Thursday, October 1, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 20

ഡോർചെസ്റ്റർ ഹോട്ടൽ കഴിഞ്ഞതും ഡാനിയൽ ഹോളി പാർക്ക് ലെയിനിൽ നിന്നും ഓഡ്‌ലി സ്ട്രീറ്റിലേക്ക് തിരിഞ്ഞു. ഗ്രോസ്‌വെണർ സ്ക്വയർ എത്തുന്നതിന് മുമ്പ് വലത്തോട്ട് തിരിഞ്ഞ അയാൾ ഹൈഫീൽഡ് കോർട്ടിന് മുന്നിൽ കാർ സ്ലോ ചെയ്തു. മദ്ധ്യകാല വിക്ടോറിയൻ ശൈലിയിലുള്ള ഒരു നാലുനില കെട്ടിടമായിരുന്നു അത്. റോഡിൽ നിന്നും അല്പം ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യുന്നതിനാൽ പാർക്കിങ്ങിന് ധാരാളം സ്ഥലമുണ്ടായിരുന്നു. കെട്ടിടത്തിന്റെ പാർക്കിങ്ങ് ഏരിയയിലേക്ക് കയറ്റി നിർത്തിയിട്ട് കാറിൽ നിന്നും ഇറങ്ങി അയാൾ സാറയുടെ ലഗേജ് പുറത്തെടുത്തു.

 

“ഉള്ളിലേക്ക് വരൂ… എന്റെ മുത്തശ്ശനെ കാണണ്ടേ…” സാറ പറഞ്ഞു.

 

വാതിലിന് നേർക്ക് നടന്ന അവളെ അനുഗമിക്കവെ അത് വേണോ എന്ന് ചിന്തിക്കുകയായിരുന്നു ഹോളി. ബാഗിൽ നിന്നും താക്കോൽ പുറത്തെടുക്കുന്ന അവളോട് അയാൾ ചോദിച്ചു. “നോക്കൂ, ഏറെ കാലത്തിന് ശേഷമാണ് നിങ്ങൾ വീട്ടിൽ തിരിച്ചെത്തുന്നത്… നിങ്ങളെ കാണാനുള്ള ആവേശത്തിലായിരിക്കും അദ്ദേഹം… അതിനിടയിൽ ഞാൻ ഒരു അധികപ്പറ്റായിരിക്കും…”

 

അവൾ തിരിഞ്ഞ് അയാളെ ഒന്ന് നോക്കി. “ഡാനിയൽ, നിങ്ങൾക്ക് എന്നോടെന്തെങ്കിലും പ്രശ്നമുണ്ടോ…?”

 

ഒരു നിമിഷം അയാളുടെ വായടഞ്ഞു പോയി. പിന്നെ പറഞ്ഞു. “നോക്കൂ സാറാ, എന്താണ് ഇങ്ങനെയൊക്കെ ചോദിക്കുന്നത്…?”

 

അവൾ തന്റെ വിരൽ കൊണ്ട് അയാളുടെ നെഞ്ചിൽ ചെറുതായി ഒന്ന് കുത്തി. “നിങ്ങൾ എന്റെ മുത്തശ്ശനുമായി പരിചയപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു… അതുകൊണ്ടാണ്…”

 

“എന്ത് ആവശ്യത്തിന്…? അതാണെനിയ്ക്ക് മനസ്സിലാവാത്തത്…”

 

“അല്പം ഒന്ന് ശ്രമിച്ചാൽ, നിങ്ങൾക്കത് വഴിയേ മനസ്സിലായിക്കോളും…”

 

വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞു. കറുത്ത മുടിയും സൗമ്യമുഖവുമുള്ള, കണ്ണട ധരിച്ച ഒരു സ്ത്രീ ആയിരുന്നു അത്. പച്ചനിറമുള്ള ഒരു ഏപ്രൺ അണിഞ്ഞിരുന്ന അവർ ചോദിച്ചു. “തിരിച്ചെത്തി അല്ലേ…? എപ്പോഴാണ് വരിക എന്നറിയാതെ ഇരിക്കുകയായിരുന്നു ഞങ്ങൾ… ടെലിഫോൺ എന്നൊരു ഉപകരണത്തെക്കുറിച്ച് കേട്ടിട്ടേയില്ലേ നീ…?”

 

“സാഡീ… എനിയ്ക്ക് എന്തിഷ്ടമാണെന്നറിയുമോ നിങ്ങളെ…?” സാറ അവരെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു മുത്തം കൊടുത്തു. “അരിസോണയിലായിരുന്നു ഞാൻ… ലോകത്തിന്റെ മറുവശത്ത്… ആട്ടെ, മുത്തശ്ശൻ അകത്തുണ്ടോ…?”

