Friday, May 15, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 05

ഓവെൻ റഷീദ് ടെറസ്സിലെ ഷെയ്ഡിന് കീഴെ നിന്ന് താഴേക്ക് നോക്കി. രാവേറെയായിട്ടും നിരത്തിൽ വാഹനങ്ങളുടെ തിരക്കൊഴിഞ്ഞിട്ടില്ല. മഴ പെയ്തുകൊണ്ടേയിരിക്കുന്നു. ഹൈഡ് പാർക്ക് ഇരുട്ടിലാണിപ്പോൾ. ലണ്ടൻ എന്നും തന്റെ ഇഷ്ടനഗരമാണ്. പാതി ബ്രിട്ടീഷുകാരനായ താൻ അതിന് നന്ദി പറയേണ്ടത് വെയിൽസ് സ്വദേശിയായ തന്റെ മാതാവിനോടാണ്. ഒമാനിലെ ചെറിയൊരു സംസ്ഥാനമായ റുബാത്തിൽ നിന്നും ലണ്ടനിൽ പഠനത്തിനെത്തിയ തന്റെ പിതാവ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ വച്ച് പരിചയപ്പെട്ട അവരെ വിവാഹം കഴിക്കുകയായിരുന്നു. ഒരു ഡോക്ടറുടെ മകളായ അവർ പ്രസവ സമയത്ത് മരണമടഞ്ഞു.

 

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ എണ്ണ ഖനനത്തിൽ അത്രയൊന്നും മുൻപന്തിയിൽ ആയിരുന്നില്ല റുബാത്ത്. എങ്കിലും റഷീദ് ഓയിൽ കമ്പനിയുടെ വരുമാനം അവിടുത്തെ ജനതയുടെ ജീവിതം സന്തുഷ്ടമാക്കി. സുൽത്താൻ ഇബ്രാഹിം റഷീദ് ആയിരുന്നു കമ്പനിയുടെ ചെയർമാൻ. അദ്ദേഹത്തിന്റെ അനന്തരവനായ ഓവെൻ റഷീദ് കമ്പനിയുടെ CEO യും. ലണ്ടനിലെ മേഫെയർ ഓഫീസിൽ ഇരുന്നുകൊണ്ട് അയാൾ കമ്പനിയുടെ മേൽനോട്ടം വഹിച്ചു. നാല്പത്തിയഞ്ച് കഴിഞ്ഞെങ്കിലും അവിവാഹിതനായി തുടരുന്ന അയാൾ എന്തുകൊണ്ടും സന്തുഷ്ടനായിരുന്നു.

 

അൽ ഖൈയ്ദയുടെ ശൃംഖലയിൽ ചെന്നുപെട്ടതായിരുന്നു ഓവെൻ റഷീദ് ചെയ്ത ഏറ്റവും വലിയ തെറ്റ്. ഒരു ജിഹാദിയോ മതവിഷയങ്ങളിൽ താല്പര്യമുള്ള വ്യക്തിയോ ആയിരുന്നില്ല അയാൾ. റഷീദ് ഓയിൽ എന്ന തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ചയ്ക്ക് ഗുണകരമാകും എന്ന കണക്കുകൂട്ടലിലാണ് അങ്ങനെയൊരു സാഹസത്തിന് അയാൾ തുനിഞ്ഞത്. ഹാർദ്ദമായി സ്വാഗതം ചെയ്യപ്പെട്ട അയാൾ വലിയൊരു കുടുക്കിലാണ് താൻ അകപ്പെട്ടിരിക്കുന്നതെന്ന് ക്രമേണ മനസ്സിലാക്കി. അൽ ഖൈയ്ദയുടെ വലയിൽപ്പെട്ട മറ്റെല്ലാവരെയും എന്നപോലെ ആജ്ഞകൾ അനുസരിക്കുക എന്നത് മാത്രമായിരുന്നു അയാളുടെയും നിയോഗം.

