അദ്ധ്യായം – 3
ന്യൂയോർക്ക്
പരിഭ്രമത്തോടെ ഓടിയെത്തിയ
ഫ്ലൈറ്റ് അറ്റൻഡന്റ് അവളുടെ ചുമലിൽ കൈ വച്ചു. “ആർ യൂ ഓകേ…? നിലവിളിക്കുന്നത് കേട്ടല്ലോ…”
“ഫൈൻ, ജസ്റ്റ് ഫൈൻ… ഒരു ദുഃസ്വപ്നം… കുറച്ച് ദിവസമായി ഏറെ സ്ട്രെസ്സിലായിരുന്നു… റെസ്റ്റ്റൂമിൽ ചെന്ന് ഒരു ഫ്രഷ് ആയിട്ട് വരാം ഞാൻ…” സാറ പറഞ്ഞു.
അവൾ എഴുന്നേറ്റ് ഇടനാഴിയിലൂടെ
പിറകോട്ട് നടന്നു. നടക്കുമ്പോഴുള്ള ചെറിയ ഒരു മുടന്ത് അവളുടെ സന്തത സഹചാരിയാണിപ്പോൾ.
അമിതമായ ക്ഷീണം വരുമ്പോൾ മാത്രമേ അതൊരു ബുദ്ധിമുട്ടായി അവൾക്ക് തോന്നിയിട്ടുള്ളൂ. കണ്ണാടിയുടെ
മുന്നിൽ നിന്ന് അവൾ മുടി ഒന്ന് ചീകി. നേരിയ തോതിൽ മെയ്ക്കപ്പ് ഇട്ടിരുന്നത് ഒന്ന് ടച്ചപ്പ്
ചെയ്തിട്ട് അവൾ പുഞ്ചിരിച്ചു.
“ദുഃഖിക്കാനുള്ള സമയമല്ലിത്
സാറാ ഗിഡിയൻ…” അവൾ മന്ത്രിച്ചു. “അല്പം മാർട്ടിനി കഴിച്ചിട്ട്
ഇന്ന് രാത്രിയിലെ റിസപ്ഷനെക്കുറിച്ച് ചിന്തിക്കാം…”
***
ഡിപ്ലോമാറ്റിക്ക് സ്റ്റാറ്റസ്
ഉള്ളതു കൊണ്ട് കെന്നഡി എയർപോർട്ടിലെ നടപടികളെല്ലാം പെട്ടെന്ന് പൂർത്തിയാക്കി അവൾ പുറത്തു
കടന്നു. അഞ്ചു മണി കഴിഞ്ഞപ്പോഴേക്കും ഹോട്ടൽ പ്ലാസയിൽ എത്തിക്കഴിഞ്ഞിരുന്നു അവൾ. ഡ്യൂട്ടി
മാനേജർ അവളുടെ റൂമിലേക്ക് അകമ്പടി സേവിച്ചു.
“ജനറൽ ഫെർഗൂസൻ എപ്പോഴാണ്
എത്തുക എന്നതിനെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ…?” അവൾ
ആരാഞ്ഞു.
“എട്ടു മണിയ്ക്ക്… പക്ഷേ, അതിൽ മാറ്റം വരാനും സാദ്ധ്യതയുണ്ട് മാഡം…”
“അദ്ദേഹത്തിന്റെ രണ്ട്
അസോസിയേറ്റ്സ് ഉണ്ടല്ലോ… ഡില്ലനും ഹോളിയും…?”
“അവർ ഇന്നലെ തന്നെ ചെക്കിൻ
ചെയ്തിട്ടുണ്ട്… ഇപ്പോൾ പുറത്ത് പോയിരിക്കുകയാണെന്ന് തോന്നുന്നു… ഞാൻ അന്വേഷിച്ചിട്ട് പറയാം…”
“ഓ, അതിന്റെ ആവശ്യമില്ല… ലീവ് ഇറ്റ്… ഞാനൊന്ന് വിശ്രമിക്കട്ടെ… ജനറലിന്റെയൊഴികെ മാറ്റാരുടെയും കോളുകൾ കണക്റ്റ് ചെയ്യാതിരിക്കാൻ ഒന്ന്
ശ്രദ്ധിക്കുമോ…?”
