ട്രക്കിന്റെ ഡോർ തുറന്ന്
ഷോൺ ഡില്ലൻ മഴയത്തേക്കിറങ്ങി. വലതു കൈയിൽ ബാറ്റണുമായി നടന്നു നീങ്ങിയ അദ്ദേഹം ഇടതു
വശത്തേക്കുള്ള തെരുവിൽ അപ്രത്യക്ഷനായി. അല്പനേരം കാത്തു നിന്നിട്ട് ഡാനിയൽ ഹോളി തന്റെ
പോക്കറ്റിൽ നിന്നും ചുരുട്ടി വച്ചിരുന്ന ആ ബർബെറി റെയിൻ ഹാറ്റ് പുറത്തെടുത്തു. അതിനുള്ളിലുള്ള
സ്പ്രിങ്ങിൽ ഒരു കോൾട്ട് 0.25 പിസ്റ്റൾ ക്ലിപ്പ് ചെയ്തു വച്ചിട്ടുണ്ടായിരുന്നു. ആ ഹാറ്റ്
തലയിൽ അണിഞ്ഞ് ട്രക്കിൽ നിന്നും പുറത്തിറങ്ങിയ അയാൾ മഴയത്ത് തിടുക്കത്തിൽ നടന്നു.
വെയർഹൗസിനുള്ളിലേക്ക്
പ്രവേശിച്ച ഹോളി കണ്ടത് തുരുമ്പെടുത്തു തുടങ്ങിയ പലതരം മെഷീനറികൾ അലങ്കോലമായി കൂട്ടിയിട്ടിരിക്കുന്നതാണ്.
ഇരുണ്ട് മൂകമായ അന്തരീക്ഷം. മേൽക്കൂരയിൽ ചോർച്ചയുള്ള ഭാഗങ്ങളിൽ നിന്നും മഴവെള്ളം ഉള്ളിലേക്ക്
ഒഴുകി വീഴുന്നുണ്ട്. മേൽക്കൂരയിൽ അങ്ങിങ്ങായി ചെയിൻ ഹോസ്റ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്.
രണ്ട് പഴഞ്ചൻ വാനുകൾ ഒരു ഭാഗത്തായി പാർക്ക് ചെയ്തിരിക്കുന്നു. അല്പം കൂടി മുന്നോട്ട്
നടന്നപ്പോൾ ഒരു മേശയും അതിനു ചുറ്റും ഏതാനും കസേരകളും ഇട്ടിരിക്കുന്നത് കണ്ടു. അതിനു
മുകളിൽ സീലിങ്ങിൽ നിന്നും തൂങ്ങിക്കിടക്കുന്ന ബൾബ് കത്തുന്നുണ്ട്. മുകളിലത്തെ പ്ലാറ്റ്ഫോമിൽ
നിന്നും താഴേക്ക് ഇറങ്ങുന്നതിനുള്ള ഇരുമ്പ് കോണി തൊട്ടരികിൽ തന്നെ കാണാം. അവിടെങ്ങും
ആരെയും കാണാനുണ്ടായിരുന്നില്ല.
“ഹലോ… ആരുമില്ലേ ഇവിടെ…? പാട്രിക്ക് മർഫിയുമായി ഒരു അപ്പോയ്ൻമെന്റ് ഉണ്ടായിരുന്നു
എനിക്ക്…” ഹോളി വിളിച്ചു പറഞ്ഞു.
“മിസ്റ്റർ ഗ്രിംഷാ ആണോ
അത്…?” ഉള്ളിൽ എവിടെ നിന്നോ കേട്ട മറുചോദ്യം അമേരിക്കൻ
ആയിരുന്നില്ല, ഐറിഷ് ചുവയുള്ളതായിരുന്നു.
വെള്ളിനിറത്തിലുള്ള മുടിയുള്ള
ഒരു മദ്ധ്യവയസ്കൻ വെളിച്ചത്തേക്ക് കടന്നു വന്നു. സ്വെറ്ററിന് മുകളിൽ ഇരുണ്ട നിറമുള്ള
ഒരു സ്യൂട്ട് അണിഞ്ഞിട്ടുണ്ട്. സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണമെടുത്ത് അയാൾ തീ
കൊളുത്തി.
“അതെ, ഞാൻ ഡാനിയൽ ഗ്രിംഷാ…” ഹോളി പറഞ്ഞു.
