ഇവാന്റെ കൈയിൽ വെടിയേറ്റിട്ടും
മർഫി പ്രകോപിതനായില്ല. ഹോളിയുടെ ഹാറ്റിനുള്ളിൽ നിന്നും തെറിച്ചു വീണ കോൾട്ട് 0.25 തന്റെ
പോക്കറ്റിൽ ഉള്ള കാര്യം ഓർമ്മയുണ്ടായിരുന്നു. ഇവാന്റെ കൈയിൽ നിന്നും താഴെ വീണ മാകറോവ്
ഗൺ ഹോളി കുനിഞ്ഞെടുക്കുന്നത് അയാൾ വീക്ഷിച്ചു. എന്തൊക്കെ സംഭവിച്ചാലും കാര്യങ്ങളുടെ
കടിഞ്ഞാൺ തന്റെ കൈയിൽത്തന്നെ ആയിരിക്കുമെന്ന് മർഫി വിശ്വസിച്ചു.
“കൃത്യസമയത്തുള്ള നിങ്ങളുടെ
ആഗമനം വെറും യാദൃച്ഛികമായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല ഓഫീസർ… നിങ്ങളുടെ പ്രകടനത്തെ ഞാൻ അഭിനന്ദിക്കുന്നു… ന്യൂയോർക്ക് പൊലീസിന് നിങ്ങളെയോർത്ത് അഭിമാനിക്കാം…” മർഫി പറഞ്ഞു.
“മുമ്പ് ഞാൻ നാടകങ്ങളിൽ
അഭിനയിച്ചിരുന്നു…” ഡില്ലൻ പറഞ്ഞു. “പക്ഷേ, പിന്നീടാണ് മനസ്സിലാക്കിയത്
തെരുവിലെ തീയേറ്ററാണ് കൂടുതൽ ആകർഷകം എന്ന്… കാണികൾ നൂറ് ശതമാനം ഗ്യാരണ്ടി… പ്രത്യേകിച്ചും ബെൽഫാസ്റ്റിൽ…”
മർഫി പെട്ടെന്ന് ശ്രദ്ധാലുവായി.
“ആഹ്, തെരുവിലെ ആ തീയേറ്ററോ…? അപ്പോൾ ഏത് ഭാഗത്തിന് വേണ്ടിയാണ് നിങ്ങൾ അഭിനയിച്ചിരുന്നത്…? എന്തായാലും IRA യ്ക്ക് വേണ്ടിയാണ് നിങ്ങൾ ഇരുവരും പ്രവർത്തിച്ചതെന്ന്
തോന്നുന്നില്ല…”
“എന്താ ഞങ്ങൾക്ക് പ്രവർത്തിച്ചാൽ…?”
“നിങ്ങളുടെ സംസാരത്തിൽ
അൾസ്റ്റർ ചുവയുണ്ടെന്ന് സമ്മതിക്കുന്നു… പക്ഷേ, നിങ്ങളുടെ ഈ സുഹൃത്ത് ഒരു ഇംഗ്ലീഷുകാരനല്ലേ…”
“വെൽ, നിങ്ങളൊരു ഡബ്ലിൻ
സ്വദേശിയാണെന്ന് ഉറപ്പിച്ചു പറയാൻ എനിക്ക് കഴിയും…” ഡില്ലൻ
പറഞ്ഞു. “IRA പ്രവർത്തകരാണെന്നും പറഞ്ഞ് ഇറങ്ങിയിട്ടുള്ള കുറേപ്പേരെ കണ്ടിട്ടുണ്ട്… പക്ഷേ, അവരൊന്നും യഥാർത്ഥ പ്രവർത്തകരാകണമെന്നില്ല… വിവിധ ഗ്രൂപ്പുകളുണ്ട്… ഉദാഹരണത്തിന് ഞങ്ങൾ പ്രൊവിഷണൽ IRA ഗ്രൂപ്പിൽപ്പെട്ടവരാണ്… പിന്നെ ഹോളിയുടെ കാര്യം… ഇയാളുടെ മാതാവ് ക്രോസ്മാഗ്‌ലൻ സ്വദേശിയാണ്… IRA യുടെ ശക്തികേന്ദ്രം എന്ന് ബ്രിട്ടീഷ് ആർമി വിശേഷിപ്പിച്ചിരിക്കുന്ന
സ്ഥലം… ഇയാളുടെ പിതാവ് യോർക്ക്ഷയർകാരനാണെന്നത് അത്ര കാര്യമാക്കണ്ട…”
മർഫി തെല്ല് അസ്വസ്ഥനാകുന്നത്
പോലെ തോന്നി. “നിങ്ങൾക്കിപ്പോൾ എന്താണ് വേണ്ടത്…?”
