ഡെലിവറി ട്രക്കിൽ ഡില്ലനും
ഹോളിയും അവിടെ നിന്നും യാത്ര തിരിച്ച അതേ സമയം തന്നെയാണ് വെള്ളത്തിലൂടെ ഒഴുകിയെത്തിയ
പാട്രിക്ക് മർഫി ഏതാണ്ട് ഇരുനൂറ് വാര അകലെയുള്ള ഒരു പാലത്തിന്റെ കാലുകളിൽ തടഞ്ഞ് നിന്നത്.
ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ടുകയായിരുന്നു അയാൾ. അവിടെ നിന്നും ഒഴുകിയ അയാൾ നദീതീരത്തെ
കൽപ്പടവുകളിൽ ചെന്നടിഞ്ഞു. കഷ്ടപ്പെട്ട് വലിഞ്ഞു കയറിയ അയാൾ കൈവരികൾക്കപ്പുറമുള്ള നടപ്പാതയിൽ
കണ്ട ഷെഡ്ഡിലെ ബെഞ്ചിൽ ഇരുന്നു.
തണുത്ത് വിറച്ചു തുടങ്ങിയിരുന്ന
മർഫി തന്റെ നനഞ്ഞ ജാക്കറ്റും ഷർട്ടും അഴിച്ചു മാറ്റി. അയാൾ ധരിച്ചിരുന്ന ബുള്ളറ്റ്
പ്രൂഫ് വെസ്റ്റ് വിപണിയിൽ ലഭ്യമായ ഏറ്റവും മുന്തിയ ഇനമായിരുന്നു. അതിന്റെ വെൽക്രോ ലോക്ക്
വേർപെടുത്തി ഊരിയെടുത്ത് ഷർട്ടിന്റെ കൂടെ ചുരുട്ടി നദിയിലേക്ക് എറിഞ്ഞു. ശേഷം ജാക്കറ്റ്
എടുത്തണിഞ്ഞ് മഴയത്തു കൂടി അയാൾ തന്റെ വെയർഹൗസ് ലക്ഷ്യമാക്കി നടന്നു.
ഡില്ലനും ഹോളിയും അവരുടെ
വഴിയ്ക്ക് പോയിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു അയാൾക്ക്. നേരെ വെയർഹൗസിനുള്ളിലേക്ക്
കയറിയ അയാൾ തന്റെ ഓഫീസിലേക്ക് ചെന്നു. ശേഷം, ജാക്കറ്റ് ഊരി മാറ്റി കതകിന് പിന്നിൽ കൊളുത്തിയിട്ടിരുന്ന
സ്വെറ്റർ എടുത്തണിഞ്ഞു. പിന്നെ, ഓഫീസിന്റെ മൂലയിൽ ചെന്ന് കാർപെറ്റ് ഉയർത്തി അവിടെയുള്ള
രഹസ്യ അറ തുറന്നു. അതിനുള്ളിൽ നിന്നും പുറത്തെടുത്ത ലിനൻ ബാഗിൽ നൂറ് ഡോളറിന്റെ ഏതാനും
കെട്ടുകളായി മൊത്തം ഇരുപതിനായിരം ഡോളർ ഉണ്ടായിരുന്നു. കബോർഡിൽ നിന്നും എടുത്ത സ്യൂട്ട്കെയ്സിനുള്ളിലേക്ക്
ആ പണം നിക്ഷേപിച്ചതിന് ശേഷം ഇനിയെന്ത് എന്ന് ചിന്തിച്ചു കൊണ്ട് അല്പനേരം അയാൾ അവിടെയിരുന്നു.
കുറച്ചു ദിവസത്തേക്ക്
ഇവിടെ നിന്നും മാറി നിന്നേ പറ്റൂ. ആരും തിരിച്ചറിയാത്ത ജനനിബിഡമായ സ്ഥലമാണ് അഭികാമ്യം.
വേഗാസ് ആണ് അതിന് പറ്റിയ ഇടം. പക്ഷേ, അതിന് മുമ്പ് സകല പഴുതുകളും അടച്ചിട്ട് വേണം പോകാൻ.