“എങ്കിൽ ഉള്ളിലേക്ക് വരൂ…”
“താങ്ക് യൂ…” ഹോളി ഒരു ചുവട് മുന്നോട്ട് വച്ചതും വലതു വശത്ത് പാർക്ക് ചെയ്തിരുന്ന
വാനിന്റെ പിൻഭാഗത്തെ ഡോർ തുറന്ന് ഒരാൾ പുറത്തേക്ക് വന്നു. അയാളുടെ കൈയിൽ ഒരു മാക്കറോവ്
തോക്ക് ഉണ്ടായിരുന്നു. വൃത്തിയില്ലാത്ത നീണ്ട താടിരോമങ്ങൾ. തോളറ്റം നീളത്തിൽ അലസമായി
കിടക്കുന്ന തലമുടി. ഒരു ബോംബർ ജാക്കറ്റാണ് അയാൾ ധരിച്ചിരിക്കുന്നത്. ഹോളിയുടെ തൊട്ടു
പിന്നിൽ എത്തിയ അയാൾ തോക്കിന്റെ കുഴൽ ഹോളിയുടെ നട്ടെല്ലിൽ ചേർത്ത് പിടിച്ചു.
“ഇയാളെ ഇപ്പോൾത്തന്നെ
വകവരുത്തിയേക്കട്ടേ…?” മർഫിയോട് അയാൾ ചോദിച്ചത് റഷ്യൻ ഭാഷയിൽ ആയിരുന്നു.
റഷ്യൻ ഭാഷ വശമുള്ളതു കൊണ്ട് ഹോളിയ്ക്ക് അത് മനസ്സിലാവുകയും ചെയ്തു.
“ആദ്യം ഇയാളുടെ ഉദ്ദേശ്യം
എന്താണെന്ന് നോക്കാം നമുക്ക്… എന്നിട്ട് മതി…” മർഫിയുടെ
മറുപടിയും റഷ്യൻ ഭാഷയിൽ ആയിരുന്നു.
“ഈ പറഞ്ഞത് ന്യായം…” ഹോളി പറഞ്ഞതും റഷ്യൻ ഭാഷയിൽത്തന്നെ ആയിരുന്നു.
“നിങ്ങൾക്ക് റഷ്യൻ അറിയാമല്ലേ…?” മർഫി പെട്ടെന്ന് ജാഗരൂകനായി. “കൊസോവൻ പടയാളികൾക്ക് വേണ്ടി ആയുധം
വാങ്ങാൻ വന്നതാണല്ലേ…? സെർബുകൾ വീണ്ടും പ്രശ്നമുണ്ടാക്കി തുടങ്ങിയോ…? ഈ നിൽക്കുന്ന ഇവാൻ റഷ്യക്കാരനാണ്… അതുകൊണ്ട്
തന്നെ അയാൾ സെർബിയൻ പക്ഷത്താണെന്ന് കൂട്ടിക്കോളൂ… എങ്കിലും
നിങ്ങൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ ഞാൻ തയ്യാറാണ്…” ഇത്തവണ അയാൾ പറഞ്ഞതത്രയും ഇംഗ്ലീഷിലായിരുന്നു. ശേഷം ഇവാനോട് റഷ്യൻ
ഭാഷയിൽ പറഞ്ഞു. “ഇയാളുടെ പക്കൽ ആയുധമൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തൂ…”
ഇവാന്റെ കൈകൾ ഹോളിയുടെ
ദേഹമാസകലം പരതി. പ്രത്യേകിച്ചും കാലുകൾക്കിടയിൽ. “നീളമുള്ള എന്തെങ്കിലുമായിരിക്കുമല്ലേ
നിങ്ങൾ തപ്പുന്നത്…?” ഹോളി ചോദിച്ചു.
ഇവാൻ അയാളെ ശക്തിയായി
മുന്നോട്ട് തള്ളി. അടി തെറ്റി വീഴാനാഞ്ഞ ഹോളിയുടെ ബർബെറി റെയിൻ ഹാറ്റ് താഴെ വീണു. അതിനുള്ളിൽ
ഘടിപ്പിച്ചിരുന്ന കോൾട്ട് പിസ്റ്റൾ ശ്രദ്ധയിൽപ്പെട്ട ഇവാൻ പെട്ടെന്നതെടുത്ത് മേശപ്പുറത്തേക്ക്
എറിഞ്ഞു.
“കണ്ടില്ലേ… ഇനി ഇയാളെ തട്ടിയേക്കട്ടേ…?” ഇവാൻ ചോദിച്ചു.
റെയിൻ ഹാറ്റിനുള്ളിലെ
ക്ലിപ്പിൽ നിന്നും ഊരിയെടുത്ത ആ കോൾട്ട് പിസ്റ്റൾ മർഫി പരിശോധിച്ചു. “വെരി നൈസ്… ഐ ലൈക്ക്ഡ് ഇറ്റ്…” ആ ഹാറ്റ് മേശപ്പുറത്തേക്കിട്ട് പിസ്റ്റൾ തന്റെ
പോക്കറ്റിൽ നിക്ഷേപിച്ചു കൊണ്ട് മർഫി പറഞ്ഞു.
