Thursday, June 11, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 08

അഫ്ഗാനിസ്ഥാൻ

 

തുടർന്നെത്തിയത് അതേ സ്വപ്നം തന്നെയായിരുന്നു. ആ നശിച്ച സ്ഥലത്തെക്കുറിച്ചുള്ള ആ നശിച്ച സ്വപ്നം. കുറച്ചുനാളായിട്ട് ഇല്ലാതിരുന്നതാണ്. പക്ഷേ, ഇപ്പോൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു അത്. താനും അതിന്റെ ഭാഗമായ ആ ദുഃസ്വപ്നം. ഒരു പഴയ വാർ മൂവി എന്നത് പോലെ തീക്ഷ്ണതയുണ്ടായിരുന്നു അതിന്. ഒട്ടും നിറമില്ലാത്ത ഒരു ബ്ലാക്ക് & വൈറ്റ് ചലച്ചിത്രം. പതുക്കെ ചുരുളഴിഞ്ഞെത്തുന്ന ആ സ്വപ്നത്തെ മാറി നിന്ന് നോക്കിക്കാണുന്നതിനൊപ്പം താൻ അതിലെ ഒരു കഥാപാത്രം കൂടിയാണെന്ന വസ്തുത വല്ലാത്തൊരു മാനസികാവസ്ഥയിലേക്കാണ് അവളെ എത്തിച്ചത്.

 

അഫ്ഗാനിസ്ഥാനിലെ സാംഗിൻ പ്രവിശ്യയുടെ വടക്കുഭാഗത്തുള്ള അബുസാൻ എന്ന വിജനമായ ഗ്രാമം. മണ്ണ് കൊണ്ട് നിർമ്മിതമായ ഒരു പഴയ കോട്ടയുണ്ട് അവിടെ. താലിബാനിൽ നിന്നും ആ കോട്ട പിടിച്ചെടുത്ത ബ്രിട്ടീഷ് ആർമിയുടെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പായ BRF (Brigade Reconnaissance Force) ആണ് ഇപ്പോൾ അത് ഉപയോഗിക്കുന്നത്. വിവിധ റെജിമെന്റുകളിൽ നിന്നുള്ള സൈനികർ ചേർന്ന് താലിബാനെതിരെയുള്ള ഓപ്പറേഷനുകൾ അവിടെ നിന്നും നടത്തുന്നു.

 

ഗുരുതരമായി പരിക്കോടെ ഒരു പ്രമുഖ താലിബാൻ നേതാവിനെ അബുസാനിൽ പിടികൂടിയെങ്കിലും ഏത് നിമിഷവും മരിക്കാമെന്ന അവസ്ഥയിലുള്ള അയാൾ ഇംഗ്ലീഷ് സംസാരിക്കാൻ വിസമ്മതിക്കുകയാണുണ്ടായത്. ഹെലികോപ്റ്ററിൽ പിക്ക് ചെയ്ത് ഹെഡ്ക്വാർട്ടേഴ്സിൽ കൊണ്ടുവന്ന് ചോദ്യം ചെയ്യാമെന്ന് വച്ചാൽ അതും നടക്കില്ല.  ഇറാൻ സപ്ലൈ ചെയ്ത ഷോൾഡർ ഹെൽഡ് മിസൈലുകൾ തൊടുത്ത് താലിബാൻ തങ്ങളുടെ രണ്ട് ഹെലികോപ്റ്ററുകൾ വീഴ്ത്തിയത് ആ ആഴ്ച്ചയാണ്. പിന്നെ അവശേഷിച്ച ഏക മാർഗ്ഗം രാത്രിയുടെ മറവിൽ സൈനിക വാഹനത്തിൽ അബുസാനിലേക്ക് തിരിക്കുക എന്നതായിരുന്നു. കൂടാതെ പഷ്തു ഭാഷ ഒഴുക്കോടെ സംസാരിക്കുന്ന ഒരാൾ സംഘത്തിൽ ഉണ്ടാകണമെന്നും അവർ തീരുമാനിച്ചു. അങ്ങനെയാണ് സാറ രംഗപ്രവേശം ചെയ്യുന്നത്.

