അദ്ധ്യായം – ഒന്ന്
ബ്രൂക്‌ലിൻ, ന്യൂയോർക്ക്
ബ്രൂക്‌ലിനിലെ ഗാരിസൺ
സ്ട്രീറ്റ്. സമയം സായാഹ്നത്തോട് അടുക്കുന്നു. ആ പഴയ ഫോർഡ് ഡെലിവറി ട്രക്കിന്റെ ഡ്രൈവിങ്ങ്
സീറ്റിൽ ഷോൺ ഡില്ലനെയും കാത്ത് ഡാനിയൽ ഹോളി ഇരുന്നു. സമീപത്ത് വേറെയും വാഹനങ്ങൾ പാർക്ക്
ചെയ്തിട്ടുണ്ടെങ്കിലും ആ പരിസരത്തെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല.
ഈസ്റ്റ് റിവറിന് മുകളിലൂടെ
ഇരച്ചെത്തിയ മഴ, തെല്ലകലെയുള്ള ജെട്ടിയിലെ പാലത്തിന് ഇരുവശത്തുമായി നങ്കൂരമിട്ടിരിക്കുന്ന
കോസ്റ്റൽ ഷിപ്പുകളെ കാഴ്ച്ചയിൽ നിന്നും മറച്ചു. ഏതാനും വാര അകലെയുള്ള തെരുവിൽ നിന്നും
പുറത്തേക്ക് വന്ന ഒരു പൊലീസുകാരൻ തന്റെ കൈയിലെ ബാറ്റൺ കൊണ്ട് ട്രക്കിന്റെ ഡോറിൽ തട്ടി.
തലയിലെ ക്യാപ്പ് കണ്ണിന് മുകളിലേക്ക് താഴ്ത്തി വച്ചിരിക്കുന്ന അയാളുടെ യൂണിഫോമിന്റെ
കോട്ടിലൂടെ മഴവെള്ളം ഒഴുകുന്നുണ്ടായിരുന്നു.
വിൻഡോഗ്ലാസ് താഴ്ത്തി
ഹോളി ചോദിച്ചു. “എന്തെങ്കിലും സഹായം വേണോ ഓഫീസർ…?”
“തീർച്ചയായും വേണം, മരമണ്ടാ…” ഷോൺ ഡില്ലൻ പറഞ്ഞു. “ദേഹമാസകലം നനഞ്ഞ് കുതിർന്നിരിക്കുകയാണ് ഞാൻ…”
ഡോർ തുറന്ന് അദ്ദേഹം ക്യാബിനുള്ളിലേക്ക്
കയറി. “ഇതെന്താണ് ഫാൻസി ഡ്രെസ്സിൽ…? വല്ല പാർട്ടിയ്ക്കോ മറ്റോ പോകുന്നുണ്ടോ നമ്മൾ…?” ഹോളി ചോദിച്ചു.
“എന്ന് വേണമെങ്കിൽ പറയാം… ആ ഇടിഞ്ഞു വീഴാറായ വെയർഹൗസ്
കാണാൻ പറ്റുന്നുണ്ടോ നിങ്ങൾക്ക്…? Murphy & Son – Import-Export എന്ന ബോർഡ്
വച്ചിട്ട്…?”
“ഞാനെന്താ കണ്ണുപൊട്ടനാണോ…? അവിടെ എന്താണ് കാര്യം…?” ഹോളി തന്റെ സിഗരറ്റ് പാക്കറ്റ് തുറന്ന് രണ്ടെണ്ണം
പുറത്തെടുത്തു. രണ്ടിലും തീ കൊളുത്തിയിട്ട് ഒന്ന് ഡില്ലന് നേർക്ക് നീട്ടി. “ഇതങ്ങോട്ട്
പിടിപ്പിയ്ക്ക്… ഇലപോലെ വിറയ്ക്കുന്നുണ്ട് നിങ്ങൾ… ആട്ടെ, എന്തിനാണ് നമ്മൾ ഇവിടെ വന്നിരിക്കുന്നത്…?”