“ഒരു തികഞ്ഞ പ്രൊഫഷണൽ
മാത്രമേ ഇത്തരം തോക്കുകൾ ഉപയോഗിക്കാറുള്ളൂ…” ഇവാൻ പറഞ്ഞു.
“എനിക്കറിയാം… വിഡ്ഢിയൊന്നുമല്ല ഞാൻ… നമ്മുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം നൽകുന്നില്ലെങ്കിൽ
എവിടെപ്പോയാണ് ഇയാൾ അവസാനിക്കുക എന്നത് കാണിച്ചു കൊടുക്കൂ…”
ഇവാൻ കുനിഞ്ഞ് തറയിലുള്ള
ഒരു റിങ്ങിൽ പിടിച്ച് മുകളിലേക്ക് ഉയർത്തി. മാൻഹോളിന്റെ മൂടി തുറന്നതും അടിയിൽ നിന്നും
വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കാറായി. ഒപ്പം മലിനജലത്തിന്റെ ദുർഗന്ധവും.
ഡില്ലൻ, നിങ്ങൾ എവിടെയാണ്…? ഹോളിയുടെ മനസ്സിൽ ആ ഒരു ചോദ്യം മാത്രമായിരുന്നു അപ്പോൾ.
പരിഭ്രാന്തി അഭിനയിച്ചു കൊണ്ട് അയാൾ ചുറ്റിനും നോക്കി.
“എന്താണിതൊക്കെ…? എന്താണ് നിങ്ങളുടെ ഉദ്ദേശ്യം…? ഞാൻ പറഞ്ഞല്ലോ
എന്റെ പേര് ഡാനിയൽ ഗ്രിംഷാ എന്നാണെന്ന്…” ഹോളി മർഫിയോട് പറഞ്ഞു.
“വെൽ, നിങ്ങൾ പറയുന്നതെല്ലാം
നുണയാണെന്നാണ് എനിക്ക് തോന്നുന്നത്… പെട്ടെന്ന് സത്യം പറയുന്നതാണ് നല്ലത് മിസ്റ്റർ… അല്ലെങ്കിൽ ഇവാൻ നിങ്ങളുടെ വലതുകൈ ഒടിച്ചിരിക്കും… പിന്നെ നിങ്ങൾക്ക് താഴെയുള്ള ഡ്രെയിനേജിലൂടെ അധിക ദൂരമൊന്നും നീന്താൻ
കഴിഞ്ഞെന്ന് വരില്ല…” മർഫി പറഞ്ഞു.
“നിങ്ങൾ വലിയ മണ്ടത്തരമാണ്
ചെയ്യാൻ പോകുന്നത്…” ഹോളി പറഞ്ഞു.
“എന്ന് എനിക്ക് തോന്നുന്നില്ല
സുഹൃത്തേ…” തലയാട്ടിയിട്ട് മർഫി ഇവാന്റെ നേരെ നോക്കി റഷ്യൻ
ഭാഷയിൽ പറഞ്ഞു. “ഇയാളുടെ കൈ അങ്ങ് ഒടിച്ചേക്ക്…”
***
പൊലീസ് വേഷത്തിൽ ആയിരുന്നതിനാൽ
ഡില്ലന് പ്രത്യേകിച്ചൊരു കരുതലിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. ചെറുതായൊന്ന് തള്ളിയതും
വാതിൽ തുറന്നു. പഴക്കമുള്ള ഒരു കിച്ചണിലേക്കാണ് അദ്ദേഹം പ്രവേശിച്ചത്. ഒരു മൂലയ്ക്കായി
പൊട്ടിയടർന്ന ഒരു സിങ്ക് ഉണ്ട്. പ്ലാസ്റ്ററിങ്ങ് ഇളകിത്തുടങ്ങിയ ചുമരിൽ കബോർഡുകൾ കാണാം.
പാതി തുറന്ന് കിടക്കുന്ന വാതിൽ ഒരു ടോയ്ലറ്റിന്റേതാണ്.
“ദൈവമേ…!” അദ്ദേഹം മന്ത്രിച്ചു. “വിചാരിച്ചതിലും അപ്പുറമാണെന്ന് തോന്നുന്നല്ലോ
ഇവിടുത്തെ കാര്യങ്ങൾ …”
അടുത്ത വാതിൽ തുറന്ന അദ്ദേഹം
ഒരു ഇടനാഴിയിലേക്കാണ് പ്രവേശിച്ചത്. സീലിങ്ങിൽ നിന്നും തൂങ്ങി കിടക്കുന്ന ഒരു ബൾബിന്റെ
മങ്ങിയ വെട്ടം മാത്രം. ഇടനാഴിയുടെ അപ്പുറത്തെവിടെയോ ആരോ സംസാരിക്കുന്ന ശബ്ദം കേൾക്കാനുണ്ട്.
