പ്രതീക്ഷയ്ക്ക് ഒത്ത വിധം
തന്നെയായിരുന്നു ആ യു.എൻ റിസപ്ഷൻ. വിവിധ രാഷ്ട്രങ്ങളിൽ
നിന്നുള്ള നേതാക്കന്മാർ, അവർക്ക് അകമ്പടി സേവിക്കുന്ന മിലിട്ടറി ഉദ്യോഗസ്ഥർ, ടെലിവിഷനിലൂടെ
ചിരപരിചിതമായ മുഖങ്ങൾ എന്നിങ്ങനെ നിരവധി പേർ എത്തിയിട്ടുണ്ട്. ഷാംപെയ്നുമായി തലങ്ങും
വിലങ്ങും നീങ്ങുന്ന വെയ്റ്റർമാരെയും ഫോർ പീസ് ബാൻഡിനൊപ്പം ഗാനമാലപിക്കുന്ന സുന്ദരിയായ
ഗായികയെയും കൊണ്ട് വർണ്ണശബളം എന്ന് തന്നെ പറയാം.
ഏതാനും ജോഡികൾ ഗാനത്തിനൊപ്പം
ചുവട് വയ്ക്കുന്നുണ്ട്. അവർക്കിടയിൽ സാറാ ഗിഡിയനും ബ്രിട്ടീഷ് യൂണിഫോം ധരിച്ച, ചാരമുടിയുള്ള
ഒരു കേണലും ഉണ്ടായിരുന്നു. ഏതാണ്ട് ആറടി മൂന്നിഞ്ച് ഉയരമുള്ള അദ്ദേഹം കേണൽ ഹെക്ടർ ഗ്രാന്റ്
ആയിരിക്കുമെന്ന് അവർ ഊഹിച്ചു.
“അവളുടെ ചുവന്ന മുടി മനോഹരമായിരിക്കുന്നു…” ഡാനിയൽ ഹോളി പറഞ്ഞു.
“തീർച്ചയായും, ഒരു സുന്ദരി
തന്നെ അവൾ…” ഡില്ലൻ തല കുലുക്കി. “നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ
അവളോടൊപ്പം ചുവട് വയ്ക്കാൻ പോയേനെ ഇപ്പോൾ… ഞാൻ ഫെർഗൂസന്റെയും ഹാരിയുടെയും അടുത്തേക്ക് ചെല്ലട്ടെ… അംബാസഡർ ജോസഫ് ലെർമോവിന് ഹസ്തദാനം നൽകാനായി അവിടെ ക്യൂ നിൽക്കുന്നുണ്ട്
അവർ ഇരുവരും…”
ഹോളിയെ അവിടെ വിട്ട് ഡില്ലൻ
നടന്നകന്നു. തന്നോടൊപ്പം ചുവട് വയ്ക്കുന്ന സാറയെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു
കേണൽ ഗ്രാന്റ്. അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കിയുള്ള അവളുടെ ആകർഷകമായ പുഞ്ചിരി
ഹോളിയുടെ ഹൃദയത്തെ സ്പർശിച്ചു. വളരെ മന്ദഗതിയിലായിരുന്നു അവരുടെ ചുവടുകൾ. അവളുടെ വലതുകാലിന്റെ
ചെറിയ മുടന്ത് ആ ചുവടുകളിൽ പ്രകടമായിരുന്നു. കേണൽ പറഞ്ഞ എന്തോ തമാശയിൽ അവൾ ചിരിച്ചു
പോയി.
ആ നിമിഷമാണ് അവർ തിരിഞ്ഞതും
അവൾ ഹോളിയ്ക്ക് അഭിമുഖമായി വന്നതും. അവളുടെ മുഖത്തെ പുഞ്ചിരി പൊടുന്നനെ മാഞ്ഞു. ഈ മുഖം
തനിയ്ക്ക് പരിചയമുണ്ടല്ലോ എന്ന മട്ടിൽ അവൾ പുരികം ചുളിച്ചു. അപ്രതീക്ഷിതമായി അയാളെ
കണ്ടതിൽ അവൾ അത്ഭുതം കൂറുകയും ചെയ്തു. അപ്പോഴേക്കും ഗാനം അവസാനിച്ചിരുന്നു. അവൾ കേണലിനോട്
എന്തോ പറഞ്ഞിട്ട് തിരിഞ്ഞ് ഹോളിയെ ഒന്ന് നോക്കി, ലേഡീസ് എന്ന് എഴുതിയിരിക്കുന്ന വാതിലിന്
നേർക്ക് നടന്നു.