 

അൽ ഖൈയ്ദ ഇപ്പോൾ അയാളെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം ടാൽബട്ട് ഇന്റർനാഷണലിന്റെ ചെയർപേഴ്സൺ ആയ ജീൻ ടാൽബട്ടിന്റെ വിശ്വാസം ആർജ്ജിച്ച് സ്വാധീനിക്കുക എന്നതാണ്.  കൊല്ലപ്പെടുന്നത് വരെയും അവരുടെ മകൻ അൽ ഖൈയ്ദയുടെ നിയന്ത്രണത്തിലായിരുന്നു. അൽ ഖൈയ്ദ അയാളെ ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നുവെന്ന് വേണം പറയാൻ. അവന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കവെയാണ് അയാൾ അൽ ഖൈയ്ദയുമായി അടുക്കുന്നത്. തന്റെ മകന് അൽ ഖൈയ്ദയുമായി ബന്ധമുള്ള കാര്യം ജീൻ ടാൽബട്ടിന് അറിയില്ലായിരുന്നു. പക്ഷേ, തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങുവാൻ തക്കം പാർത്തിരിക്കുകയായിരുന്ന പഴയ IRA പ്രവർത്തകനായ ജാക്ക് കെല്ലിയ്ക്ക് അക്കാര്യം അറിയാമായിരുന്നു.

 

ജീൻ ടാൽബട്ടിനെ സന്ധിക്കുവാനായി ഓവെൻ റഷീദ് ബോണ്ട് സ്ട്രീറ്റിലുള്ള സിയോൺ ഗാലറി സന്ദർശിച്ചു. അവർ എത്തുന്നത് വരെ അയാൾ അവരുടെ ചിത്രപ്രദർശനം നടക്കുന്നയിടത്ത് ചുറ്റിത്തിരിഞ്ഞു. അവർ വരച്ച മകന്റെ ചിത്രത്തെ വാനോളം പുകഴ്ത്തി സൗഹൃദം സമ്പാദിച്ച അയാൾ അന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചത് അവരോടൊപ്പം ലണ്ടനിലെ പ്രസിദ്ധമായ ഐവി റെസ്റ്റോറന്റിൽ ആയിരുന്നു.

 

                                                        ***

 

ഓവെൻ റഷീദിനെ ഏല്പിച്ച ദൗത്യം എന്തിനു വേണ്ടി ആയിരുന്നുവെന്നത് അടുത്തിടെ മാത്രമാണ് അൽ ഖൈയ്ദ നേതൃത്വം അയാളോട് വെളിപ്പെടുത്തിയത്. സൗദി അറേബ്യയിൽ നിന്നും റുബാത്തിന് സമീപമുള്ള ഹസർ എന്ന സ്ഥലത്ത് അവസാനിക്കുന്ന ഒരു സിംഗിൾ ലൈൻ റെയിൽവേ ട്രാക്ക് ഉണ്ടായിരുന്നു. ബാക്കു എന്നായിരുന്നു ആ റെയിൽവേ ലൈൻ അറിയപ്പെട്ടിരുന്നത്. സൗദി അറേബ്യയുടെ തെക്കൻ പ്രദേശത്തെ എണ്ണക്കിണറുകളിൽ നിന്നുള്ള പൈപ്പ് ലൈൻ റെയിൽവേ ലൈനുകളുടെ അരികിലൂടെ കൊണ്ടുപോകുക എന്നതായിരുന്നു താരതമ്യേന എളുപ്പം. വർഷങ്ങളായി നിലനിൽക്കുന്ന കച്ചവട ഉടമ്പടികളെ തുടർന്ന് ബാക്കു ലൈനിന്റെ ഉടമസ്ഥാവകാശം ടാൽബട്ട് ഇന്റർനാഷണൽ കമ്പനിയ്ക്ക് ലഭിച്ചിരുന്നു.

 

ഓവെൻ റഷീദിന്റെ പ്രഥമദൗത്യം ബാക്കു റെയിൽവേ ലൈൻ റുബാത്ത് വഴി യെമനിലേക്ക് നീട്ടുക എന്ന ആശയം ജീൻ ടാൽബട്ടിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുക എന്നതായിരുന്നു. അൽ ഖൈയ്ദയുടെ ഉദ്ദേശ്യം വളരെ വ്യക്തമായിരുന്നു. തങ്ങളുടെ പറുദീസയായ യെമനിൽ നിന്നും ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലേക്ക് നേരിട്ടുള്ള പ്രവേശനം.