ഡില്ലൻ പുഞ്ചിരിച്ചു.
“ആദ്യം ഈ മനുഷ്യനെ ഒന്ന് എഴുന്നേൽപ്പിച്ച് നിർത്താം… ഇയാൾ റഷ്യൻ
ഫെഡറേഷന് തന്നെ അപമാനമാണ്… ഇയാളെയോർത്ത് വ്ലാഡിമിർ പുടിൻ ലജ്ജിക്കുന്നുണ്ടാവും…”
ഹോളി, ഇവാനെ പിടിച്ചെഴുന്നേൽപ്പിച്ച്
ആ മാൻഹോളിന്റെ വക്കിൽ നിർത്തിയിട്ട് ഡില്ലനെ നോക്കി. “ഇവിടെ നിർത്താനല്ലേ നിങ്ങൾ പറഞ്ഞത്,
ഡില്ലൻ…? പിടി വിട്ടാൽ ഇയാൾ ഇതിനകത്തേക്ക് വീഴും…”
അയാളെ അവഗണിച്ച് ഡില്ലൻ
മർഫിയുടെ നേർക്ക് തിരിഞ്ഞു. “നിങ്ങളോട് ഞാനൊരു ചോദ്യം ചോദിക്കാൻ പോകുകയാണ്… പറയുന്നത് സത്യമാണെങ്കിൽ നിങ്ങളെ ഞാൻ വെറുതെ വിടും… അതല്ല, നുണയാണെന്ന് പിന്നീട് തെളിഞ്ഞാൽ തിരികെ വന്ന് നിങ്ങളെ എനിക്ക്
വകവരുത്തേണ്ടി വരും… അതിനോട് എനിക്ക് ഒട്ടും താല്പര്യമില്ല, കാരണം വളരെ
തിരക്കുള്ള ഒരു മനുഷ്യനാണ് ഞാൻ…”
തെല്ല് വിഷമത്തോടെ മർഫി
പുഞ്ചിരിച്ചു. “അതൊരു പ്രശ്നം തന്നെയാണ്… എനിക്ക് മനസ്സിലാവുന്നു… പക്ഷേ, ഞാൻ പറയുന്നത് നുണയോ നേരോ എന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലാക്കാനാവും…?”
“എന്റെ പ്രവൃത്തിയിലൂടെ
നിങ്ങൾക്കത് കാണിച്ചു തരാം…” മാൻഹോളിന്റെ വക്കിൽ നിന്നിരുന്ന ഇവാന്റെ നേർക്ക്
ഡില്ലൻ തിരിഞ്ഞു. ശേഷം, ഹോളിയെ മുന്നിൽ നിന്നും പിടിച്ച് മാറ്റിയിട്ട് ആ റഷ്യക്കാരന്റെ
കാൽമുട്ടിന് താഴെ ഒരു ചവിട്ട് കൊടുത്തു. അടിതെറ്റി ഒരു അലർച്ചയോടെ ആ ഡ്രെയിനേജിലേക്ക്
വീണ അയാൾ കുത്തിയൊലിച്ച് ഒഴുകുന്ന ഓടയിലൂടെ ഒഴുകിപ്പോയി.
“പോയത് കണ്ടല്ലോ…” ഡില്ലൻ പറഞ്ഞു. “ഭാഗ്യമുണ്ടെങ്കിൽ പുഴയിൽ ചെന്ന് രക്ഷപെടും… പക്ഷേ, എനിക്ക് സംശയമാണ്…”
മർഫിയുടെ മുഖം ഭയം കൊണ്ട്
വിളറിയിരുന്നു. “എന്ത് മനുഷ്യനാണ് നിങ്ങൾ…?”