“തീർച്ചയായും മാഡം… നിങ്ങളുടെ സ്യൂട്ട്കെയ്സ് ഇന്ന് രാവിലെ തന്നെ ഇവിടെ എത്തിയിട്ടുണ്ട്… ബെഡ്റൂമിൽ വച്ചിട്ടുണ്ട്… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഹൗസ്കീപ്പറെ വിളിച്ചാൽ
മതി…”
അയാൾ പുറത്തേക്ക് പോയി.
സ്യൂട്ട്കെയ്സ് തുറക്കാനൊന്നും അവൾ മെനക്കെട്ടില്ല. വെറുതെ കിടക്കുന്നതിന് പകരം അവൾ
തന്റെ ലാപ്ടോപ് എടുത്ത് സിറ്റിങ്ങ് റൂമിലെ ഡെസ്കിന്മേൽ വച്ചിട്ട് അതിന് മുന്നിൽ ഇരുന്നു.
ശേഷം, മേജർ ജൈൽസ് റോപ്പർ അയച്ചു കൊടുത്ത റിപ്പോർട്ട് തുറന്ന് വായിക്കുവാൻ തുടങ്ങി.
അദ്ദേഹത്തിന്റെ മുഖം സുപരിചിതമായിക്കഴിഞ്ഞിരുന്നു അവൾക്ക്. ബ്രിട്ടീഷ് ആർമിയിലെ ബോംബ്
ഡിസ്പോസൽ വിദഗ്ധരിൽ പ്രഗത്ഭനായിരുന്ന അദ്ദേഹം വീൽചെയറിലാണ് ഇപ്പോൾ ജീവിതം കഴിച്ചുകൂട്ടുന്നത്.
ലണ്ടനിൽ ഇപ്പോൾ രാത്രി
പതിനൊന്ന് മണി കഴിഞ്ഞു കാണണം. അദ്ദേഹം ഉറങ്ങുകയാണെങ്കിൽ പോലും അത് തന്റെ കമ്പ്യൂട്ടറിന്
മുന്നിൽ വീൽചെയറിൽ ഇരുന്നുകൊണ്ടായിരിക്കുമെന്ന് അവൾക്കറിയാമായിരുന്നു. അവളുടെ ഊഹം ശരിയായിരുന്നു.
സ്കൈപ്പിൽ വിളിച്ചതും പെട്ടെന്ന് തന്നെ അദ്ദേഹം കോൾ അറ്റൻഡ് ചെയ്തു.
“ജൈൽസ്, ഞാൻ പ്ലാസ ഹോട്ടലിലാണ്… അരിസോണയിൽ നിന്നും എത്തിയതേയുള്ളൂ… റീപ്പർ
ഡ്രോണുകളെക്കുറിച്ച് ഞാൻ തയ്യാറാക്കിയ റിപ്പോർട്ടുകൾ കണ്ടാൽ നിങ്ങൾ വിശ്വസിക്കില്ല…”
“വായിക്കാൻ ആകാംക്ഷയോടെ
കാത്തിരിക്കുകയാണ് സാറാ… നിന്നെ കണ്ടിട്ട് നന്നായിത്തന്നെ ഇരിക്കുന്നല്ലോ…” അവർ ഇരുവരും വളരെ അടുത്ത് സുഹൃത്തുക്കൾ ആയിക്കഴിഞ്ഞിരുന്നു. “ഇന്ന്
രാത്രിയിൽ ചെറിയൊരു വിരുന്നുണ്ടെന്ന് കേട്ടല്ലോ… പോകുന്നില്ലേ
നീ…?”
“അങ്ങനെ ചെറിയ വിരുന്നൊന്നുമല്ല
അത്… ആട്ടെ, ജനറലിന്റെ വിവരം എന്തെങ്കിലുമുണ്ടോ…?”