ഒരു പക്ഷേ, ന്യൂയോർക്കിലേക്ക് തിരികെ വരേണ്ടി വന്നാലോ… അയാൾ ഫോൺ എടുത്ത് ഡയൽ ചെയ്തു. അപ്പുറത്ത് റിസീവർ എടുത്തതും മർഫി പറഞ്ഞു.
“ചെറിയൊരു പ്രശ്നമുണ്ട് മിസ്റ്റർ കാഗ്‌നീ…”
“എന്താണത്…?”
“ബിസിനസുമായി ബന്ധപ്പെട്ട്
ഒരാളെ എന്റെയടുത്തേക്ക് അയച്ചിരുന്നില്ലേ…? അൾസ്റ്റർ സ്വദേശിയായ ഒരു മിഹേൽ ഫ്ലിന്നിനെ…?”
“അതെ… എന്നിട്ടെന്ത് സംഭവിച്ചു…?”
“ഗ്രിംഷാ എന്ന് സ്വയം
പരിചയപ്പെടുത്തി ഒരു കക്ഷി എന്റെയടുത്ത് വന്നിരുന്നു… ആയുധങ്ങളുടെ ഒരു ഷിപ്പ്മെന്റ് കൊസോവോയിലേക്ക് അയയ്ക്കണമെന്ന ആവശ്യവുമായി… പക്ഷേ, യഥാർത്ഥത്തിൽ അയാൾക്ക് അറിയേണ്ടിയിരുന്നത് അമിറ്റിയെക്കുറിച്ചായിരുന്നു… ആരായിരുന്നു അതിന്റെ പിന്നിൽ എന്ന്…”
“എന്നിട്ട് മിഹേൽ ഫ്ലിന്നിനെക്കുറിച്ച്
നിങ്ങൾ അയാളോട് പറഞ്ഞോ…?”
“അതെ, പറയേണ്ടി വന്നു… അയാളും അയാളോടൊപ്പം ഉണ്ടായിരുന്ന ആളും കൂടി ഇവാനെ കൊന്നു… സത്യം പറഞ്ഞില്ലെങ്കിൽ എന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി… എന്തായാലും നിങ്ങളുടെ കക്ഷിയുടെ പേര് ഫ്ലിൻ എന്നായിരുന്നില്ല… ജാക്ക് കെല്ലി എന്നായിരുന്നു… ഒരു ദിവസം
എന്റെ ലാൻഡ് ഫോൺ ഉപയോഗിക്കവെ അയാൾ പറയുന്നത് കേട്ടതാണ്…”
“നിർഭാഗ്യം എന്നല്ലാതെ
എന്തു പറയാൻ… അതു പോട്ടെ, നിങ്ങളെ ഭീഷണിപ്പെടുത്തിയ ആ രണ്ടു
പേർ ആരായിരുന്നുവെന്ന് വല്ല രൂപവുമുണ്ടോ…?”
“ഒരാൾ ന്യൂയോർക്ക് പൊലീസ്
ഓഫീസറുടെ വേഷത്തിലായിരുന്നു… പേര് ഡില്ലൻ… അൾസ്റ്റർ
ചുവയുണ്ടായിരുന്നു അയാളുടെ സംസാരത്തിൽ… മറ്റേയാൾ ഒരു ഇംഗ്ലീഷുകാരനായിരുന്നു… ഹോളി എന്നായിരുന്നു പേര്…”
“തങ്ങളുടെ യഥാർത്ഥ പേരുകൾ
വെളിപ്പെടുത്തിയ അവർ മണ്ടന്മാർ തന്നെ…”
“മണ്ടന്മാരായതു കൊണ്ടല്ല… എന്നെ വകവരുത്താനായിരുന്നു അവരുടെ പ്ലാൻ… മരണത്തിന്റെ വക്കിൽ ഞാൻ എത്തിയതുമാണ്… പ്രൊവിഷണൽ IRA യിലെ അംഗങ്ങളണെന്നാണ് അവർ അവകാശപ്പെട്ടത്… നിങ്ങളുടെ കക്ഷി ഫ്ലിൻ അഥവാ കെല്ലി അതല്ല ഇനി പേര് വേറെന്തോ ആയിക്കോട്ടെ,
അയാൾക്ക് ഇവരെക്കുറിച്ച് എന്തെങ്കിലും അറിയാൻ സാദ്ധ്യതയുണ്ടാകുമെന്ന് ഞാൻ കരുതി…”
“മുന്നറിയിപ്പ് തന്നതിന്
നന്ദി, പാട്രിക്ക്…” കാഗ്‌നി പറഞ്ഞു. “നിങ്ങളിനി എന്ത് ചെയ്യാനാണ്
പോകുന്നത്…?”