അപ്പോഴാണ് ആരുടെയോ സ്വരം
കേട്ടത്. “ഹേയ്, ആ കേണൽ അവളുടെ ബോസ് മാത്രമല്ലെന്ന് തോന്നുന്നു… യൂണിഫോമിലുള്ള പെൺകുട്ടികളെ എനിക്ക് പെരുത്ത് ഇഷ്ടമാണ്… അവളുടെ കാലിന്റെ ആ മുടന്ത് എന്നെ വല്ലാതെ ഹരം പിടിപ്പിക്കുന്നു… അവളുമായി ഒന്ന് അടുപ്പം കൂടാൻ പറ്റുമോയെന്ന് നോക്കട്ടെ…”
മദ്ധ്യവയസ്കരായിരുന്നു
ആ രണ്ടുപേരും. മാന്യമായ വസ്ത്രധാരണമെങ്കിലും പരുക്കൻ ഭാവം. ഇരുവരും നന്നായി മദ്യപിച്ചിട്ടുമുണ്ട്.
കൈയിലെ ഗ്ലാസിൽ നിന്നും വീണ്ടും മൊത്തിക്കൊണ്ട് അവർ സാറ പോയ വാതിലിന് നേർക്ക് നീങ്ങി.
മ്യൂസിക് ബാൻഡ് വീണ്ടും വായിച്ചു തുടങ്ങവെ ഹോളി അവരെ അനുഗമിച്ചു.
വാതിലിനപ്പുറം ഇടനാഴി
വിജനമായിരുന്നു. റെസ്റ്റ്റൂമിന്റെ വാതിലിനരികിലെത്തിക്കഴിഞ്ഞിരുന്നു സാറാ ഗിഡിയൻ. സംസാരിച്ചുകൊണ്ടിരുന്ന
ആൾ തന്റെ കൈയിലെ ഗ്ലാസ് നിലക്കണ്ണാടിയുടെ മുന്നിലെ സ്റ്റാൻഡിൽ വച്ചിട്ട് തിടുക്കത്തിൽ
മുന്നോട്ട് ചെന്ന് അവളുടെ ചുമലിൽ കൈ വച്ചു.
“ഹേയ്, ചെറുപ്പക്കാരീ,
ഒന്ന് നിൽക്കണേ… നിങ്ങൾ മിലിട്ടറി വനിതകൾക്ക് ലൈംഗിക കാര്യങ്ങളിലൊക്കെ
നല്ല താല്പര്യമുണ്ടായിരിക്കുമെന്ന് എനിക്കറിയാം… നമുക്ക്
പോകാൻ പറ്റിയ നല്ലൊരു സ്ഥലമുണ്ട്…”
“എനിക്ക് താല്പര്യമില്ലെങ്കിലോ…? എന്റെ സുഹൃത്തിന് ഒട്ടും ഇഷ്ടമാവുമെന്ന് തോന്നുന്നില്ല അത്…” അവൾ അത് പറഞ്ഞതിന് പിന്നാലെ ഡാനിയൽ ഹോളി അവർക്ക് പിന്നിലെത്തി.
“അതാരാണ് നിന്റെ ആ സുഹൃത്ത്…?” രണ്ടാമൻ ചോദിച്ചു.
അപ്രതീക്ഷിതമായി ഹോളിയുടെ
മുഷ്ടി തന്റെ വാരിയെല്ലിന് താഴെ പതിച്ചതും വേദനയാൽ അലറിക്കൊണ്ട് അയാൾ മുന്നോട്ട് കുനിഞ്ഞു.
കാൽമുട്ടിന് താഴെ ഒരു ചവിട്ടും കൂടി കൊടുത്തതോടെ അയാൾ മുന്നോട്ട് വീണു. വീണു കിടക്കുന്ന
അയാളുടെ അരക്കെട്ടിന് താഴെ ശക്തിയായ ഒരു ചവിട്ടും കൂടി കൊടുത്തു ഹോളി. അത് കണ്ട് ഒരു
നിമിഷം അമ്പരന്നു പോയ രണ്ടാമൻ തന്റെ പോക്കറ്റിൽ നിന്നും ചെറിയൊരു പിസ്റ്റൾ പുറത്തെടുത്തു.