“എന്തിനും മടിയില്ലാത്തവനാണ്
ഞാൻ… അതുകൊണ്ട് എന്നോട് കളിക്കാൻ നിൽക്കണ്ട പാട്രിക്ക്…” ഡില്ലൻ പറഞ്ഞു. “കഴിഞ്ഞയാഴ്ച്ച അമിറ്റി എന്ന് പേരുള്ള ഒരു കപ്പൽ കൗണ്ടി
ഡൗൺ തീരത്ത് ആയുധങ്ങൾ ഇറക്കാൻ ശ്രമിക്കുന്നത് റോയൽ നേവിയുടെ ശ്രദ്ധയിൽപ്പെട്ടു… ആ കാർഗോ അയച്ചത് നിങ്ങളാണെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിശ്വസനീയമായ വിവരം… ഐറിഷ് ക്ലബ്ബുകളോ അതല്ല, ഇവിടുത്തെ ചില സംഘങ്ങൾ പിരിവ് നടത്തി കയറ്റി
അയച്ചതാണെന്നോ എന്നൊക്കെയുള്ള കഥകളിൽ എനിക്ക് താല്പര്യമില്ല… എനിക്കറിയേണ്ടത്, നോർത്തേൺ അയർലണ്ടിൽ നിന്നും ആരാണ് ആ കാർഗോ ഓർഡർ ചെയ്തത്
എന്നാണ്… അതിന്റെ ഉത്തരം പറഞ്ഞാൽ നിങ്ങളെ ഞാൻ വെറുതെ വിടാം…”
ഒരു നിമിഷം, മർഫി സംസാരിക്കാൻ
ബുദ്ധിമുട്ടുന്നത് പോലെ തോന്നി. “നിങ്ങൾക്ക് അറിയില്ല എന്ന് പറയാനുള്ള ശ്രമത്തിലാണെന്ന്
തോന്നുന്നു…?” ഹോളി ചോദിച്ചു.
പറയാൻ വന്നത് വിഴുങ്ങിയിട്ടെന്ന
പോലെ മർഫി വായ് തുറന്നു. “അല്ല, അതയച്ചത് ആരാണെന്ന് എനിക്കറിയാം… ഞങ്ങൾ ഇത്തരം ആയുധക്കയറ്റുമതി ധാരാളം ചെയ്യുന്നുണ്ട്… ചില ചെറിയ ആഫ്രിക്കൻ രാഷ്ട്രങ്ങൾ, കിഴക്കൻ യൂറോപ്പിലെ ചില സംഘടനകൾ
തുടങ്ങിയവയ്ക്കൊക്കെ… അവരൊന്നും വമ്പൻ സ്രാവുകളല്ല… ധാരാളം ചെറുകിട ഏജൻസികൾ ഞങ്ങൾ മുഖേനയാണ് ആയുധങ്ങൾ കയറ്റിയയ്ക്കുന്നത്… പേരുകേട്ട ഷിപ്പിങ്ങ് കമ്പനികളൊന്നും ഇത്തരം കേസുകൾ ഏറ്റെടുക്കാറില്ല…”
“വലിച്ചു നീട്ടാതെ കാര്യത്തിലേക്ക്
വരൂ…” ഡില്ലൻ പറഞ്ഞു.
“അത്തരത്തിൽ ഒരാളുടെ ഫോൺ
കോൾ എനിക്ക് വന്നു… ഒരു ഐറിഷ് കസ്റ്റമർ അയാളുടെ സഹായം തേടി ന്യൂയോർക്കിൽ
എത്തിയിട്ടുണ്ടെന്നും പറഞ്ഞ്…”
“എന്നിട്ട് അയാൾ ഇവിടെ
വന്നു…?”
“അതെ… നിങ്ങളെപ്പോലെ തന്നെ അൾസ്റ്റർ ചുവയുണ്ടായിരുന്നു അയാളുടെ സംസാരത്തിൽ… അധികമൊന്നും വിട്ടുപറയാൻ കൂട്ടാക്കാത്ത ആൾ… ഏതാണ്ട് അറുപത്തിയഞ്ചിനടുത്ത് പ്രായം… നരച്ച മുടിയുള്ള ഒരു സുമുഖൻ… നല്ല നേതൃത്വപാടവമുള്ള ഒരാൾ എന്ന് ഞാൻ പറയും…”
“എന്തായിരുന്നു അയാളുടെ
പേര്…?” ഡില്ലൻ ചോദിച്ചു.