“എത്രയും പെട്ടെന്ന് ന്യൂയോർക്കിൽ
നിന്നും പുറത്ത് കടക്കണം…”
“പിന്നെ നിങ്ങളെ എങ്ങനെയാണ്
ഞാൻ കോൺടാക്റ്റ് ചെയ്യുക…?”
“അത് ഞാൻ അറിയിക്കാം…”
മർഫി റിസീവർ ക്രാഡിലിൽ
വച്ചിട്ട് സ്യൂട്ട്കെയ്സ് എടുത്ത് പുറത്തു കടന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും തന്റെ
ഫോർഡ് സെഡാൻ കാറിൽ അയാൾ കോർട്ട്‌യാർഡിൽ നിന്നും റോഡിലേക്ക് തിരിഞ്ഞു.
***
അല്പനേരം കഴിഞ്ഞതും ലിയം
കാഗ്‌നി ഫോൺ എടുത്ത് നോർത്തേൺ അയർലണ്ടിലെ കൗണ്ടി ഡൗൺ കിൽമാർട്ടിനിൽ ഉള്ള ജാക്ക് കെല്ലിയ്ക്ക്
ഡയൽ ചെയ്തു. അറുപതുകാരനായ കാഗ്‌നി അമേരിക്കൻ പൗരത്വമുള്ള ഐറിഷ് വംശജനും ധനികനും സ്റ്റോക്ക്
ബ്രോക്കറുമായിരുന്നു.
“ജാക്ക്, ഇത് ലിയം ആണ്…” അപ്പുറത്ത് റിസീവർ എടുത്തതും കാഗ്‌നി പറഞ്ഞു. “ഒരു പ്രശ്നമുണ്ട്…”
“എന്താണത്…?”
“അമിറ്റിയെക്കുറിച്ച്
അന്വേഷിച്ചുകൊണ്ട് രണ്ടുപേർ മർഫിയുടെ അടുത്ത് എത്തിയിരുന്നു… ഒരു ഡില്ലനും ഹോളിയും… ഈ പേരുകൾ പരിചയമുണ്ടോ നിങ്ങൾക്ക്…?”
“മൈ ഗോഡ്, തീർച്ചയായും… പ്രൊവിഷണൽ IRA യുടെ പ്രവർത്തകരായിരുന്നു അവർ… കൂറുമാറിയ അവർ ഇപ്പോൾ ബ്രിട്ടീഷ് ഇന്റലിജൻസിലെ ചാൾസ് ഫെർഗൂസണോടൊപ്പമാണ്
പ്രവർത്തിക്കുന്നത്… എന്നിട്ട് മർഫി എന്ത് പറഞ്ഞു അവരോട്…?”
“അയാളുടെ സഹായിയായ ഇവാനെ
അവർ കൊന്നുകൊളഞ്ഞുവത്രെ… ഭാഗ്യത്തിനാണ് അയാൾ രക്ഷപെട്ടതെന്നും… ഫോൺ ചെയ്തപ്പോൾ നിങ്ങൾ യഥാർത്ഥ പേര് പറഞ്ഞത് അയാൾ കേട്ടിരുന്നുവെന്നും…”
കെല്ലി സ്വയം ശപിച്ചു.