 

കൃത്യസമയത്ത് തന്നെ സാറ ഹെഡ്ക്വാർട്ടേഴ്സിൽ റിപ്പോർട്ട് ചെയ്തു. കോംബാറ്റ് യൂണിഫോമിന് മുകളിൽ ഒരു ഷീപ്‌സ്കിൻ കോട്ട് കൂടി ധരിച്ചിരുന്നു അവൾ. വലത് പോക്കറ്റിനുള്ളിൽ ഒരു ഗ്ലോക്ക് പിസ്റ്റളും ഏതാനും എക്സ്‌ട്രാ മഗസിനുകളും കരുതുവാൻ അവൾ മറന്നില്ല. കറുപ്പും വെളുപ്പും ഇടകലർന്ന ചെക്ക് ഡിസൈനുള്ള ശിരോവസ്ത്രം കൊണ്ട് മുഖം മറച്ചിരുന്നതിനാൽ അവളുടെ കണ്ണുകൾ മാത്രമേ വെളിയിൽ കാണാനുണ്ടായിരുന്നുള്ളൂ. ശിരോവസ്ത്രത്തിന്റെ തുമ്പുകൾ രണ്ടും ചുമലുകളിലേക്ക് വീണു കിടക്കുന്നുണ്ടായിരുന്നു.

 

ഒരു പഴയ സൈനിക വാഹനമാണ് അവളെ കൊണ്ടുപോകാൻ എത്തിയത്. സോവിയറ്റ് പട്ടാളം ഉപേക്ഷിച്ചു പോയ അത്തരത്തിലുള്ള വാഹനങ്ങൾ അഫ്ഗാനിസ്ഥാനിൽ ധാരാളം ഉണ്ടായിരുന്നു. കാമൂഫ്ലാഷ് ഡിസൈൻ പെയ്ന്റ് ചെയ്തിരിക്കുന്ന വാഹനത്തിൽ മൂന്ന് നിര സീറ്റുകളുണ്ട്. പിന്നിലെ രണ്ട് നിര സീറ്റുകൾക്ക് മുകളിലേക്ക് വലിച്ച് നീട്ടാവുന്ന ക്യാൻവാസ് ടോപ്പ്. മുൻസീറ്റിനരികിൽ മെഷീൻ ഗൺ ഘടിപ്പിച്ചിരിക്കുന്നു.

 

വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് BRF അംഗങ്ങളെ കണ്ടിട്ട് പ്രാദേശിക ഗോത്രവർഗ്ഗക്കാരെ പോലെയാണ് സാറയ്ക്ക് തോന്നിയത്. പഴഞ്ചൻ ബാഗി ട്രൗസേഴ്സും പിഞ്ഞിത്തുടങ്ങിയ ഷീപ്‌സ്കിൻ കോട്ടും മുഷിഞ്ഞ ശിരോവസ്ത്രവും ആയിരുന്നു അവരുടെ വേഷം. താടിരോമങ്ങൾ നീട്ടി വളർത്തി, AK-47 റൈഫിളുകൾ കൈയിലേന്തിയ അവരിൽ നിന്നും അസഹനീയമായ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു.

 

“ക്യാപ്റ്റൻ ഗിഡിയോൺ?” അവരിലൊരുവൻ ചോദിച്ചു.

 

“അതെ നിങ്ങൾ ആരാണ്?”