സിഗരറ്റ് വാങ്ങി ഡില്ലൻ
ദീർഘമായി ഒരു പുകയെടുത്തു. “ആഹാ, ഇത് കൊള്ളാമല്ലോ… പിന്നെ,
വാഷിങ്ങ്ടണിൽ നിന്നും ഫെർഗൂസൺ എന്നെ വിളിച്ചിരുന്നു… ഈ വെയർഹൗസ്
കണ്ടെത്തി ഒന്ന് ചെക്ക് ചെയ്യണമത്രെ… പക്ഷേ, തന്റെ കോൾ വരുന്നത് വരെ കാത്തു നിൽക്കാനാണ്
പറഞ്ഞത്…” ഷോൺ ഡില്ലൻ വാച്ചിലേക്ക് നോക്കി. “ഏത് നിമിഷവും
അദ്ദേഹത്തിന്റെ കോൾ വരാം…”
“ഹൊ…! എത്ര നല്ല മനുഷ്യൻ…! ഈ നശിച്ച കാലാവസ്ഥയിൽ ബ്രൂക്‌ലിനിലെ ഈ തെരുവിൽ
നമ്മളെ ഇങ്ങനെ നിർത്താൻ അദ്ദേഹം മറന്നില്ലല്ലോ…” ഹോളി
പറഞ്ഞു തീർന്നതും ഡില്ലന്റെ മൊബൈൽ ഫോൺ റിങ്ങ് ചെയ്തു.
അദ്ദേഹം സ്പീക്കർ ഓൺ ചെയ്തു.
ജനറൽ ചാൾസ് ഫെർഗൂസന്റെ സ്വരം പുറത്തേക്ക് വന്നു. “സ്ഥലം കണ്ടുപിടിച്ചോ ഡില്ലൻ…?”
“കണ്ടുപിടിച്ചു… പുറത്ത് രണ്ട് കാറുകൾ കിടക്കുന്നുണ്ട്… പക്ഷേ, ആരെയും കാണാനില്ല…”
“വെൽ, ഉള്ളിൽ ആൾക്കാർ
ഉണ്ടാവുമെന്നതിൽ സംശയമില്ല… ഡാനിയൽ, ഞാൻ പാട്രിക്ക് മർഫിയുമായി നിങ്ങൾക്ക്
ഒരു അപ്പോയ്ൻമെന്റ് എടുത്തിട്ടുണ്ട്… നിങ്ങളുടെ പേര് ഡാനിയൽ ഗ്രിംഷാ എന്നാണ് പറഞ്ഞിരിക്കുന്നത്… കൊസോവോയിലെ ഒരു മുസ്ലിം മതസംഘടനയുടെ പ്രതിനിധിയാണെന്നും പ്രതിരോധാവശ്യത്തിനുള്ള
ആയുധങ്ങൾ വാങ്ങുവാൻ വേണ്ടിയാണ് എത്തിയിരിക്കുന്നതെന്നും പറഞ്ഞു…”
“ഈ മർഫി ശരിയ്ക്കും ആരാണ്…? എന്താണ് നമ്മുടെ ദൗത്യം…?” ഹോളി ചോദിച്ചു.
“നിങ്ങൾക്കറിയാമല്ലോ,
കുറെയേറെ ഗ്രൂപ്പുകൾ വീണ്ടും തലപൊക്കിയിട്ടുണ്ട് ഇപ്പോൾ… എല്ലാം IRA യുടെ വകഭേദങ്ങൾ തന്നെ… പല ഭീകരപ്രവർത്തനങ്ങളും
തുടക്കത്തിൽത്തന്നെ നുള്ളിക്കളയാൻ നമ്മുടെ സെക്യൂരിറ്റി സർവീസസിന് സാധിച്ചിട്ടുണ്ട്… പക്ഷേ, ഭാഗ്യം എന്നും അവരോടൊപ്പം ഉണ്ടാവണമെന്ന് നിർബന്ധമില്ല… നിങ്ങൾക്കോർമ്മയില്ലേ, കുറച്ചു നാൾ മുമ്പ് ബെൽഫാസ്റ്റിൽ നടന്ന ഒരു
ബോംബ് സ്ഫോടനം…? മൂന്ന് പൊലീസുകാർക്ക് അന്ന് പരിക്കേറ്റു… ഒരാൾക്ക് ഇടതുകൈ നഷ്ടമായി… പിന്നീടുണ്ടായ കാർബോംബ് സ്ഫോടനത്തിൽ ഒരു പൊലീസുകാരൻ
കൊല്ലപ്പെട്ടു…”
“അതേക്കുറിച്ച് ഞാൻ കേട്ടിരുന്നു…” ഡില്ലൻ പറഞ്ഞു.