“അത് അപകടമാണെന്ന് എനിക്കറിയാമായിരുന്നു… പക്ഷേ, വേറെ വഴിയില്ലായിരുന്നു… അയാളപ്പോൾ ഒളിവിൽ പോകാനുള്ള തയ്യാറെടുപ്പിലാണല്ലേ…? അതത്ര നല്ല കാര്യമല്ല… അയാൾ എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന് പറയാൻ
പറ്റില്ല…”
“ഡോണ്ട് വറി… അക്കാര്യം ഞാനേറ്റു… അയാൾ എങ്ങോട്ടും പോകാൻ പോകുന്നില്ല…”
“അത് നന്നായി… ഞങ്ങളുടെ ആവശ്യങ്ങൾക്ക് നിങ്ങൾ വളരെയേറെ സഹായിച്ചിട്ടുണ്ട് ലിയം… പിന്നെ, ഡില്ലനെയും ഹോളിയെയും കുറിച്ചുള്ള വിവരങ്ങൾ തന്നതിന് നന്ദി… അവർ ഇവിടെ എത്തുകയാണെങ്കിൽ സ്വീകരണം കൊടുക്കുവാൻ ഞങ്ങൾ റെഡിയാണ്… അവരുടെ കാര്യം തീർപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു… ടേക്ക് കെയർ, ഓൾഡ് ഫ്രണ്ട്…”
കൗണ്ടി ഡൗണിലെ ഒരു വലിയ
ബംഗ്ലാവ് ആയ ടാൽബട്ട് പ്ലേസിലെ തന്റെ ഓഫീസിലായിരുന്നു അപ്പോൾ അയാൾ. ആ എസ്റ്റേറ്റിന്റെ
മാനേജർ പദവിയാണ് അയാൾ വഹിച്ചിരുന്നത്. ഒരു നിമിഷം ചിന്തിച്ചിരുന്നിട്ട് അയാൾ ഡ്രോ തുറന്ന്
തന്റെ എൻക്രിപ്റ്റഡ് മൊബൈൽ ഫോൺ പുറത്തെടുത്ത് ഒരു നമ്പർ അമർത്തി.
കുറേ നേരം റിങ്ങ് ചെയ്തിട്ടും
അപ്പുറത്ത് പ്രതികരണമൊന്നും ഇല്ലാത്തതിനാൽ കോൾ കട്ട് ചെയ്യാൻ ഒരുങ്ങവെയാണ് ഫോണിലൂടെ
ആ സ്വരം എത്തിയത്. “ഓവെൻ റഷീദ്…”
“ദിസ് ഈസ് കെല്ലി, ഓവെൻ… ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം…”
റഷീദിന്റെ ലണ്ടനിലുള്ള
ആ ആഡംബര ഫ്ലാറ്റ് വളരെ വലുതായിരുന്നു. തന്റെ ടൈ അഴിച്ചു മാറ്റി അയാൾ പാർക്ക് ലെയ്നിനെ
അഭിമുഖീകരിക്കുന്ന ജാലകത്തിനരികിലേക്ക് ചെന്നു. “പറയൂ, എന്താണ് പ്രശ്നം…?”
കാര്യങ്ങൾ എല്ലാം വിശദീകരിച്ചിട്ട്
ജാക്ക് കെല്ലി പറഞ്ഞു. “സോറി എബൗട്ട് ദിസ്…”
“സാരമില്ല, നിങ്ങളുടെ
കുറ്റമല്ലല്ലോ…” റഷീദ് തന്റെ ഗ്ലാസിലേക്ക് ബ്രാണ്ടി പകർന്നു. “ഡില്ലനും
ഹോളിയും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു എന്നത് അത്ര നല്ല വാർത്തയല്ല… എന്നാലും എനിക്ക് മാനേജ് ചെയ്യാവുന്നതേയുള്ളൂ… അവർ എന്തെങ്കിലും സാഹസത്തിന് തുനിയുകയാണെങ്കിൽ വിവരം തരുവാൻ എനിക്ക്
ആൾക്കാരുണ്ട്…”
“നിങ്ങളുടെ നെറ്റ്‌വർക്ക്
എന്നും എന്നെ അതിശയിപ്പിക്കുന്നു, ഓവെൻ…”
“എന്റെയല്ല ജാക്ക്… അൽ ഖൈയ്ദയുടെ… ബിൻ ലാദൻ കൊല്ലപ്പെട്ടുവെങ്കിലും ലോകമാസകലം വേരുകളുള്ള
ഒരു സംഘടനയാണത്… സമൂഹത്തിന്റെ എല്ലാ തട്ടുകളിലും ഞങ്ങൾക്ക് ആളുകളുണ്ട്… ഹോട്ടലിൽ ഭക്ഷണം വിളമ്പുന്ന വെയ്റ്റർ മുതൽ ന്യൂയോർക്കിലെ സെനറ്റർ വരെ… പാക്കിസ്താനിലെ അസംതൃപ്തനായ പോലീസ് ചീഫ് മുതൽ ഏതെങ്കിലും അറബ് രാജ്യത്തെ
മന്ത്രി വരെ… അല്ലെങ്കിൽ എന്നും പ്രഭാതത്തിൽ ഞാൻ ജോഗിങ്ങിന്
ഇറങ്ങുന്നതും ആരെയൊക്കെയാണ് കാണുന്നതെന്നും സ്ഥിരമായി വീക്ഷിച്ചുകൊണ്ടിരിക്കുന്ന ലണ്ടൻ
ഹൈഡ് പാർക്കിലെ വിനീതനായ പരിപാലകൻ… മൊബൈൽ ഫോൺ ഉള്ള ഇന്നത്തെ കാലത്ത് എന്തിനും ഏതിനും
ഒരു കോളിന്റെ ആവശ്യമല്ലേയുള്ളൂ…”
“പക്ഷേ, ഞാനതിൽ അത്ര സന്തുഷ്ടനല്ല…” കെല്ലി പറഞ്ഞു.