“മിഹേൽ ഫ്ലിൻ… അങ്ങനെയാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്… മാഴ്സെയ്‌ൽസിൽ അയാൾക്ക് ഒരു ഹാൻഡ്‌ലിങ്ങ് ഏജന്റ് ഉണ്ടെന്നാണ് പറഞ്ഞത്… പണം മുഴുവനും ഒരു ഹോൾഡിങ്ങ് കമ്പനിയ്ക്കാണ് നൽകിയത്… അവരാണ് അമിറ്റിയ്ക്ക് വേണ്ടുന്ന വ്യാജരേഖകൾ നൽകിയതും കപ്പലിലെ ക്രൂ
ആയി അര ഡസനോളം ഗുണ്ടകളെ ഏർപ്പാടാക്കിയതും.. അവരെയൊന്നും കണ്ടുപിടിക്കാൻ ഒരിക്കലും നിങ്ങൾക്കാവില്ലെന്ന്
ഞാൻ ഉറപ്പിച്ചു പറയുന്നു… മാഴ്സെയ്‌ൽസിൽ നിന്നും ബാങ്ക് ഡ്രാഫ്റ്റ് ആയിട്ടാണ്
എനിക്കുള്ള പണം ലഭിച്ചത്… ഈ പറയുന്ന മിഹേൽ ഫ്ലിന്നിനെ പിന്നീട് ഞാൻ കണ്ടിട്ടേയില്ല… പത്രങ്ങളിൽ നിന്നാണ് ആ കപ്പൽ റോയൽ നേവിയുടെ നിരീക്ഷണത്തിൽപ്പെട്ട കാര്യം
ഞാൻ അറിയുന്നത്… നിർഭാഗ്യകരം എന്നല്ലാതെ എന്ത് പറയാൻ…”
ഹോളി, ഡില്ലന് നേർക്ക്
തിരിഞ്ഞു. “ഇയാൾ പറയുന്നത് വിശ്വസിക്കാമോ…?”
“വിശ്വസിച്ചല്ലേ പറ്റൂ…?”
“എന്ന് വച്ചാൽ ഞാൻ സംശയമുനയിൽ
നിന്നും മുക്തനായി എന്നാണോ…?” മർഫി ചോദിച്ചു.
“അങ്ങനെയാണ് തോന്നുന്നത്…” ഡില്ലൻ അയാളോട് പറഞ്ഞു. “ഭാവിയിൽ നിങ്ങളോടൊപ്പം കുറച്ചു കൂടി കൊള്ളാവുന്ന
ആളുകളെ കൊണ്ടുനടക്കാൻ ശ്രദ്ധിക്കണം… ആ ബാസ്റ്റർഡ് ഇവാൻ ആൾ ഒട്ടും ശരിയായിരുന്നില്ല…”
“അത് കലക്കി…” മുഷ്ടി ചുരുട്ടി മേശമേൽ ഇടിച്ചിട്ട് മർഫി എഴുന്നേറ്റ് ഇപ്പുറത്ത്
വന്നു. “നിങ്ങൾ പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നു മിസ്റ്റർ ഡില്ലൻ… എനിക്കിത് അത്ര പരിചയമില്ലാത്തതാണ്… അതുകൊണ്ട്
ഞാൻ വേറെ ചില കാര്യങ്ങൾ കൂടി പറയാം…”
മനോഹരമായി പുഞ്ചിരിച്ചുകൊണ്ട്
ഡില്ലൻ ഹോളിയുടെ നേർക്ക് തിരിഞ്ഞു. “നോക്കൂ ഡാനിയൽ, പാട്രിക്കിന് ഭാരം മുഴുവൻ തലയിൽ
നിന്ന് ഇറക്കി വയ്ക്കാൻ ആഗ്രഹം… നല്ല കാര്യമല്ലേ അത്…?”
എന്നാൽ ശേഷം അയാൾ പറഞ്ഞ
കാര്യങ്ങളൊന്നും ഡില്ലൻ ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല.
“ഒരു കാര്യം കൊണ്ട് മാത്രമാണ്
നിങ്ങളെ ഞാൻ പിടിച്ചു നിർത്തിയത്… ആ മിഹേൽ ഫ്ലിൻ ശരിയ്ക്കും ആരാണെന്ന കാര്യം ഞാൻ
കണ്ടുപിടിച്ചിരുന്നു… എന്നോട് അത്ര നന്നായിട്ടല്ല അയാൾ പെരുമാറിയത്… അതുകൊണ്ടാണ് നിങ്ങളോട് കാര്യങ്ങൾ വെളിപ്പെടുത്താൻ ഞാൻ തീരുമാനിച്ചത്…”
ഡില്ലന്റെ മുഖത്ത് ഇപ്പോൾ
പുഞ്ചിരി ഉണ്ടായിരുന്നില്ല. “അയാൾ ആരാണെന്ന് എങ്ങനെയാണ് നിങ്ങൾ കണ്ടുപിടിച്ചത്…?”