വലതു കൈയിൽ ബാറ്റണും കോട്ടിന്റെ പോക്കറ്റിൽ തിരുകിയ ഇടതു കൈയിൽ കാർസ്വെൽ സൈലൻസർ ഘടിപ്പിച്ച
വാൾട്ടർ PPK പിസ്റ്റളുമായി അദ്ദേഹം മുന്നോട്ട് നടന്നു.
ദൂരെ നിന്ന് എന്ന പോലെ
കേട്ടിരുന്ന ശബ്ദം ഇപ്പോൾ കുറേക്കൂടി അടുത്തായിരിക്കുന്നു. ആരൊക്കെയോ തമ്മിൽ തർക്കം
നടക്കുകയാണ്. “വെൽ, നിങ്ങൾ പറയുന്നതെല്ലാം നുണയാണെന്നാണ് എനിക്ക് തോന്നുന്നത്… പെട്ടെന്ന് സത്യം പറയുന്നതാണ് നല്ലത് മിസ്റ്റർ… അല്ലെങ്കിൽ ഇവാൻ നിങ്ങളുടെ വലതുകൈ ഒടിച്ചിരിക്കും… പിന്നെ നിങ്ങൾക്ക് താഴെയുള്ള ഡ്രെയിനേജിലൂടെ അധിക ദൂരമൊന്നും നീന്താൻ
കഴിഞ്ഞെന്ന് വരില്ല…”
അവിടെ കതക് ഉണ്ടായിരുന്നില്ല.
ആർച്ച് പോലുള്ള ആ കവാടം കടന്ന് ഒരു പ്ലാറ്റ്ഫോമിലേക്കാണ് അദ്ദേഹം എത്തിയത്. താഴേക്ക്
ഇറങ്ങുവാൻ ഒരു ഇരുമ്പ് കോണി ഘടിപ്പിച്ചിട്ടുണ്ട്. താഴേക്ക് എത്തി നോക്കിയ ഡില്ലൻ കണ്ടത്
ഒരു മേശയും അതിനരികിൽ നിൽക്കുന്ന രണ്ട് പേർ ഹോളിയുമായി തർക്കിച്ചുകൊണ്ടിരിക്കുന്നതുമാണ്.
തെല്ല് പരിഭ്രാന്തിയോടെ ചുറ്റിനും നോക്കുന്ന ഹോളി, തന്നെയാണ് തേടുന്നതെന്ന് വ്യക്തം.
പോക്കറ്റിൽ നിന്നും വാൾട്ടർ പുറത്തെടുത്ത ഡില്ലൻ സാവധാനം കോണി വഴി താഴേക്കിറങ്ങാൻ തുടങ്ങി.
“നിങ്ങൾ വലിയ മണ്ടത്തരമാണ്
ചെയ്യാൻ പോകുന്നത്…” ഹോളി പറഞ്ഞു.
“എന്ന് എനിക്ക് തോന്നുന്നില്ല
സുഹൃത്തേ…” തലയാട്ടിയിട്ട് മർഫി ഇവാന്റെ നേരെ നോക്കി റഷ്യൻ
ഭാഷയിൽ പറഞ്ഞു. “ഇയാളുടെ കൈ അങ്ങ് ഒടിച്ചേക്ക്…”
“അത് നടക്കുമെന്ന് തോന്നുന്നില്ല…” റഷ്യൻ ഭാഷയിൽത്തന്നെ പറഞ്ഞിട്ട് ഡില്ലൻ വാൾട്ടർ പിസ്റ്റൾ ഉയർത്തി
തോക്ക് പിടിച്ചിരിക്കുന്ന ഇവാന്റെ കൈ ലക്ഷ്യമാക്കി വെടിയുതിർത്തു. ഒരു അലർച്ചയോടെ തോക്ക്
താഴെയിട്ട അയാൾ തുറന്നു കിടക്കുന്ന മാൻഹോളിന്റെ അരികിൽ മുട്ടുകുത്തി ഇരുന്നു.
(തുടരും)
ആഹാ .. കിടു ഫൈറ്റ് വരുന്നല്ലോ..പാതി വഴിയിൽ ഇങ്ങനെ നിറുത്തി ടെൻഷൻ അടിപ്പിക്കല്ലേ ബ്രോ
ReplyDelete