“പണ്ടത്തെ പോലെ പൊലീസുകാർക്ക്
ആദ്യം തങ്ങളുടെ കാറിന്റെ അടിഭാഗം പരിശോധിച്ചിട്ട് ഡ്യൂട്ടി തുടങ്ങേണ്ട അവസ്ഥ വീണ്ടും
വന്നിരിക്കുകയാണ്… ചിലരെല്ലാം സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്… അങ്ങനെയൊരു അവസ്ഥ അനുവദിച്ചു കൂടാ… അതു മാത്രമല്ല.
അൾസ്റ്ററിലേക്ക് ആയുധങ്ങൾ കടത്തുവാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്… കഴിഞ്ഞയാഴ്ച്ചയാണ് അമിറ്റി എന്ന് പേരുള്ള ഒരു കപ്പൽ കാർഗോയുമായി നോർത്ത്
അയർലണ്ടിലെ കൗണ്ടി ഡൗൺ തീരത്ത് അടുക്കാൻ ശ്രമിച്ചത്… എന്നാൽ
റോയൽ നേവിയുടെ കണ്ണിൽപ്പെട്ടതിനെ തുടർന്ന് അവർ രക്ഷപെടുകയായിരുന്നു… എന്നാൽ ആ കപ്പലിൽ വിവിധയിനം ആയുധങ്ങൾ ആയിരുന്നുവെന്നും അവ അയച്ചിരിക്കുന്നത്
Murphy & Son എന്ന സ്ഥാപനത്തിൽ നിന്നായിരുന്നുവെന്നും തികച്ചും വിശ്വസനീയമായ വിവരങ്ങൾ
എനിക്ക് ലഭിച്ചു…”
“M15 ൽ നിന്നും ലഭിച്ച
വിവരങ്ങളായിരുന്നുവോ അത്…?”
“അല്ലേയല്ല… നിങ്ങൾക്കറിയാമല്ലോ, സെക്യൂരിറ്റി സർവീസസ് നമ്മളെ എത്രത്തോളം വെറുക്കുന്നുവെന്ന്… പ്രധാനമന്ത്രിയുടെ പ്രൈവറ്റ് ആർമി ആണല്ലോ നമ്മൾ… പ്രധാനമന്ത്രിയുടെ വാറന്റ് ഉണ്ടെങ്കിൽ എന്തും ചെയ്യാൻ അധികാരമുള്ളവർ… അതിന്റെ അസൂയയാണവർക്ക്… ഇന്നത്തെ ഈ നശിച്ച ലോകത്ത് നമ്മുടെ സേവനം അംഗീകരിക്കാൻ
വല്ലാത്ത മടിയാണ് അവർക്ക്…”
“അവർക്ക് വേണ്ടി പല കുറ്റവാളികളെയും
നാം കൊലപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം പോലും മറന്നു പോകുന്നു അവർ…” ഹോളി പറഞ്ഞു.
“അതുകൊണ്ടു തന്നെ അവരോടുള്ള
എന്റെ സമീപനം എങ്ങനെയാണെന്നും നിങ്ങൾക്ക് അറിയാമല്ലോ…” ഫെർഗൂസൺ പറഞ്ഞു.
