽ എത്തിയ ഞാൻ അവിടുത്തെ ജനങ്ങൾക്ക് നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും കണ്ട് അത്ഭുതപ്പെട്ടു പോയി…”

 

“IRA യുടെ കടുത്ത അനുഭാവികളായ കിൽമാർട്ടിനിലെ ജനതയ്ക്ക് ഒരു പ്രൊട്ടസ്റ്റന്റ്കാരിയായ എന്നെ എങ്ങനെ സ്നേഹിക്കാൻ കഴിയുന്നുവെന്ന് ഓർത്തിട്ടാണോ…?” പെട്ടെന്ന് ജീൻ ടാൽബട്ട് എല്ലാ ഭാരവും ഇറക്കി വയ്ക്കുന്നത് പോലെ തോന്നി. “എന്റെ മകൻ SAS ൽ ആണ് ജോലി ചെയ്യുന്നതെന്ന സത്യം ഞാൻ മൂടി വച്ചു… കെല്ലി ആ രഹസ്യം കണ്ടുപിടിച്ചുവെങ്കിലും തന്റെ സഹപ്രവർത്തകരോടോ നാട്ടുകാരോടോ വെളിപ്പെടുത്തിയില്ല… അതുകൊണ്ട് തന്നെ എന്റെ തെറ്റിനെക്കുറിച്ച് നാട്ടുകാർക്ക് അറിയില്ലായിരുന്നു… എന്റെ മകൻ പിന്നീട് അൽ ഖ്വയ്ദയുമായി ബന്ധം സ്ഥാപിച്ചതും സ്വന്തം ജീവൻ ബലികഴിച്ചതും ഒന്നും അവർക്ക് അറിയില്ലായിരുന്നു…” അവർ അയാളുടെ കരം കവർന്നു. “നുണകളും ചതിയും വഞ്ചനയും കൗശലവും ഒക്കെ നിറഞ്ഞതാണ് എന്റെ ജീവിതം…”

 

ഇതൊന്നും അയാൾക്ക് ഒരു പുതിയ അറിവ് അല്ലായിരുന്നുവെങ്കിലും അവരുടെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. നഷ്ടപ്പെട്ട തന്റെ മകന്റെ സ്ഥാനത്താണ് ജീൻ തന്നെ കാണുന്നതെന്ന് അയാൾക്ക് അറിയാമായിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ വാക്കുകളിൽ നിന്നും വെറുമൊരു മകനായി മാത്രമല്ല അവർ തന്നെ കാണുന്നതെന്ന് അയാൾ മനസ്സിലാക്കി.

 

ബിൽ അടച്ചിട്ട് അയാൾ അവരെയും കൂട്ടി പുറത്തിറങ്ങി. ഒന്നും ഉരിയാടാതെ അവരുടെ വസതി ലക്ഷ്യമാക്കി കഴ്സൺ സ്ട്രീറ്റിലൂടെ നടക്കവെ അയാൾ അവരുടെ കൈ കോർത്ത് പിടിച്ചിരുന്നു. വീടിന് മുന്നിലെത്തിയതും അവർ തന്റെ പേഴ്സ് തുറന്ന് താക്കോൽ പുറത്തെടുത്തു. ഓവെൻ അത് അവരിൽ നിന്നും വാങ്ങി.

 

“ഞാൻ തുറന്നു തരാം…” അയാൾ അവർക്കായി വാതിൽ തുറന്നു കൊടുത്തു.

 

തിരിഞ്ഞ് അയാളെ അഭിമുഖീകരിച്ച് നിന്ന അവരുടെ മുഖത്ത് നിരാശയും വിഷാദവും നിറഞ്ഞിരുന്നു. “സോറി, ഓവെൻ… അപ്പോഴത്തെ വിഷമത്തിന് എല്ലാ വേവലാതികളും ഞാൻ നിങ്ങളുടെ മുന്നിൽ ഇറക്കി വച്ചു… ഒറ്റപ്പെടലിന്റെ വേദന അസഹനീയമാണ്…” അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “എന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ… ടാൽബട്ട് ഇന്റർനാഷണലിന്റെ ചെയർമാൻ… സകല സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും ഒന്നുമില്ലാത്തവൾ…”

 

“എന്ത് മണ്ടത്തരമാണ് നിങ്ങളീ പറയുന്നത്…? ഞാനില്ലേ നിങ്ങൾക്ക്…?” അയാൾ അവരുടെ ചുണ്ടുകളിൽ മൃദുവായി ചുംബിച്ചു. “ഇനിയും ഇങ്ങനെ പറയരുത്…”

 

അയാളുടെ ആ പ്രവൃത്തിയിൽ വിശ്വാസം വരാതെ അമ്പരപ്പോടെ മുഖമുയർത്തിയ അവർ പുഞ്ചിരിച്ചു. “ഇല്ല, ഇനിയങ്ങനെ പറയില്ല… ആട്ടെ, പോയിട്ട് തിരക്കുണ്ടോ…? ഒരു കോഫി കുടിച്ചിട്ട് പോയാൽ പോരേ…?”

 

“ഇങ്ങനെയൊരു ചോദ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…” ഉള്ളിലേക്ക് കയറിയിട്ട് അയാൾ വാതിൽ അടച്ചു.

 

 (തുടരും)

No comments:

Post a Comment