“അദ്ദേഹത്തോട് ഞാൻ സംസാരിച്ചിരുന്നു… അദ്ദേഹവും ഹാരി മില്ലറും കൂടി പ്രസിഡന്റിനെ കണ്ടിരുന്നു… കാലാവസ്ഥ മോശമല്ലെങ്കിൽ എട്ടു മണിയോടെ അവർ കെന്നഡി എയർപോർട്ടിൽ എത്തും… ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുകയായിരുന്നു… നിന്റെ ബോസ് കേണൽ ഹെക്ടർ ഗ്രാന്റ് ഇല്ലേ… ഇന്ന് അർദ്ധരാത്രി കഴിഞ്ഞാൽ പിന്നെ നിന്റെ ബോസ് അല്ല കേട്ടോ… എട്ട് മണിക്ക് മുമ്പ് നിന്നോട് അവിടെ എത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്…”
“അതിൽ സന്തോഷമേയുള്ളൂ…” സാറ പറഞ്ഞു. “പിന്നെ, ഡില്ലനെയും ഹോളിയെയും ഇതുവരെ കാണാൻ സാധിച്ചില്ല… പുറത്ത് പോയിരിക്കുകയാണെന്നാണ് കേട്ടത്…”
“അതെ… ഫെർഗൂസൻ ഏല്പിച്ച എന്തോ ഒരു ജോലി ചെയ്യാൻ പോയിരിക്കുകയാണ്…”
“ഇവിടെ ന്യൂയോർക്കിലോ…? നിയമവിധേയമാണോ അത്…?”
“അത് നീ അറിയേണ്ട കാര്യമില്ല…” റോപ്പർ പറഞ്ഞു.
അവൾ തലയാട്ടി. “മൊത്തം
ദുരൂഹതയാണല്ലോ… എന്റെ കാര്യം തന്നെ നോക്കൂ… പ്രധാനമന്ത്രിയുടെ വാറന്റ് പ്രകാരം എന്റെ മിലിട്ടറി ജീവിതത്തിന്റെ
ഭാവി തന്നെ ജനറൽ ചാൾസ് ഫെർഗൂസൻ ഏറ്റെടുത്തിരിക്കുന്നു… അദ്ദേഹത്തിന്റെ പ്രൈവറ്റ് ഹിറ്റ് സ്ക്വാഡിലെ ഒരു അംഗമായി എന്നെ നിയമിക്കുന്നു… അങ്ങനെയൊരു സ്ക്വാഡിനെക്കുറിച്ച് ഊഹാപോഹങ്ങൾ കേട്ടിട്ടുണ്ടെങ്കിലും
ഒരിക്കലും വിശ്വസിച്ചിരുന്നില്ല ഞാൻ…”
“എന്നാൽ അങ്ങനെയൊന്ന്
ഉണ്ടെന്ന് കൂട്ടിക്കോളൂ…”
“അങ്ങനെ നിങ്ങളുടെ കൈകളിൽ
എത്തിയിരിക്കുന്നു ഞാൻ… തോളറ്റം മുടിയും വളർത്തി വീൽചെയറിൽ ഇരിക്കുന്ന,
സിഗരറ്റ് വലിക്കുന്ന, സദാസമയവും വിസ്കി കഴിക്കുന്ന, രാവും പകലും ബേക്കൺ സാൻഡ്‌വിച്ച്
ഒരു ദൗർബല്യമായ നിങ്ങളെ സ്ക്രീനിൽ കണ്ടുകൊണ്ട് ഇരിക്കുന്നു ഞാൻ…”
“നീ പറഞ്ഞതൊന്നും ഞാൻ
നിഷേധിക്കുന്നില്ല…”
റോപ്പറിന് പിന്നിൽ സെർജന്റ്
ടോണി ഡോയൽ പ്രത്യക്ഷപ്പെട്ടു. കറുത്ത വംശജനായ അയാൾ ഈസ്റ്റ് ലണ്ടൻ സ്വദേശിയായിരുന്നു.
കൈയിലെ ചായ മഗ്ഗ് റോപ്പറിന് കൊടുത്തിട്ട് അയാൾ സാറയെ നോക്കി പുഞ്ചിരിച്ചു. “കണ്ടതിൽ സന്തോഷം, മാഡം…”
“ടോണി, ജസ്റ്റ് ഗോ എവേ…” റോപ്പർ പറഞ്ഞതും ചിരിച്ചു കൊണ്ട് അയാൾ പുറത്തേക്ക് പോയി.
“ഇത് ഒരു മൂവി പോലെയാണല്ലോ
ജൈൽസ്… നിങ്ങൾ തീരുമാനിക്കുന്ന കാര്യങ്ങൾ മാത്രമേ എനിക്ക്
കാണാൻ അനുവാദമുള്ളൂ… എന്തിനും ഏതിനും നിങ്ങളുടെ അനുവാദം വേണമെന്നോ…?”