“നമുക്ക് Murphy
& Son ലേക്ക് തിരിച്ചു വരാം… എന്തുകൊണ്ടാണ് ഈ വിഷയം FBI യെ ഏല്പിക്കാത്തത്…? ന്യൂയോർക്ക് നമ്മുടെ ടെറിറ്ററി
അല്ലല്ലോ…”
“നമ്മുടെ അമേരിക്കൻ സുഹൃത്തുക്കളെ
ഞാൻ കാര്യമാക്കുന്നില്ല… നോർത്ത് അയർലണ്ടിൽ നിന്നാണല്ലോ അന്വേഷണത്തിന്റെ
തുടക്കം… അതാണെങ്കിൽ ബ്രിട്ടന്റെ ഭാഗവും…”
“അതു തന്നെയാണ് ഈ പ്രശ്നങ്ങൾക്കെല്ലാം
കാരണവുമെന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്…” ഡില്ലൻ
പറഞ്ഞു. “സാരമില്ല… ഞങ്ങളിപ്പോൾ എന്ത് ചെയ്യണമെന്നാണ് താങ്കൾ പറയുന്നത്…?”
“ആ ആയുധങ്ങൾ ഓർഡർ ചെയ്തത്
ആരാണെന്ന് കണ്ടുപിടിക്കണം… അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഏതെങ്കിലും അയർലണ്ടുകാരൻ
ഐറിഷ് സ്വാതന്ത്ര്യം എന്ന സ്വപ്നസാഫല്യത്തിനായി സമ്മാനിച്ചതാണെന്നത് പോലെയുള്ള കഥയൊന്നും
എനിക്ക് കേൾക്കണ്ട… ഇതിന്റെ പിന്നിലെ യഥാർത്ഥ വ്യക്തിയെ കണ്ടെത്തണം…” ഫെർഗൂസൺ പറഞ്ഞു.
“എന്ന് വച്ചാൽ മൂന്നാം
മുറ പ്രയോഗിക്കാമെന്ന്…?” ഹോളി ചോദിച്ചു.
“ഡാനിയൽ, മനുഷ്യരെ കൊല്ലുന്ന
വൻ ആയുധശേഖരമാണ് നമ്മുടെ രാജ്യത്തേക്ക് കടത്താൻ അവർ ശ്രമിച്ചത്…” അദ്ദേഹം അക്ഷമനായി. “അവർക്ക് എന്ത് സംഭവിക്കുന്നു എന്നത് എന്നെ ബാധിക്കുന്ന
പ്രശ്നമേയല്ല…”
“വണ്ടർഫുൾ…” ഡില്ലൻ പറഞ്ഞു. “അപ്പോൾ കണ്ണിൽ ചോരയില്ലാത്ത കൊലയാളികളായിട്ടാണ് ഞങ്ങളെ
നിയമിച്ചിരിക്കുന്നതല്ലേ…?”
“അതെക്കുറിച്ച് ഇനി ഈ
അവസാന നിമിഷത്തിൽ പരാതി പറഞ്ഞിട്ട് കാര്യമില്ല…” ഫെർഗൂസൺ
പറഞ്ഞു. നിങ്ങളോട് രണ്ടു പേരോടുമായി പറയുകയാണ്… IRA യിൽ
ഒരു ചൊല്ലുണ്ടല്ലോ… എന്താണത്…? ഒരിക്കൽ
ഉള്ളിൽ കടന്നാൽ പിന്നെ പുറത്തിറങ്ങുക അസാദ്ധ്യം എന്നോ മറ്റോ…?”
“അത് കലക്കി…” ഹോളി പറഞ്ഞു. “അത് താങ്കളുടെ പുസ്തകത്തിലുള്ളതാണെന്നാണ് ഞങ്ങൾ കരുതിയത്… എന്തെങ്കിലുമാവട്ടെ… താങ്കൾക്ക് വേണ്ടി ഒരിക്കൽക്കൂടി ഈ വൃത്തികെട്ട
കളിയ്ക്ക് ഞങ്ങൾ തയ്യാറാണ്… എങ്ങനെയാണ് താങ്കൾക്കവരെ വേണ്ടത്… ജീവനോടെയോ അല്ലാതെയോ…?”
“നമ്മൾ ഇപ്പോൾ പോരാട്ടത്തിലാണ്
ഡാനിയൽ… ബെൽഫാസ്റ്റിൽ വച്ച് നിങ്ങളുടെ ബന്ധുവായ ആ പെൺകുട്ടിയെ
നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ഓർമ്മയില്ലേ…? അവരെല്ലാം ഒരു ഭീകരസംഘടനയിലെ അംഗങ്ങളായിരുന്നു… നിങ്ങൾ തന്നെയാണ് അവർ നാൽവരെയും വെടിവെച്ചു കൊന്നത്… അതിൽ പശ്ചാത്താപമുണ്ടെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്…?”