“ഒരു ദിവസം വൈകിട്ട് എന്നെ
കാണാൻ അയാൾ വന്നിരുന്നു… ഇവിടെ എത്തിയപ്പോഴാണ് അയാളുടെ മൊബൈലിൽ ചാർജ്ജ്
ഉണ്ടായിരുന്നില്ല എന്നറിഞ്ഞത്… നോർത്തേൺ അയർലണ്ടിൽ ആരെയോ വിളിക്കേണ്ട സമയം ആയിരുന്നതിനാൽ
അയാൾ വളരെ അസ്വസ്ഥനായിരുന്നു… വളരെ പ്രാധാന്യമുള്ള എന്തോ കാര്യമാണെന്ന് അയാളുടെ
വെപ്രാളത്തിൽ നിന്നും എനിക്ക് മനസ്സിലായി… എന്റെ ലാൻഡ് ലൈൻ ഉപയോഗിക്കാൻ അയാൾ അനുവാദം ചോദിച്ചു…”
ഡില്ലൻ തല കുലുക്കി.
“അങ്ങനെ പാരലൽ ലൈനിലൂടെ നിങ്ങൾ അവരുടെ സംഭാഷണം ഒളിച്ചു കേട്ടു…”
മർഫി തല കുലുക്കി. “ന്യൂയോർക്കിൽ
നിന്നും ജാക്ക് കെല്ലിയാണ് സംസാരിക്കുന്നത് എന്നാണ് അയാൾ പരിചയപ്പെടുത്തിയത്… ഓപ്പറേഷൻ അമിറ്റി കൺഫേംഡ് ആയി എന്നും എട്ടാം തീയതി രാത്രി സെന്റ് ജോൺസ്
പോയിന്റിന് അടുത്തുള്ള ഡൻഡ്രം ബേയുടെ വടക്ക് ഭാഗത്തെ ബീച്ചിൽ എത്തിച്ചേരുമെന്നും അയാൾ
പറഞ്ഞു…”
“കൗണ്ടി ഡൗൺ എന്ന് പറയുന്ന
സ്ഥലം തന്നെയാണത്…” ഡില്ലൻ പറഞ്ഞു. “വേറെന്തെങ്കിലും അയാൾ പറഞ്ഞോ…?”
“അപ്പോഴേക്കും ഞാൻ ഫോൺ
വച്ചു… പിടിക്കപ്പെടാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല… ഫോൺ ബിൽ വന്നപ്പോൾ ഞാൻ ആ നമ്പർ പരിശോധിച്ചു… ബെൽഫാസ്റ്റിലെ ഫാൾസ് റോഡിലുള്ള ഏതോ ഒരു പബ്ലിക്ക് ടെലിഫോൺ ബൂത്തിന്റേതായിരുന്നു
അത്…”
“ആരായിരുന്നാലും ശരി,
വളരെ കരുതലോടെയാണ് അവരുടെ നീക്കങ്ങൾ…” ഹോളി പറഞ്ഞു. “അവരെ കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നില്ല…” അയാൾ ഒന്ന് നിർത്തി. “ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെയായിരിക്കുമോ ഈ
ജാക്ക് കെല്ലി…? ദൈവത്തിന് മാത്രമറിയാം… അയർലണ്ടിൽ സർവ്വസാധാരണമായ ഒരു പേരാണത്…”
“നമ്മുടെ ജീൻ ടാൽബട്ടിന്
വേണ്ടി പ്രവർത്തിച്ചിരുന്ന, നാം തേടിക്കൊണ്ടിരുന്ന ആ ജാക്ക് കെല്ലി ആണെന്നാണോ…?” ഡില്ലൻ ചോദിച്ചു.
“എനിക്ക് ഉറപ്പൊന്നുമില്ല… ഒരു പക്ഷേ………” അത് മുഴുമിപ്പിക്കാൻ ഡില്ലൻ സമ്മതിച്ചില്ല.
“പതിനെട്ടാം വയസ്സിൽ
IRA വളണ്ടിയർ ആയി പ്രവർത്തനം തുടങ്ങിയ ആ ജാക്ക് കെല്ലി…? മുപ്പത് വർഷത്തിലേറെയായി വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന
ആൾ… ആർമി കൗൺസിലിൽ സേവനമനുഷ്ഠിച്ചയാൾ…?” ഡില്ലൻ ചോദിച്ചു.