“മൈ ഡിയറസ്റ്റ് ഗേൾ, ഹോളണ്ട്
പാർക്കിനെക്കുറിച്ച് ഞാൻ പറഞ്ഞതെല്ലാം സത്യമാണ്… ഇവിടെ
ജോലി ചെയ്യുന്ന എല്ലാവരുടെയും ഫോട്ടോസ് നിന്റെ കൈയിലുണ്ട്… മാത്രമല്ല, അവരുടെ ജീവചരിത്രവും ജോലിയെക്കുറിച്ചുള്ള സകല വിവരങ്ങളും
അടങ്ങുന്ന മുഴുവൻ റിപ്പോർട്ടുകളും…”
“അപ്പോൾ വർഷങ്ങൾക്ക് മുമ്പ്
ജോൺ മേജറിനെയും അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഉള്ളവരെയും തകർക്കുവാൻ ഷോൺ ഡില്ലൻ കിണഞ്ഞു
പരിശ്രമിച്ചിരുന്നു എന്നത് സത്യമാണോ…?”
“അതെ… അതിന് അയാൾക്ക് നല്ല പ്രതിഫലവും ലഭിച്ചിട്ടുണ്ട്…”
“ഡാനിയൽ ഹോളിയുടെ കാര്യം,
അയാളും ഒരു മുൻ IRA പ്രവർത്തകൻ ആയിരുന്നുവെന്നോ…? ഇപ്പോൾ
ഒരു മില്യനെയർ ആയ അയാൾ അൾജീരിയൻ വിദേശകാര്യ മന്ത്രിയുടെ ഒരു ഡിപ്ലോമാറ്റ് ആയി ജോലി
നോക്കുന്നുണ്ടെന്നതും സത്യമാണെന്നോ…?”
“അബ്സൊല്യൂട്ട്‌ലി… ബ്രയോണി സ്യൂട്ട് ധരിച്ച വെറുമൊരു സുന്ദരൻ മാത്രമല്ല നമ്മുടെ ഡാനിയൽ
കേട്ടോ… ഒരു കില്ലർ കൂടിയാണ്…”
“വെറുമൊരു സുന്ദരൻ മാത്രമാണെന്ന്
ഞാനൊരിക്കലും പറഞ്ഞില്ലല്ലോ അതിന്…” സാറ ചുമൽ വെട്ടിച്ചു. “ഏതാനും പേരെ വകവരുത്തിയിട്ടുള്ള
കാര്യമൊക്കെ ഞാൻ വായിച്ചു…”
“ഏതാനും പേരെയല്ല സാറാ… ഒരുപാട് പേരെ… അക്കാര്യത്തിൽ തെറ്റിദ്ധാരണ വേണ്ട… ബൈ ദി വേ, നിനക്ക് പറ്റിയ പ്രായക്കാരനല്ലോ കേട്ടോ അയാൾ… പിന്നെ, നിന്റെ മുത്തശ്ശന്റെ ഒരു മത പ്രഭാഷണം കേൾക്കാൻ ഞാൻ പോയിരുന്നു…”
“എന്തിന് പോയിരുന്നുവെന്ന്…?”