 

“സ്റ്റഡീ റൂമിലുണ്ട്… വൈകിട്ട് എന്തോ പരിപാടിയുണ്ടെന്ന് പറഞ്ഞു…”

 

സംസാരത്തിനിടയിൽ അവർ ഹോളിയെ സംശയഭാവേന നോക്കുന്നുണ്ടായിരുന്നു. “ഡാനിയൽ, ഇത് മിസ്സിസ് കോഹൻ… ഞങ്ങളുടെ വീട്ടുകാര്യങ്ങളെല്ലാം നോക്കുന്നത് ഇവരാണ്…” സാറ അവരെ ഹോളിയ്ക്ക് പരിചയപ്പെടുത്തി.

 

അവരുടെ ചുഴിഞ്ഞുള്ള നോട്ടത്തിൽ തെല്ല് ചമ്മലോടെ നിൽക്കുകയായിരുന്ന ഹോളി തന്റെ ഇരുകൈകളിലെയും ബാഗുകൾ താഴെ വച്ചു.

 

“പരിചയപ്പെടാനായതിൽ സന്തോഷം, മിസ്സിസ് കോഹൻ…” അയാൾ കൈകൾ നീട്ടി.

 

ഹസ്തദാനം സ്വീകരിച്ചിട്ട് അവർ സാറയുടെ നേർക്ക് തന്നെ തിരിഞ്ഞു. “ഞാൻ ചായ എടുത്തു കൊണ്ട് വരാം…”

 

ആ സ്ത്രീ ഇടനാഴിയിലൂടെ കിച്ചണിലേക്ക് പോയി. ഇടതുവശത്തുള്ള വലിയ മഹാഗണി വാതിൽ തുറന്ന സാറ ഹോളിയെ അങ്ങോട്ട് ആനയിച്ചു.

 

വിക്ടോറിയൻ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു ആ റൂം. മഹാഗണിയുടെ പലകയിൽ പാനലിങ്ങ് ചെയ്തിട്ടുള്ള ലൈബ്രറിയും ബുക്ക് ഷെൽഫുകളും. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള നെരിപ്പോട്. നിലത്ത് വിരിച്ചിട്ടുള്ള ടർക്കിഷ് പരവതാനി. അവർ മുറിയിലേക്ക് പ്രവേശിച്ചതും തന്റെ ഓഫീസ് ഡെസ്കിന് പിറകിൽ റിവോൾവിങ്ങ് ചെയറിൽ ഇരിക്കുകയായിരുന്ന റബ്ബി നഥാൻ ഗിഡിയൻ അവർക്ക് അഭിമുഖമായി തിരിഞ്ഞു. ഒരു വൈജ്ഞാനികന്റെ രൂപമുള്ള അദ്ദേഹത്തിന്റെ മുഖം പ്രസന്നവും സൗഹൃദഭാവം നിറഞ്ഞു നിൽക്കുന്നതുമായിരുന്നു. നരച്ച ബുൾഗാൻ താടി ആ മുഖത്തിന് എന്തുകൊണ്ടും അനുയോജ്യമായി തോന്നി. അലസമായി കിടക്കുന്ന തലമുടി. കറുപ്പ് നിറത്തിലുള്ള വെൽ‌വെറ്റ് യാർമുൾക്ക് (ജൂതന്മാർ ധരിക്കുന്ന ചെറിയ തൊപ്പി) അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മാറ്റ് നൽകി. അതുപോലെ തന്നെ അദ്ദേഹം ധരിച്ചിരുന്ന കറുത്ത വെൽവെറ്റ് ജാക്കറ്റും.

 

തന്റെ കണ്ണട ഊരി മാറ്റി, അവളെ സ്വീകരിക്കുവാനായി അദ്ദേഹം എഴുന്നേറ്റ് കൈകൾ വിടർത്തി നിന്നു. “മൈ ഡിയറസ്റ്റ് ഗേൾ, ഹൗ വണ്ടർഫുൾ റ്റു സീ യൂ…”

 

ആലിംഗനബദ്ധരായി ഏറെ നേരം അവർ നിന്നു. “ഐ ലവ് യൂ സോ ഡാംൻ മച്ച്, ഗ്രാൻഡാഡ്…” വികാരാധീനയായി അവൾ പറഞ്ഞു.

