ഗൾഫ്സ്ട്രീം ജെറ്റ് ലാൻഡ്
ചെയ്ത് നിമിഷങ്ങൾക്കകം തന്നെ എല്ലാവരും അവരവരുടെ വസതികളിലേക്ക് പോകുവാൻ തിടുക്കം കൂട്ടി.
ഡോവർ സ്ട്രീറ്റിൽ താമസിക്കുന്ന ഹാരി മില്ലറെ ചാൾസ് ഫെർഗൂസൻ തന്റെ ഡെയിംലർ കാറിൽ ഡ്രോപ്പ്
ചെയ്യാമെന്നേറ്റു. ഷോൺ ഡില്ലന്റെ മിനി കൂപ്പർ എയർപോർട്ടിൽത്തന്നെ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു.
ഡാനിയൽ ഹോളിയുടേത് ഒരു ആൾഫാ റോമിയോ സ്പൈഡർ ആയിരുന്നു.
“ഡോർചെസ്റ്ററിലാണ് ഞാൻ
താമസിക്കുന്നത്…” ഹോളി, സാറയോട് പറഞ്ഞു. “അതിന് തൊട്ടപ്പുറത്തല്ലേ
ഹൈഫീൽഡ് കോർട്ട്…? വിരോധമില്ലെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം…”
“എന്ത് വിരോധം…?” അവൾ അയാളുടെ കാറിനുള്ളിലേക്ക് കയറി.
“ചെറിയൊരു ഇടവേളയെടുത്തോളൂ…” ഫെർഗൂസൻ പറഞ്ഞു. “വ്യാഴാഴ്ച്ച ഉച്ചയ്ക്ക് നമുക്ക് വീണ്ടും കാണാം… സെക്യൂരിറ്റി പ്ലാനുകളിലൂടെ ഒരു അവസാന ഓട്ടപ്രദക്ഷിണം… RAFന്റെ പങ്ക് അടക്കം കവർ ചെയ്യണം…” പ്യാരിയും
ലെയ്സിയും വിമാനത്തിൽ നിന്നും ഇറങ്ങി വരവെ അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇതെന്ത് കഷ്ടമാണ്… ഒന്ന് വിശ്രമിക്കാൻ പോലും സമയമില്ലല്ലോ…” സ്ക്വാഡ്രൺ ലീഡർ ലെയ്സി പറഞ്ഞു.
“അധികം കരയണ്ട, ചിലപ്പോൾ
അഫ്ഗാനിസ്ഥാനിലായിരിക്കും അടുത്ത ഡ്യൂട്ടി…” ഹോളി പറഞ്ഞു.
“ചിലരൊക്കെയാണ് ഭാഗ്യവാന്മാർ… സുന്ദരിമാരുടെ ഡ്രൈവർ ആയിട്ടൊക്കെയാണ് ഡ്യൂട്ടി ലഭിച്ചിരിക്കുന്നത്…” ചിരിച്ചുകൊണ്ട് പ്യാരി പറഞ്ഞു.
“ബ്ലഡി ഫ്ലൈബോയ്സ്…” ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിയിരുന്നുകൊണ്ട് ഹോളി പറഞ്ഞു.
കാർ മുന്നോട്ട് നീങ്ങവെ
സാറ ചോദിച്ചു. “പൈലറ്റുമാരുമായി നിങ്ങൾക്കെന്താണ് പ്രശ്നം…?”
“ഏയ്, ഒരു പ്രശ്നവുമില്ല… ഞാനും ഒരു പൈലറ്റ് ആയിപ്പോയി…”
“നിങ്ങൾക്ക് അറിയാത്ത
പണികൾ ഒന്നും ഇല്ലെന്ന് തോന്നുന്നല്ലോ…”
“വെൽ, അത് ഇനി കാണാനിരിക്കുന്നതല്ലേയുള്ളൂ…?”
ആ ഉത്തരം തൽക്കാലത്തേക്ക്
അവളുടെ വായ് അടപ്പിച്ചു എന്ന് പറയാം. വാഹനം മെയിൻ റോഡിലേക്ക് എടുത്ത ഹോളി ലണ്ടൻ ലക്ഷ്യമാക്കി
ഡ്രൈവ് ചെയ്തു.
അവൾ കാറിലെ CD പ്ലെയറിന്റെ
ബട്ടണുകളിൽ വിരലോടിച്ചു. സിനാട്രയുടെ ‘നൈറ്റ് ആൻഡ് ഡേ’ എന്ന ഗാനം സ്പീക്കറിലൂടെ ഒഴുകിയെത്തി.
അതിന്റെ വരികൾക്കൊപ്പം അവൾ തന്റെ ചുണ്ടുകൾ ചലിപ്പിച്ചു.
ആ ഗാനം അവസാനിച്ചതും ഹോളി
ചോദിച്ചു. “അപ്പോൾ ഇതെഴുതിയ കോൾ പോർട്ടറെയും നിങ്ങൾക്ക് ഇഷ്ടമായിരിക്കുമല്ലോ…”
“തീർച്ചയായും… സംഗീതം മാത്രമല്ല മുഖ്യം… അതിന്റെ വരികൾ… മനോഹരമായ
ഒരു കവിത കൂടിയാണത്…”
സീറ്റ് അല്പം പിറകോട്ട്
ചരിച്ച് ചാഞ്ഞ് കിടന്നു കൊണ്ട് അവൾ അടുത്ത ഗാനം ആസ്വദിച്ചു.
“ഇപ്പോഴത്തെ ഈ സംഭവവികാസങ്ങളിൽ
സന്തോഷവതിയാണോ നിങ്ങൾ…? ഞങ്ങളുടെ ടീമിൽ ചേരുവാൻ ഫെർഗൂസൻ നിങ്ങൾക്ക് മേൽ
സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നതാണ് ഞാൻ ഉദ്ദേശിച്ചത്…”
അവൾ അയാളെ രൂക്ഷമായി ഒന്ന്
നോക്കി. “എന്റെ കാര്യമോർത്ത് നിങ്ങൾക്ക് വല്ലാത്ത വേവലാതി ഉണ്ടെന്ന് തോന്നുന്നു…?”
“തീർച്ചയായും ഇല്ല…”
അവൾ പുഞ്ചിരിച്ചു. “നുണ… ആവശ്യത്തിലധികം വേവലാതിപ്പെടുന്നുണ്ടെന്ന് എനിക്കറിയാം…”
“അബുസാനിലെ വീരയോദ്ധാവല്ലേ
നിങ്ങൾ…? ഞാനെന്തിന് വേവലാതിപ്പെടണം…?”
അലോസരപ്പെടുത്തുന്നതിന്
പകരം അവളുടെ മുഖത്ത് പുഞ്ചിരിയാണ് വിരിഞ്ഞത്. ഒരു തരം ആത്മസംതൃപ്തിയുണ്ടായിരുന്നു ആ
പുഞ്ചിരിയിൽ അപ്പോൾ. “പാവം ഡാനിയൽ…” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. CD പ്ലെയറിന്റെ
വോളിയം കൂട്ടി വച്ചിട്ട് അവൾ ഗാനത്തിനൊപ്പം മൂളുവാൻ തുടങ്ങി.
(തുടരും)
No comments:
Post a Comment