“അദ്ദേഹത്തെക്കുറിച്ച്
ഞാൻ ഓൺലൈനിൽ സെർച്ച് ചെയ്തിരുന്നു. റബ്ബി നഥാൻ ഗിഡിയൻ… ലണ്ടൻ യൂണിവേഴ്സിറ്റിയിലെ എമിറിറ്റസ് പ്രൊഫസർ… ആത്മീയ പ്രഭാഷണങ്ങൾക്ക് പേര് കേട്ടയാൾ… ഒരു പ്രഭാഷണം കേൾക്കാനായി ഞാൻ പോയിരുന്നു… വെസ്റ്റ് ഹാംപ്‌സ്റ്റഡിലെ ഒരു സിനഗോഗിൽ വച്ചാണ് അദ്ദേഹത്തെ ഞാൻ കണ്ടത്… ടോണിയാണ് ഒരു വാനിൽ എന്നെ അങ്ങോട്ട് കൊണ്ടുപോയത്… വളരെ നല്ലവരായിരുന്നു പ്രഭാഷണം കേൾക്കാൻ എത്തിയവർ… എനിയ്ക്ക് തലയിൽ വയ്ക്കാനായി ഒരു യാർമുൽക്ക (യഹൂദന്മാർ തലയിൽ വയ്ക്കുന്ന
തരം ചെറിയ തൊപ്പി) അവർ തന്നു. ഒരെണ്ണം ടോണിയ്ക്കും കൊടുത്തു. ടോണി ആ പ്രഭാഷണം ശരിയ്ക്കും
ആസ്വദിച്ചു… മനുഷ്യാവകാശങ്ങളെക്കുറിച്ചും അത് പരാജയപ്പെടുമ്പോൾ
എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചും ഒക്കെയായിരുന്നു പ്രഭാഷണം… അദ്ദേഹത്തിന്റെയടുത്ത് ചെന്ന് ഞാൻ സ്വയം പരിചയപ്പെടുത്തി… ഡിഫൻസ് മിനിസ്ട്രിയിലാണ് ഞാൻ ജോലി ചെയ്യുന്നതെന്നും നീ എന്റെ സഹപ്രവർത്തക
ആകുവാൻ പോകുകയാണെന്നും പറഞ്ഞു… അദ്ദേഹം ഞങ്ങളെ ചായയ്ക്ക് ക്ഷണിച്ചു…. ജൂതരുടെ സാബത്ത് നിയമങ്ങൾ ലംഘിക്കപ്പെട്ടോ എന്നറിയില്ല, അദ്ദേഹം ഞങ്ങൾക്ക്
നൽകിയ ബിസ്കറ്റുകൾ അതീവ രുചികരമായിരുന്നു…”
“മേഫെയറിൽ
ഉള്ള ഹൈഫീൽഡ് കോർട്ട് ഹൗസിൽ വച്ചായിരുന്നോ അത്…?”
“അതെ… മാത്രവുമല്ല, അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ ടോണി വളരെ ആകൃഷ്ടനുമായി … ജൂഡായിസത്തെക്കുറിച്ചുള്ള ഒരു പുസ്തകവും സമ്മാനിച്ചു നിന്റെ മുത്തശ്ശൻ
അയാൾക്ക്… ഇപ്പോൾ വേറൊന്നും സംസാരിക്കാനില്ല അയാൾക്ക്…”
“നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ…?”
“ചിലപ്പോഴൊക്കെ എനിക്കും
തോന്നിയിട്ടുണ്ട് അങ്ങനെ… എന്തായാലും ഒരു കാര്യം തീർച്ചയാണ്… നഥാൻ ഗിഡിയൻ ഒരു ഗംഭീര വ്യക്തിത്വമാണ്… അദ്ദേഹത്തിന്റെ സൗഹൃദം നേടാനായത് ഒരു ബഹുമതിയായി ഞാൻ കണക്കാക്കുന്നു…”
“ഇനി വേറെന്തെങ്കിലും
ഞാൻ അറിയേണ്ടതായിട്ടുണ്ടോ…?”
“യെസ്… ഹോളിയുടെ കാര്യത്തിൽ നിനക്ക് എന്തോ ഒരു പ്രത്യേക താല്പര്യമുള്ളത് പോലെ
തോന്നിയത് കൊണ്ട് പറയുകയാണ്… അയാളുടെ പിതാവ് ഒരു കടുത്ത പ്രൊട്ടസ്റ്റന്റ് ആയിരുന്നു… കത്തോലിക്കരെ കാണുന്നതേ ഇഷ്ടമില്ലാത്തവൻ… പക്ഷേ, ഒരു കടുത്ത IRA കുടുംബത്തിൽ പെട്ട ഒരു കത്തോലിക്കാ വനിതയുമായി
പ്രേമത്തിലായി….”
“അങ്ങനെയാണല്ലേ ഹോളിയ്ക്ക്
ഇരുഭാഗത്തും പിടിപാടുണ്ടായത്…?”