 

"ഞങ്ങളുടെ ജോലിയിൽ റാങ്കുകൾക്കൊന്നും അത്ര പ്രാധാന്യമില്ല, മാഡം... റാങ്ക് ചോദിച്ചാൽ ഒരു സെർജന്റാണ് ഞാൻ പക്ഷേ, അതൊന്നും കണക്കാക്കണ്ട എന്നെ ഫ്രാങ്ക് എന്ന് വിളിക്കാം... മെഷീൻ‌ഗണ്ണിന് മുന്നിൽ ഇരിക്കുന്ന ഈ തെമ്മാടിയുടെ പേര് അലെക്ക് ഡ്രൈവിങ്ങും റേഡിയോയും ഒന്നിച്ച് കൈകാര്യം ചെയ്യുന്ന ആ മനുഷ്യന്റെ പേര് വാലി എന്നാണ് നിങ്ങൾക്ക് പിന്നിലെ സീറ്റ് ഉപയോഗിക്കാം സീറ്റിന്റെ ഒരു വശത്ത് RPG (Rocket Propelled Granade) ബോക്സ് കാണാം. ഒരുവേള ആവശ്യം വരികയാണെങ്കിൽ ഉപയോഗിക്കാം

 

“മാഡം എന്നൊന്നും വിളിക്കണ്ട, സാറ എന്ന് മതി ഫ്രാങ്ക്” അവൾ വാഹനത്തിനുള്ളിൽ കയറിയതും മുന്നിലുണ്ടായിരുന്ന ട്രക്കുകൾ ഓരോന്നായി ഒരു ജാഥ പോലെ ഗേറ്റിന് പുറത്തേക്കിറങ്ങി.

 

“താലിബാൻ പ്രദേശത്തെ ഔട്ട്പോസ്റ്റുകളിലേക്കുള്ള സപ്ലൈയുമായി പോകുന്ന കോൺവോയ് ആണത്” ഫ്രാങ്ക് പറഞ്ഞു. “രാത്രിയിൽ പോകുന്നതാണ് സുരക്ഷിതം നമ്മളും അവരോടൊപ്പം പോകുന്നു ഏതാണ്ട് പതിനഞ്ച് മൈൽ കഴിഞ്ഞ് ഇവരിൽ നിന്ന് വേർപിരിഞ്ഞ് നാം അബുസാൻ ഗ്രാമത്തിലേക്ക് വഴി മാറും

 

“ഫൈൻ” സീറ്റിൽ ഇരിക്കവെ അവൾ പറഞ്ഞു.

 

“ഇത്തരം യാത്രകൾ ഇതിന് മുമ്പ് നടത്തിയിട്ടുണ്ടോ?” അയാൾ ചോദിച്ചു. അപ്പോഴേക്കും പിന്നിലെ ട്രക്ക് അടുത്തെത്തിയിരുന്നു.

 

“ബെൽഫാസ്റ്റ്, ബോസ്‌നിയ, കൊസോവോ, ഇറാക്ക് എന്നിവിടങ്ങളിലൊക്കെ പിന്നെ, അഫ്ഗാനിസ്ഥാനിൽ ഇതെന്റെ രണ്ടാം വട്ടമാണ്

 

“അതെയോ? ചോദിച്ചതിൽ ക്ഷമിക്കണം” രണ്ടാമത്തെ നിരയിലുള്ള സീറ്റിലേക്ക് കയറിയിരുന്നുകൊണ്ട് ഫ്രാങ്ക് പറഞ്ഞു. “അവരുടെ പിന്നാലെ വിട്ടോളൂ വാലീ...” ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അയാൾ ഒന്ന് വിറച്ചു. “വല്ലാത്ത തണുപ്പ് ഇന്ന്

 

ശരിയായിരുന്നു. കടുത്ത ശൈത്യകാലമായിരുന്നു അത്. ഇടയ്ക്കൊക്കെ പെയ്യുന്ന കനത്ത മഴയ്ക്ക് ഐസിന്റെ തണുപ്പുണ്ടായിരുന്നു. ചിലപ്പോഴെല്ലാം മഞ്ഞുവീഴ്ച്ചയും. മുകളിലെ ക്യാൻവാസ് ടോപ് അതിൽ നിന്നും തരക്കേടില്ലാത്ത സംരക്ഷണം നൽകിയിരുന്നുവെന്ന് പറയാം. കൈകൾ രണ്ടും കെട്ടി സാറ പതിയെ കണ്ണുകൾ അടച്ചു.