 

എന്നാൽ ജീൻ ടാൽബട്ടിനോട് ഒരു പ്രത്യേക അടുപ്പം അയാൾക്ക് തോന്നിത്തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം. അത് അത്ര നല്ലതിനല്ല എന്ന് അയാൾക്കറിയാമായിരുന്നു. തനിക്ക് ലഭിച്ചിട്ടുള്ള ആജ്ഞകൾ മറക്കാൻ പറ്റില്ല. ഗ്ലാസ് ഉയർത്തിയിട്ട് പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു. “ഇത് നിങ്ങൾക്ക് വേണ്ടി ജീൻ എന്നെങ്കിലും ഒരു നാൾ നിങ്ങൾ എന്റെയും ചിത്രം വരയ്ക്കുമായിരിക്കും

 

                                                       ***

 

അതേ സമയം ന്യൂയോർക്കിൽ, തന്റെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്തിറങ്ങിയ പാട്രിക്ക് മർഫി ടാക്സി പിടിക്കുവാനായി തെരുവിലൂടെ നടക്കുകയായിരുന്നു. സ്യൂട്ട്കെയ്സിൽ വസ്ത്രങ്ങൾ ഒന്നും തന്നെ പാക്ക് ചെയ്തിരുന്നില്ല. വേഗാസിൽ ചെന്നിട്ട് അവിടെ നിന്നും പുതിയ വസ്ത്രങ്ങൾ വാങ്ങാമെന്നായിരുന്നു തീരുമാനം. പെട്ടെന്നാണ് തന്റെ പിന്നിൽ ആരോ എത്തിയത് പോലെ അയാൾക്ക് തോന്നിയത്. ഒരനക്കം പോലും ഇല്ലാതെ ഒരു കത്തിമുന അയാളുടെ വസ്ത്രം തുളച്ച് ദേഹത്ത് മുട്ടി നിന്നു.

 

“വലതു വശത്തെ ആ കെട്ടിടത്തിന്റെ ഗേറ്റിനുള്ളിലേക്ക് കയറിക്കോളൂ” വളരെ ശാന്തമായിരുന്നു മർഫിയുടെ പിന്നിൽ നിന്നിരുന്ന ആളുടെ സ്വരം.

 

മർഫി അയാൾ പറഞ്ഞത് പോലെ തന്നെ ചെയ്തു. “ദയവ് ചെയ്ത് ഞാൻ പറയുന്നത് കേൾക്കണം കാഗ്‌നിയാണ് നിങ്ങളെ അയച്ചതെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ല എന്റെ പക്കൽ പണമുണ്ട് ധാരാളം പണം മുഴുവനും എടുത്തോളൂ

 

വാരിയെല്ലുകൾക്കിടയിലൂടെ കയറിയ ആ കത്തി ഹൃദയത്തിലാണ് ചെന്ന് നിന്നത്. ആ മനുഷ്യൻ തന്റെ കൈയിലെ സ്യൂട്ട്കെയ്സും എടുത്തുകൊണ്ട് നടന്നകലുന്നത് പോലും അറിയാതെ പാട്രിക്ക് മർഫി അവിടെ മരിച്ചു വീണു.

 

(തുടരും)

2 comments:

  1. അങ്ങനെ മർഫിയുടെ കാര്യത്തിൽ തീരുമാനമായി..

    ഓവൻ റഷീദിന്റെ കാര്യവും കഷ്ടത്തിലാണല്ലോ!

    ReplyDelete
    Replies
    1. അധോലോകത്തിൽ മനുഷ്യജീവന് ഒരു വിലയുമില്ലെന്നതാണ് വാസ്തവം... ഓവെൻ റഷീദ് പെട്ടിരിക്കുന്നത് പുറത്ത് കടക്കാനാവാത്ത വലയിലാണ്...

      Delete