“അതെ… ചെറുപ്പക്കാരനായ ഹോളിയെ അൾജീരിയൻ മരുഭൂമിയിലെ ഒരു ടെററിസ്റ്റ് ട്രെയിനിങ്ങ്
ക്യാമ്പിലേക്ക് IRA അയച്ചു… പരിശീലനം കഴിഞ്ഞ ഹോളി ഒരു കൊടുംഭീകരനായിട്ടാണ്
തിരിച്ചെത്തിയത്… അതുകൊണ്ട് നീ അല്പം സൂക്ഷിച്ചോളൂ…”
“ഈ ഹോളണ്ട് പാർക്കിൽ എന്തൊക്കെയാണ്
നിങ്ങളുടെ ടീമിന്റെ ജോലി…?”
“ഭീകരപ്രവർത്തനം നിരീക്ഷിക്കുക… ഏതൊരു ജിഹാദിയുടെയും ലക്ഷ്യമാണ് ലണ്ടൻ… നഗരത്തിലെ ശാന്തിയും സമാധാനവും തകർക്കാൻ ഏതറ്റം വരെ പോകാനും മടിക്കാത്താവർ…”
“പക്ഷേ, അതൊക്കെ നോക്കാൻ
സെക്യൂരിറ്റി സർവീസും പൊലീസും ഇല്ലേ…?”
“പൊലീസിന് എന്ത് ചെയ്യാൻ
പറ്റും…? അനധികൃതമായി രാജ്യത്ത് എത്തിയ അവരെ അറസ്റ്റ് ചെയ്ത്
നാടുകടത്താൻ ഒരുങ്ങുമ്പോഴായിരിക്കും മനുഷ്യാവകാശവും നിയമങ്ങളും പറഞ്ഞ് ഒരു കൂട്ടർ എത്തുക…”
“അവിശ്വസനീയം…”
“ഞങ്ങളോടൊപ്പം ജോലി ചെയ്ത്
തുടങ്ങുമ്പോൾ ഇതിനേക്കാൾ നിരാശാജനകമായ പലതും നിനക്ക് കാണേണ്ടി വരും… ഏതാനും വർഷങ്ങൾക്ക് മുമ്പാണ്… അൽ ഖ്വയ്ദയുടെ
ഒരു യൂണിറ്റ് ഇവിടെ പാർക്ക് ലെയ്നിൽ ഒരു ആക്രമണം നടത്തി… ഹാരി മില്ലറുടെ ലിമോസിനടിയിൽ അവർ ബോംബ് വച്ചു… നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു കാർ ഉപയോഗിച്ചിരുന്നത്… അവരും ഡ്രൈവറും കൊല്ലപ്പെട്ടു…”
“ദാറ്റ്സ് ടെറിബ്‌ൾ… പിന്നീട് എന്തു സംഭവിച്ചു…?”
“ആ ബോംബ് നിർമ്മിച്ചയാളെ
ഞങ്ങൾ ട്രെയ്സ് ചെയ്തു… ലണ്ടനിൽ വസിക്കുന്ന ഒരു IRA സ്ലീപ്പർ സെൽ അംഗമായിരുന്നു
അത്… ക്യാൻസറിന്റെ അവസാന ഘട്ടത്തിലായിരുന്നു അയാൾ. അൽ ഖ്വയ്ദയുടെ ഒരു ഏജന്റാണ് നിർദ്ദേശങ്ങൾ നൽകിയിരുന്നതെന്നാണ്
അയാൾ പറഞ്ഞത്… അയാളെ വകവരുത്തിയതിന് ശേഷം ഡില്ലൻ ഒരു ഡിസ്പോസൽ
ടീമിനെ വിളിച്ചു വരുത്തി…”
“ഡിസ്പോസൽ ടീം…?”
“ഒരു വെടിയുണ്ട കൊണ്ട്
മിക്കവാറും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും… പക്ഷേ,
പിന്നീടാണ് മിസ്റ്റർ ടീഗിന്റെയും സംഘത്തിന്റെയും ആവശ്യം നമുക്ക് വരിക… സ്ഥലം വൃത്തിയാക്കാനും ആരുമറിയാതെ മൃതദേഹം കൊണ്ടുപോകാനും അവർ വേണം… ഏതാനും മണിക്കൂറുകൾക്കകം വെറും ആറ് പൗണ്ട് ചാരമായി മാറിയിരിക്കും അത്…”
“അൽ ഖ്വയ്ദയുടെ ഏജന്റിന്
എന്തു സംഭവിച്ചു…?” സാറ ചോദിച്ചു.