 

“നീ എന്റെ കണ്ണുകൾ നനയിക്കുന്നല്ലോ കുട്ടീ…” കർചീഫ് എടുത്ത് അദ്ദേഹം കണ്ണീർ തുടച്ചു. “നിന്റെ സുഹൃത്ത് എന്ത് വിചാരിക്കും…?”

 

“ഇത്രയും സുന്ദരിയായ ഒരു പേരക്കുട്ടിയെ കിട്ടാൻ ഭാഗ്യം ചെയ്ത മനുഷ്യനാണെന്ന് വിചാരിക്കും… അല്ലാതെന്ത്…?”

 

ഹോളി കൈ ഉയർത്തി. “ഞാൻ ഡാനിയൽ ഹോളി… സാറയും ഞാനും സഹപ്രവർത്തകരാണ്…”

 

“ഓ, അങ്ങനെയോ…?” നഥാൻ ഗിഡിയൻ നെരിപ്പോടിനരികിലേക്ക് നടന്നു. ഒരു ഗ്ലാസ് ടേബിളിന് ഇരുവശവുമായി രണ്ട് സോഫകൾ ഉണ്ടായിരുന്നു അവിടെ. അദ്ദേഹവും സാറയും ഒന്നിലും ഹോളി എതിർവശത്തും ഇരുന്നു. വാതിൽ തുറന്ന് ഒരു ട്രോളിയും ഉന്തിക്കൊണ്ട് സാഡി കോഹൻ പ്രവേശിച്ചു.

 

“ആ മേജർ റോപ്പറിനെപ്പോലെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണോ വർക്ക് ചെയ്യുന്നത്…? എന്റെ മതപ്രഭാഷണം കേൾക്കാൻ ഒരിക്കൽ അദ്ദേഹവും എത്തിയിരുന്നു…” റബ്ബി ചോദിച്ചു.

 

“ചിലപ്പോഴൊക്കെ…” ഹോളി പറഞ്ഞു. “ഒപ്പം ഷിപ്പിങ്ങ് ബിസിനസിലും ഏർപ്പെട്ടിരിക്കുന്നു…”

 

“പക്ഷേ, നിങ്ങൾ എങ്ങനെ ഇന്റലിജൻസ് കോർപ്സിലെ ഒരു ക്യാപ്റ്റനായ എന്റെ പേരക്കുട്ടിയുടെ സഹപ്രവർത്തകൻ ആയി എന്ന് എനിക്ക് മനസ്സിലാവുന്നതേയില്ല…”

 

സാഡി നീട്ടിയ ചായ അദ്ദേഹം വാങ്ങവെ സാറ പറഞ്ഞു. “അതായത് മുത്തശ്ശാ, ഇനിയങ്ങോട്ട് ഈ യൂണിഫോം എനിക്ക് ധരിക്കേണ്ടി വരില്ല എന്ന്…”

 

“പക്ഷേ, മിലിട്ടറി ക്രോസ് മെഡൽ വാങ്ങാൻ ബക്കിങ്ങ്ഹാം പാലസിൽ പോകുമ്പോൾ ധരിക്കേണ്ടി വരും കേട്ടോ…” ഹോളി പറഞ്ഞു.

 

അവിശ്വസനീയവും ആശ്ചര്യജനകവുമായിരുന്നു ആ വാർത്ത. ചായ പകർന്നു കൊണ്ടിരുന്ന സാഡിയുടെ ശ്രദ്ധ ഒരു നിമിഷം മാറി കപ്പ് നിറഞ്ഞ് തുളുമ്പിപ്പോയി.

 

“മിലിട്ടറി ക്രോസ്…?” നഥാൻ ഗിഡിയന് ആശ്ചര്യം അടക്കാനായില്ല. “സാറാ, ഇതേക്കുറിച്ച് നീ ഒരക്ഷരം പോലും പറഞ്ഞില്ലല്ലോ…”

 

“ഞാനും ഇപ്പോഴാണ് കേൾക്കുന്നത്…” അവൾ പറഞ്ഞു. “ഒരിക്കലും ഞാനിത് പ്രതീക്ഷിച്ചില്ല്ല… എന്റെ കീഴിലുള്ള സെർജന്റ് ഫ്രാങ്ക് ആയിരുന്നു ഇതിന് അർഹൻ…”

 