“ഒരിക്കലുമില്ല… അതു തന്നെയാണ് എന്റെ പ്രശ്നവും…” ഹോളി
പറഞ്ഞു.
“അത് വിട്ടുകളയൂ ചാൾസ്…” ഡില്ലൻ പറഞ്ഞു. “താങ്കൾ ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ ഡാനിയൽ തയ്യാറാണ്… ആട്ടെ, താങ്കൾക്ക് പ്രസിഡന്റിനെ കാണാൻ സാധിച്ചോ…?”
“ഇല്ല… ഹാരി മില്ലറിനൊപ്പം ടെറസിനപ്പുറത്തുള്ള വൈറ്റ് ഹൗസിലേക്കും നോക്കി
ഇരിക്കുകയാണ് ഞാനിപ്പോൾ… ഓവൽ ഓഫീസിനു മുമ്പിൽ ഡ്രോപ്പ് ചെയ്യാനുള്ള ലിമോസിനും
കാത്ത്… വെള്ളിയാഴ്ച്ചത്തെ ലണ്ടൻ സന്ദർശനവുമായി ബന്ധപ്പെട്ട
സുരക്ഷാ നടപടികളെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിക്കുന്നുണ്ട്… ഇരുപത്തിനാല് മണിക്കൂർ നേരത്തേക്കുള്ള ഷെഡ്യൂളും റെഡിയാണ്… പാർലമെന്റ് സന്ദർശനവും അതിന് ശേഷം ടെറസിൽ വച്ചുള്ള ലഞ്ച് റിസപ്ഷനും
എല്ലാം…”
“ഇടതുഭാഗത്ത് വെസ്റ്റ്മിൻസ്റ്റർ
ബ്രിഡ്ജും അതിനപ്പുറം നദീതീരവും…” ഡില്ലൻ പറഞ്ഞു.
“അതെ… ആ ടെറസ് നിങ്ങൾക്കും പരിചയമുണ്ടല്ലോ…” ഫെർഗൂസൺ പറഞ്ഞു. “അത് പോട്ടെ, ഗൾഫ്സ്ട്രീമിന്റെ പ്രൈവറ്റ് ജെറ്റ്
റെഡിയായി കാത്തു കിടപ്പുണ്ട്… പ്രസിഡന്റുമായുള്ള മീറ്റിങ്ങ് കഴിഞ്ഞയുടൻ തന്നെ
UN ലെ റിസപ്ഷനിൽ പങ്കെടുക്കാനായി ഞാൻ ന്യൂയോർക്കിലേക്ക് പറക്കുകയാണ്… നിങ്ങൾ രണ്ടുപേരും അവിടെയുണ്ടായിരിക്കണം…”
“പ്രത്യേകിച്ചെന്തെങ്കിലും
കാരണം…?”
“പുതിയൊരാൾ ടീമിനൊപ്പം
ചേരാൻ വരുന്നു… ഇന്റലിജൻസ് കോർപ്സിൽ നിന്നും…”
“റിയലി…?” ഹോളി ആവേശത്തോടെ ചോദിച്ചു. “ആരാണത്…?”
“ക്യാപ്റ്റൻ സാറാ ഗിഡിയോൺ… ബഹുഭാഷാ പണ്ഡിതയാണ്… പഷ്തു, അറബി, പാഴ്സി എന്നീ ഭാഷകൾ അനായാസം സംസാരിക്കും… അതായിരുന്നല്ലോ നമുക്ക് വേണ്ടതും…” ഫെർഗൂസൺ
പറഞ്ഞു.
“അത്രയേയുള്ളോ…?” ഹോളി തമാശമട്ടിൽ ചോദിച്ചു.
“ആഹ്, ഹീബ്രൂ കൂടിയുണ്ട്… അക്കാര്യം ഞാൻ മറന്നു…”
“ഒരു ഇസ്രയേലിയെ ഒന്നുമല്ലല്ലോ
താങ്കൾ പോയി റിക്രൂട്ട് ചെയ്തത് അല്ലേ…?” ഡില്ലൻ ചോദിച്ചു.