“അത് ഹാരി തന്നെ കൈകാര്യം
ചെയ്തു… നേരിട്ട് ആ ഏജന്റിന്റെ വസതിയിൽ ചെന്ന ഹാരി അയാളെ
വെടിവെച്ചു കൊന്നിട്ട് തിരിച്ചു പോന്നു… കേസും പരാതിയുമൊന്നുമുണ്ടായില്ല… പൊലീസിനെ വിളിക്കാൻ അൽ ഖ്വയ്ദ മുതിരില്ലല്ലോ…”
“ഹോളണ്ട് പാർക്കിലെ ജോലിയുമായി
ഞാൻ എങ്ങനെ പൊരുത്തപ്പെടുമെന്നാണ് എന്റെ സംശയം…”
“നിനക്ക് ഒരു ബുദ്ധിമുട്ടും
ഉണ്ടാവില്ല കുട്ടീ… നിന്റെ ഫയൽ ഞാൻ കണ്ടതാണ്… അഫ്ഗാനിസ്ഥാനിലെ അന്നത്തെ ആ അക്രമണത്തിൽ നീ സഞ്ചരിച്ച മിലിട്ടറി വാഹനത്തിന്
ചുറ്റും ചുരുങ്ങിയത് ഇരുപത് ശവശരീരങ്ങളെങ്കിലും ഉണ്ടായിരുന്നു…”
“പക്ഷേ, അത് യുദ്ധമായിരുന്നു…”
“ഇതും ഒരർത്ഥത്തിൽ യുദ്ധമാണ്
കുട്ടീ… ബൈ ദി വേ, അബുസാനിലെ അന്നത്തെ പ്രകടനത്തിന് നിനക്ക്
ഒരു മിലിട്ടറി ക്രോസ് അവാർഡ് ഉണ്ടെന്ന് കേട്ടു…”
സാറ അമ്പരന്നു പോയി. “എനിക്കിത്
വിശ്വസിക്കാനാവുന്നില്ല…”
“നീയന്ന് പ്രകടിപ്പിച്ച
ധീരതയ്ക്ക് ഒരു മെഡലിന് ശിപാർശ ചെയ്യാതിരിക്കാൻ ഇന്റലിജൻസ് കോർപ്സിന് ആയില്ല… പൊതുശ്രദ്ധ ക്ഷണിച്ചു വരുത്തും എന്നതിനാൽ ഞങ്ങളെപ്പോലുള്ളവർക്ക് മെഡലുകളൊന്നും
ലഭിക്കാറില്ല… അതുകൊണ്ട് തന്നെ നിനക്ക് മെഡൽ നൽകുന്നതിൽ ഫെർഗൂസൻ
അത്ര സന്തോഷവാനല്ല… എന്നോർത്ത് വിഷമിക്കണ്ട… നിനക്കുള്ള മെഡൽ ലഭിക്കുക തന്നെ ചെയ്യും… പക്ഷേ, ചടങ്ങുകളൊന്നും ഉണ്ടാവില്ല എന്ന് മാത്രം…”
“ജൈൽസ്, വൈ ഡോണ്ട് യൂ
ഗോ റ്റു ഹെൽ ആൻഡ് ടേക്ക് ഫെർഗൂസൻ വിത്ത് യൂ…?
“ഞാനൊക്കെ എന്നേ നരകത്തിൽ
എത്തിക്കഴിഞ്ഞതാണ് സാറാ… അത്ര സുഖമുള്ള ഏർപ്പാടല്ല ഇത്… എന്തായാലും ഇന്നത്തെ പാർട്ടി ആസ്വദിക്കാൻ നോക്കൂ നീ… ഷോണിനെ എന്റെ അന്വേഷണം അറിയിക്കൂ… പിന്നെ,
ഡാനിയലിനെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്…”
“ജസ്റ്റ് ഗോ, ജൈൽസ്…” അവൾ പറഞ്ഞു. അദ്ദേഹം കോൾ കട്ട് ചെയ്തു.