“അക്കാര്യത്തിൽ അയാൾ യോജിക്കുമെന്ന് തോന്നുന്നില്ല…” ഹോളി പറഞ്ഞു. “അന്ന് രാത്രി നിങ്ങൾ നടത്തിയ പ്രത്യാക്രമണങ്ങളെക്കുറിച്ചുള്ള അയാളുടെ തന്നെ റിപ്പോർട്ടിലാണ് നിങ്ങളുടെ പേരെടുത്ത് പറഞ്ഞ് ഈ അവാർഡിന് ശിപാർശ ചെയ്തിരിക്കുന്നത്…” അയാൾ എഴുന്നേറ്റു. “നോക്കൂ സർ… താങ്കളെപ്പോലൊരാളോട് പറയുന്നത് കൊണ്ട് ഒരു അപകടവുമില്ല… മിസ്സിസ് കോഹനെയും വിശ്വസിക്കാമെന്നാണ് ഞാൻ കരുതുന്നത്… മേജർ റോപ്പറും സാറയും ഞാനും കൂടാതെ വേറെ കുറച്ചു പേരും ഒരു ടോപ്പ് സീക്രറ്റ് ഇന്റലിജൻസ് യൂണിറ്റിന് വേണ്ടിയാണ് വർക്ക് ചെയ്യുന്നത്… പ്രധാനമന്ത്രിയോട് മാത്രമേ ഞങ്ങൾക്ക് ഉത്തരം പറയേണ്ടതായിട്ടുള്ളൂ…”

 

അയാൾ സാറയുടെ നേർക്ക് തിരിഞ്ഞു. അയാൾ പറഞ്ഞതിനെ ശരിവച്ചു കൊണ്ട് അവൾ തല കുലുക്കി. “ഹോളി പറഞ്ഞത് ശരിയാണ് മുത്തശ്ശാ… പക്ഷേ, ഇക്കാര്യം രഹസ്യമായിരിക്കണം… സാഡീ, നിങ്ങളോടും കൂടിയാണ്… ഇറ്റ് ഈസ് അണ്ടർ ഒഫിഷ്യൽ സീക്രറ്റ് ആക്റ്റ്…”

 

നഥാൻ ഗിഡിയൻ ആശ്ചര്യത്തോടെ അവളെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു. “അപ്പോൾ ഇനി യുദ്ധരംഗത്തേക്കില്ല… അഫ്ഗാനിസ്ഥാനിലേക്കും പോകേണ്ടി വരില്ല അല്ലേ…?” സാഡി ചോദിച്ചു.

 

സാറ പുഞ്ചിരിച്ചു. “സാഡീ, ആ പ്രദേശത്തേക്ക് ഇനിയൊരിക്കലും പോകേണ്ട എന്നറിയുമ്പോഴുള്ള സന്തോഷം എത്രയാണെന്നറിയുമോ…?”


“അപ്പോൾ ഇനി ഇവിടെത്തന്നെയുണ്ടാവുമെന്ന്… അത് നന്നായി… ആ ചായയെടുത്ത് കുടിക്കൂ കുട്ടീ… ട്രോളി ഞാൻ പിന്നെ വന്ന് എടുത്തോളാം…” അവർ അടുക്കളയിലേക്ക് പോയി.

 

“ഇവളുടെ ജോലിയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിച്ചു തന്നതിന് നന്ദി, ഡാനിയൽ…” നഥാൻ പറഞ്ഞു. “ഇപ്പോൾ എല്ലാത്തിനും ഒരു വ്യക്തതയായി… ഈ രഹസ്യം സൂക്ഷിയ്ക്കുന്ന കാര്യത്തിൽ എന്നെയും സാഡിയെയും നിങ്ങൾക്ക് പൂർണ്ണമായും വിശ്വസിക്കാം…” അദ്ദേഹം പുഞ്ചിരിച്ചു.

 

“ഞാൻ ഇറങ്ങുകയാണ്…” ഹോളി പറഞ്ഞു. “താങ്കൾക്ക് ഇനിയും ധാരാളം സംസാരിക്കാനുണ്ടെന്ന് എനിയ്ക്കറിയാം… ഇന്ന് വൈകിട്ട് താങ്കൾക്ക് പ്രഭാഷണം ഉള്ളതല്ലേ…”

 

“അത് ശരിയാണ്… നല്ലൊരു കാര്യത്തിനുള്ള ധനശേഖരണാർത്ഥമുള്ള ഒരു പ്രഭാഷണമാണ്… പോകാതിരിക്കാനാവില്ല… പക്ഷേ, നമ്മൾ ഇനിയും കണ്ടുമുട്ടുമോ എന്നതിലാണ് എനിയ്ക്ക് സംശയം…”

 

അദ്ദേഹത്തിന് ഹസ്തദാനം നൽകിയിട്ട് ഹോളി സാറയുടെ പിന്നാലെ ഹാളിലേക്ക് ഇറങ്ങി. “ഒരു വിശിഷ്ട വ്യക്തിത്വം തന്നെ, അല്ലേ…?”