“അത് നിയമവിരുദ്ധമാകില്ലേ
ഡില്ലൻ…? അല്ല, അവൾ ലണ്ടൻ സ്വദേശി തന്നെയാണ്… പതിനേഴാം നൂറ്റാണ്ട് മുതൽക്കേ ലണ്ടനിൽ പേരുകേട്ടവരാണ് ഗിഡിയോൺ കുടുംബം… ഗിഡിയോൺ ബാങ്കിനെക്കുറിച്ച് നിങ്ങൾ കേട്ടു കാണുമല്ലോ… അവളുടെ കുടുംബത്തിന്റെയാണത്… തന്റെ മിലിട്ടറി ജീവിതവുമായി മുന്നോട്ട് പോകുന്നതിനാൽ
ചെയർമാൻ സ്ഥാനത്ത് തന്റെ മുത്തശ്ശനെയാണ് അവൾ അവരോധിച്ചിരിക്കുന്നത്…”
“ആ ഗിഡിയോൺസിൽ പെട്ടവളാണ്
ഈ കഥാപാത്രമെന്നോ…?” ഡില്ലൻ ചോദിച്ചു. “എങ്കിൽ പിന്നെ ഒരു മില്യനെയറെയും
വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നതിന് പകരം എന്തിനാണ് അവൾ ആർമിയിൽ ചേർന്ന് ജീവിതം
നശിപ്പിച്ചുകൊണ്ടിരിക്കുന്നത്…?”
“എന്തിനാണെന്നോ, ഞാൻ പറയാം… ഓക്സ്ഫഡിൽ ചേരുന്നതിന് മുമ്പ് ഹീബ്രൂ ഭാഷ പഠിക്കാൻ അവൾ ജെറുസലേമിലെ
ഒരു കോളേജിൽ പോയി ചേർന്നു… അവളെ സന്ദർശിക്കാനായി അവിടെയെത്തിയ അവളുടെ മാതാപിതാക്കൾ
ഹമാസ് നടത്തിയ ഒരു ബസ് ബോംബിങ്ങിൽ കൊല്ലപ്പെട്ടു…”
“ആഹാ….” ഹോളി പറഞ്ഞു. “അങ്ങനെ ഓക്സ്ഫഡിന് പകരം അവൾ സാൻഡ്‌ഹേസ്റ്റിലെ റോയൽ
മിലിട്ടറി അക്കാഡമി തെരഞ്ഞെടുത്തു…”
“അതെ…” ഫെർഗൂസൺ പറഞ്ഞു. “കഴിഞ്ഞ ഒമ്പത് വർഷത്തെ ഇന്റലിജൻസ് കോർപ്സ് സേവനവുമായി
ബന്ധപ്പെട്ട് ബെൽഫാസ്റ്റ്, ബോസ്‌നിയ, കൊസോവോ, ഇറാക്ക് എന്നിവിടങ്ങളിൽ പ്രവർത്തിച്ചതിന്
പുറമെ രണ്ട് വട്ടം അഫ്ഗാനിസ്ഥാനിലും അവൾ സേവനമനുഷ്ഠിച്ചു…”
“ജീസസ്, വാട്ട് ഇൻ ദി
ഹെൽ ഈസ് ഷീ ആഫ്‌റ്റർ…?” ഡില്ലൻ ചോദിച്ചു. “പ്രതികാരം ചെയ്യാനാണോ…? അതോ യുദ്ധമെന്ന് പറഞ്ഞാൽ
ഭ്രാന്താണോ അവൾക്ക്…?”
“അവളുടെ മുഴുവൻ ചരിത്രവും
റോപ്പർ പോസ്റ്റ് ചെയ്തിട്ടുണ്ട്… നിങ്ങൾക്ക് തന്നെ വായിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ…”
“എങ്കിൽ അത് വായിച്ചിട്ട്
തന്നെ ഇനി ബാക്കി കാര്യം…” ഡില്ലൻ പറഞ്ഞു.