അസ്വസ്ഥതയോടെ അവൾ ലാപ്ടോപ്പിന്റെ
സ്ക്രീനിലേക്ക് നോക്കി. എന്നിട്ട് ഡാനിയൽ ഹോളിയെക്കുറിച്ചുള്ള ഫയൽ തുറന്നു. ശരാശരി
ഉയരം. ബ്രൗൺ നിറത്തിൽ അല്പം നീളമുള്ള മുടി. ഈ ലോകത്ത് ഒന്നിനെയും കാര്യമാക്കുന്നില്ല
എന്ന മട്ടിലുള്ള നേർത്ത മന്ദഹാസം നിറഞ്ഞ മുഖം. യഥാർത്ഥത്തിലുള്ളതിലും പത്ത് വയസ്സ്
കുറവ് തോന്നിക്കുന്ന രൂപം.
ലുബിയാങ്കാ ജയിലിൽ ശിക്ഷ
അനുഭവിച്ചതിന്റെ അടയാളം എന്ന നിലയിൽ കൈകളിൽ പച്ച കുത്തിയിരുന്നെങ്കിലും ഒരു കൊലയാളിയുടെ
യാതൊരു ലക്ഷണവും ആ മുഖത്ത് കാണാൻ സാധിച്ചില്ല. മറിച്ച് താൻ എന്താണോ അത് എന്ന മട്ടിൽ
തികച്ചും ആകർഷകമായിരുന്നു ആ മുഖം. അയാളുടെ ജോലിസംബന്ധമായ എല്ലാ രേഖകളും ആ ഫയലിൽ ജൈൽസ്
റോപ്പർ അറേഞ്ച് ചെയ്തിരുന്നു.
ഫെർഗൂസനൊപ്പം ലണ്ടനിലേക്ക്
പറക്കാനുള്ളതിനാൽ തൽക്കാലം ആവശ്യമുള്ള സാധനങ്ങൾ മാത്രമേ അവൾ സ്യൂട്ട്കെയ്സിൽ നിന്ന്
പുറത്തെടുത്തുള്ളൂ. അന്ന് രാത്രിയിലെ റിസപ്ഷന് ധരിക്കാനുള്ള യൂണിഫോം എടുത്ത് ബെഡ്ഡിൽ
വച്ചു. അമേരിക്കക്കാരും റഷ്യക്കാരും അവിടെ സന്നിഹിതരായിരിക്കും. റഷ്യൻ മിലിട്ടറി ഇന്റലിജൻസ്
ആയ GRU വിലെ കേണൽ ജോസഫ് ലെർമോവും ഉണ്ടാകുമെന്നാണ് അറിഞ്ഞത്. ലണ്ടൻ എംബസിയിൽ സ്റ്റേഷൻ
ഹെഡ് ആണ് അദ്ദേഹം. ഇന്റർനാഷണൽ ടെററിസത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം മിലിട്ടറി
സർക്കിളിൽ എല്ലാവരും നിർബന്ധമായും വായിച്ചിരിക്കണമെന്നാണ്.
മെഡൽ റിബണുകൾ ഉള്ള കോട്ട്
അവൾ ഹാങ്കറിൽ കൊളുത്തിയിട്ടു. പിന്നെ തേച്ചു മിനുക്കിയ സ്കെർട്ട്, ഷർട്ട്, ടൈ എന്നിവയും.
പോളിഷ് ചെയ്ത ഷൂവും ക്യാപ്പും കൂടിയായപ്പോൾ യൂണിഫോം പൂർണ്ണമായി. പഴയ ഓർമ്മകൾ അവളുടെ
മനസ്സിലേക്ക് ഓടിയെത്തി. സാൻഡ്‌ഹേസ്റ്റിലെ മിലിട്ടറി കോളേജിലെ ബിരുദദാന ചടങ്ങ്. പത്ത്
വർഷം എത്ര പെട്ടെന്നാണ് കടന്നു പോയത്…
“കഴിഞ്ഞു പോയതിനെയോർത്ത്
വിഷമിക്കാതിരിക്കൂ സാറാ…” അവൾ മന്ത്രിച്ചു. വിശാലമായ ബാത്ത്റൂമിൽ ചെന്ന്
അവൾ ടബ്ബിൽ വെള്ളം നിറയ്ക്കുവാൻ ടാപ്പ് തുറന്നിട്ടു.
(തുടരും)
No comments:
Post a Comment