“അതെ… സമാധാന ശ്രമങ്ങളിൽ ഒട്ടും സന്തുഷ്ടനല്ലായിരുന്നു അയാൾ…” ഹോളി പറഞ്ഞു. “അയാൾ തന്നെയാണ് ഇതെങ്കിൽ എന്തായിരിക്കും അയാളുടെ ഉദ്ദേശ്യം
എന്നതാണ് എന്നെ ഉത്കണ്ഠപ്പെടുത്തുന്നത്…”
“അക്കാര്യം നമുക്ക് ഫെർഗൂസണും
റോപ്പറിനും വിട്ടുകൊടുക്കാം…” ഡില്ലൻ പറഞ്ഞു.
“രണ്ടു പക്ഷത്തും നാം
പ്രവർത്തിച്ചു എന്നതോർക്കുമ്പോൾ വിചിത്രമായി തോന്നുന്നു…” ഹോളി പറഞ്ഞു. “അത് എങ്ങനെ സംഭവിച്ചു എന്നാണ് നിങ്ങൾ കരുതുന്നത്…?”
“ഡാനിയൽ, ദൈവത്തിൽ വിശ്വസിക്കുന്ന
ആളായിരുന്നു ഞാനെങ്കിൽ അതൊക്കെ ദൈവത്തിന്റെ പദ്ധതിയാണെന്ന് പറയാമായിരുന്നു… പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അത് എങ്ങനെ സംഭവിച്ചു എന്ന് ഒരു പിടിയും
കിട്ടുന്നില്ല…” ഡില്ലൻ പറഞ്ഞു.
“എനിക്കും അറിയില്ല…” ഹോളി പറഞ്ഞു. “എന്തായാലും അധികം താമസിയാതെ ജനറൽ ഫെർഗൂസൺ കെല്ലിയെ
പോയി കാണുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്…”
ഡില്ലൻ മർഫിയുടെ നേർക്ക്
തിരിഞ്ഞു. “പറഞ്ഞത് സത്യമാണെന്ന് ഞാൻ വിശ്വസിച്ചു എന്ന സന്തോഷത്തിലായിരിക്കും നിങ്ങൾ
അല്ലേ…? എന്നാലും, നിങ്ങൾ പറഞ്ഞത് നുണയാണെന്ന് നിങ്ങൾക്ക്
തന്നെ അറിയാവുന്നതിനാൽ ഞാൻ എങ്ങനെയാണ് പ്രതികരിക്കുക എന്നൊരു ഭയവും ഉണ്ടല്ലേ…?”
“തീർച്ചയായും ഇല്ല, മിസ്റ്റർ
ഡില്ലൻ…” അങ്ങനെ പറഞ്ഞെങ്കിലും അയാളുടെ മുഖത്ത് പരിഭ്രമം
നിഴലിച്ചു തുടങ്ങിയത് വ്യക്തമായി കാണാമായിരുന്നു.
“വിഷമിക്കണ്ട…” ഡില്ലൻ പറഞ്ഞു. “നിങ്ങൾ തന്ന വിവരങ്ങൾ പലതും ഞങ്ങൾക്ക് ഉപകരിക്കുന്നതാണ്… എന്റെ സുഹൃത്തിന്റെ ആ കോൾട്ട് 0.25 പിസ്റ്റൾ കൂടി തിരിച്ചു തന്നാൽ
നമുക്കിടയിലെ പരസ്പര വിശ്വാസം ഒന്നു കൂടി അരക്കിട്ടുറപ്പിക്കാമായിരുന്നു… മേശപ്പുറത്ത് കിടക്കുന്ന ആ ഹാറ്റിനുള്ളിലെ ക്ലിപ്പിൽ ആ സാധനം കാണാനില്ലാത്തതു
കൊണ്ട് പറഞ്ഞതാണ്…”
“നിങ്ങൾ എന്തൊക്കെയാണീ
പറയുന്നത്…?” ഒരു ആശ്ചര്യഭാവം മുഖത്ത് വരുത്തിക്കൊണ്ട് മർഫി
ചോദിച്ചു. ശേഷം മിന്നൽ വേഗത്തിൽ ഹോളിയുടെ പിന്നിലെത്തി പോക്കറ്റിൽ നിന്നും എടുത്ത കോൾട്ട്
അയാളുടെ തലയോട്ടിയിൽ ചേർത്തു പിടിച്ചു.