“യെസ്… തീർച്ചയായും നിങ്ങൾക്കത് ഇഷ്ടപ്പെടും… പ്രത്യേകിച്ചും അഫ്ഗാനിസ്ഥാനിലെ അബുസാനിൽ വച്ചുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള
വിവരണം… അവളുടെ
വലതു തുടയിലാണ് വെടിയേറ്റത്… ആ പരിക്ക് അവൾക്ക് സമ്മാനിച്ചത് സ്ഥിരമായ മുടന്താണ്…”
“ഓൾറൈറ്റ് ജനറൽ… ഞാൻ കീഴടങ്ങുന്നു…” ഡില്ലൻ പറഞ്ഞു. “എനിക്കിനി ഒന്നും പറയാനില്ല… അവളെ കാണാൻ ആകാംക്ഷയോടെ ഞാൻ കാത്തിരിക്കുന്നു…”
“ന്യൂയോർക്കിൽ എത്തുന്നത്
വരെ ഞങ്ങൾ അവളെ എന്തു ചെയ്യും…?” ഹോളി ചോദിച്ചു.
“കീപ്പ് ഹെർ ഹാപ്പി… അരിസോണയിൽ നിന്നും ഫ്ലൈറ്റിൽ എത്തുന്ന അവൾ പ്ലാസയിലാണ് റൂം ബുക്ക്
ചെയ്തിരിക്കുന്നത്… അവിടെ RAF ന്റെ ഒരു രഹസ്യ താവളമുണ്ട്… പൈലറ്റ് ഇല്ലാത്ത വിമാനങ്ങളുമായി ബന്ധപ്പെട്ട് എന്തൊക്കെയോ… ലണ്ടനിലേക്ക് നമ്മളോടൊപ്പം അവളും ഉണ്ടാകും… UN ലെ മിലിട്ടറി അറ്റാഷെ കേണൽ ഹെക്ടർ ഗ്രാന്റിന്റെ സ്റ്റാഫ് ആയിട്ടായിരുന്നു
അവൾ പ്രവർത്തിച്ചിരുന്നത്… അവിടെ നിന്നുള്ള വിടവാങ്ങൽ ചടങ്ങു കൂടി ഉള്ളതിനാൽ
യൂണിഫോമിൽ ആയിരിക്കും അവൾ…”
“നമ്മളോടൊപ്പം ചേർന്നാലുള്ള
അവസ്ഥ എന്താണെന്ന് അവൾക്കറിയുമോ…?”
“എല്ലാ കാര്യങ്ങളും അവളെ
ധരിപ്പിക്കുവാൻ റോപ്പറിനോട് ഞാൻ പറഞ്ഞിരുന്നു… നിങ്ങൾ
ഇരുവരെക്കുറിച്ചും നിങ്ങളുടെ ഇരുണ്ട ഭൂതകാലവുമടക്കം…”
“യൂ ആർ സോ കൈൻഡ്…” ഹോളി പറഞ്ഞു. “ഇറ്റ്സ് എ റിയൽ പ്രിവിലേജ് റ്റു നോ യൂ…”
“ഓ, ഷട്ടപ്പ്…” ഫെർഗൂസൺ പറഞ്ഞു. “അവളുടെ ചരിത്രം വായിച്ച മില്ലർ വളരെ സന്തുഷ്ടനാണ്… അതുപോലെ തന്നെ ഞാനും…”
“വെൽ, താങ്കൾ സന്തുഷ്ടനാണെങ്കിൽ
പിന്നെ ഞങ്ങളും സന്തുഷ്ടരാണ്…” ഡില്ലൻ പറഞ്ഞു.
“ഞങ്ങൾക്കുള്ള ലിമോസിൻ
താഴെ എത്തിയിട്ടുണ്ട്… പ്രസിഡന്റിനെ കാണാൻ ചെല്ലട്ടെ… നിങ്ങൾ പോയി ഉപകാരമുള്ള എന്തെങ്കിലും ചെയ്യാൻ നോക്ക്… ഐ വിൽ സീ യൂ റ്റുനൈറ്റ്…” ഫെർഗൂസൺ പറഞ്ഞു.
(തുടരും)