 

ചുമലിൽ ഫ്രാങ്കിന്റെ സ്പർശനം ഏറ്റപ്പോഴാണ് അവൾ കണ്ണു തുറന്നത്. “അധികം വൈകാതെ നമ്മൾ കോൺവോയിൽ നിന്നും വേർപിരിഞ്ഞ് ഇടത്തോട്ടുള്ള പാതയിലേക്ക് കയറും

 

അവൾ വാച്ചിലേക്ക് നോക്കി. കോമ്പൗണ്ടിൽ നിന്നും യാത്ര തിരിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. കൈകൾ നീട്ടി ദേഹമൊന്ന് നിവർത്തി അവൾ നേരെയിരുന്നു. അപ്പോഴാണ് ഒരു ഉഗ്രസ്ഫോടനം കേട്ടതും കോൺവോയിയുടെ ഏറ്റവും മുന്നിലെ ട്രക്ക് ഒരു തീഗോളമായി ചിതറിത്തെറിച്ചതും. അതിന്റെ വെട്ടത്തിൽ ആ പരിസരത്തിന്റെ ദൃശ്യം കാണാറായി.

 

“ക്രൈസ്റ്റ് ഓൾമൈറ്റി…!” ഫ്രാങ്ക് പറഞ്ഞു. “ആ ബാസ്റ്റഡുകൾ നമ്മെ ആക്രമിക്കുകയാണ്” അത് പറഞ്ഞ് കഴിഞ്ഞില്ല, അവർക്ക് പിന്നിൽ ഏറ്റവും ഒടുവിലായി ഉണ്ടായിരുന്ന ട്രക്കും പൊട്ടിത്തെറിച്ചു.

 

മലഞ്ചെരിവിലെ ഇടുങ്ങിയ പാതയിലൂടെ പോകുകയായിരുന്ന അവർ ഇപ്പോൾ മുന്നോട്ടും പിറകോട്ടും പോകാൻ സാധിക്കാത്ത അവസ്ഥയിൽ കുടുങ്ങിക്കിടക്കുകയാണ്. സ്ഫോടനത്തിന്റെ പ്രകാശത്തിൽ അവർ കണ്ടത് തങ്ങളുടെ നേർക്ക് അടുത്തു കൊണ്ടിരിക്കുന്ന വലിയൊരു പറ്റം താലിബാൻ പോരാളികളെയാണ്.

 

അവരുടെ കോൺവോയ് മുഴുവനായിത്തന്നെ താലിബാൻകാരുടെ വെടിയുണ്ടകൾക്ക് ഇരയായി. അലെക്ക് തന്റെ മെഷീൻഗൺ പ്രവർത്തിപ്പിക്കുവാൻ തുടങ്ങി. വാലി ആകട്ടെ, റേഡിയോയിലൂടെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് വിവരം അറിയിക്കുകയും ചെയ്തു. പ്രത്യാക്രമണം തുടങ്ങിയതോടെ അലറിക്കൊണ്ട് തലങ്ങും വിലങ്ങും പാഞ്ഞ താലിബാനികൾ അപ്പോഴും വെടിയുതിർക്കുന്നുണ്ടായിരുന്നു. നിരവധി ബുള്ളറ്റുകൾ സാറ സഞ്ചരിച്ചിരുന്ന വാഹനത്തിലും തുളഞ്ഞു കയറി. സീറ്റിന് മുന്നിലേക്കിറങ്ങി നിലത്തിരുന്നു കൊണ്ട് സാറ തന്റെ ഗ്ലോക്ക് പിസ്റ്റൾ കൊണ്ട് ശ്രദ്ധാപൂർവ്വം വെടിയുതിർത്തു. ഫ്രാങ്ക് അവളുടെ സീറ്റിനരികിലെ RPG ബോക്സ് തുറന്ന് ഷോൾഡർ ഹെൽഡ് ഗ്രനേഡ് ലോഞ്ചർ എടുത്ത് പ്രവർത്തിപ്പിച്ചു. അവർക്കടുത്തേക്ക് വന്നുകൊണ്ടിരുന്ന പോരാളികളുടെ നിരയിലേക്കാണ് ആദ്യത്തെ ഗ്രനേഡ് ചെന്നു വീണ് പൊട്ടിത്തെറിച്ചത്. പകരമെന്നോണം അവർ എറിഞ്ഞ ഒരു ഹാൻഡ് ഗ്രനേഡ് അല്പമകലെ വീണ് പൊട്ടിത്തെറിച്ചു. അതിന്റെ ചില്ലുകളിലൊന്ന് സാറയുടെ കണ്ണിന് മുകൾഭാഗത്ത് നെറ്റിയിൽ തറച്ചു കയറി.