ഒരു മാത്ര പോലും പാഴാക്കാതെ സാറ തന്റെ കൈമുട്ട് കൊണ്ട് അയാളുടെ വായ് നോക്കി ശക്തിയായി
ഇടിച്ചു. ഒപ്പം കൈ പിടിച്ച് പിറകോട്ട് തിരിക്കുകയും ചെയ്തു. വേദന കൊണ്ട് അലറിയ അയാളുടെ
കൈയിൽ നിന്നും പിസ്റ്റൾ താഴെ വീണു. പെട്ടെന്ന് തന്നെ കുനിഞ്ഞ് ഹോളി അത് കൈക്കലാക്കി.
“ഹോളോ പോയിന്റ് വെടിയുണ്ടയുള്ള ഡെറിഞ്ചർ പിസ്റ്റൾ… ഇന്നത്തെ
കാലത്ത് ഇത്തരമൊന്ന് കാണാൻ സാധിക്കുമെന്ന് ഞാൻ കരുതിയതല്ല…” അദ്ദേഹം അയാളുടെ മുഖത്ത് ശക്തമായ ഒരു പ്രഹരം നൽകി. “നിന്റെ പേരെന്താണ്…?”
“ലിയോ…” അയാൾ ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ടി. “ഇനി എന്നെ ഉപദ്രവിക്കരുത്…”
“ഇത്തരം പിസ്റ്റളുമായി
നിൽക്കുന്ന നിന്നെ കൊണ്ടുപോകാൻ ന്യൂയോർക്ക് പൊലീസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല… ഇന്ന് രാത്രി എന്തായാലും റൈക്കേഴ്സ് തടവറയിൽ… അതിലും കഷ്ടം നാളെ രാവിലെയുള്ള ആ ഷവർ ആയിരിക്കും… അതുകൊണ്ട് എന്റെ നല്ല മൂഡ് പോകുന്നതിന് മുമ്പ് നിന്റെ സുഹൃത്തിനെയും
തൂക്കിയെടുത്ത് സ്ഥലം വിടാൻ നോക്ക്…”
“ശരി, ഇനി എന്നെ ഉപദ്രവിക്കരുത്…” ലിയോ വല്ലാതെ ഭയന്നു പോയിരുന്നു. അയാൾ തന്റെ സുഹൃത്തിന്റെ കോളറിൽ
പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു.
ഹോളി സാറയുടെ നേർക്ക്
തിരിഞ്ഞു. “നിനക്ക് എന്നെ മനസ്സിലായിക്കാണുമെന്ന് കരുതുന്നു…”
“നിങ്ങളെ ഞാൻ ലാപ്ടോപ്പിന്റെ
സ്ക്രീനിൽ കണ്ടിട്ടുണ്ട്…”
“ഇനിയിപ്പോൾ വാഷ്റൂമിൽ
പോകുന്നുണ്ടോ…?”
“ഇല്ല… പിന്നെയായാലും മതി… തിരികെ ഹോട്ടലിലെ ബാറിൽ ചെന്ന് സ്വസ്ഥമായി ഇരുന്ന്
ഒരു ഡ്രിങ്ക് കഴിക്കണം… എന്നിട്ടല്പം ശ്വാസമെടുക്കണം…”
“എന്നാൽ പിന്നെ ബാറിലേക്ക്…” അദ്ദേഹം നീട്ടിയ കൈത്തണ്ടയിൽ അവൾ കൈ കോർത്തു. അതേ സമയം നിലത്ത് നിന്നും
പിടിച്ച് എഴുന്നേൽപ്പിച്ച തന്റെ സുഹൃത്തിനെയും കൊണ്ട് ലിയോ വേച്ചു വേച്ച് പുറത്തേക്ക്
നടന്നു.
(തുടരും)

ആഹാ വന്നതേ അടി പൊട്ടിയോ
ReplyDeleteഇനിം പൂരാ അടിയായിരിക്കും അല്ലെ :) :)
ഇനി ഇടയ്ക്കൊക്കെ ഇങ്ങനെ അടിയും വെടിയും ഒക്കെ ധാരാളം കാണാം ഉണ്ടാപ്രീ...
Delete