“കൂടുതൽ പ്രശ്നങ്ങളൊന്നും
ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല… എനിക്ക് രക്ഷപെടണം… പക്ഷേ, വേണ്ടി വന്നാൽ അതിന് നിങ്ങളുടെ സുഹൃത്തിനെ കൊല്ലാനും ഞാൻ മടിക്കില്ല… അതുകൊണ്ട് നിങ്ങളുടെ കൈയിലെ വാൾട്ടർ ആ മാൻഹോളിലേക്ക് ഇടൂ… പുറത്തിറങ്ങി കാറിൽ കയറി ഞാൻ അപ്രത്യക്ഷനാകുന്നത് വരെ അനങ്ങിപ്പോകരുത്… മണ്ടത്തരത്തിന് തുനിഞ്ഞാൽ നിങ്ങളുടെ സുഹൃത്തിന്റെ ശവമായിരിക്കും ഇവിടെ
വീഴുക…”
“അതെനിക്ക് താങ്ങാനാവില്ല… പക്ഷേ, ഇത്രയും നല്ല ഒരു പിസ്റ്റൾ ടോയ്‌ലറ്റിൽ ഇടുക എന്നൊക്കെ പറഞ്ഞാൽ… വേറെ വഴിയില്ലല്ലോ… ഇതാ, ഇട്ടു…” ഡില്ലൻ
തന്റെ കൈയിലെ വാൾട്ടർ ആ ഡ്രെയിനേജിലേക്ക് ഇട്ടു.
തലയ്ക്ക് പിന്നിൽ തോക്ക്
ചൂണ്ടിക്കൊണ്ട് മർഫി ഹോളിയെ വാതിൽക്കലേക്ക് ഉന്തിത്തള്ളി കൊണ്ടുപോയി. പിന്നാലെ ചെന്ന
ഡില്ലനെ നോക്കി മർഫി അലറി. “അനങ്ങിപ്പോകരുത്… ഇയാളെ ജീവനോടെ വേണ്ടേ നിങ്ങൾക്ക്…?”
“ഹേയ്, ടേക്ക് ഇറ്റ് ഈസി…” ഹോളി മർഫിയോട് പറഞ്ഞു. “ജസ്റ്റ് ബീ കെയർഫുൾ… നിങ്ങൾക്ക് കോൾട്ട് 0.25 തോക്കുകൾ ഉപയോഗിച്ച് പരിചയമുണ്ടെന്ന് കരുതുന്നു… പ്ലസ് ബട്ടൺ ഓൺ അല്ലെങ്കിൽ അതിനുള്ളിലെ ഹോളോ പോയിന്റ് കാർട്രിഡ്ജുകൾ
നിങ്ങളുടെ മുഖം തകർത്ത് തരിപ്പണമാക്കിയിരിക്കും…”
അവർ വാതിൽക്കൽ എത്തുന്നതേയുണ്ടായിരുന്നുള്ളൂ.
ഹോളിയുടെ വാക്കുകൾ കേട്ട് ചിന്താക്കുഴപ്പത്തിലായ മർഫി പിസ്റ്റളിലെ പിടി അയച്ചു. ആകെപ്പാടെ
പരിഭ്രാന്തനായ അയാൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. പിന്നെ ഒട്ടും താമസിച്ചില്ല,
ഹോളി അയാളെ ആഞ്ഞു തൊഴിച്ചു. അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ മർഫി പകച്ചു നിൽക്കവെ മുന്നോട്ടോടിയ
ഹോളി അവിടെയുണ്ടായിരുന്ന പഴയ വാനിന്റെ പിന്നിൽ ഒളിച്ചു. മനഃസാന്നിദ്ധ്യം വീണ്ടെടുത്ത
മർഫി ഹോളി നിന്ന ഭാഗത്തേക്ക് വെടിയുതിർത്തു. പിസ്റ്റളിന് കുഴപ്പമൊന്നും ഇല്ലെന്ന് കണ്ടപ്പോഴാണ്
ഹോളി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് അയാൾക്ക് മനസ്സിലായത്. അയാൾ തിരിഞ്ഞ് മഴയത്തു
കൂടി കോർട്ട്‌യാർഡിലേക്ക് ഓടി.
ഡില്ലന്റെ വലതു കണങ്കാലിലെ
ഉറയിൽ ഒരു കോൾട്ട് പിസ്റ്റൾ ഒളിപ്പിച്ചു വച്ചിരുന്നു. അത് വലിച്ചെടുത്ത് അദ്ദേഹം വാതിൽക്കലേക്ക്
ഓടി. പച്ചനിറമുള്ള ലിങ്കൺ കാറിന്റെ ഡോർ തുറക്കാൻ ശ്രമിക്കുകയായിരുന്ന മർഫിയുടെ നേർക്ക്
അദ്ദേഹം വെടിയുതിർത്തു. മർഫിയും വിട്ടുകൊടുത്തില്ല. അലക്ഷ്യമായി തിരികെ വെടിയുതിർത്തിട്ട്
റോഡിനപ്പുറത്തേക്ക് ഓടിയ അയാൾ ഈസ്റ്റ് റിവറിന് സമാന്തരമായുള്ള നടപ്പാതയിലേക്ക് ഓടിക്കയറി.