 

അതിന്റെ ആഘാതത്തിൽ പിറകോട്ട് വീണെങ്കിലും അവൾ പിസ്റ്റളിൽ നിന്ന് കൈ വിട്ടില്ല. ഇരുട്ടിൽ നിന്നും തന്റെ നേർക്കെത്തിയ നീണ്ട താടിയുള്ള ഒരു താലിബാനിയുടെ മുഖത്തേക്കാണ് അവൾ വെടിയുതിർത്തത്. ഹോളോ പോയിന്റ് കാർട്രിഡ്ജ് മുഖത്ത് തുളഞ്ഞു കയറിയ അയാളും അയാൾക്ക് പിന്നിലുണ്ടായിരുന്ന മറ്റൊരുവനും പിറകോട്ട് മറിഞ്ഞു. അവളുടെ കണ്ണുകളിലേക്ക് രക്തം ഇറ്റുവീഴുന്നുണ്ടായിരുന്നു. ശിരോവസ്ത്രത്തിന്റെ തുമ്പു കൊണ്ട് അത് തുടച്ചിട്ട് അവൾ പിസ്റ്റളിൽ വീണ്ടും തിര നിറച്ചു.

 

സ്റ്റിയറിങ്ങ് വീലിന് പിന്നിൽ ഇരുന്നിരുന്ന വാലി AK-47 ഉപയോഗിച്ച് തങ്ങളുടെയടുത്തേക്ക് വരുന്ന താലിബാനികളുടെ നേർക്ക് വെടിയുതിർത്തുകൊണ്ടിരുന്നു. പെട്ടെന്നാണ് ഒരു വെടിയുണ്ട കഴുത്തിൽ തറച്ചതും അയാൾ നിലവിളിച്ചതും. മെഷീൻഗണ്ണിന് പിറകിൽ നിന്നിരുന്ന അലെക്ക് നാനാവശങ്ങളിലേക്കും അവിരാമം അത് പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നു. ഫ്രാങ്ക് തന്റെ ലോഞ്ചറിൽ നിന്നും ഒരു ഗ്രനേഡ് കൂടി തൊടുത്തു വിട്ടു. തൊട്ടു പിന്നാലെ മറ്റൊന്നും.

 

രക്തം കിനിയുന്ന നെറ്റിയിലെ മുറിവിൽ തന്റെ ശിരോവസ്ത്രം അമർത്തിപ്പിടിച്ച സാറ മറുകൈ കൊണ്ട് സാവധാനം വെടിയുതിർത്തുകൊണ്ടിരുന്നു. ഇരുട്ടിൽ നിന്നും അവർക്കരികിലേക്ക് എത്തിക്കൊണ്ടിരുന്നവർ ഓരോരുത്തരായി പിടഞ്ഞു വീഴുന്നുണ്ടായിരുന്നു.