“ശരിയാണ്, ബുദ്ധിസ്ഥിരതയുള്ള
ആർക്കും അത് എത്രത്തോളം സുരക്ഷിതമാണെന്നതിൽ സംശയമുണ്ടാകും… ആട്ടെ, മിസ്സിസ് ടാൽബട്ട് അവിടെയുണ്ടോ…?”
“ഇല്ല, ഇന്നലെയാണ് ഒരു
സ്വകാര്യ വിമാനത്തിൽ അവർ ലണ്ടനിലേക്ക് പോയത്…”
“ഓകെ… അവരെ ഇവിടെ വച്ച് ഞാൻ കണ്ടോളാം… പിന്നെ,
ഡില്ലൻ, ഹോളി, മർഫി എന്നിവരെക്കുറിച്ചോർത്ത് വിഷമിക്കണ്ട… വീ വിൽ സോർട്ട് ഇറ്റ്… എങ്കിലും, ഇക്കാര്യം അബുവിനെ ഒന്ന് അറിയിക്കുന്നത്
നന്നായിരിക്കും…”
“അയാളിപ്പോൾ എവിടെയാണ്…?”
“എന്റെയറിവിൽ വസീറിസ്ഥാനിലാണ്… അയാൾ വെറും സന്ദേശവാഹകൻ മാത്രമാണ്, ജാക്ക്… മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുകയും, ഇവിടെ
നിന്നുള്ള വിവരങ്ങൾ തിരികെ കൈമാറുകയും ചെയ്യുന്ന ഒരാൾ… ചിലപ്പോൾ അയാൾ ഇവിടെ ലണ്ടനിൽത്തന്നെ ഉണ്ടായിരിക്കാം… പക്ഷേ, എനിക്ക് സംശയമാണ്…”
“അതെന്താ അങ്ങനെ പറഞ്ഞത്…?”
“അയാൾക്ക് പല രഹസ്യങ്ങളും
അറിയാം… അതുകൊണ്ട് തന്നെ പിടിക്കപ്പെടാതിരിക്കാൻ കഴിയുന്നതും
അവർ ശ്രദ്ധിക്കും… വെള്ളമോ ടോയ്‌ലറ്റോ ഇല്ലാത്ത ഏതെങ്കിലും ഒരു മൺകുടിലിൽ
വസീറിസ്ഥാനിൽത്തന്നെ ഉണ്ടാകും എന്ന് ഞാൻ പറയുന്നതിന്റെ കാരണവും അതാണ്… ഒരു എൻക്രിപ്റ്റഡ് ഫോൺ മാത്രം മതിയല്ലോ ആവശ്യത്തിന്… നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ തീർച്ചയായും അയാളെ ഇപ്പോൾ വിളിച്ചേനെ…”
“ഓകെ… ഞാൻ വിളിക്കാം…” കെല്ലി ഫോൺ ഡിസ്കണക്റ്റ് ചെയ്തു.
(തുടരും)
No comments:
Post a Comment