താഴെ കുത്തിയൊലിച്ച് ഒഴുകുന്ന നദി. എങ്ങോട്ട് പോകണമെന്നറിയാതെ ഒരു നിമിഷം സംശയിച്ച്
നിന്നിട്ട് തിരിഞ്ഞ അയാൾ കണ്ടത് തന്റെ നേർക്ക് ഓടി വരുന്ന ഡില്ലനെയും ഹോളിയെയുമാണ്.
“രക്ഷപെടാമെന്ന് കരുതണ്ട
പാട്രിക്ക്… നിങ്ങൾ
എന്നോട് പറഞ്ഞത് സത്യമായിരുന്നല്ലോ അല്ലേ…?” ഡില്ലൻ ചോദിച്ചു.
“ഡാംൻ യൂ…” മർഫി അലറി. കനത്ത മഴ കാരണം കാഴ്ച്ച വ്യക്തമായിരുന്നില്ലെങ്കിലും അയാൾ
അവർക്ക് നേരെ ഉന്നം പിടിക്കാൻ ശ്രമിച്ചു.
എന്നാൽ വൈകിപ്പോയിരുന്നു.
ഡില്ലന്റെ പിസ്റ്റളിൽ നിന്നും ഒന്നിന് പിറകെ ഒന്നായി ഉതിർന്ന രണ്ട് വെടിയുണ്ടകൾ മർഫിയുടെ
ഇടനെഞ്ചിലാണ് തറച്ചത്. അതിന്റെ ആഘാതത്തിൽ ഒന്ന് വട്ടം തിരിഞ്ഞ അയാളുടെ ദേഹത്ത് മൂന്നാമത്തെ
വെടിയുണ്ടയും ഏറ്റു. കൈവരികൾക്ക് മുകളിലൂടെ അയാൾ നദിയിലേക്ക് പതിച്ചു. ഓടിയെത്തിയ ഡില്ലൻ
കണ്ടത് വെള്ളത്തിനടിയിൽ നിന്നും ഉയർന്നു വന്ന മർഫി ശക്തിയായ ഒഴുക്കിൽപ്പെട്ട് അപ്രത്യക്ഷനാകുന്നതാണ്.
ഹോളി അദ്ദേഹത്തിനരികിലെത്തി.
“എനിക്കൊന്നും മനസ്സിലായില്ല… ചിലപ്പോഴെല്ലാം നിങ്ങൾ ആവശ്യത്തിലധികം കളിക്കുന്നു,
ഷോൺ…”
“തീർച്ചയായും… അയാൾ പറയുന്നത് നേരാണെന്ന് എനിക്ക് ഉറപ്പ് വരുത്തണമായിരുന്നു… പക്ഷേ, തുടക്കത്തിൽ അയാൾ പറഞ്ഞതെല്ലാം നുണയായിരുന്നു… സംശയമൊന്നുമില്ലല്ലോ…?”
“അപ്പോൾ ഈ ജാക്ക് കെല്ലി നാം ഉദ്ദേശിക്കുന്ന ആൾ തന്നെയാണല്ലേ…?”
“അത് വഴിയേ അറിയാം നമുക്ക്… ഇപ്പോൾ പ്ലാസാ ഹോട്ടലിലേക്ക്… ആരിലും
ആകർഷണം ജനിപ്പിക്കുന്ന ക്യാപ്റ്റൻ സാറാ ഗിഡിയോണുമായുള്ള പ്രഥമ സമാഗമത്തിന്…”
“തീർച്ചയായും, അതിനല്ലേ
നാം കാത്തിരിക്കുന്നത്…” നടപ്പാതയിൽ നിന്നും റോഡിലേക്കുള്ള പടികൾ ഇറങ്ങിയ
ഡില്ലനെ അനുഗമിച്ചു കൊണ്ട് ഹോളി പറഞ്ഞു.
(തുടരും)
ഇനി നേരെ പ്ലാസ ഹോട്ടലിലേക്ക്..
ReplyDelete