 

അവൾക്കരികിൽ നിന്ന് ഒരു ഗ്രനേഡ് കൂടി തൊടുത്തു വിട്ട ഫ്രാങ്ക് പെട്ടെന്ന് കാലിടറി ഒരലർച്ചയോടെ ലോഞ്ചർ താഴെയിട്ട് സീറ്റിലേക്ക് ചരിഞ്ഞു വീണു. കഴുത്തിൽ വെടിയേറ്റിട്ടും AK-47 പ്രവർത്തിപ്പിച്ചുകൊണ്ടിരുന്ന വാലി മറ്റൊരു വെടിയുണ്ടയേറ്റ് വാഹനത്തിൽ നിന്നും പിറകോട്ട് മറിഞ്ഞു.

 

തന്റെ ശിരോവസ്ത്രം അഴിച്ചു മാറ്റിയ സാറ, ഫ്രാങ്കിന്റെ ദേഹപരിശോധന നടത്തി വെടിയേറ്റ പാട് കണ്ടുപിടിച്ചു. ആ മുറിവിൽ ശിരോവസ്ത്രം ചുരുട്ടി അമർത്തി വച്ചതും അയാൾ കണ്ണു തുറന്നു. അവൾ അയാളുടെ കൈയിൽ പിടിച്ചു.

 

കണ്ണ് ചിമ്മി വീണ്ടും തുറന്ന അയാളോട് അവൾ ചോദിച്ചു. “ഞാൻ പറയുന്നത് കേൾക്കാൻ പറ്റുന്നുണ്ടോ?” അവശനിലയിൽ അയാൾ തല കുലുക്കി. “സഹായത്തിന് ആരെങ്കിലും എത്തുന്നത് വരെ ഇത് അമർത്തിപ്പിടിച്ചോളൂ” അവൾ പറഞ്ഞു.

 

മെഷീൻഗണ്ണിന് അരികിലേക്ക് ചാടിയെത്തിയ സാറ അതിന്റെ ഹാൻഡിലിൽ പിടിച്ച് നിയന്ത്രണം ഏറ്റെടുത്തു. അടുത്തുകൊണ്ടിരിക്കുന്ന താലിബാനികൾക്ക് നേരെ കൃത്യതയോടെ അവൾ ഫയറിങ്ങ് ആരംഭിച്ചു. ഒരു മഗസിൻ ബോക്സ് കാലിയായപ്പോഴേക്കും ഏറെ താലിബാനികളൊന്നും പിന്നെ ബാക്കിയുണ്ടായിരുന്നില്ല. എങ്കിലും അവിടെയും ഇവിടെയുമായി പിന്നെയും കുറച്ചു പേർ അങ്ങോട്ട് വരുന്നുണ്ടായിരുന്നു. കടുത്ത വേദനയെ അവഗണിച്ച് അവൾ സാവധാനം കാലിയായ കാർട്രിഡ്ജ് എടുത്ത് മാറ്റി പുതിയത് ഘടിപ്പിച്ചു. നെറ്റിയിൽ നിന്നും കണ്ണിലേക്ക് അപ്പോഴും രക്തം ഒഴുകുന്നുണ്ടായിരുന്നു. എന്നത്തേക്കാളും തളർന്നിരുന്നു അവൾ അപ്പോൾ.

 

രക്തത്തിൽ കുളിച്ച മുഖവുമായി, തോക്കുകൾ തീ തുപ്പുന്ന വെട്ടത്തിൽ, അവൾ താഴെ വീണു കിടക്കുന്ന ഫ്രാങ്കിനെ നോക്കി.

 

“നിങ്ങൾക്ക് ബോധമുണ്ടല്ലോ അല്ലേ?” അയാൾ ചെറുതായി തലകുലുക്കി. “ഗുഡ് മാൻ” അവൾ പറഞ്ഞു.

 

വീണ്ടും മെഷീൻ ഗൺ പ്രവർത്തിപ്പിക്കാനായി തിരിഞ്ഞ അവളുടെ വലതു തുടയിൽ എന്തോ വന്ന് തറച്ചത് പോലെ തോന്നി. വീഴാതിരിക്കാൻ അവൾ മെഷീൻ ഗണ്ണിന്റെ ഹാൻഡിലിൽ മുറുകെ പിടിച്ചു. കാലിൽ പ്രത്യേകിച്ച് വേദനയൊന്നും തോന്നിയില്ല. വെടിയുണ്ടയേറ്റാൽ അങ്ങനെയാണ്. ആദ്യം വേദനയുണ്ടാവില്ല. കുറച്ചു കഴിയുമ്പോഴാണ് വേദന അറിഞ്ഞു തുടങ്ങുക. അവൾ നിവർന്നു നിന്നു.