 

“തീർച്ചയായും… എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകത കൂടിയുണ്ട്… എന്റെ മാതാപിതാക്കളുടെ മരണശേഷം എന്റെ എല്ലാമെല്ലാം ആണ് അദ്ദേഹം…” ഹോളിയുടെ ടൈ അയഞ്ഞു കിടന്നത് നേരെയാക്കി കൊടുത്തുകൊണ്ട് അവൾ പറഞ്ഞു. “എന്റെ ജോലിയെക്കുറിച്ച് അദ്ദേഹത്തിന് വിശദമാക്കിക്കൊടുത്തതിന് നന്ദി… എങ്ങനെ അത് അദ്ദേഹത്തോട് പറയും എന്ന ചിന്താക്കുഴപ്പത്തിലായിരുന്നു ഞാൻ…”

 

അവളുടെ ആ അടുപ്പം പുതിയൊരു അനുഭവമായിരുന്നു അയാൾക്ക്. “നിങ്ങൾക്ക് വേണ്ടി എന്ത് സഹായം ചെയ്യാനും സന്തോഷമേയുള്ളൂ…”

 

അവൾ തിരിഞ്ഞ് ഇടനാഴിയിലൂടെ സ്റ്റഡീറൂമിലേക്ക് നടന്നു. ക്ലോക്ക്റൂമിന്റെ വാതിൽ തുറന്ന് ടവലുകളുമായി സാഡി പുറത്ത് വന്നു. “നിങ്ങൾ പോയില്ലേ ഇതുവരെ…?”

 

“ഇതാ, ഇറങ്ങുകയായി…”

 

അവർ അയാളുടെ അരികിലേക്ക് വന്നു. “നല്ലൊരു കുട്ടിയാണ് അവൾ… അവളെ വേദനിപ്പിച്ചു എന്നറിഞ്ഞാൽ……….”

 

അവരുടെ വാക്കുകൾ മുഴുമിപ്പിക്കാൻ ഹോളി അനുവദിച്ചില്ല. “എനിക്കറിയാം… നിങ്ങളെന്നെ കൊന്നുകളയുമെന്ന്…” അയാൾ പൊട്ടിച്ചിരിച്ചു.

 

“ആഹ്, ഓർമ്മയിരിക്കട്ടെ അത്…”

 

തിരിച്ചു വരുന്ന സാറയെ കണ്ട് അവർ ക്ലോക്ക്റൂമിലേക്ക് തന്നെ മടങ്ങി. പുറത്തേക്കുള്ള വാതിൽ തുറന്നു കൊടുത്തിട്ട് സാറ പുഞ്ചിരിച്ചു. “വൈകിട്ട് ഏഴരയ്ക്ക് ഓകെയാണോ…?”

 

“നിങ്ങൾ കാര്യമായിട്ടാണോ…?”

 

“സാധാരണ വേഷം മതി… നല്ല ഏതെങ്കിലും ഒരു റെസ്റ്ററന്റിൽ… വൈകരുത്… എനിക്ക് ഇപ്പോഴേ വിശക്കുന്നുണ്ട്…” അവൾ പറഞ്ഞു.

 

അയാളെ ഉന്തിത്തള്ളി പുറത്താക്കി വാതിൽ അടച്ചിട്ട് അവൾ അതിൽ ചാരി നിന്ന് പുഞ്ചിരിച്ചു. അവളുടെ നില്പും ഭാവവും കണ്ട സാഡി ചോദിച്ചു. “അപ്പോൾ അയാളോടൊപ്പം ഡേറ്റിങ്ങിന് പോകാൻ തന്നെ തീരുമാനിച്ചോ നീ…?”

 

“എനിക്കറിയാം നിങ്ങളെന്താണ് എന്നോട് പറയാൻ പോകുന്നതെന്ന്… അയാളൊരു ജൂതൻ അല്ല എന്നല്ലേ…?”

 

“ഞാനെന്തിന് അങ്ങനെ പറയണം…? കുട്ടികൾ ഉണ്ടാകാൻ പോകുന്നത് നിനക്കല്ലേ…? എന്തായാലും ഒരു കാര്യം ഞാൻ പറയാം… അയാൾ നല്ലൊരു മനുഷ്യനാണെന്നാണ് എനിക്ക് തോന്നുന്നത്…” അവർ തിരിഞ്ഞ് കിച്ചണിലേക്ക് നടന്നു.

 

(തുടരും)