 

താലിബാന്റെ ശേഷിക്കുന്ന ഗ്രൂപ്പും അങ്ങോട്ട് അടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഒരാളെപ്പോലും വെറുതെ വിടാതെ ക്രമാനുഗതമായി അവൾ വെടിയുതിർത്തുകൊണ്ടിരുന്നു. അവശേഷിച്ച ഏതാനും പേർ ഭയചകിതരായി ഇരുട്ടിലേക്ക് ഓടിയൊളിച്ചു. തെല്ല് ആശ്വാസത്തോടെ നിൽക്കുമ്പോഴാണ് കാലിലെ വേദന അറിഞ്ഞു തുടങ്ങുന്നത്.

 

ഹെലികോപ്റ്ററുകൾ അടുത്തു കൊണ്ടിരിക്കുന്ന ശബ്ദം കേൾക്കാറായി. എങ്ങും വെടിമരുന്നിന്റെ ഗന്ധമാണ്. കോൺവോയിയിൽ അവശേഷിച്ചിരുന്ന സൈനികർ സഹായത്തിനായി പരസ്പരം വിളിച്ചു കൂവുന്നതിന്റെ സ്വരം എമ്പാടും മുഴങ്ങി. അവൾ അപ്പോഴും മെഷീൻ ഗണ്ണിന്റെ ഹാൻഡിലിൽ പിടിച്ചു നിൽക്കുകയായിരുന്നു. പക്ഷേ, ഇനിയും വയ്യ പുറംകൈ കൊണ്ട് മുഖത്തെ രക്തം തുടച്ചു കളഞ്ഞിട്ട് സാവധാനം അവൾ സീറ്റിലേക്ക് ചാരിക്കിടന്നു.

 

“ഇറ്റ്സ് ഓവർ, ഫ്രാങ്ക് ആർ യൂ ഓൾറൈറ്റ്?” അവൾ ചോദിച്ചു.

 

അപ്പോഴും അവളുടെ ശിരോവസ്ത്രം കൊണ്ട് തന്റെ മുറിവിൽ അമർത്തിപ്പിടിച്ചിരുന്ന അയാൾ മുകളിലേക്ക് നോക്കി. “മൈ ഗോഡ്, നിങ്ങൾ ഒരു അസാമാന്യ വനിത തന്നെയാണ് മാഡം” വിറയ്ക്കുന്ന സ്വരത്തിൽ അയാൾ പറഞ്ഞു.

 

ആശ്വാസത്തോടെ അവൾ കുനിഞ്ഞ് അയാളുടെ മറ്റേ കൈ തന്റെ കൈയിലെടുത്തു. പെട്ടെന്നാണ് അതികഠിനമായ വേദന അവളുടെ കാലിലൂടെ അരിച്ചു കയറിയത്. ഇത്രയും കഠിനമായ വേദന ജീവിതത്തിൽ ഇതാദ്യമായിട്ടാണ് അനുഭവപ്പെടുന്നത്. സകല നിയന്ത്രണവും വിട്ട് അവൾ അലറിക്കരഞ്ഞു. തൊട്ടടുത്ത നിമിഷമാണ് അവൾ തിരിച്ചറിഞ്ഞത് താൻ ഇരിക്കുന്നത് ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ തന്റെ സീറ്റിൽ ആണെന്ന വസ്തുത.

 

(തുടരും)

1 comment:

  1. ഹോ!!

    അവൾ തീർച്ചയായും ഒരു അസാമാന്യ വനിതാ തന്നെ..

    ReplyDelete